Story written by Shaan Kabeer
“അന്റെ പെണ്ണുങ്ങൾക്ക് തീരെ പക്വത ഇല്ല മോനേ. പക്വത ഉണ്ടേൽ അവൾ രാവിലെ ആറുമണിവരെ പോത്ത് പോലെ കിടന്നുറങ്ങോ”
നേരം വെളുക്കുമ്പോൾ തന്നെ തന്റെ കെട്ട്യോളെ കുറിച്ച് പരാതി പറയുന്ന ഉമ്മയെ ഷാൻ കബീർ ദയനീയമായൊന്ന് നോക്കി
“ഉമ്മാ, അവൾ ഈ വീട്ടിലേക്ക് കേറി വന്നിട്ട് ഒരാഴ്ചയല്ലേ ആയൊള്ളൂ. ശരിയായിക്കോളും ഉമ്മാ. ഇന്നലെ അടുക്കളയിലെ പണിയൊക്കെ കഴിഞ്ഞ് അവൾ കിടന്നപ്പോ സമയം പന്ത്രണ്ട് കഴിഞ്ഞിരുന്നു”
ഉമ്മ ഷാനിനെ നോക്കി കണ്ണുരുട്ടി
“നല്ല സ്വഭാവ ഗുണങ്ങൾ ഉള്ള പെണ്ണുങ്ങൾക്കൊക്കെ ഒരു വീടുമായി ഇണങ്ങി ചേരാൻ ഒരാഴ്ച്ച തന്നെ ധാരാളമാണ്. ഇതെങ്ങനാന്ന് ആർക്കാ അറിയാ…? സ്വന്തം തന്തയും തള്ളയും തല്ലി പഠിപ്പിക്കാത്തതിന്റെ കേടാണ്”
ഒന്ന് നിറുത്തിയിട്ട് ഉമ്മ ഷാനിനെ നോക്കി
“നല്ല വീട്ടിലെ കുട്ട്യോളൊക്കെ സുബഹി ബാങ്ക് കൊടുക്കുമ്പോൾ എഴുന്നേറ്റ് കുളിച്ച് മാറ്റി നിസ്കരിച്ച് വീടൊക്കെ വൃത്തിയാക്കി, മുറ്റമൊക്കെ അടിച്ചുവാരി, രാവിലേക്ക് തിന്നാൻ എന്തേലും ഉണ്ടാക്കി”
ഷാൻ പെട്ടന്ന് ഇടയിൽ കയറി
“ഉമ്മാ, ആ പാവല്ലേ ഈ വീട്ടിലെ പണിയൊക്കെ ഓടിച്ചാടി ചെയ്യുന്നത്. അവൾ കോളേജിൽ പോക്ക് വരെ നിറുത്തിയത് ഉമ്മാനെകൊണ്ട് പണിയെടുപ്പിക്കേണ്ട എന്ന് കരുതിയാണ്. ക്ഷീണം കൊണ്ട് ഉറങ്ങി പോയതാവും ഉമ്മാ, പാവല്ലേ, സ്വന്തം വീട്ടിൽ രാജകുമാരിയെപ്പോലെ ജീവിച്ച പെണ്ണാണ്”
ഉമ്മ ഷാനിനെ നോക്കി ഉറഞ്ഞുതുള്ളി
“ആഹാ, അന്റെ രാജകുമാരിയെകൊണ്ട് ഞാൻ മുഴുവൻ നേരവും പണിയെടുപ്പിക്കാണ് അല്ലേ…? വേണ്ട, എനിക്ക് ആരുടേയും സഹായം വേണ്ട, ഈ വീട്ടിലെ പണിയൊക്കെ ഞാൻ ഒറ്റക്ക് ചെയ്‌തോളാം. ഇവിടുത്തെ പണിയെടുത്തിട്ട് അന്റെ രാജകുമാരി ക്ഷീണം പിടിച്ച് കിടക്കേണ്ട”
ഷാൻ ഉമ്മയെ ദയനീയമായൊന്ന് നോക്കി
“എന്തൊക്കെയാണ് ഇങ്ങളീ പറയണേ ഉമ്മാ. അവളും ഇങ്ങളെ മോളല്ലേ”
അവരുടെ സംസാരത്തിനിടക്ക് പെട്ടന്ന് ഷാനിന്റെ പെങ്ങൾ കുട്ടികളേയും പിടിച്ച് കരഞ്ഞോണ്ട് ഓടി വരുന്നത് കണ്ടു. അവൾ ഉമ്മയെ കണ്ടതും പൊട്ടിക്കരഞ്ഞു
“ഉമ്മാ, ഞാനിനി ആ വീട്ടിലേക്ക് പോവൂലാ ഉമ്മാ”
ഉമ്മ അവളെ തലോടി നെഞ്ചോട് ചേർത്ത് ആശ്വസിപ്പിച്ചു
“എന്തുപറ്റി മോളേ”
“എനിക്ക് മടുത്തു ഉമ്മാ, ആ തള്ളേടെ സ്വഭാവം ഭയങ്കര മോശാണ്. ഞാൻ എന്നും രാവിലെ കൃത്യം എട്ട് മണിക്ക് എഴുന്നേക്കും. എന്നിട്ട് പല്ലൊക്കെ തേച്ച് കുളിച്ച് ഫ്രഷായി വാട്സാപ്പിൽ വന്ന മെസ്സേജിനൊക്കെ റിപ്ലൈ കൊടുത്ത് ബ്രേക്ക് ഫാസ്റ്റ് കഴിക്കും. പക്ഷേ ഇന്ന്….”
വാക്കുകൾ കിട്ടാതെ അവൾ പൊട്ടിക്കരഞ്ഞു. ഉമ്മ അവളുടെ കണ്ണിലേക്ക് നോക്കി. ആ സമയം ഉമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു
“ഇന്നലെ എന്ത് പറ്റി മോളെ”
അവൾ ഉമ്മയുടെ കണ്ണിലേക്ക് നോക്കി തേങ്ങി
“എന്നും കൃത്യം എട്ട് മണിക്ക് എഴുന്നേറ്റിരുന്ന ഞാൻ ഇന്നലെ ഫേസ്ബുക്കിൽ ചാറ്റിൽ പെട്ട് ഉറങ്ങാൻ ഒരുപാട് വൈകി. ക്ഷീണം കാരണം പതിനൊന്ന് മണിക്കാണ് എഴുന്നേറ്റത്, എന്നും ചൂടുള്ള ചായ കുടിച്ചിരുന്ന ഞാൻ ഇന്ന് കുടിച്ചത് തണുത്താറിയ ചായയാണ് ഉമ്മാ”
ഇതും പറഞ്ഞ് അവൾ വീണ്ടും പൊട്ടിക്കരഞ്ഞു. തന്റെ ചുരിദാറിന്റെ ഷാളുകൊണ്ട് കണ്ണീർ തുടച്ചുമാറ്റി അവൾ ഉമ്മയെ നോക്കി
“ആ തള്ള എന്നോട് പറയാ, ഞാൻ എഴുന്നേക്കാൻ വൈകിയോണ്ട് പണിയൊക്കെ വൈകിപോലും, അതോണ്ട് തള്ള മീൻ മുറിക്കാൻ പോവാണ് എന്നോട് ചായ അടുപ്പത്ത് വെച്ച് തിളപ്പിച്ച് കുടിക്കാൻ. എന്നെ വേലക്കാരി ആയിട്ടാണോ ഉമ്മാ അങ്ങട്ട് കെട്ടിച്ചത്”
മോളുടെ സങ്കടം കേട്ടതും ഉമ്മ ഷാനിനേയും ഭാര്യയേയും നോക്കി കണ്ണുരുട്ടി
“കണ്ടില്ലേ ന്റെ മോള് കഷ്ടപ്പെടുന്നത്, ഇവിടൊക്കെ ചിലർ സ്വർഗത്തിൽ ജീവിക്കുന്ന പോലെയല്ലേ ജീവിക്കുന്നത്. ന്നാലും ന്റെ മോൾക്ക് ഈ ഗതി വന്നല്ലോ പടച്ചോനേ”
ഉമ്മ പറയുന്നത് കേട്ട് ഭാര്യ ഷാനിനെ ഇടങ്കണ്ണിട്ട് നോക്കി, ഷാൻ ഒന്നും മിണ്ടാതെ നിന്നു…