എൻ്റെ ചിന്തകൾ…
Story written by Suja Anup
“മോളെ, നാളെ നിന്നെ കാണുവാൻ ഒരു കൂട്ടർ വരുന്നുണ്ട്…”
അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ തമാശ പറഞ്ഞതായി മാത്രമേ തോന്നിയുള്ളൂ. മൂത്ത രണ്ടു ചേച്ചിമാർ നിൽക്കുമ്പോൾ ഇളയ എന്നെ കെട്ടിച്ചു വിടുവാൻ അമ്മ ശ്രമിക്കുമോ…
പിന്നെ…എന്നെ അങ്ങനെ ചുളുവിൽ ആരും വടിയാക്കേണ്ട….
സധൈര്യം ഞാൻ പറഞ്ഞു..
“അതിനെന്താ അമ്മെ, അവർ വന്നോട്ടെ, അമ്മയ്ക്ക് ഇഷ്ടമായാൽ കല്യാണം ഉറപ്പിച്ചേക്കൂ. എന്നോട് അനുവാദം പോലും ചോദിക്കേണ്ട..”
അമ്മയെ പറ്റിച്ചു എന്ന മനസമാധാനത്തോടെ ഞാൻ കിടന്നുറങ്ങി.
**********
പിറ്റേന്ന് രാവിലെ തന്നെ ഞാൻ എഴുന്നേറ്റു കുളിച്ചൊരുങ്ങി. വേഗം പ്രാതൽ കഴിച്ചു. ഓടി പോയി ഉള്ളതിൽ നല്ല സാരിയും ഉടുത്തൂ, ഒരുങ്ങി അടുക്കളയിലേയ്ക്ക് വന്നൂ..
പക്ഷേ..അമ്മയെ ഒന്ന് ഞെട്ടിക്കണം എന്ന് കരുതിയ ഞാനാണ് ഞെട്ടിയത്. അമ്മ കാര്യമായി വിഭവങ്ങൾ ഒരുക്കുന്നൂ.
കൃത്യം പത്തുമണിക്ക് ഒരു വണ്ടി നിറയെ ആളുകൾ വന്നൂ.
എന്തെങ്കിലും പറയുന്നതിനോ ചിന്തിക്കുന്നതിനോ മുൻപേ ഞാൻ ചെറുക്കൻ്റെ മുൻപിലെയ്ക്ക് ആനയിക്കപ്പെട്ടൂ…
ആരും എൻ്റെ അനുവാദം ചോദിച്ചില്ല…
അമ്മ അവർക്കു വാക്ക് കൊടുത്തൂ
“അടുത്ത മാസം കല്യാണം…”
ചെറുക്കനും വീട്ടുകാരും ബോബെയിൽ സ്ഥിരതാമസം.
എല്ലാം കൈവിട്ടു പോയി എന്ന് എനിക്ക് മനസ്സിലായി.
ഞാൻ മുറിയിൽ കയറി വാതിലടച്ചൂ. തലയിണയിൽ മുഖം ചേർത്തൂ..
എന്ത് ചെയ്യണം എന്ന് എനിക്ക് അറിയില്ലായിരുന്നൂ…
*************
എപ്പോഴോ കരച്ചിൽ മതിയാക്കി പുറത്തേയ്ക്കു വന്നപ്പോൾ അമ്മ നടുമുറിയിൽ ഇരുപ്പുണ്ടായിരുന്നൂ..
എൻ്റെ സങ്കടം അമ്മയ്ക്ക് മാത്രമേ മനസ്സിലാകൂ..
എല്ലാം തുറന്നു പറയാം…
പക്ഷേ അമ്മ ഒരു വാക്ക് പോലും പറയുവാൻ എന്നെ അനുവദിച്ചില്ല. പകരം അമ്മ പറഞ്ഞു തുടങ്ങി.
“രണ്ടു വയസ്സ് വ്യത്യാസത്തിൽ നിങ്ങളെ നാലുപേരെ എനിക്ക് തന്നിട്ട് അദ്ദേഹം പോകുമ്പോൾ നിനക്ക് വയസ്സ് നാല്. നിൻ്റെ ഇളയതിനു രണ്ടു വയസ്സ്. മൂത്തതുങ്ങൾക്ക് ആറും എട്ടും വയസ്സ്. അദ്ദേഹം ഉണ്ടാക്കിയ ഈ എസ്റ്റേറ്റ് ഉള്ളത് കൊണ്ട് ഞാൻ പിടിച്ചു നിന്നൂ. ഉണ്ടായിരുന്ന സ്ഥലത്തു കഷ്ടപ്പെട്ടാണ് നിങ്ങളെ ഞാൻ വളർത്തിയത്. മൂത്തവർ രണ്ടും പഠനത്തിൽ മിടുക്കികൾ, ബിരുദാന്ത ബിരുദം കഴിഞ്ഞു ഗവേഷണം നടത്തുന്നൂ. ഇളയവൾ ബിരുദം കഴിയുവാൻ നിൽക്കുന്നൂ.”
“നീ മാത്രം ബിരുദം കഴിഞ്ഞു മുന്നോട്ടു പഠിക്കാതെ വീട്ടിൽ കുത്തിയിരിക്കുന്നൂ. ഒന്നിലും ശ്രദ്ധയില്ല. നിന്നെ ഒരാളെ ഓർത്തു മാത്രമാണ് എനിക്ക് ഭയം. പഠിക്കുന്ന സമയത്തെ എത്ര പേര് നിനക്ക് പ്രണയ ലേഖനം തന്നൂ….”
“എന്നെ കൊണ്ട് ഒന്നും പറയിക്കരുത്.”
“നീ വിവാഹത്തിന് സമ്മതിക്കണം. എൻ്റെ കൂട്ടുകാരിയുടെ മകനാണ്, നിന്നെക്കുറിച്ചു നന്നായി മനസ്സിലാക്കിയവൻ. നല്ല പയ്യൻ, എഞ്ചിനീയറിംഗ് കഴിഞ്ഞു ഒരു കമ്പനിയിൽ ജോലിക്കു പോകുന്നൂ. നല്ല സാമ്പത്തികം. നമുക്ക് ചേരും. അവൻ്റെ പെങ്ങളുടെ വിവാഹം കഴിഞ്ഞു…”
ഞാൻ വാക്ക് കൊടുത്തൂ. ആ വാക്ക് ഞാൻ മാറ്റി പറയില്ല. നീയാണ് സമ്മതം അറിയിച്ചത്, അത് മറക്കരുത്.”
“പഠിക്കുന്നവർ എങ്കിലും പഠിക്കട്ടെ. നിന്നെക്കൊണ്ടു ഇനി അതിനു കഴിയില്ല..”
ഞാൻ ഒന്നും മിണ്ടിയില്ല. മറുത്തു പറയുവാൻ എനിക്ക് ആവുമായിരുന്നില്ല. പണ്ടേ പഠനത്തിൽ ഞാൻ ഉഴപ്പത്തി ആയിരുന്നൂ. മറ്റുള്ളവരെ പോലെ എന്തേ ഞാൻ പഠിച്ചില്ല. രണ്ടു പൊട്ടിയ പ്രണയങ്ങളും ഉണ്ട് ലിസ്റ്റിൽ. അതൊക്കെ കലാലയ ജീവിതത്തിലെ തമാശകൾ മാത്രമായേ ഞാൻ കണ്ടിട്ടുള്ളൂ….
“അമ്മ പറഞ്ഞതാണ് ശരി, എന്നെ കൊണ്ട് ഒന്നിനും ആവില്ല..”
************
വിവാഹം കഴിഞ്ഞു അകലെ മറ്റൊരു നഗരത്തിൻ്റെ ഭാഗം ആയപ്പോഴും ഞാൻ കരഞ്ഞില്ല.
എല്ലാം ഞാൻ തന്നെ വരുത്തി വച്ചതാണ്…
രാവിലെ എഴുന്നേറ്റു അടുക്കള പണി ചെയ്തു. ഭർത്താവിനും വീട്ടുകാർക്കും വച്ച് വിളമ്പി. ഒരിക്കലും തെറ്റാതെ തുടരുന്ന ദിനചര്യ.
ഇടയിൽ മാസമുറ സമയത്തു പോലും വിശ്രമം ഇല്ല.
ഇടയ്ക്കൊക്കെ അമ്മ വിളിക്കുമ്പോൾ ഇല്ലാത്ത സന്തോഷം അഭിനയിചൂ.
പലപ്പോഴും ഞാൻ ധർമ്മസങ്കടത്തിൽ ആയി. എന്തോ ജീവിതം തന്നെ വെറുത്തു തുടങ്ങി.
എല്ലാം മനസ്സിലാക്കിയ പോലെ ഒരിക്കൽ അദ്ദേഹം എന്നോട് പറഞ്ഞു.
“നിൻ്റെ മനസ്സ് എനിക്ക് മനസ്സിലാകും
ഇവിടെ ഇങ്ങനെ ഇരിക്കുമ്പോൾ നിനക്ക് സങ്കടം കൂടും. ജീവിതം ഇവിടെ തീർന്നു എന്ന് വിചാരിക്കരുത്. നമ്മൾ തുടങ്ങിയിട്ടേയുളളൂ. ഞാൻ നിന്നെ സഹായിക്കാം. ഇനിയും നിനക്ക് പഠിക്കുവാൻ സാധിക്കും. ഒരു ജോലിക്കും നമുക്ക് ശ്രമിക്കാം.”
മനസ്സിൽ ഒരു കുളിർമഴ പോലെ ആ വാക്കുകൾ പെയ്തിറങ്ങി.
“നീ നാളെ മുതൽ ഓൺലൈൻ ഇന്റർവ്യൂ വീഡിയോസ് കാണണം. കാര്യം ഞാൻ പിന്നെ പറയാം.”
ഒരാഴ്ച കഴിഞ്ഞപ്പോൾ അദ്ദേഹം എന്നെ ഒരു ഇന്റർവ്യൂവിന് കൊണ്ട് പോയി. ഭാഗ്യത്തിന് ആ ജോലിയും കിട്ടി…
*************
പതിയെ പതിയെ ഞാൻ ആ ജോലിയെ സ്നേഹിച്ചു തുടങ്ങി. രാവിലെ എഴുന്നേൽക്കുന്നതും വീട്ടുകാർക്ക് വച്ച് വിളമ്പുന്നതും ഒരു ഭാരം അല്ലാതെയായി. ആ മാറ്റം പതിയെ ഞാൻ ആസ്വദിച്ചു തുടങ്ങി.
അപ്പോൾ ഒന്ന് എനിക്ക് മനസ്സിലായി, വെറുതെ കുത്തിയിരിക്കുമ്പോൾ മനസ്സിൽ ആവശ്യമില്ലാത്ത ചിന്തകൾ കടന്നു വരും. മനസ്സു എപ്പോഴും ഓരോ കാര്യത്തിനും ആവശ്യമില്ലാത്ത ഓരോ അർത്ഥങ്ങൾ മെനഞ്ഞു തുടങ്ങും…
ഇപ്പോൾ അർത്ഥങ്ങൾ തെരയുവാൻ എനിക്ക് സമയമില്ല. ജോലിയിൽ മുന്നേറണം. ബിരുദാന്ത ബിരുദം പൂർത്തിയാക്കണം. ചേച്ചിമാരെ പോലെ പഠിച്ചുയരണം. താങ്ങായി അദ്ദേഹം ഉണ്ട്. പിന്നെ നല്ലൊരു കുടുംബവും…
എൻ്റെ ചിന്തകൾക്ക് ഞാൻ കടിഞ്ഞാണിട്ടൂ. അവിടെ നിറയെ നന്മകൾ ഞാൻ വാരി നിറച്ചൂ….
അമ്മയോടും എനിക്ക് നന്ദി ഉണ്ട്, ഇത്രയും നല്ലൊരു കുടുംബത്തിലേയ്ക്ക് എന്നെ പറഞ്ഞു വിട്ടത് അമ്മയാണ്. ഒരു പക്ഷേ, അമ്മ ഭയന്ന് കാണും മറ്റു മക്കളെ പോലെ ഒന്നും നേടുവാൻ ആഗ്രഹിക്കാത്ത ഞാൻ അമ്മയുടെ കാലശേഷം കഷ്ടപെടുമെന്ന്. അതുകൊണ്ടു മാത്രമാകും എനിക്കായി അദ്ദേഹത്തെ അമ്മ തെരഞ്ഞെടുത്തത്.
ഞാനും ഒത്തിരി പഠിക്കുവാൻ ഉണ്ടായിരുന്നൂ. എല്ലാം ദൈവാനുഗ്രഹം….