പ്രണയത്തിന്റെ നീല മേഘങ്ങൾ
Story written by Ammu santhosh
“പറയുമ്പോളെല്ലാം ഉണ്ട്. വലിയ തറവാട്, കുടുംബം, അച്ഛൻ, അമ്മ, മുത്തശ്ശി, അനിയത്തി. പക്ഷെ എനിക്ക് നല്ല ഒരു ജോലി ഇല്ല. റാങ്ക് ലിസ്റ്റിൽ പേരൊക്കെ യുണ്ട്. പക്ഷെ എല്ലാം ഇപ്പൊ പ്രഹസനം അല്ലെ? “? “
ഒരു തീവണ്ടി യാത്രയിൽ കണ്ടു മുട്ടിയതായിരുന്നു അവർ. രാഹുലും ഗൗരിയും.ഒരേ നഗരത്തിൽ ഇറങ്ങേണ്ടവരാണെന്നു അറിഞ്ഞപ്പോൾ വെറുതെ വിശേഷം പറഞ്ഞു തുടങ്ങി യതാണ്.. കുറെ ദൂരമുണ്ട്.
“ജോലി കിട്ടും.. “അവൾ പറഞ്ഞു
“കിട്ടുമായിരിക്കും.. കുറെ കഷ്ടപ്പെട്ട് പഠിച്ചതാണെ.. പക്ഷെ അന്നൊക്കെ ഒരു ലക്ഷ്യം ഉണ്ടായിരുന്നു. ഇന്ന് അതില്ല.. ” അവൻ ദൂരെയെങ്ങോ നോക്കി പറഞ്ഞു..
“അതെന്താ? “
“അത്…ജോലി വേണം എന്ന് ആഗ്രഹിച്ചവൾ ഇപ്പൊ കൂടെയില്ല.. ” അവൾ നിശബ്ദയായി
“അവളുടെ വിവാഹം നിശ്ചയിച്ചു.. എല്ലാർക്കും അറിയാരുന്നു..ജീവനെ പോലെ സ്നേഹിച്ചവൾ… ഒരു ദിവസം വന്നങ്ങു പറയുകയാ നമുക്ക് ഇത് അവസാനിപ്പിക്കാം വീട്ടിൽ സമ്മതിക്കില്ല എന്ന്. എന്താല്ലെ? “
“വീട്ടിൽ ഒന്ന് പറഞ്ഞു കൂടായിരുന്നോ? “
“എന്റെ വീട്ടുകാർ പോയി സംസാരിച്ചു.ആ പയ്യൻ ഗവണ്മെന്റ് സർവീസിലാണ്. എഞ്ചിനീയറാ . .. ഈ ഞാൻ എവിടെ? എഞ്ചിനീയർ എവിടെ? “
“ആ കുട്ടിക്ക് നല്ല സങ്കടം ഉണ്ടാകും.. “അവൾ മെല്ലെ പറഞ്ഞു
“താൻ മഹേഷിന്റെ പ്രതികാരം സിനിമ കണ്ടിട്ടുണ്ടോ?”അവൻ ചോദിച്ചു
“പിന്നെ.. അത് കാണാത്ത മലയാളികൾ ഉണ്ടൊ? “
“അതിലെ ഫഹദിനു കിട്ടിയ പോലൊന്നാ എനിക്കും കിട്ടിയത്.നൈസ് ആയിട്ട് ഒഴിവാക്കുകയായിരുന്നു “
അവൻ ചിരിച്ചു..
“പെണ്ണിന് ഭയങ്കര എളുപ്പമാണല്ലെ ഇതൊക്കെ? ഹോ എന്താ വേദനയെന്നറിയുമോ? നെഞ്ചൊക്കെ പൊട്ടിപ്പോകും പോലെ.. രാത്രി ഉറങ്ങാനൊന്നും പറ്റാതെ, വീട്ടിൽ ആരോടെങ്കിലും പറയാൻ പറ്റുമോ? “അയാളുടെ ശബ്ദം ഒന്ന് അടച്ചു അവൾ വല്ലായ്മയോടെ ചുറ്റും നോക്കി
“അതൊക്കെ പോട്ടേ,ഗൗരി എന്താ ചെയ്യുന്നേ? “
“പഠിക്കുകയാണ്. “
“ആഹാ.. ഏത് കോളേജിൽ? “
“എൻട്രൻസ് കോച്ചിങ്ങിനു പഠിക്കുകയാണ് “
” ആണോ? എന്റെ അഡ്വാൻസ് ആശംസകൾ.. കിട്ടട്ടെ “
“പേര് ഞാൻ മറന്നു.. ചേട്ടന്റെ? “
“രാഹുൽ “
“നമ്പർ തരുമോ? ഞാൻ വിളിക്കാം ഇടക്ക്.. നാട്ടിൽ പോകുമ്പോൾ ഒന്നിച്ചു പോകാമല്ലോ “അവൾ ചോദിച്ചു അവന്റെ നമ്പർ വാങ്ങി വെച്ചു ഗൗരി. എന്തോ വല്ലാത്ത ഒരു സുരക്ഷിതത്വം ഉണ്ട് അവനോടു സംസാരിക്കുമ്പോൾ..
റെയിൽവേ സ്റ്റേഷനിൽ നിന്ന് അവർ രണ്ടു വഴിക്കു പിരിഞ്ഞു. അവൻ ഒരു പ്രൈവറ്റ് കോളേജിൽ ജോലിക്ക് കയറി. ഇടക്ക് ഗൗരി വിളിക്കും. ഒന്ന് രണ്ടു തവണ ഒന്നിച്ചു പോയി. ഗൗരി അധികം സംസാരിക്കില്ല. കേട്ടിരിക്കുകയാണ് പതിവ്.
“വീട്ടിൽ ആരൊക്കെ ഉണ്ട് ഗൗരിക്ക്? ” ഒരു ദിവസം അവൻ ചോദിച്ചു. ആ മുഖം പെട്ടെന്ന് മങ്ങി. “പറയാൻ ഇഷ്ടം അല്ലെങ്കിൽ പറയണ്ട ട്ടോ “
“അങ്ങനെ ഒന്നുല്ല. വീട്ടിൽ അമ്മയും അനിയനും ഉണ്ട്.. “
“അച്ഛൻ? “
“അനിയന്റെ അച്ഛൻ ഉണ്ട്. ” അവൾ തണുത്ത സ്വരത്തിൽ പറഞ്ഞു.
അയാൾ ഒരു മോശം ആളായിരിക്കുമോ എന്ന് രാഹുൽ ചിന്തിച്ചു. “ഞാൻ വീട്ടിൽ ചെന്നിട്ടു വിളിക്കാം ട്ടോ “അവൾ മെല്ലെ പറഞ്ഞു
“വീട്ടിൽ നിന്ന് വിളിച്ചാൽ കുഴപ്പം ഉണ്ടൊ ഗൗരി.. അച്ഛൻ?
“ആരും ഞാൻ എന്നൊരാൾ അവിടെ ഉണ്ടെന്ന് ശ്രദ്ധിക്കുക പോലുമില്ല. എന്റെ അച്ഛൻ എന്റെ പേരിൽ കുറച്ചു പണം ഇട്ടിട്ടുണ്ട്.. അതോണ്ട് എനിക്ക് എത്ര വേണമെങ്കിൽ പഠിക്കാം ഇഷ്ടം ഉള്ളത് പോലെ ജീവിക്കാം. അവർക്ക് എന്താ? “
“അച്ഛൻ ഇപ്പൊ എവിടെ ആണ്? “
“മരിച്ചു “അവൾ മെല്ലെ പറഞ്ഞു
അപ്പോഴേക്കും അവർക്ക് ഇറങ്ങാനുള്ള സ്ഥലം എത്തി.. പിന്നെ ഗൗരി വിളിച്ചില്ല. അങ്ങോട്ട് വിളിക്കാൻ അവന് മടി തോന്നി. പിന്നെയുള്ള യാത്രയിൽ അവൻ തനിച്ചായിരുന്നു.. ഓരോരുത്തരും വന്നു ഹൃദയത്തിൽ കൂട് കൂട്ടിയിട്ട് പെട്ടെന്ന് അങ്ങ് ഇറങ്ങി പോവുകയാണ്.. മുന്നറിയിപ്പ് ഒന്നുമില്ല.. വരുക, പോകുക.. അവന് തന്നോട് തന്നെ ഒരു പുച്ഛം തോന്നി.
കോളേജിൽ ക്ലാസ്സിൽ ആയിരുന്നപ്പോൾ ആണ് ഒരു വിസിറ്റർ ഉണ്ടെന്ന് പ്യൂൺ സജീവ് വന്നു പറഞ്ഞത്. ഒരു പെൺകുട്ടി
“രാഹുൽ അല്ലെ? ” രാഹുൽ തലയാട്ടി
“ഞാൻ ഗൗരി യുടെ ഫ്രണ്ട് ദിവ്യ . ഗൗരി ഹോസ്പിറ്റലിലാണ്.. ഒന്ന് കാണാൻ പറ്റുമോന്നു
ചോദിച്ചു”
ഹോസ്പിറ്റലിൽ ചെന്നപ്പോൾ ഗൗരി നല്ല ഉറക്കം
“എന്താ പറ്റിയത്? ” അവൻ കൂട്ടുകാരിയോട് ചോദിച്ചു
“അന്ന് വീട്ടിൽ പോയതിന്റെ രണ്ടു ദിവസം കഴിഞ്ഞു ഗൗരി ഹോസ്റ്റലിൽ വന്നു. ഭയങ്കര കരച്ചിൽ ആയിരുന്നു. കാരണം ഒന്നും പറഞ്ഞില്ല.ഇന്നലെ ടെറസിൽ നിന്നു ചാടി ആ ത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഞാൻ കണ്ടില്ലായിരുന്നെങ്കിലിപ്പോ.. ഇവിടെ പറഞ്ഞത് സ്റ്റെപ്പിൽ നിന്ന് വീണതാണെന്നാ. അല്ലെങ്കിൽ കേസ് ഒക്കെ ആവില്ലേ? “അവൾ പാതിയിൽ നിർത്തി അവൻ നടുക്കത്തോടെ അത് കേട്ടിരുന്നു
കുറച്ചു കഴിഞ്ഞു ഗൗരി കണ്ണ് തുറന്നു
“ഞാൻ ഹോസ്റ്റലിൽ പോയി ഒന്ന് ഫ്രഷ് ആയിട്ട് വരാം .ഇവിടെ ഉണ്ടാവില്ലേ? “കൂട്ടുകാരി ചോദിച്ചു
അവൻ ഒന്ന് മൂളി ഗൗരി തളർന്ന മിഴികളോടെ അവനെ നോക്കി കിടന്നു..
“എനിക്ക് എവിടെ എങ്കിലും ഒരു ജോലി വാങ്ങി തരുമോ? ” അവൾ ചോദിച്ചു
“അപ്പൊ പഠിത്തം? “
“എന്റെ പൈസ ഒക്കെ അവർ വാങ്ങിച്ചെടുത്തു. കുറെ അടിച്ചു.. ഉപദ്രവിച്ചു.. അവൾ പാവാട തെല്ല് ഉയർത്തി.കാലുകളിൽ പൊള്ളിച്ച പാടുകൾ
“ഇനി അവിടെ നിന്നാൽ എന്നെ കൊല്ലും.. “
“അമ്മ? “
“അമ്മയും അവർക്കൊപ്പമാ.. ആരുമില്ല എനിക്ക്.. “
അവൻ ആ ശിരസ്സിൽ തലോടി
“കരയാതെ.. “
ഗൗരി ആ കൈ പിടിച്ചു മുഖത്തു ചേർത്ത് വെച്ചു
“പോകല്ലേ.അവർ ചിലപ്പോൾ വരും. എന്നെ കൊണ്ട് പോകും “
“പോകില്ല.. “അവൻ പറഞ്ഞു അവനെ നോക്കിക്കിടന്നു അവൾ.
അവൾ പറഞ്ഞത് സത്യം ആയിരുന്നു. അവർ വന്നു. ആശുപത്രിയാണെന്ന് ഓർക്കാതെ അവളോട് ഉറക്കെ സംസാരിച്ചു.ശകാരിച്ചു.
“നീ ആരാ? “അയാൾ അവനോട് ചോദിച്ചു
“ഞാനോ? “രാഹുൽ ചിരിച്ചു
“അതേ ആരാടാ നീ? ” അയാളുടെ മുഖം കുറുക്കന്റേതു പോലെ
“ഞാൻ ഗൗരിയുടെ സുഹൃത്താണ്.അഡ്വക്കേറ്റ്ഹുൽ .. ” അവർ ഒന്ന് പകച്ചു .
“നിങ്ങളുടെ പേരിൽ ഞാൻ ഒരു കേസ് കൊടുക്കാൻ പോവാണ്.. ശാരീരിക പീഡനത്തിന് “അവൻ കൂസലില്ലാതെയെയൊരു നുണ പറഞ്ഞു.അത് ഫലിച്ചു.
ഗൗരിക്ക് അവളുടെ പണം തിരികെ കിട്ടി.പക്ഷെ വീട് എന്നന്നേക്കുമായി അന്യമായി.
ഗൗരിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു ഹോസ്റ്റലിൽ കൊണ്ടാക്കി അവൻ
“ഞാൻ അങ്ങനെ പറഞ്ഞതിന് സോറി ട്ടോ.. “അവൻ ചിരിച്ചു.
“നന്നായി പഠിക്ക്.. “”വീട്ടിൽ പോകാൻ തോന്നുമ്പോൾ എന്റെ വീട്ടിൽ പോകാം. അച്ഛനുണ്ട്,അമ്മയുണ്ട് ഏട്ടനുണ്ട് അനിയത്തി ഉണ്ട്.എല്ലാർക്കും തന്നെ അറിയാം ഇപ്പൊ ” ഗൗരി നിറഞ്ഞ കണ്ണുകളോടെ തലയാട്ടി
ഗൗരിക്ക് മെഡിസിന് അഡ്മിഷൻ കിട്ടി. പഠിച്ചു ഡോക്ടർ ആവുമ്പോളും ജോലി കിട്ടി മറ്റൊരു നഗരത്തിലേക്ക് പോകാനൊരുങ്ങുമ്പോഴും രാഹുൽ ഉണ്ടായിരുന്നു അവൾക്കൊപ്പം.
“എയിംസിൽ ജോലി കിട്ടുക ഭാഗ്യാണ്.ഇനിയെന്ന മോളിങ്ങോട്ട്?”
അവന്റെയമ്മ ചോദിച്ചു
രാഹുൽ അവളെ ഒന്ന് നോക്കി.. അനിയത്തിയും അമ്മയും അവളെ കെട്ടിപിടിച്ചു മുത്തം കൊടുക്കുന്നത് കണ്ട് അവൻ മുറി വിട്ട് മുറ്റത്തേക്ക് വന്നു. അവൾ പിന്നാലെ ചെന്നു
“രാഹുൽ ചേട്ടാ..? “
“ഉം “
“എന്താ മിണ്ടാതെ? “
“സന്തോഷം കൊണ്ട് ഉള്ളിങ്ങനെ നിറഞ്ഞ പോലെ.വാക്ക് ഒന്നും വരുന്നില്ല “
“എന്നാൽ പിന്നെ അമ്മയും അനിയത്തിയും തന്നത് തന്നാൽ മതി “
അവളുടെ ചുണ്ടിൽ കുസൃതിചിരി രാഹുൽ ആ ശിരസ്സിൽ ഒന്ന് തലോടി
“അങ്ങനെ ഒന്നും ഓർക്കേണ്ട സമയം ആകുമ്പോൾ ഞാൻ തന്നെ നല്ല ഒരാളെ.. “
അവൾ ആ വാ പൊത്തി
“ഇതിലും നല്ല ഒരാൾ ഉണ്ടാവുമോ? “എന്നെ വേണ്ടെങ്കിൽ അത് പറഞ്ഞാൽ പോരെ? “
രാഹുൽ ചിരിച്ചു
“അങ്ങനെ ഒന്നുമിപ്പോ എന്റെ മനസിലില്ല ഗൗരി.. ഒരു സാധാരണക്കാരന് അതൊന്നും ചിന്തിക്കുക അസാധ്യമാണ്.. പറ്റില്ല.”
ഗൗരി മെല്ലെ ചിരിച്ചു
“ഈ മനസ്സാണ് ഇന്നത്തെ ഗൗരിയുടെ ജീവിതം തന്നെ. പക്ഷെ നന്ദി കൊണ്ടൊന്നുമല്ല ട്ടോ എനിക്ക് ഇഷ്ടായിട്ടാണ്..”
“ഗൗരി… ഇപ്പൊ തോന്നുന്ന ഇഷ്ടങ്ങൾ പലതും വർഷങ്ങൾ കഴിയുമ്പോൾ അബദ്ധമായി തോന്നുന്നതാണ്. അന്ന് ഈ ഇഷ്ടം ഒരു ബാധ്യത ആകും വേദന ആകും.. ഇനിയൊരു നഷ്ടം എനിക്ക് താങ്ങാൻ പറ്റില്ല. ഗൗരി ഉണ്ടല്ലോ ഇപ്പൊ എന്റെ ഒപ്പം.. അത് മതി “
ഗൗരിയുടെ കണ്ണ് നിറഞ്ഞൊഴുകി
ഓരോ നിമിഷത്തിലും ഈ മുഖം മാത്രമാണ് ഉള്ളിൽ എന്നവൾക്ക് പറയണമെന്നുണ്ടായിരുന്നു
ഈ ആൾ കാരണമാണ് ജീവിച്ചിരിക്കുന്നതെന്ന്, ജീവിതം എന്തെന്ന് അറിയുന്നതെന്നു ഒക്കെ പറയണം എന്നുണ്ടായിരുന്നു..
ഗൗരി പോകുന്നതിന്റെ തലേന്ന് അവന്റെ അമ്മ അവനരികിൽ ചെന്നു
“ആ കുട്ടിക്ക് നിന്നേ വലിയ ഇഷ്ടാണ് മോനെ.. നല്ല കുട്ടിയാണ്.. ഇവിടിപ്പോ ബാക്കി എല്ലാരും ഉണ്ടല്ലോ. നീ അവൾക്കൊപ്പം പോയി വാ. അതിനെ ഒറ്റയ്ക്ക് വിടാതെ “
അവനൊന്നും പറഞ്ഞില്ല
റെയിൽ സ്റ്റേഷൻ
ട്രെയിനിന്റെ വശത്തെ സീറ്റാണവൾക്ക് കിട്ടിയത്. അവൻ പുറത്ത് നിന്ന് ആ ജനലഴികളിൽ പിടിച്ചാ മുഖത്തേക്ക് നോക്കി.
അവൾ ആ കൈയിൽ മുറുകെ പിടിച്ചു
“എന്നെ മിസ്സ് ചെയ്യുമ്പോൾ വിളിക്കോ?”
“ഉം “
“എനിക്ക് കാണാൻ തോന്നുമ്പോൾ വരുവോ?”
“ഉം “
സിഗ്നൽ വന്നു ട്രെയിൻ ഓടി തുടങ്ങി
“എന്നെ മറക്കല്ലേ “അവളുടെ കണ്ണീര് അവന്റെ കയ്യിൽ വീണു.. അവളെ വിട്ടു കളയാൻ വയ്യ എന്ന് തോന്നിയ ഭ്രാന്തമായ ആ നിമിഷത്തിൽ അവൻ ആ ട്രെയിനിലേക്കോടിക്കയറി
ട്രെയിനിന്റ വാതിലിന്റെ ഇടനാഴിയിൽവെച്ച് ഗൗരി അവനെ കെട്ടിപ്പുണർന്നു
“എനിക്ക് ഈ ആളില്ലാതെ വയ്യ.. സത്യായും വയ്യ “
“ഞാൻ ഉണ്ടല്ലോ..ആൾക്കാർ കാണും ഗൗരി…”അവൻ അവളെ കുറച്ചു മാറ്റി നിർത്തി..
അവന്റെ തോളിൽ തല ചായ്ച്ചു വശത്തെ കാഴ്ചകൾ കാണുമ്പോൾ അവളുടെ ഉള്ള് ശാന്തമായിരുന്നു
“ഗൗരി..?”
“ഉം “
“ഞാൻ കൊണ്ടാക്കിയിട്ട് തിരിച്ചു വരും ട്ടോ “
അവൾ ചിരിച്ചു
“എന്തെ?”
“കള്ളനാ രാഹുൽ ചേട്ടൻ… ഭയങ്കര കള്ളൻ..”
അവന്റെ മുഖം വിളറി
“ഞാനില്ലാതെ ജീവിക്കാൻ പറ്റുകയൊന്നുമില്ല രാഹുൽചേട്ടന്.. വെറുതെ പറയുകാ എല്ലാം.. നമുക്ക് ഡൽഹിയിൽ ജീവിക്കാം.. അവിടെയും കോളേജുകളുണ്ട്, ഇല്ലെങ്കിൽ സ്കൂളുകൾ ഉണ്ട്.. ജോലി കിട്ടും.. നമുക്ക് അവിടെ മതി.. നമ്മുടെ കൊച്ച് ജീവിതം. എനിക്ക് രാഹുൽ ചേട്ടനെ വേണം.. എന്നെ വേണമെങ്കിലുമില്ലെങ്കിലും. ഞാൻ രാഹുൽ ചേട്ടനെ വിട്ടു പോകില്ല സത്യം .”അവൾ അവന്റെ മുഖത്തേക്ക് നോക്കി കുസൃതിച്ചിരി ചിരിച്ചു
ചില പ്രണയങ്ങൾ ഇങ്ങനെയുമുണ്ട്
അടർത്തി മാറ്റിയാലും വിട്ടു പോകാതെ ശ്വാസം മുട്ടിച്ചു ഒപ്പം കൂടുന്നവർ ..
ഹൃദയത്തിൽ പ്രണയത്തിന്റെ നീല മേഘങ്ങളെ ചുമക്കുന്നവർ
നമ്മെയവരുടെ ആകാശമാക്കുന്നവർ..