ഭ്രാന്തൻ
Story written by Nisha Suresh kurup
കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…
താടി നീട്ടി വളർത്തിയ കീറി പറഞ്ഞ വസ്ത്രധാരിയായ എല്ലാവരും ഭ്രാന്തനെന്നു വിളിയ്ക്കുന്ന വൃദ്ധനെ കവലയിലും ക്ഷേത്രത്തിലെ ആൽമരച്ചുവട്ടിലുമൊക്കെ എപ്പോഴും ശ്രേയ കാണാറുണ്ട്. ശ്രേയക്ക് കുറച്ച് അകലയുള്ള ഓഫീസിലാണ് ജോലി. ബസിൽ പോകുമ്പോഴും വരുമ്പോഴുമെല്ലാം ശ്രേയ അയാളെ കണ്ടാൽ ഭയത്താൽ ഒഴിഞ്ഞു മാറി നടക്കാറാണ് പതിവ്. എന്നാൽ അവളെ കാണുമ്പോൾ അയാളുടെ കണ്ണുകളിൽ വല്ലാത്തൊരു തിളക്കം നിറയും. ശ്രേയക്കു അത് കാണുമ്പോൾ കുറേ കൂടി പേടി തോന്നും . ശ്രേയയുടെ അച്ഛൻ വിദേശത്താണ്. മുത്തശ്ശിയും അമ്മയുമാണ് അവളുടെ കൂടെ താമസം ….
അന്നു ഓഫീസിൽ ഓഡിറ്റിംഗ് കഴിഞ്ഞ് വരുമ്പോൾ പതിവു ബസ് കിട്ടിയില്ല. പട്ടണത്തിലുള്ള അവളുടെ ഓഫീസിൽ നിന്നു നാട്ടിലേക്ക് ബസ് നന്നേ കുറവാണ് . അത് കൊണ്ടു തന്നെ അവൾ ബസിറങ്ങിയപ്പോൾ നേരം ഇരുട്ടിയിരുന്നു. അവളുടെ അച്ഛൻ എപ്പോഴും പറയും യാത്രയ്ക്ക് ടൂവീലർ ഉപയോഗിക്കാൻ . എന്നാൽ ലൈസൻസ് എടുത്തുവെങ്കിലും അമ്മയുടെയും മുത്തശ്ശിയുടെയും പേടി കാരണം അവളുടെ നാട്ടിലെ ചെറിയ റോഡുകളിലൂടെയല്ലാതെ ദൂരെയൊന്നും ഓടിയ്ക്കാൻ സമ്മതിക്കില്ല. ഇനി എന്തായാലും അമ്മയെ കൊണ്ട് സമ്മതിപ്പിയ്ക്കണം എന്നു സ്വയം പറഞ്ഞു കൊണ്ട് അവൾ വീട്ടിലേയ്ക്ക് നടന്നു. ബസ് സ്റ്റോപ്പിൽ വെച്ചു തന്നെ അവൾ കണ്ടിരുന്നു ആ വൃദ്ധനെ അപ്പോഴേ ഒരു ഭയം അവളിൽ നിറഞ്ഞു. അയാൾ കവലയിലെ കടയുടെ തിണ്ണയിൽ നിന്നു എഴുന്നേറ്റു അവളുടെ പുറകെ നടക്കാൻ തുടങ്ങി. പേടി കാരണം ശ്രേയ ഇടയ്ക്കിടക്ക് തിരിഞ്ഞ് നോക്കി നടത്തം തുടർന്നു.
“ഈശ്വരാ വഴിയിലൊന്നും ഒറ്റക്കുഞ്ഞുങ്ങൾ ഇല്ലല്ലോ രണ്ട് വളവ് കഴിഞ്ഞാൽ വീടായി. അമ്മയെ വിളിച്ചാൽ അമ്മയും പേടിയ്ക്കും ഒറ്റയ്ക്ക് ഇറങ്ങി ഇങ്ങോട്ടു വരും. അത് വേണ്ട എന്തായാലും ഫോൺ എടുത്ത് കൈയ്യിൽ വെയ്ക്കാം ” ചിന്തിച്ചു കൊണ്ടവൾ ബാഗിൽ നിന്നു ഫോണെടുത്തു കൈയ്യിൽ പിടിച്ചു ഒന്നു കൂടി തിരിഞ്ഞു നോക്കിയപ്പോൾ അയാളെ കാണുന്നുണ്ടായിരുന്നില്ല .പോയി കാണുമെന്നാശ്വസിച്ച് അവൾ സമാധാനത്തോടെ നടന്നു. ആ സമയം അമ്മയുടെ കോൾ വന്നതെടുത്ത് എത്താറായിന് പറഞ്ഞു ആശ്വസിപ്പിച്ചു . ഇടറോഡാണ്. ഇരു വശങ്ങളിലും പുല്ലും മരങ്ങളും നിറഞ്ഞ വീടുകൾ കുറഞ്ഞ സ്ഥലം.
ആ സമയത്ത് ഒരു ബൈക്ക് അവളുടെ മുന്നിൽ ബ്രേക്കിട്ടു നിന്നു. അപ്രതീക്ഷിതമായ സംഭവത്തിൽ ശ്രേയ രണ്ടു ചുവടു പുറകിലോട്ട് മാറി… ഹെൽമറ്റ് ധരിച്ച രണ്ടു ചെറുപ്പക്കാരായിന്നു അതിലുണ്ടായിരുന്നത്. ഒരാൾ പെട്ടെന്ന് അവളുടെ കൈയ്യിൽ കയറി പിടിച്ചു. ആരു മില്ലെന്ന് മനസിലാക്കിയ അവർ മോശം രീതിയിൽ സംസാരിച്ചു കൊണ്ട് അവളെ വീണ്ടും മുറുകെ പിടിച്ചു .പെട്ടന്ന് കൈ വെട്ടിയ്ക്കുവാൻ ശ്രമം നടത്തിയ ശ്രേയയുടെ കൈയ്യിൽ നിന്നും ഫോൺ തെറിച്ചു താഴെ പോയി. ഈ സമയം അയാൾ, ഭ്രാന്തനായ ആ മനുഷ്യൻ ചാടി വീണു …. കണ്ടാൽ അവശനായി വടിയൂന്നി നടക്കുന്ന വാർദ്ധക്യം ബാധിച്ച അയാൾ കരുത്തനായ ഒരു പോരാളിയായി മാറി …. ആ ചെറുപ്പക്കാരിൽ ഒരുവന്റെ കോളറിൽ പിടിച്ചു ഹെൽമറ്റു വലിച്ചൂരി . ശ്രേയക്കു ആളെ മനസിലായി ക ഞ്ചാവും ക ള്ളുമായി നടക്കുന്ന കവലയ്ക്ക് അടുത്തു താമസിക്കുന്ന പയ്യൻ . വീട്ടിലും നാട്ടിലും ഒരു പോലെ പ്രശ്നക്കാരനാണു അവനും കൂട്ടുകാരും. അവൾ പല്ലു ഞെരിച്ചു. ആ വൃദ്ധൻ അവന്റെ കരണം നോക്കി ആഞ്ഞടിച്ചു ..കൂടെ യുള്ളവൻ എതിർക്കാൻ ശ്രമിച്ചപ്പോൾ അവനിട്ടും കൊടുത്തു ഒരെണ്ണം … അയാളുടെ ശക്തിക്കു മുന്നിൽ പരാജയം നേരിട്ട ചെറുപ്പക്കാർ എങ്ങനെയൊക്കെയോ വണ്ടി സ്റ്റാർട്ടാക്കി രക്ഷപ്പെട്ടു. എന്നിട്ടും കലിയടങ്ങാതെ അവരു പോയത് നോക്കി നില്ക്കുന്ന മനുഷ്യനെ ശ്രേയ നന്ദിയോടെ നോക്കി …എങ്കിലും അയാളോട് സംസാരിക്കാൻ ധൈര്യം ഉണ്ടായില്ല. അയാൾ കുനിഞ്ഞ് ശ്രേയയുടെ ഫോൺ എടുത്തു അവളുടെ നേരെ നീട്ടി. അതു പൊട്ടിയിരുന്നു …. അമ്പരപ്പും ഭയവും മാറാത്ത ശ്രേയ ആ വൃദ്ധനിൽ നിന്നു ഫോൺ വാങ്ങി . നടക്കാൻ കഴിയാതെ അവിടെ തന്നെ തറഞ്ഞു നിന്നു.
വൃദ്ധന്റെ ശബ്ദം കാതുകളിൽ പതിഞ്ഞു “കുഞ്ഞ് ബസിൽ വന്നിറങ്ങുന്നതു കണ്ടപ്പോഴേ അവൻമാരു നോക്കുന്നുണ്ടായിരുന്നു . കണ്ടപ്പോൾ എന്തോ പന്തികേടു തോന്നി. അതാ പുറകെ വന്നത്. എന്റെ ചിന്ത തെറ്റിയില്ല . ഒറ്റയ്ക്കാണെന്നു മനസിലാക്കി ആളില്ലാത്ത സ്ഥലം നോക്കി വന്നതാണ്. .ഇടയ്ക്ക് വണ്ടിയുടെ ശബ്ദം കേട്ടപ്പോൾ മനസിലായി അവന്മാരു പിന്തുടരുന്നുണ്ടെന്ന് .. എന്നെ കാണാതിരിക്കാൻ ഞാൻ മരത്തിന്റെ മറവിലേക് ഒതുങ്ങി നിന്നു. ഞാൻ വിചാരിച്ച പോലെ തന്നെ എല്ലാം നടന്നു” …
ശ്രേയ നടന്ന കാര്യങ്ങളുടെ അമ്പരപ്പിൽ നിന്നു മുക്തയായില്ല..ഇയാളാണോ ഭ്രാന്തൻ സ്വന്തം ജീവൻ മറന്നു തന്നെ രക്ഷിച്ച ഇയാളെങ്ങനെ ഭ്രാന്തനാകും.”നടക്കൂ ഞാൻ വീട് വരെ കൊണ്ടാക്കാം”. അവളുടെ ചിന്തകളെ മുറിച്ചു കൊണ്ട് അയാൾ തുടർന്നു പറഞ്ഞു “അടുത്താണ് സാരമില്ല പൊയ്ക്കോളാം” എന്നു പറഞ്ഞെങ്കിലും ശ്രേയയിൽ ധൈര്യം ചോർന്നിരുന്നു . മനസിലാക്കിയിട്ടെന്ന വണ്ണം അയാൾ കൂടെ നടന്നു. ശ്രേയയ്ക്ക്എ.ന്തൊക്കെയോ ചോദിക്കണമെന്നുണ്ടായിരുന്നു .പക്ഷെ വാക്കുകൾ വന്നില്ല. വെറുതെ അയാളെ ഇടയ്ക്കു നോക്കുകയും ചെറുതായി ചിരിക്കുകയും മാത്രം ചെയ്തു. ഇത്രയും നാളും ഭയത്തോടെ മാറി നടന്നിരുന്നയാൾ തനിക്കിന്ന് രക്ഷകനായിരിക്കുന്നു. ശ്രേയ ഈ വിധം ചിന്തിച്ചു നടന്നപ്പോൾ ,ശ്രേയയുടെ നോട്ടവും ചിരിയും ആ വൃദ്ധന്റെ മനസിനെ ദൂരെ ഒരു ദേശത്ത് എത്തിച്ചിരുന്നു . ഇതേ നോട്ടവും ചിരിയും നിഷ്കളങ്കത നിറഞ്ഞ മുഖവുമുള്ള അയാളുടെ മകളുടെ ചിത്രം കൺമുന്നിൽ തെളിഞ്ഞു.
അമ്മയില്ലാതെ അച്ഛന്റെ ജീവനായി വളർന്ന മകൾ .പഠിച്ചു മിടുക്കിയായി ഉദ്യോഗവും നേടി. അച്ഛനെ സ്നേഹം കൊണ്ട് പൊതിഞ്ഞവൾ. മകളുടെ വിവാഹം നടത്തിയപ്പോൾ തന്റെ മകൾ എല്ലാ അർത്ഥത്തിലും സന്തോഷവതിയായിയെന്ന് അച്ഛൻ വിശ്വസിച്ചു. എന്നാൽ കാശിനു വേണ്ടി തന്റെ മകളെ അവളുടെ ഭർത്താവു വി റ്റുവെന്ന തിരിച്ചറിവ് ഉണ്ടായപ്പോഴേക്കും ഒരു മുഴം കയറിൽ എല്ലാം അവസാനിച്ചു മകൾ പൊയ്ക്കഴിഞ്ഞിരുന്നു. അച്ഛനോടു ഒരു വാക്കു പറഞ്ഞില്ല, ജോലിയുള്ള മകൾ അവൾക്കെല്ലാം ഉപേക്ഷിച്ചു ഇറങ്ങി വരാമായിരുന്നു .എന്നാൽ അവൾ അത്രയും വിശ്വസിച്ച ഭർത്താവിന്റെ ചതി താങ്ങാനുള്ള ശക്തി അവൾക്കില്ലാതെ പോയി. അന്യ പുരുഷൻ പിച്ചി ചീന്തിയ ശ രീരത്തേക്കാൾ സ്വന്തം ഭർത്താവിനാൽ മനസിനേറ്റ മുറിവ് ഉണങ്ങിയില്ല ….. അവൾ എല്ലാം അവസാനിപ്പിച്ചു പോയി. സഹിക്കാനും പൊറുക്കാനും അച്ഛനു കഴിഞ്ഞില്ല മരിയ്ക്കും മുൻപ് അച്ഛനായി മകളെഴുതിയ കത്ത് അച്ഛനിൽ പ്രതികാരമായി മാറി. കോടതി മുറ്റത്തിട്ട് വിലങ്ങുമായി നിന്ന മകളുടെ ഭർത്താവിനെ ആഞ്ഞാഞ്ഞു വെട്ടുമ്പോൾ തടയാൻ വന്ന പോലീസിനെയോ മറ്റു ആൾക്കൂട്ടത്തെയോ കണ്ടില്ല. ഭ്രാന്തനെപ്പോലെആ ചോരയിൽ ല ഹരി പൂണ്ട് ഉറക്കെ ഉറക്കെ അലറി … കുറച്ചുക്കാലം ജയിലിലും അവിടെന്ന് ഭ്രാന്തനെന്നു മുദ്രകുത്തി ശേഷിക്കുന്ന കാലം ഭ്രാന്താശുപത്രിക്കുള്ളിലും ജീവിതം തീർത്തു. നീണ്ട പതിനഞ്ച് വർഷങ്ങൾക്കുശേഷം ഭ്രാന്താശുപത്രിയിൽ നിന്നു ഇറങ്ങി … പല ദേശങ്ങളിൽ അലഞ്ഞു ഒടുവിൽ ഇവിടെയും …. ഒരിക്കൽ ക്ഷേത്രത്തിൽ വെച്ചാണ് ശ്രേയയെ ശ്രദ്ധിച്ചത് വിധി നിശ്ചയം പോലെ തന്റെ മകളുടെ അതേ ഛായ തോന്നി… പിന്നെയും പിന്നെയും കാണാൻ തോന്നി.. വാത്സല്യത്തോടെ എന്നും ശ്രേയയെ കാണാൻ കാത്തിരുന്നു …. ഒരേ രൂപത്തിൽ ഒമ്പതു പേരുണ്ടല്ലോ … എന്നു കരുതി അത് തന്റെ മകളല്ലല്ലോ എന്നു സ്വയം സമാധാനിക്കാൻ ശ്രമം നടത്തിയെങ്കിലും വിഫലമായി. വീണ്ടും വീണ്ടും കാണാൻ തോന്നി….
വൃദ്ധന്റെ ഓർമകൾ മുറിച്ചു കൊണ്ട് ശ്രേയ പറഞ്ഞു “”വീടെത്തി “.ശ്രേയയുടെ അമ്മയും മുത്തശ്ശിയും അവളെ കാത്ത് പരിഭ്രാന്തയായി ഗേറ്റിനു വെളിയിൽ തന്നെ നില്പുണ്ട് . അവൾ ഓടി വന്നു അമ്മയെ കെട്ടിപ്പിടിച്ചു എന്താ മോളെന്ന് ചോദിച്ചപ്പോൾ അമ്മയെ വിഷമിപ്പിക്കണ്ടെന്നു കരുതി അവൾ ഒന്നുമില്ലെന്നു തല വെട്ടിച്ചു. അപ്പോഴാണ് അമ്മ അയാളെ കണ്ടത്..”അത് ആ ഭ്രാന്തനല്ലേ ഓടിച്ചു വിടൂ എന്റീശ്വരാ എന്റെ കുട്ടിയുടെ പുറകെ വന്നോ എന്തേലും അക്രമം കാട്ടിയി രുന്നെങ്കിലോ “അമ്മ ഭയത്തോടെ നിലവിളിച്ചു. ശ്രേയ അമ്മയുടെ വായപ്പൊത്തി അങ്ങനെയല്ലമ്മേന്ന് പറയുമ്പോഴേക്കും അയാൾ തിരിഞ്ഞു നടന്നു കഴിഞ്ഞിരുന്നു. ശ്രേയ അമ്മയെ പിടി വിട്ടിട്ടു ഓടി അയാളുടെ അരുകിൽ എത്തി. മുന്നിൽ കയറി തൊഴുതു കൊണ്ടു പറഞ്ഞു അമ്മയ്ക്കു അബദ്ധം പറ്റിയതാ ….ക്ഷമിയ്ക്കണം. അമ്മയും മുആശ്ശിയും അന്തം വിട്ടു നിന്നു. അയാൾ ചിതറിയ ശബ്ദത്തിൽ ഉറക്കെ പറഞ്ഞു ഞാൻ ഭ്രാന്തൻ…. എല്ലാവർക്കും ഞാൻ ഭ്രാന്തൻ….പിന്നെ ഉറക്കെ ചിരിച്ചു. പേടിപ്പെടുത്തുന്ന രീതിയിൽ ഉച്ചത്തിൽ വീണ്ടും പൊട്ടിപ്പൊട്ടി ചിരിച്ചു .ഭ്രാന്തൻ എന്നാവർത്തിച്ചു പറഞ്ഞു. പിന്നെ ഉറക്കെ കരഞ്ഞു … അയാളുടെ ഭാവമാറ്റത്തിൽ സംസാരശേഷി നഷ്ടപ്പെട്ടു നിന്ന ശ്രേയക്കും അമ്മയ്ക്കും മുത്തശ്ശിക്കും മുന്നിലൂടെ അയാൾ തിരിഞ്ഞു നടന്നു … ഒരക്ഷരം മിണ്ടാനോ പോകരുതെന്ന് തടയാനോ കഴിയാതെ അയാൾ പോകുന്നതും നോക്കി ശില പോലെ ശ്രേയ നിന്നു…. അയാൾ ഇരുട്ടിലേക്കു മറഞ്ഞു പോയി … അയാളുടെ ശബ്ദവും നേർത്തു നേർത്തു വന്നു…..