ഇഷ്ടപ്പെട്ട ഒരാൾ ഇഷ്ടപ്പെടുന്നത് മറ്റൊരാളെയാണെന്നു എങ്ങനെ പറയും.പറഞ്ഞിട്ട് എന്ത് കാര്യം.മൗനം സമ്മതമായി വീട്ടുകാരും എടുത്തു…..

Story written by Sajitha Thottanchery

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…

“അവൻ ഇത് വരെ ഒരു കല്യാണത്തിന് സമ്മതിച്ചിട്ടില്യ മോളെ;മോളോട് പറഞ്ഞിട്ടില്ലേലും മനസ്സിൽ ഒരുപാട് സ്നേഹിച്ചിരുന്നു .മോൾടെ കല്യാണം ശെരിയായെന്നു അറിഞ്ഞപ്പോൾ എന്നെ മോൾടെ വീട്ടിലേക്ക് പറഞ്ഞയച്ചതും ആണ്.പക്ഷെ അപ്പോഴേക്കും ചെറുക്കന്റെ വീട്ടുകാർക്ക് വാക്ക് കൊടുത്തുന്നു പറഞ്ഞു മോൾടെ അമ്മ .”രാജീവേട്ടന്റെ അമ്മയുടെ വാക്കുകൾ തന്റെ മനസ്സിന്റെ സമനില തെറ്റിക്കുമെന്നു ജ്യോതിക്ക് തോന്നി.

കൗമാരത്തിൽ ആദ്യമായി തോന്നിയ ഒരു ഇഷ്ടം.രാജീവേട്ടൻ. തന്നെ നഷ്ടപ്പെട്ടതിൽ പിന്നെ ജീവിതം സ്വയം നഷ്ടപ്പെടുത്തുന്നൂത്രേ.വരുന്ന കല്യാണാലോചനകൾ മുടങ്ങിപോകുന്നു.കാരണം ചെറുക്കൻ ഒരു മുഴുകു ടിയൻ എന്ന പേരെടുത്തിരിക്കുന്നു.തന്നെ ചൊല്ലി ഒരാൾ ജീവിതം നശിപ്പിക്കുന്നു.അതും താൻ പോലുമറിയാതെ .അല്ലേൽ തന്നെ അയാൾ അതിനു അർഹനാണ്.ഇന്ന് സ്വയം നശിക്കുന്നതിന്റെ പകുതി ചിന്ത അന്നുണ്ടായിരുന്നേൽ ഒരു വാക്ക് തന്നോട് പറയായിരുന്നില്ലേ .അതൊന്നു കേൾക്കാൻ എത്ര കൊതിച്ചതായിരുന്നു.

ജ്യോതിയുടെ മനസ്സ് പണ്ടത്തെ പതിനാറുകാരിയിലേക്ക് നടക്കാൻ തുടങ്ങി.

എപ്പോഴാണ് രാജീവേട്ടൻ അവളുടെ മനസ്സിൽ കയറിയത് എന്ന് ചോദിച്ചാൽ അവൾക്ക് കൃത്യമായ ഉത്തരമില്ല.നാട്ടിലെ നല്ല പയ്യന്മാരുടെ പട്ടികയിൽ പെടുത്താവുന്ന കാണാൻ ഒട്ടും തരക്കേടില്ലാത്ത ഒരാൾ.കാണാൻ കിട്ടുന്ന സാഹചര്യങ്ങൾ ഒന്നും അവൾ ഒഴിവാക്കാറില്ല.കാണുമ്പോൾ കിട്ടുന്ന ആ പുഞ്ചിരിക്ക് വല്ലാത്ത വില കൊടുത്തിരുന്നു അവൾ.ഇഷ്ടമാണെന്നു ഒരായിരം വട്ടം അവളുടെ കണ്ണുകൾ അവനോട് മന്ത്രിച്ചിട്ടുണ്ടാകും.

“ജ്യോതീ……..എന്നെ ഇഷ്ടമാണെന്നു രാജീവേട്ടൻ മനുവിനോട് പറഞ്ഞത്രേ.”ഉറ്റ സുഹൃത്ത് ഐശ്വര്യയുടെ വാക്കുകൾ അവളുടെ നെഞ്ച് തകർക്കുന്നതായിരുന്നു.

“ആണോ ;രാജീവേട്ടൻ നല്ലവനാ;നിന്റെ ഭാഗ്യം.”കണ്ണീർ മറച്ചു വച്ചു ജ്യോതി അത് പറയുമ്പോൾ ഐശ്വര്യയുടെ മുഖം വിടർന്നിരുന്നു.

ആ സമയത്താണ് വീട്ടിൽ കല്യാണാലോചനകൾ വരുന്നത്.തരക്കേടില്ലാത്ത ഒരെണ്ണം വീട്ടിൽ ഉറപ്പിക്കാൻ വീട്ടുകാർ തീരുമാനിച്ചു.

“നിനക്ക് ആരോടെങ്കിലും ഇഷ്ടമുണ്ടോ?”ഇപ്പോൾ കല്യാണം വേണ്ടെന്നു പറഞ്ഞപ്പോൾ അമ്മയുടെ ചോദ്യം അതായിരുന്നു.

പറയാൻ മറുപടി ഉണ്ടായില്ല ജ്യോതിയ്ക്ക്.ഇഷ്ടപ്പെട്ട ഒരാൾ ഇഷ്ടപ്പെടുന്നത് മറ്റൊരാളെയാണെന്നു എങ്ങനെ പറയും.പറഞ്ഞിട്ട് എന്ത് കാര്യം.മൗനം സമ്മതമായി വീട്ടുകാരും എടുത്തു.അതിനിടയിൽ എപ്പോഴാണ് രാജീവേട്ടന്റെ അമ്മ വീട്ടിൽ വന്നത്.അങ്ങനൊരു കാര്യം തന്നോട് ആരും പറഞ്ഞില്ലാലോ.

“അപ്പൊ നീയും രാജീവേട്ടനും തമ്മിലുള്ള റിലേഷൻ”പഠനത്തിന് ശേഷം ജോലി കിട്ടി ബാംഗ്ലൂർക്ക് പോയ ഐശ്വര്യ മറ്റൊരാളെ വിവാഹം കഴിക്കാൻ പോവുകയാണെന്ന് അറിഞ്ഞപ്പോൾ ജ്യോതി ചോദിച്ചു.

“അതൊക്കെ ആ പ്രായത്തിന്റെ അല്ലെ ജ്യോതി.അതൊക്കെ വിട്ടു ഞാൻ.”എന്ന് പറഞ്ഞു ഒഴിഞ്ഞു അവൾ.

ഏതൊക്കെയാണ് ശെരി.ആര് പറയുന്നത് വിശ്വസിക്കണം.ഒരെത്തും പിടിയും കിട്ടാതെ അവൾ നിന്നു.

വിവാഹശേഷം നാട്ടിൽ വന്നിട്ടില്ല.വരാൻ സമ്മതിച്ചിട്ടില്ല എന്നതാണ് സത്യം.അയാൾക്ക് വേണ്ടിയിരുന്നത് ഒരു ഭാര്യയെ ആയിരുന്നില്ല.അയാൾക്ക് തല്ലാൻ തോന്നുമ്പോൾ തല്ലാനും അയാൾ വീട്ടിലേക്ക് കൊണ്ട് വരുന്ന അയാളുടെ കൂട്ടുകാരുമായി അയാൾ ചെയ്യുന്നത് എന്ത് തന്നെ ആയാലും മിണ്ടാതെ സഹിക്കാനുമുള്ള ഒരു മരപ്പാവയെ ആയിരുന്നു.പാതിരാ വരെ നീളുന്ന അയാളുടെ തോന്നിവാസങ്ങൾ അപ്പുറത്തെ മുറിയിൽ തകർക്കുമ്പോൾ ബോംബെ പോലുള്ള ഒരു നഗരത്തിൽ പുറം ലോകം കാണാതെ അവൾ കഴിഞ്ഞു .കൂടെ പഠിച്ച ഒരു കുട്ടിയുടെ സഹായത്തോടെ വിദേശത്തു ഒരു ജോലി സംഘടിപ്പിച്ചു ആറു മാസം കൊണ്ട് അവൾ ആ സഹനത്തിനു പൂർണ്ണ വിരാമമിട്ടു. ആദ്യം ഇവളെ വിശ്വസിക്കാൻ ഇവളുടെ വീട്ടുകാർ തയ്യാറായില്ലെങ്കിലും പതിയെ അയാളുടെ ക്രൂ രതകൾ അവരും മനസ്സിലാക്കുകയിരുന്നു.ആരുടേയും സിംപതിക്ക് പാത്രമാവാൻ താല്പര്യം ഇല്ലാത്തതുകൊണ്ട് വിദേശത്തേയ്ക്ക് ബോംബെയിൽ നിന്ന് തന്നെ നേരിട്ട് പോകുകയായിരുന്നു.രണ്ടു വർഷങ്ങൾക്കിപ്പുറം നാട്ടിലേയ്ക്ക് വന്നു അമ്പലത്തിലേക്ക് ഇറങ്ങിയപ്പോൾ ആണ് രാജീവേട്ടന്റെ അമ്മയെ കാണുന്നത്.

എന്റെ കല്യാണം തീരുമാനിച്ച സമയത്തു രാജീവേട്ടന്റെ അമ്മ ഇവിടെ വന്നിരുന്നോ?”അടുക്കളയിൽ എന്തോ തിരക്കിലായിരുന്ന അമ്മയോട് ജ്യോതി മെല്ലെ ചോദിച്ചു.

“വന്നിരുന്നു;നിന്നോട് പറയണ്ടാന്നു അച്ഛനാ പറഞ്ഞത്.നിന്റെ ഉള്ളിൽ അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ വന്ന കല്യാണത്തിന് നീ സമ്മതിച്ചില്ലെങ്കിലോ എന്ന് പേടിച്ചിട്ട് .അന്നത്തെ ഓരോ ബുദ്ധിമോശം.ഇപ്പൊ നിന്റെം ജീവിതം ഇങ്ങനായി;അവനും……”‘അമ്മ പകുതിയിൽ പറഞ്ഞു നിറുത്തി.

മറുപടി ഒന്നും പറയാതെ ജ്യോതി റൂമിലേക്ക് പോയി.

“നീ രാജീവേട്ടനെ വേണ്ടാന്ന് വയ്ക്കാൻ സത്യത്തിൽ എന്താ കാരണം?”ഫോൺ എടുത്ത് ഐശ്വര്യയുടെ ഫോണിലേക്ക് മെസ്സേജ് ഇട്ടു .

“നിനക്ക് എന്നോട് ദേഷ്യം തോന്നരുത്.രാജീവേട്ടൻ എന്നെ ഇഷ്ടമാണെ ന്നൊന്നും പറഞ്ഞിട്ടില്ല.നിന്റെ ഉള്ളിൽ അങ്ങനെ എന്തോ ഉണ്ടെന്നു സംശയം തോന്നിയപ്പോൾ ;ആ പ്രായത്തിന്റെ വിവരക്കേടിൽ ചെയ്തു പോയതാ.പുള്ളിക്ക് എന്നെ ഒരിക്കലും ഇഷ്ടപ്പെടാനാവില്ലെന്നു നിന്റെ വിവാഹത്തിന് ശേഷം ഒരിക്കൽ എന്റെ ഇഷ്ടം ഞാൻ തുറന്നു പറഞ്ഞപ്പോൾ രാജീവേട്ടൻ എന്നോട് പറഞ്ഞു.പിന്നെ നിന്റെ മനസ്സിന് വിഷമം ആവണ്ട എന്ന് കരുതിയാണ് ഒന്നും പറയാതിരുന്നത്.എന്നോട് നീ ക്ഷമിക്കണം.വെറുക്കരുത് .”മറുപടി ആയി വന്ന വോയിസ് മെസ്സേജിൽ ഐശ്വര്യ കരയുന്ന പോലെ തോന്നി ജ്യോതിയ്ക്ക്.

അല്ലേൽ തന്നെ അവളെ വെറുത്തിട്ട് എന്തിനാ .ഉള്ളിലുള്ള ഇഷ്ടം തുറന്നു പറയാത്ത താനും രാജീവേട്ടനും മാത്രമല്ലെ ഇതിലെ യഥാർത്ഥ തെറ്റുകാർ.

“നിനക്ക് സത്യത്തിൽ ഇഷ്ടായിരുന്നില്ലേ രാജീവേട്ടനെ”രാത്രിയിൽ ഐശ്വര്യയുടെ മെസ്സേജിന് എന്ത് മറുപടി നൽകണം എന്നറിയാതെ ജ്യോതി വിഷമിച്ചു.

“അതൊക്കെ കഴിഞ്ഞ കാര്യങ്ങൾ അല്ലെ മോളെ;ഇനി അത് പറഞ്ഞിട്ട് എന്ത് കാര്യം”.എന്ന് പറഞ്ഞു തടിതപ്പാൻ നോക്കി .

“ഇപ്പോഴും വൈകിയിട്ടില്ല.നമുക്കൊന്ന് റീഓപ്പൺ ചെയ്താലോ”.അവളുടെ ചോദ്യം കേട്ടപ്പോൾ ദേഷ്യമാണ് തോന്നിയത് ജ്യോതിക്ക് .

“നിന്നോട് പറയണമെന്ന് കുറെ ആയി കരുതുന്നു.പക്ഷെ ധൈര്യം വന്നില്ല അപ്പോഴൊന്നും .അതാ ഞാൻ….” മറുപടി കാണാതായപ്പോൾ അടുത്ത മെസ്സേജ് വന്നു.

“നീ ഒന്ന് പോകുന്നുണ്ടോ ;നമുക്ക് വേറെ എന്തേലും സംസാരിക്കാം.എനിക്ക് ഉറക്കം വരുന്നുണ്ട് .നാളെ കാണാം “എന്ന് പറഞ്ഞു ജ്യോതി അവളെ ഒഴിവാക്കി.

മറ്റൊരുത്തന്റെ കൂടെ ജീവിച്ച തനിക്ക് രാജീവേട്ടനെ ആഗ്രഹിക്കാൻ ഇനി യോഗ്യതയില്ലെന്നു മനസ്സിനെ പറഞ്ഞു പഠിപ്പിക്കുകയിരുന്നു ജ്യോതി.പറ്റുമെങ്കിൽ മറ്റൊരു വിവാഹത്തിന് രാജീവേട്ടനെ സമ്മതിപ്പിക്കണം.ഇനിയും ജീവിതം നശിപ്പിക്കരുതെന്നു പറയണം.എന്നൊക്കെ ഓർത്തു എപ്പോഴോ ഉറങ്ങിപ്പോയി.

കാലത്തേ എഴുന്നേറ്റ് മടി പിടിച്ചിരുന്നു അമ്മയുടെ ചീ ത്ത കേട്ട് ഉച്ചയാവാറായ പ്പോഴാണ് ജ്യോതി കുളിക്കാൻ കയറിയത്.കുളിച്ചു പുറത്തിറങ്ങിയപ്പോൾ ഹാളിൽ ആരുടെയൊക്കെയോ വർത്തമാനം കേട്ടു.ചെന്ന് നോക്കിയപ്പോൾ രാജീവേട്ടനും അമ്മയും അച്ഛനുമാണ്.

“മോളെ ഞങ്ങൾ നിന്നെ കാണാനാണ് വന്നത്.ഞങ്ങൾക്ക് വലുത് അവന്റെ സന്തോഷമാണ്.മോൾക്കും അവനെ ഇഷ്ടമായിരുന്നെന്നു ഇന്നലെ ഐശ്വര്യ ആണ് രാജീവിനെ വിളിച്ചു പറഞ്ഞത്.മോൾക്ക് സമ്മതമാണെങ്കിൽ ഞങ്ങൾക്ക് സന്തോഷമേയുള്ളൂ.”രാജീവന്റെ അച്ഛനും അമ്മയും അത് പറഞ്ഞപ്പോൾ ഒരു നിമിഷത്തേക്ക് ജ്യോതി മിണ്ടാനാവാതെ നിന്നു.

“അത് വേണ്ട അമ്മെ;ഒരു രണ്ടാം വിവാഹക്കാരിയെ അല്ല രാജീവേട്ടന് വേണ്ടത്.എന്റെ സ്വപ്‌നങ്ങൾ എല്ലാം ഞാൻ എന്നോ കുഴിച്ചു മൂടിയതാണ്. ഇനിയൊരു ജീവിതം ഞാൻ ആഗ്രഹിക്കുന്നില്ല.മറ്റൊരു കുട്ടിയെ നോക്കി ക്കോളൂ.രാജീവേട്ടനെ ഞാൻ സമ്മതിപ്പിച്ചോളാം.”ഒരു നിമിഷത്തെ മൗനത്തിനു ശേഷം ജ്യോതി പറഞ്ഞു.

“ജ്യോതി…..തനിക്ക് ഇഷ്ടമല്ലെന്നു മാത്രം പറഞ്ഞാൽ മതി.എന്നെ വേറെ വിവാഹം കഴിപ്പിക്കാൻ താൻ ശ്രമിക്കണ്ട.തന്റെ ജീവിതത്തിൽ തനിക്കുള്ള പോലെ എനിക്കും ഉണ്ട് തീരുമാനങ്ങൾ.എപ്പോഴോ ഉള്ളിലെ ഇഷ്ടം പറയാൻ ധൈര്യപ്പെടാതെ പോയി അതെന്റെ തെറ്റാണ് .അതിനുള്ള ശിക്ഷയായി ഞാൻ ഇങ്ങനെ ഒക്കെ ജീവിച്ചു പൊയ്‌ക്കോളാം.അല്ലാതെ ഇനിയൊരാളെ കൂടി ഈ ദുരന്തത്തിലേക്ക് വലിച്ചിഴക്കാൻ എനിക്ക് താല്പര്യമില്ല .”ഇത്രയും പറഞ്ഞു രാജീവ് അവിടന്ന് ഇറങ്ങിപ്പോയി.

“മോൾ ഒന്നുകൂടി ശാന്തമായി ആലോചിക്ക്.കഴിഞ്ഞതെല്ലാം കഴിഞ്ഞു .ഞങ്ങൾക്ക് അവൻ ഒരുത്തനെ ഉള്ളു.” ഇത്രയും പറഞ്ഞു രാജീവിന്റെ അച്ഛനും അമ്മയും കൂടെ ഇറങ്ങി.

“മോളെ ;നീ ഇങ്ങനെ ജീവിക്കുന്നത് ഞങ്ങൾക്കും സഹിക്കില്ല.സംഭവിച്ചതിൽ ഞങ്ങൾക്കും പങ്കുണ്ട്.മോൾ ഒന്ന് കൂടി ആലോചിക്കണം.ഞങ്ങൾ നിര്ബന്ധിക്കില്ല .ചിലപ്പോൾ നിന്നെ ഇങ്ങനെ കണ്ട് നീറി നീറി ജീവിക്കാനാകും ഞങ്ങളുടെ വിധി.”അച്ഛൻ അവളെ ചേർത്ത് പിടിച്ചു പറഞ്ഞു.

വൈകുന്നേരം മനസ്സിന് ഒരു സമാധാനം തേടിയാണ് ജ്യോതി അമ്പലത്തിലേക്ക് ഇറങ്ങിയത്.പ്രദക്ഷിണ വഴിയിൽ ആരോ തന്നെ പിന്തുടരുന്ന പോലെ തോന്നിയാണ് അവൾ തിരിഞ്ഞു നോക്കിയത്.നോക്കിയപ്പോൾ രാജീവ് ആയിരുന്നു.

“താൻ ഇങ്ങോട്ട് പോരുന്ന കണ്ടിട്ടാണ് ഞാനും ഇറങ്ങിയത്.എനിക്ക് തനിച്ചൊന്നു സംസാരിക്കാൻ ഉണ്ടായിരുന്നു”.രാജീവിന്റെ വാക്കുകൾക്ക് മറുപടി പറയാതെ ജ്യോതി തലതാഴ്ത്തി നിന്നു.

“ജ്യോതീ …..താനില്ലാതെ എനിക്ക് വയ്യെടോ”രാജീവിന്റെ കണ്ണുകൾ നിറയാൻ തുടങ്ങിയിരുന്നു.

“രാജീവേട്ടാ;ഞാൻ അന്നത്തെ ജ്യോതി അല്ല.ഒരു വിവാഹം കഴിഞ്ഞവളാണ്. എനിക്ക്……..”വാക്കുകൾക്കായി ജ്യോതി പരതി.

“നമുക്ക് ആ രണ്ടര വര്ഷം മറക്കാം.അതൊരു ദുസ്വപ്നമായി കരുതാം.നമ്മൾ പരസ്പരം പറയാതെ ഉള്ളിൽ കണ്ടിരുന്ന ആ സ്വപ്നം അത് സത്യമാക്കിനൽ ക്കൂടെ”രാജീവിന്റെ മുന്നിൽ ഒന്നും പറയാനില്ലാതെ ജ്യോതി നിന്നു.നിറയുന്ന അവന്റെ കണ്ണുകളിലേക്ക് നോക്കിയ നിമിഷങ്ങളിൽ എപ്പോഴോ അവൾ പഴയ പതിനാറുകാരിയായി മാറുകയായിരുന്നു.അവന്റെ കൈകൾ അവളെ ചേർത്ത് പിടിക്കുമ്പോൾ പണ്ടെപ്പോഴോ രാജീവേട്ടനെ സ്വന്തമാക്കാൻ ഉള്ളുരുകി പ്രാർത്ഥിച്ച കള്ളക്കണ്ണനും സാക്ഷിയാവുകയായിരുന്നു