Story written by Shaan Kabeer
പെൺകുട്ടികളെ കല്യാണം കഴിച്ച് പറഞ്ഞയക്കുമ്പോൾ കെട്ടാൻ പോവുന്ന ചെക്കനെ കുറിച്ച് നാട്ടിൽ നല്ലോണം അന്വേഷിക്കണം എന്ന് പറയുന്നത് സത്യമാണ്. അങ്ങനെ നന്നായി അന്വേഷിച്ചിരുന്നു എങ്കിൽ ഒരിക്കലും എന്റെ ഭാര്യക്ക് ഈ ഫ്യുഡൽ തെമ്മാടിയുടെ ഭാര്യ ആവേണ്ടിവരില്ലായിരുന്നു. കയ്യിലിരിപ്പ് അത്രക്ക് നല്ലതായിരുന്നു. കഴിഞ്ഞതിനെ കുറിച്ച് പറഞ്ഞിട്ട് കാര്യമില്ലല്ലോ അല്ലേ, അതൊക്കെ ഭാര്യയുടെ ഉപ്പാന്റെ അശ്രദ്ധ, അല്ലാണ്ട് എന്താ പറയാ.
ഭാര്യയുടെ കുടുംബം ഭയങ്കര ദീനി കുടുംബം ആയിരുന്നു, ആദ്യം അവർ നാട്ടിലുള്ള പള്ളിയിൽ അന്വേഷിച്ചു
“അല്ലാഹ്, നമ്മുടെ ഷാൻ കബീറോ!!! നല്ല ചെക്കനാട്ടോ, ഒറ്റ വഖ്ത് ഒഴിവാക്കലില്ല, ഒരു ദുശീലവും ഇല്ലാത്ത നല്ലൊരു പയ്യൻ”
എന്നെകുറിച്ച് ഉസ്താദ് നല്ല അഭിപ്രായം പറഞ്ഞപ്പോൾ വെള്ളിയാഴ്ച മാത്രം പള്ളിയിൽ പോയിരുന്ന ഞാനായിരുന്നു ആദ്യം ഞെട്ടിയത്. പിന്നെ നാട്ടിൽ അന്വേഷിച്ചപ്പോൾ എന്നെകുറിച്ച് മുടിഞ്ഞ നല്ല അഭിപ്രായം. ഞാൻ വീണ്ടും ഞെട്ടി!!! അങ്ങനെ വരാൻ വഴിയില്ലല്ലോ,
ഭാര്യയുടെ വീട്ടുകാർക്ക് ലോട്ടറി അടിച്ചപോലെ ആയി. ഇത്രേയും സൽഗുണ സമ്പന്നനായ ഒരു ചെറുപ്പക്കാരനെ ഈ കാലത്തൊക്കെ കിട്ടാന്ന് പറഞ്ഞാൽ ശരിക്കും ഭാഗ്യം തന്നെയല്ലേ. പക്ഷേ കല്യാണത്തിന്റെ അന്ന് ഉസ്താദ് എന്നെ കണ്ടപ്പോൾ ഭാര്യയുടെ ഉപ്പാനെ ഞെട്ടലോടെ നോക്കി
“ഇവനാണോ ചെക്കൻ!!! നാട്ടിലെ ഏറ്റവും തലതെറിച്ച ഇവനെയാണോ മോൾക്ക് കണ്ടുപിടിച്ചത്…?”
എന്റെ വല്ലിപ്പയുടെ അനിയന്റെ പേരകുട്ടിയുടെ പേരും ഷാൻ എന്നാണ്. ഭാര്യയുടെ ഉപ്പ കുടുംബപേരും വെച്ച് ഷാനിനെ കുറിച്ച് അന്വേഷിച്ചപ്പോൾ എല്ലാവരും കരുതി മറ്റേ ഷാൻ ആണെന്ന്, അതോണ്ട് എനിക്ക് പെണ്ണുകിട്ടി, താങ്ക് യൂ അപരൻ ഷാനേ. ആൾ ഭയങ്കര ഡീസന്റ് ആണ്. അല്ല കുടുംബത്തിൽ ഞാൻ മാത്രേ ഇങ്ങനെ അയൊള്ളൂ, കൂട്ട്കെട്ട് ശരിയല്ലാത്തോണ്ട് ഞാൻ ഇങ്ങനെ താന്തോന്നി ആയതെന്ന് വല്ലിമ്മ എപ്പോഴും പറയും. സത്യാണ്, എന്റെ കൂട്ടുകാരന്മാരാ എന്നെ വഴിതെറ്റിച്ചേ. കൂട്ടുകാരുടെ വീട്ടുകാർ നേരെ തിരിച്ചും പറയുന്നുണ്ട്.
എന്തായാലും ഭാര്യ വീട്ടുകാർ പെട്ടു, മോളെ എനിക്ക് കെട്ടിച്ച് തരാതെ വേറെ വഴിയില്ലാ എന്ന സാഹചര്യത്തിൽ അമ്മോശൻ മനസ്സില്ലാ മനസ്സോടെ മോളെ കൈപിടിച്ച് തന്നു. കല്യാണം കഴിഞ്ഞു, ഭാര്യയെ കുറിച്ച് പറയാണെങ്കിൽ അവൾ നല്ലൊരു ഭാര്യയാണ്, നല്ലൊരു അമ്മയാണ്, ഞാൻ മാത്രം ഇപ്പോഴും പഴയ പോലെതന്നെ. നാളേക്ക് ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 6 വർഷം തികയുന്നു. ഞാൻ ഭാഗ്യം ചെയ്തവനാണ്, ഇവളെപ്പോലെ നല്ലൊരു ഭാര്യയെ കിട്ടിയതിൽ. അവളുടെ കാര്യം അവളോട് തന്നെ ചോദിക്കണം.
മരുമക്കളിൽ ഏറ്റവും ദേഷ്യം എന്നോടായിരുന്നു ഉപ്പാക്ക്, ഭാര്യവീട്ടിൽ പോവുമ്പോൾ മുഖം തിരിച്ചിരിക്കുന്ന ഉപ്പയോട് എന്നാലും എനിക്കെന്തോ ഇഷ്ടായിരുന്നു. ഞാൻ മൂപ്പരോട് അങ്ങ് അടുത്തു. ഉപ്പ ഒരു വർഷം മുന്നേ മരിച്ചു, മരിക്കാൻ നേരം ഉപ്പാക്ക് എന്റെ പേര് മാത്രേ ഓർമ ഉണ്ടായിരുന്നുള്ളൂ. ആദ്യം എന്നോട് കാണിച്ച വെറുപ്പും ദേഷ്യവും എല്ലാം നൂറുരട്ടി സ്നേഹമായും വാത്സല്യമായും തിരിച്ച് തന്നിട്ടാണ് ഉപ്പ മരിച്ചത്. ഭാര്യയുടെ ഉപ്പയായി അല്ല സ്വന്തം ഉപ്പയെ പോലെ സ്നേഹിക്കുന്നു, ഇത് എഴുതുമ്പോഴും.