ഉമ്മ പ്രഷറിനുള്ള ഗുളിക മേടിക്കാൻ കൊടുത്ത കാശുകൊണ്ട് ഫൈസി മൊബൈൽ റീചാർജ് ചെയ്തു. നെറ്റ് തീർന്നിരുന്നു. അപ്പോഴാണ് ഭാഗ്യത്തിന് ഉമ്മയുടെ ഗുളിക തീർന്നത്…..

_upscale

എഴുത്ത്:- ഞാൻ ഗന്ധർവൻ

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…

ഉമ്മ പ്രഷറിനുള്ള ഗുളിക മേടിക്കാൻ കൊടുത്ത കാശുകൊണ്ട് ഫൈസി മൊബൈൽ റീചാർജ് ചെയ്തു. നെറ്റ് തീർന്നിരുന്നു. അപ്പോഴാണ് ഭാഗ്യത്തിന് ഉമ്മയുടെ ഗുളിക തീർന്നത്. രണ്ട് ദിവസം കഴിഞ്ഞ് നാലഞ്ച് കൂട്ടുകാരുടെ കയ്യിൽ നിന്നും അമ്പത്തും നൂറും വാങ്ങി ഉമ്മാക്ക് ഗുളിക മേടിച്ചു കൊടുക്കാം. രണ്ടീസം ഗുളിക കുടിച്ചില്ലെന്ന് കരുതി ഉമ്മ മരിച്ചൊന്നും പോവില്ലല്ലോ.

ഫൈസി ഒരു ഗോൾഡ് ഫ്ലാക്ക് സിഗരറ്റ് മേടിച്ച് പോക്കറ്റിലിട്ട് ബൈക്ക് ഒന്ന് കുലുക്കി നോക്കി… ആ പെട്രോളിന്റെ ചെറിയൊരു അനക്കം ഉണ്ട്. നേരെ തൊട്ടടുള്ളത്തുള്ള ബീച്ചിലേക്ക് വിട്ടു. ബൈക്ക് നിറുത്തി നേരെ നല്ല തണലുള്ള ഒരിടത്ത് പോയിരുന്നു. സിഗരറ്റ് ചുണ്ടിൽ വെച്ച് കത്തിച്ച് മൊബൈൽ കയ്യിലെടുത്തു.

സോഷ്യൽ മീഡിയയിലുള്ള ചാരിറ്റികാർക്കെതിരെ ഒരു കിടിലൻ പോസ്റ്റങ്ങ് കാച്ചി. പോയി നയിച്ച് തിന്നടാ ഊളകളേ…

പിന്നെ, സോഷ്യൽ മീഡിയയിൽ അത്യാവശ്യം ആക്റ്റീവ് ആയി നിൽക്കുന്ന പെൺകുട്ടികളുടെ പോസ്റ്റിന്റെ താഴെ കമന്റോ കമന്റ്. അനക്കൊന്നും മരിച്ച് പോണ്ടേ പെണ്ണേ… രാത്രി എന്തിനാ ഓൺലൈൻ വരണേ, ഇതൊന്നും ശരിയല്ല ട്ടോ… ഒരു സഹോദരന്റെ സങ്കടം.

അടുത്ത പോസ്റ്റ്‌ അ വിഹിതക്കാർക്ക് എതിരെ ആയിരുന്നു. ദാമ്പത്യ ജീവിത ത്തിന്റെ വില അറിയാത്ത കഴുതകൾ. ഇവരെയൊക്കെ കല്ലെറിഞ്ഞ്കൊ ല്ലണം. ആ പോസ്റ്റ്‌ ഇടുമ്പോൾ അതുവഴി ആരോ കുറച്ച് മുന്തിരി തിന്നോണ്ട് പോവണത് കണ്ടു. ഫൈസിയുടെ മുഖത്ത് പുച്ഛം

“കണ്ടാൽ അറിഞ്ഞൂടെ ഭയങ്കര പുളിപ്പുള്ള മുന്തിരിയാ അത്”

അതെ കിട്ടാത്ത മുന്തിരി പുളിക്കും.

അടുത്ത പോസ്റ്റ്‌ അമ്മയെന്ന ദൈവത്തെ കുറിച്ചായിരുന്നു. അമ്മയെ കുറിച്ച് അവൻ എഴുതിയത് വായിച്ച് വായനക്കാർ കണ്ണീർ പൊഴിച്ചു. ചില പെൺകുട്ടികൾ അവന് മെസ്സേജ് അയച്ചു

“നിക്കും ഇങ്ങനൊരു ഇക്കൂസ്‌ ഉണ്ടായിരുന്നേൽ”

ചില അമ്മമാർ കമന്റ് ചെയ്തു

“നിങ്ങളുടെ അമ്മ പുണ്യം ചെയ്തവളാണ്. ഇങ്ങനൊരു നന്മയുള്ള മോനേ കിട്ടിയല്ലോ”

പെട്ടന്ന് ഫൈസിയുടെ മൊബൈല്‍ ശബ്ദിച്ചു. ഉമ്മയായിരുന്നു വിളിക്കുന്നത്. പിറുപിറുത്തു കൊണ്ട് ഫോണ്‍ എടുത്തു

“മോനെ, ടാ നീ വരുമ്പോള്‍ ഉമ്മയുടെ പ്രമേഹത്തിന്റെ ഗുളിക കൊണ്ടു വരണം ട്ടോ. രണ്ടു ദിവസായില്ലേ നിന്നോട് ഞാന്‍ പറയുണൂ. ഉമ്മക്ക് വയ്യാഞ്ഞിട്ടല്ലേ, വല്ലാത്ത ക്ഷീണം തോന്നുന്നു. ഇന്ന് എന്റെ കുട്ടി മറക്കരുത് ട്ടോ”

വളരെ ദയനീയമായി ആ ഉമ്മ പറഞ്ഞു. പക്ഷെ ഇത് കേട്ടതും ഫൈസിക്കങ്ങ് ദേഷ്യം വന്നു

“തള്ളേ, ഞാന്‍ പറഞ്ഞിട്ടുണ്ട് ഇമ്മാതിരി കാര്യം പറഞ്ഞ് എന്നെ വിളിക്കരുത് എന്ന്. നല്ല മൂഡിൽ നിൽക്കുമ്പോഴാ തള്ളേടെ ഒരു കോ പ്പിലെ ഗുളിക. ഒന്ന് വെച്ചിട്ട് പോയേ”

ദേഷ്യം വരില്ലേ പിന്നേ… ഫോൺ കട്ട് ചെയ്ത് സ്നേഹവും കേറിങ്ങും കിട്ടാത്ത ഭാര്യമാർക്ക് വേണ്ടി ഒരു കിടിലൻ പോസ്റ്റങ്ങ് കാച്ചി. അത് വായിച്ചപ്പോൾ ചില ഭാര്യമാർ ആയിരം വട്ടം മനസ്സിൽ കൊതിച്ചു

“എന്തൊരു കേറിങ് ആണ് ഈ മനുഷ്യന്. ഇയാളുടെ ഭാര്യയുടെ ഭാഗ്യം. പുണ്യം ചെയ്ത ഭാര്യ”

ഓരോ പോസ്റ്റിനും ലൈക്കുകൾ കൂടി. കമന്റുകള്‍ കൂടി, പോസ്റ്റുകള്‍ ഒരുപാട് പേര്‍ ഷെയര്‍ ചെയ്തു. ഫൈസിക്ക് വല്ലാത്ത സന്തോഷം തോന്നി..തനിക്ക് വന്ന കമന്റുകള്‍ വായിച്ച് ആസ്വദിച്ചു നിൽക്കുമ്പോഴാണ് ഫൈസിയുടെ മൊബൈൽ വീണ്ടും ശബ്ദിച്ചത്. ഫോണ്‍ എടുത്തു നോക്കിയപ്പോൾ അമ്മാവനാണ്. വല്യ താല്പര്യം ഇല്ലാതെ അവൻ ഫോണെടുത്തു

“നീ എന്തൊരു മനുഷ്യൻ ആണെടാ…? ഭാര്യയേയും നിന്റെ പിഞ്ചു പൈതങ്ങളെയും വീട്ടിൽ കൊണ്ടാക്കി അല്ലേ…? എങ്ങനെ മനസ്സു വന്നടാ നിനക്ക് ആ പാവങ്ങളോട് ഇങ്ങനെ കാണിക്കാൻ…? നീ പണിക്കും പോവില്ല, ഭാര്യയേയും കുട്ടികളേയും നോക്കേം ഇല്ല. അതും പോരാഞ്ഞ് അവരെ ഉപദ്രവിക്കലും. ആ പെണ്ണ് എല്ലാം സഹിച്ച് നിന്റെ കൂടെ നിക്കുന്നത് അതിന് ആരും ഇല്ലാഞ്ഞിട്ടല്ലേ… നീയെന്താടാ ഇങ്ങനെ…?”

അവന്‍ പുച്ഛത്തോടെ അമ്മാവനോട് പറഞ്ഞു

“അവൾക്കും ചിലവിന് കാശ് വേണേൽ അവളോട് പണിക്ക് പോവാൻ പറ. എനിക്ക് അവളേം മക്കളേം നോക്കലല്ല പണി. ഈ കല്യാണം കഴിച്ചാൽ പിന്നെ സ്വാതന്ത്ര്യം എന്ന സാധനം പോവും… കഷ്ടം. എനിക്ക് പറക്കണം, പാറി പറന്ന് ജീവിതം ആസ്വദിക്കണം. കല്യാണം കഴിച്ചതാണ് ഞാൻ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ തെറ്റ്. മാമാ എന്നെയൊന്ന് മനസിലാക്കൂ… പ്ലീസ്”

ഇതും പറഞ്ഞ് ഫോൺ കട്ട് ചെയ്ത് ഫൈസി ഫേസ്ബുക്കിൽ നിറകണ്ണുകളോടെ ഒരു സ്റ്റോറി ഇട്ടു

“നമ്മൾ എത്രയൊക്കെ സ്നേഹിച്ചാലും എത്രയൊക്കെ കേറിങ് കൊടുത്താലും ഒറ്റക്കാവും, ആരും ഇല്ലാതെ ഒറ്റക്ക്… Yes iam alone”

ഈ സ്റ്റോറി കണ്ടതും ഫൈസിയുടെ ആരാധികമാർ പൊട്ടിക്കരഞ്ഞു…

എന്താലേ…