എഴുത്ത്:- മഹാ ദേവൻ
ഇവളിങ്ങനെ കിടക്കുംതോറും നിന്റ ജീവിതാ നശിക്കുന്നത്. പറഞ്ഞില്ലെന്നു വേണ്ട. അമ്മയ്ക്ക് കരുണയില്ലെ, ഇച്ചിരി എങ്കിലും കണ്ണിൽ ചോ രയില്ലേ എന്നൊന്നും ചോദിക്കണ്ട. എനിക്ക് നിന്റ ജീവിതം ആണ് വലുത്. കെട്ടിക്കൊണ്ട് വരുമ്പോഴേ ഈ അസുഖം ഉണ്ടായിരുന്നില്ലെന്ന് ആര് കണ്ടു. ഇവളുടെ തന്തേം തള്ളയും കൂടി എല്ലാം മറച്ചുവെച്ചിട്ട് നിന്റ തലേൽ കെട്ടിവെച്ചതാകും ഈ ന ശൂലത്തെ. അതിന് ഇവളും കൂട്ടു നിന്നിട്ടുണ്ടാകും. ഓരോ നെറികെട്ട ജന്മങ്ങൾ. “
അമ്മ വാ തോരാതെ പ്രാകുന്നത് മുഴുവൻ റൂമിൽ കിടന്ന് കേൾക്കുന്നുണ്ടായിരുന്നു തരുണി..തന്റെ അവസ്ഥയെ പറഞ്ഞാലും കുഴപ്പമില്ല, പക്ഷേ, ഒന്നുമറിയാത്ത അച്ഛനെയും അമ്മയെയും കൂടി പറയുന്നത് അവളുടെ കണ്ണുകൾ നിറച്ചു. ഒന്ന് വാവിട്ട് കരയാൻ പോലും കഴിയാതെ തലയിണ ചേർത്തുപിടിച്ചു വിതുമ്പുമ്പോൾ പുറത്ത് ആദർശ്ശിന്റെ വാക്കുകൾ അവളുടെ ചെവിയിലെത്തി.
” എന്റെ അമ്മേ, ഈ അവസ്ഥ ആർക്കും എപ്പോൾ വേണമെങ്കിലും വരാം. അതിപ്പോ നാളെ എനിക്കോ അമ്മയ്ക്കോ ആവാം.. എന്ന് കരുതി അമ്മ ഇപ്പോൾ പറഞ്ഞപ്പോലെ മറ്റുള്ളവർ പറഞ്ഞാൽ അമ്മയ്ക്ക് അപ്പൊ എങ്ങനെ ഉണ്ടാകും? ഇങ്ങനെ മറ്റുള്ളവരുടെ മുന്നിൽ ചെറുതായിപോവല്ലേ അമ്മേ. മകന്റെ ഭാവി ഓർത്താണല്ലോ അമ്മ അകത്തു കിടക്കുന്നവളെ എനിക്ക് കെട്ടിച്ചു തന്നത്. ആ ഭാവിക്കിനി എന്ത് സംഭവിച്ചാലും ഞാൻ ഉള്ളിടത് അവളും ഉണ്ടാകും. “
അവന്റെ വാക്കുകൾ തരുണിയുടെ ഇടനെഞ്ചിൽ കുളിരായ് പതിഞ്ഞെങ്കിലും ഒരു നിമിഷത്തെ ആയുസ്സേ ആ സന്തോഷത്തിനവൾ നൽകിയുള്ളൂ.
” ഏട്ടൻ അങ്ങനെ പറഞ്ഞെങ്കിൽ അത് ആ നല്ല മനസ്സിന്റെ ഗുണം. പക്ഷേ, പിന്നിൽ നിന്ന് കു ത്തിനോവിച്ചതാണെങ്കിലും അമ്മ പറഞ്ഞതും ശരിയല്ലേ എന്നൊരു തോന്നൽ. പാതി തളർന്ന ശരീരം കൊണ്ട് അദ്ദേഹത്തെ കഷ്ട്ടപെടുത്താനല്ലാതെ ആ ജീവിത ത്തിൽ ഇനി ഒരു സന്തോഷമാകാൻ തനിക്ക് കഴിയില്ലെന്ന് അവൾക്കും അറിയാം. ഈ കിടപ്പിൽ സ്വയം മരണത്തിനു കീഴടങ്ങാമെന്ന് വെച്ചാൽപോലും കഴിയില്ലല്ലോ എന്നോർക്കുമ്പോൾ അവളുടെ ഉള്ള് വിതുമ്പുകയായിരുന്നു.
” നീ ഇങ്ങനെ ആ വിഴുപ്പും ചുമന്നു കാലം കഴിച്ചോ. പിന്നെ നീ ഇതൊക്കെ പറഞ്ഞു ജോലിക്ക് പോകുമ്പോൾ അവളെ ആര് നോക്കും എന്ന് കൂടി പറ. കൊണ്ടുവെച്ചു കൊടുത്താൽ എടുത്തു തിന്നാനുള്ള ശേഷി പോലും ഇല്ലല്ലോ. അപ്പൊ വാരി വായിൽ വെച്ചു കൊടുക്കണം, ഊട്ടണം, അവളുടെ വിഴുപ്പ് തുണി കഴുകണം, അവളെ കുളിപ്പിക്കണം. ഇതിനൊക്കെ നീ ആരെയാ ഇവിടെ കണ്ടുവെച്ചേക്കുന്നത്. അവൾ ഈ കിടപ്പ് കിടക്കാൻ തുടങ്ങിയിട്ട് മാസം രണ്ടായി. അന്ന് മുതൽ നീ ലീവെടുത്ത് അവളെ നോക്കി, ഇനി അങ്ങോട്ടോ? ജീവിതകാലം മുഴുവൻ ലീവെടുത്തു അവളേം നോക്കി വീട്ടിലിരുന്നാൽ എന്ത് എടുത്ത് വാരി കൊടുക്കും അവൾക്ക്. നിന്റ ഒറ്റ വരുമാനം കൊണ്ടാണ് ഇവിടെ കഴിയുന്നത് എന്ന് നിനക്ക് അറിയാത്തത് ഒന്നും അല്ലല്ലോ. ഇപ്പഴേ രണ്ട് മാസം ആയി ആ വരുമാനം നിലച്ചിട്ട്. ഇനി ഇങ്ങനെ എത്ര നാൾ..
ഒരു കാര്യം നീ ഓർത്തോ.. ഇപ്പോൾ നീ ചെയ്യുന്നത് കുടം കമിഴ്ത്തി വെച്ചു വെള്ളം ഒഴിക്കുകയാണ്. ഒരിക്കലും കുടം നിറയില്ലെന്ന് ഓർത്താൽ നന്ന്. “
അമ്മയുടെ വാക്കുകൾ വല്ലാതെ നോവിക്കുന്നുണ്ടായിരുന്നു ആദർശ്ശിനെ. അമ്മയ്ക്കിതെങ്ങനെ ഇത്ര കണ്ണിൽചോ രയില്ലാത്ത പറയാൻ തോന്നുന്നു എന്ന്പോലും ചിന്തിച്ചു.
” പിന്നെ ഞാൻ എന്ത് ചെയ്യണമെന്ന അമ്മ ഈ പറയുന്നത്. അവളെ ഈ അവസ്ഥയിൽ ഉപേക്ഷിച്ചാൽ നാട്ടുകാർ എന്ത് പറയും. ഇനി അതല്ലെങ്കിൽ കൊ ല്ലാൻ പറ്റോ? “
അവന്റെ ദേഷ്യം കലർന്ന ചോദ്യത്തിന് മുന്നിൽ അമ്മയുടെ മറുപടി അവനെയും ഉള്ളിൽ കിടക്കുന്ന തരുണിയെയും ഞെട്ടിച്ചിരുന്നു.
” ഇനി അങ്ങനെ അവളെ നിനക്ക് ഒഴിവാക്കാൻ പറ്റൂ എങ്കിൽ അങ്ങനെ ചെയ്യണം . അവൾ ചാ വുന്നതും ജീവിbക്കുന്നതും ഇപ്പോൾ ഒരുപോലെ ആണ്. അല്ലേലും ഇങ്ങനെ കിടക്കുന്നതിലും നല്ലത് മ രിക്കുന്ന താണെന്ന് അവളും ചിന്തിച്ചുതുടങ്ങിയിട്ടുണ്ടാകും..അപ്പൊ അത് വലിയ പാപമായൊന്നും നീ കണക്കാക്കേണ്ട, അവളും നീയും രക്ഷപ്പെടുമെന്ന് കരുതിയാൽ മതി. “
അമ്മയുടെ വാക്കുകൾ കേട്ട് ഞെട്ടലോടെ ആ മുഖത്തേക്കൊന്ന് നോക്കി ആദർശ്. അമ്മയുടെ വായിൽ നിന്ന് അങ്ങനെ ഒരു വാക്ക് ഒരിക്കലും അവൻ പ്രതീക്ഷിച്ചതല്ലായിരുന്നു. അതും ഇത്ര നിസാരമായാണ് അമ്മ പറയുന്നതോർക്കുമ്പോൾ അവൻ കുറച്ചു നേരം അനക്കമറ്റിരുന്നു. അതെ അവസ്ഥയിൽ തന്നെ ആയിരുന്നു തരുണിയും.
കുറച്ചു നേരത്തേക്കെങ്കിലും മനസ്സ് മരണത്തെ ആഗ്രഹിച്ചെങ്കിലും അമ്മയിൽ നിന്ന് അങ്ങനെ കേട്ടപ്പോൾ…. അമ്മയ്ക്ക് ഈ കിടപ്പ് എത്ര അസഹനീയമാണെന്നത് ആ വാക്കുകളിൽ മുഴച്ചുനിൽപ്പുണ്ടായിരുന്നു.
അവൾ കണ്ണുകൾ ഇറുക്കെ അടച്ചു.
പുറത്ത് അമ്മയുടെ വാക്കുകൾ കേട്ട് അനക്കമറ്റിരുന്ന ആദർശ് അമ്മയെ നോക്കി ഒന്ന് മൂളിക്കൊണ്ട് പുറത്തേക്ക് നടക്കുമ്പോൾ ആ അമ്മയുടെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു..മകന്റെ ആ മൂളലിൽ പാതി സമ്മതത്തെ അവർ കാണുന്നുണ്ടായിരുന്നു. അവനും തിരിച്ചറിവ് വന്നെന്ന സന്തോഷത്തിൽ തരുണി കിടക്കുന്ന റൂമിലേക്ക് ഒന്ന് പാളിനോക്കിക്കൊണ്ട് അവർ അകത്തേക്ക് നടക്കുമ്പോൾ ഏത് നിമിഷവും തന്നെ തേടി എത്താവുന്ന മ രണത്തെ കാത്ത് കിടക്കുക യായിരുന്നു തരുണി.
ആ രാത്രി അവൾക്ക് നെരെ സ്പൂണിൽ കഞ്ഞി കോരി നീട്ടുമ്പോൾ സന്തോഷത്തോടെ ആയിരുന്നു തരുണി വാ തുറന്നത്. ഈ കഞ്ഞിയിൽ തന്റെ മരണം പതിയിരിപ്പുണ്ടെങ്കിൽ അത് തന്നെ ആവോളം സ്നേഹിച്ച പ്രിയപ്പെട്ടവന്റെ കൈ കൊണ്ട് ഒരിറ്റു വെള്ളത്തോടെ ആണെന്നത് ആയിരുന്നു അവളുടെ സന്തോഷം..പതിയെ അവളുടെ നെറുകിലൂടെ ഒന്ന് തലോടിക്കൊണ്ട് പിന്നെയും കഞ്ഞി അവളുടെ വായിലേക്ക് നൽകുമ്പോൾ അവന്റെ മുഖത്തെ നിർവികാരത അവൾ ശ്രദ്ധിച്ചിരുന്നു.
രാത്രി കിടക്കുമ്പോൾ അവളുടെ സ്വപ്നങ്ങളിൽ അവനും മരണവും ഒരുപോലെ ചിരിച്ചും കരഞ്ഞും ഒഴുകിയൊഴുകി………
രാവിലെ ആരുടെയൊക്കെയോ പിറുപിറുക്കൽ കേട്ടാണ് കണ്ണുകൾ തുറന്നത്. ഒരു നിമിഷം നാലുപാടും നോക്കി അവൾ. താൻ ഇപ്പോഴും ജീവനോടെ ഉണ്ടെന്നത് അവൾക്ക് ആശ്ചര്യമായിരുന്നു. ഇന്നലത്തെ അവസാനത്തെ അത്താഴമാണെന്ന് കരുതി… പക്ഷേ.. . അവൾ മുറിയിൽ മൊത്തമൊന്ന് കണ്ണോടിക്കുമ്പോൾ അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ആദർശ് അകത്തേക്ക് വന്നു. പിന്നെ അവളുടെ പല്ല് തേപ്പിച്ചു മുഖവും കഴുകി നല്ല ഒരു ചുരിദാർ എടുത്തണിയിച്ചു നെറ്റിയിൽ ഒരു പൊട്ടും വെച്ച് അവളെ കണ്ണിമചിമ്മാതെ കുറച്ചു നേരം നോക്കി. പിന്നെ എഴുനേറ്റ് അലമാര തുറന്ന് ഒരു ബാഗിൽ അവളുടെ ഡ്രസ്സ് മുഴുവൻ പാക്ക് ചെയ്യുന്നത് കണ്ടപ്പോൾ അവൾക്ക് എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാകുന്നില്ലായിരുന്നു.
ഇനി കൊ ല്ലാനുള്ള മടികൊണ്ട് വീട്ടിൽ കൊണ്ട് വിടാൻ ആയിരിക്കും എന്ന് തോന്നി. അവളുടെ സംശയത്തോടെ ഉള്ള നോട്ടത്തിന് ഒരു ചിരി മാത്രം സമ്മാനിച്ചുകൊണ്ട് അവന് ബാഗുമായി പുറത്തേക്ക് നടക്കുമ്പോൾ അവൾ ഉറപ്പിച്ചിരുന്നു ഇനി ഈ വീടും ഈ മുറിയും തനിക്ക് അന്യമാകുകയാണ് എന്ന്.
ബാഗുമായി പോയ ആദർശ് തിരികെ വന്ന് അവളെ കൈകളിൽ കോരി എടുക്കുമ്പോൾ ആ മുഖത്തേക്ക് ഒന്ന് നോക്കി.
” ഇനി ഈ വീടെനിക്ക് അന്യമാകുകയാണ് അല്ലേ ഏട്ടാ? “
അവളുടെ ചോദ്യത്തിന് അവൻ പുഞ്ചിരിയോടെ ആയിരുന്നു മറുപടി നൽകിയത്. ” അതെ മോളെ.. ഈ മുറിക്ക് നീയിപ്പോൾ ഒരു ബാധ്യത യാണ്. ഒരു ഒഴിയാ ബാധയായി നീ ഇങ്ങനെ ഇവിടെ കിടന്നാൽ ശരിയാകില്ല. “
അതും പറഞ്ഞവൻ അവളെ ഒന്നുകൂടി നെഞ്ചിലേക്ക് ചേർത്തു പിടിച്ചവൻ പുറത്ത് കാത്ത് നിൽക്കുന്ന ആംബുലൻസിലേക്ക് കിടത്തി. പിന്നെ ബാക്കി ബാഗ് എടുക്കാനായി വീട്ടിലേക്ക് കേറുമ്പോൾ ഉമ്മറത്ത് നിൽക്കുന്ന അമ്മ പതിയെ പറയുന്നുണ്ടായിരുന്നു
” നന്നായി മോനെ.. ഇപ്പോഴെങ്കിലും നിനക്ക് ബോധമുണ്ടായല്ലോ. നിന്റ നല്ല ഭാവിക്ക് വേണ്ടിയാണ് അമ്മ ഇതൊക്കെ പറഞ്ഞത്. ന്തായാലും അമ്മ പറഞ്ഞത് മോന് കേട്ടല്ലോ. ഇനി വൈകിക്കണ്ട. മോൻ അവളെ അവളുടെ വീട്ടിൽ കൊണ്ടാക്കി ങ്ങോട്ട് പോരെ. അവളുടെ സ്വർണ്ണവും മറ്റും തിരികെ കൊടുത്തേക്ക്. അല്ലെങ്കിൽ നാളെ അതാകും പ്രശ്നം. “
അമ്മ അവന്റെ കയ്യിൽ പിടിച്ചു പുഞ്ചിരിയോടെ പറയുമ്പോൾ ആദർശ് പതിയെ ബാഗെടുത്തു തോളിലേക്കിട്ട് അമ്മയെ നോക്കി.
” ശരിയാ അമ്മ പറഞ്ഞത്. അവളിപ്പോ ഈ വീടിനു ബാധ്യതയാണ്. പക്ഷേ, അവളെ കൊ ല്ലാൻ മാത്രം കരളുറപ്പുള്ള ഒരാളല്ല ഞാൻ. അതുകൊണ്ട് ഞാൻ ഒന്ന് തീരുമാനിച്ചു. അവളുടെ വീടിനടുത് ഒരു വീട് വാടകയ്ക്ക് എടുത്തു. അതാകുമ്പോൾ ഇവളെ നോക്കാൻ അവിടെ ഇവളുടെ അമ്മയുണ്ട്. അവരെന്തായാലും അമ്മ ചിന്തിച്ചപോലെ കൊ ല്ലാനൊന്നും മുതിരില്ല.
പിന്നെ ഭാര്യയെ കൊ ല്ലുന്നത്ര പാപമല്ല അമ്മയെ ഇവിടെ ഒറ്റക്കാക്കി പോകുന്നത്. അതുകൊണ്ട് ഞാൻ അങ്ങോട്ട് മാറുകയാണ്. അമ്മയെ ഉപേക്ഷിച്ചുപോവുകയല്ല, അമ്മയ്ക്ക് വേണേൽ കൂടെ വരാം. അവളെ നോക്കണമെന്ന പേടി ഒന്നും വേണ്ട. പക്ഷേ, ഇനി അവളെ വാക്ക് കൊണ്ട് പോലും നോവിക്കാനുള്ള വരവ് ആകരുത്. അവളിപ്പോ ഒരുപാട് അനുഭവിക്കുന്നുണ്ട്.. ഇനിയും…. “
അവൻ അമ്മയ്ക്ക് മുന്നിൽ തൊഴുതുകൊണ്ട് പടിയിറങ്ങുമ്പോൾ ആ അമ്മയുടെ മുഖം വിളറികറുത്തിരുന്നു.
അപ്പോഴും സംഭവിക്കാൻ പോകുന്നതെന്തെന്ന് അറിയാതെ കിടക്കുക യായിരുന്നു തരുണി. ആ വീട് അന്യമാകുകയാണല്ലോ എന്ന നൊമ്പരത്തോടെ…