ഒരു ജെട്ടിക്കഥ
എഴുത്ത്:-സാജുപി കോട്ടയം
ശബാന ബീഗത്തിന്റെ ഫ്രില്ലുവച്ച ജെട്ടിക്കഥ വായിച്ചപ്പോഴാണ് എന്റെ ഓർമ്മകൾ കുറെ കാലത്തിനു പിന്നോട്ട് പോയത്..
അതുമൊരു ജെട്ടികഥയാണ് അത് പറയാൻ തുടങ്ങിയാൽ ഇങ്ങനെയാണ് ഞങ്ങളുടെ വീട്ടിൽ ഓരോരുത്തർക്കും ഓരോ കളർ ആണ്.. അതിനു കാരണക്കാരൻ ന്റെ സ്വന്തം അപ്പൻ തന്നെയാണ്.
ഒരു അടുത്ത ബന്ധുവിന്റ കല്യാണത്തിന് പോകാൻ ധിറുതി വച്ചു അപ്പൻ ഡ്രെസ്സ് ചെയ്തു ഇറങ്ങിയോടിയത് എന്റെ പ്രിയപ്പെട്ട നീലകളർ ജെട്ടിയിട്ടുകൊണ്ടായിരുന്നു…
ആ സമയത്ത് കുളിയും കഴിഞ്ഞു വന്ന ഞാൻ വീടുമുഴുവനും തിരിച്ചും മറിച്ചുമിട്ടു നോക്കിയിട്ട് കണ്ടുപിടിക്കാൻ പറ്റാതായപ്പോഴാണ് അപ്പനും അതെകളറുള്ള ഒരെണ്ണം ഉള്ളത് ചിന്തിച്ചത്… അപ്പൊ സംഗതി അത് തന്നെ മാറിപോയതാണ്
അന്ന് 95 കിലോയുള്ള തടിയന്റെ ജെട്ടി 65കിലോയുള്ള മെലിഞ്ഞുണങ്ങിയ അപ്പനിട്ടാ എങ്ങനിരിക്കും…. ഇരിക്കാൻ പോയിട്ട് നേരെ നിൽക്കാൻ പോലും പറ്റില്ലല്ലോ….അപ്പൻ രണ്ടു സ്റ്റെപ്പ് വയ്ക്കുമ്പോ ഷഡ്ജം രണ്ടിഞ്ച് താഴോട്ട് ഇറങ്ങും ഒരുകൈകൊണ്ട് മൂന്നിഞ്ച് അപ്പൻ മേലോട്ട് വലിച്ചു കേറ്റും… ആദ്യം കാര്യം പിടികിട്ടിയില്ലെങ്കിലും കുറച്ചു കഴിഞ്ഞപ്പോ ഒരു കൈ അതിനായി തന്നെ മാറ്റി വയ്ക്കേണ്ട അവസ്ഥയിലേ ക്കെത്തി…. അതിൽ എന്തോ പന്തികേട് തോന്നിയിട്ടവണം….. അപ്പനെ കുറച്ചു സമയത്തേക്ക് ആ പരിസരത്തെങ്ങും കാണാനില്ല….എന്നാൽ കുറച്ചു കഴിഞ്ഞപ്പോ രണ്ടു കയ്യും വീശി ഫ്രീ യായിട്ട്…കല്യാണപന്തലിൽ കൂടി പുള്ളി ഓടിനടക്കുന്നതാണ് കാണുന്നത്. ഇതൊക്കെ സസൂഷ്മം വീഷിച്ചു കൊണ്ടിരുന്ന ഞാൻ എന്താണ് എന്റെ പ്രിയപ്പെട്ട ജെട്ടിക്ക് സംഭവിച്ചതെന്നറിയാൻ ഊരിയെങ്ങാനും കളഞ്ഞോ..?? അതായിരുന്നു എന്റെ ടെൻഷൻ മുഴുവനും ഇട്ടു കൊതിതീർന്നിട്ടില്ല അതിനുമുന്പേ…. കൈവിട്ടു പോയോ…. എന്നൊരു വിഷമം ഉള്ളിലേക്ക് തള്ളിക്കേറി വന്നു.
ഞാൻ പതിയെ ആൾക്കൂട്ടത്തിനിടയിൽ നിന്ന അപ്പന്റെ നി തംബത്തിൽ തന്റെ കരതലംകൊണ്ട് അമർത്തി…. അല്ല തഴുകി ഭാഗ്യം…. സംഗതി അവിടെത്തന്നെയുണ്ട്.
ഈ പ്രായത്തിലും തന്റെ നി തംബത്തിൽ കയറിപിടിക്കാനും മാത്രമുള്ള ആക്രാന്തം ആർക്കാണെന്ന് ഞെട്ടി തിരിഞ്ഞു നോക്കിയ അപ്പന്റെ മുഖത്തേക്ക് നോക്കി ഞാനൊരു ഇളി… ഇളിച്ചു..
അപ്പന്റെ മുഖത്ത് പുച്ഛം.. ഇവനെങ്ങാനും നി തംബം മാറി പിടിച്ചതാണോ… എന്നൊരു ധ്വനി ആ മുഖത്തുനിന്ന് വായിച്ചെടുക്കാ എനിക്ക് വല്യ ബുദ്ധിമുട്ടേണ്ട കാര്യ മില്ലായിരുന്നു.
അപ്പന്റെയല്ലേ മോൻ കുറ്റം പറയാൻ പറ്റുകേല .
എന്നാലും ഇതെങ്ങനെ അരയിൽ ഉറപ്പിച്ചെന്ന് അറിയാതെ എനിക്കൊരു സമാധാനവും ഉണ്ടാവില്ല… ഇനി കെട്ടിയെങ്ങാനും ..വച്ചിരിക്കുവാണോന്നറിയാൻ ഞാൻ വീണ്ടും പുറകിൽ നിന്ന് അരയിലൂടെ പതിയെ കൈയ്യോടിച്ചു…..
അയ്യോ….. വിരലിൽ എന്തോ കുത്തിയത് പോലെയുള്ള വേദന….. ഞാൻ പെട്ടന്ന് കൈവലിച്ചു….. നോക്കിയപ്പോൾ….. ദേ…. ചോര പൊടിഞ്ഞു വരുന്നു
എന്റെ പെട്ടെന്നുള്ള കാറിച്ച കേട്ട് എല്ലാവരും എന്നെ നോക്കി…. ഞാനാണേൽ അപ്പനെയും
അപ്പനുടനെ എന്നെയും കൂട്ടി പള്ളിയുടെ ഹാളിന്റെ പുറകിലേക്ക് നടന്നു…. ചുറ്റും നോക്കി ആരും വരുന്നില്ലെന്ന് ഉറപ്പിച്ചശേഷം അപ്പൻ ഉടുത്തിരുന്ന മുണ്ട് അഴിച്ചു കാണിച്ചു നിജസ്ഥിതി വെളിപ്പെടുത്തി…
പന്തൽ പണിക്കാർ കർട്ടൻ കുത്താൻ കൊണ്ടുവന്ന മൊട്ടുസൂചിയിൽ അരയോട് ചേർത്തു വച്ചു അഡ്ജസ്റ്റ് ചെയ്തു കുത്തിവച്ചനിലയിലായിരുന്നു എന്റെ പ്രിയപ്പെട്ട ജെട്ടി…..
കല്യാണം കഴിഞ്ഞു വീട്ടിൽ വന്നപ്പോൾ അപ്പന്റെ അരയിലുമുണ്ടായിരുന്നു കടുന്നെല് കുത്തിയപോലുള്ള പാടുകൾ..
അന്നുമുതൽ ഇന്നേവരെയും ഒറ്റ കളറാണ് ഓരോരുത്തർക്കും.