ഇന്നലെ നിന്റെ അമ്മ കുറെ കാര്യങ്ങൾ എന്നോട് പറഞ്ഞു അതെല്ലാം എങ്ങനെ നിന്നോട് പറയും അതോ പറയേണ്ടയോ എന്ന ചിന്തയിലായിരുന്നു ഞാൻ അതുകൊണ്ടാണ് നീ വിളിച്ചിട്ട്…….

എഴുത്ത്:- നിമ

മാധവന്റെ വീടല്ലേ??

രാവിലെ തന്നെ ഒരാൾ വീടന്വേഷിച്ചു വന്നപ്പോൾ മാധവൻ അയാളെ ഒന്ന് നോക്കി… നാട്ടിലെ ദല്ലാളാണ്. ഭാസ്കരൻ!!! നിരവധി കല്യാണങ്ങൾ അയാൾ ഇവിടെ ശരിയാക്കി കൊടുത്തിട്ടുണ്ട്… ഇങ്ങോട്ടുള്ള അയാളുടെ വരവിന്റെ ഉദ്ദേശം മനസ്സിലായപ്പോൾ മാധവന്റെ മുഖത്ത് ഒരു ദേഷ്യം പ്രകടമായി.

“” നിങ്ങൾക്ക് ഒരു മോൾ ഉണ്ട് എന്ന് കേട്ടു ആ കുട്ടിക്ക് പറ്റിയ നല്ല കല്യാണ ആലോചനകൾ എന്റെ കയ്യിൽ ഉണ്ട് അതൊന്ന് പറയാനും വേണ്ടി വന്നതാണ് ആ കുട്ടിയെ ഒന്ന് വിളിക്കൂ ഞാൻ ആദ്യം ഒന്ന് കാണട്ടെ.

അയാൾ ഉമ്മറത്തേക്ക് കയറിയിരുന്ന് പറഞ്ഞു മാധവൻ പെട്ടെന്ന് എഴുന്നേറ്റു..

“”” ഇവിടെ ഇപ്പോൾ ആർക്കും കല്യാണം ഒന്നും നോക്കുന്നില്ല നിങ്ങൾക്ക് ഇറങ്ങി പോകാം!! എന്നു പറഞ്ഞതും അയാൾ വല്ലാതെയായി പിന്നെ ഒന്നും മിണ്ടാതെ അവിടെ നിന്ന് ഇറങ്ങിപ്പോയി..

കവലയിൽ ചെന്ന് അവിടെ കണ്ടവരോട് പറഞ്ഞു അവിടെ നിന്ന് ഉണ്ടായ അനുഭവം അതോടെ അവർ ഭാസ്കരനോട് പറഞ്ഞു..

“”” നിങ്ങളെല്ലാതെ ആരെങ്കിലും അവിടെ കല്യാണവും അന്വേഷിച്ച് ചെല്ലുമോ ആ പെണ്ണിന് ബാങ്കിൽ ജോലിയുണ്ട് അത് കണ്ടിട്ട് ഒരു കറവപ്പശുമായി നിർത്തി യിരിക്കുകയാണ് അയാൾ അതിനെ അയാൾ ചാവുന്നത് വരെ കല്യാണം കഴിച്ചു കൊടുക്കില്ല!!!””

അവർ പറയുന്നത് കേട്ടപ്പോൾ അത്ഭുതം തോന്നി ഭാസ്കരന്… സ്വന്തം മകളോട് ഒരച്ഛൻ ചെയ്യുന്ന കാര്യമാണോ അത്…

ദല്ലാൾ വന്നതും അച്ഛൻ അയാളെ അപമാനിച്ചു പറഞ്ഞു വിടുന്നതും എല്ലാം അകത്തുനിന്ന് വൃന്ദ കണ്ടിരുന്നു അവൾക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല കാരണം ഇതിവിടെ പതിവാണ്!!!

തന്റെ കാര്യത്തിൽ എപ്പോഴും അച്ഛനൊരു ഉപേക്ഷയാണ് പഠിക്കണ കാര്യത്തിലായാലും മറ്റെന്ത് കാര്യത്തിലായാലും തന്നോട് വളരെ അകൽച്ച സൂക്ഷിക്കുന്നത് പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട് പക്ഷേ തന്റെ അനിയനോടും അനിയത്തിയോടും അങ്ങനെയല്ല അവരെ അച്ഛൻ വല്ലാതെ ചേർത്തുപിടിക്കും.. അമ്മയോട് പലപ്പോഴും ഇതിനെപ്പറ്റി ചോദിച്ചപ്പോൾ നീ മൂത്ത കുട്ടിയല്ലേ മൂത്ത കുട്ടികളെ ആരും കൊഞ്ചിക്കില്ല എന്ന് മറുപടി പറയും അങ്ങനെ തന്നെയാവും എന്ന് ഞാനും കരുതി..

ഡിഗ്രി കഴിഞ്ഞത് മുതൽ തനിക്ക് ആലോചനകൾ വരുന്നുണ്ട്.. എല്ലാം അച്ഛൻ ജോലി കിട്ടട്ടെ ഇപ്പോൾ വേണ്ട എന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു. ഡിഗ്രി കഴിഞ്ഞ് ബാങ്ക് കോച്ചിങ്ങിന് പോയി ടെസ്റ്റ് എഴുതി ഇപ്പോൾ ജോലി കിട്ടി ഇപ്പോഴും അത് തന്നെയാണ് പറയുന്നത്…!!! എന്റെ പഠിത്ത കാര്യം എല്ലാം ശ്രദ്ധിച്ചിരുന്നത് അമ്മയുടെ ഒരു ജ്യേഷ്ഠൻ ആയിരുന്നു അച്ഛൻ ഒരു കാര്യത്തിനും ഇടപെടാറില്ല… പക്ഷേ മാസം ശമ്പളം കിട്ടി കഴിഞ്ഞാൽ ഒരു രൂപ കുറയാതെ അച്ഛന്റെ കയ്യിൽ കൊണ്ടുവന്ന് ഏൽപ്പിക്കണം അല്ലെങ്കിൽ വലിയ ബഹളമാണ്..

അവൾ വേഗം ഒരുങ്ങിയിറങ്ങി.. അമ്മ നിസ്സഹായയായി എല്ലാം നോക്കി ക്കൊണ്ട് നിൽക്കുന്നുണ്ട് അമ്മ പലപ്പോഴും തനിക്ക് വേണ്ടി അച്ഛനോട് പലതും പറയുന്നത് കണ്ടിട്ടുണ്ട്.. പക്ഷേ അമ്മ എന്ത് പറഞ്ഞാലും അച്ഛൻ അതൊന്നും കണക്കിലെടുക്കുക പോലും ഇല്ല.. അപ്പോൾ എന്നോട് പറയും എല്ലാം ക്ഷമിക്കണം എന്ന്.. ക്ഷമിച്ചു ക്ഷമിച്ച് ഇത്രയും വരെ എത്തി..

വേഗം ബാങ്കിലേക്ക് നടന്നു ബാങ്കിലെത്തിയപ്പോൾ സുമതി ചേച്ചി അരികിൽ വന്നിരുന്നു ഇന്ന് എന്തുപറ്റി വൃന്ദയുടെ മുഖത്ത് വല്ലാത്തൊരു സങ്കടം എന്ന് ചോദിച്ചു.

ചേച്ചിയാണ് ഇവിടെയുള്ള ഏകകൂട്ട് അതുകൊണ്ടുതന്നെ ചേച്ചിയോട് കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞു ആരോടെങ്കിലും ഒന്ന് പറഞ്ഞില്ലെങ്കിൽ എനിക്ക് ഭ്രാന്ത് പിടിക്കും എന്ന് തോന്നി.. ചേച്ചി എന്നെ കുറെ സമാധാനിപ്പിച്ചു എല്ലാം ശരിയാവും എന്ന് പറഞ്ഞു.. ഒരു ദിവസം ചേച്ചി ഒരു ആലോചനയും ആയിട്ടാണ് വന്നത് ചേച്ചിയുടെ ഒരു കൂട്ടുകാരിയുടെ അനിയനാണ് കക്ഷി പുള്ളി എൻജിനീയർ ആണ്… എന്റെ കാര്യങ്ങളെല്ലാം പറഞ്ഞിട്ടുണ്ട് എല്ലാം കേട്ടിട്ടും ആൾക്ക് സമ്മതമാണ് എന്നാണ് പറഞ്ഞത് അതുകൊണ്ട് തന്നെ ഈയൊരു ആലോചന ചേച്ചി തന്നെ വീട്ടിൽ വന്ന് പറയാം എന്ന് പറഞ്ഞു വീട്ടിലേക്ക് വന്നപ്പോൾ അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ അവർ സംസാരിക്കട്ടെ എന്ന് കരുതി ഞാൻ അകത്തേക്ക് കയറിപ്പോയി..

ചേച്ചി എന്തൊക്കെയോ അമ്മയോട് സംസാരിക്കുന്നത് കേട്ടു പിന്നെ അവസാനം എന്നോട് ഒരു വാക്ക് പോലും മിണ്ടാതെ ഇറങ്ങിപ്പോകുന്നത് കണ്ടു..

ഡ്രസ്സ് എല്ലാം മാറ്റി വന്ന ഞാൻ കാണുന്നത് അവിടെനിന്ന് ധൃതിയിൽ നടന്നു പോകുന്ന ചേച്ചിയെ ആണ് ഞാൻ കുറെ വിളിച്ചിട്ടും ചേച്ചി നിന്നില്ല ഫോൺ വിളിച്ചിട്ടും എടുത്തില്ല..

ചേച്ചിക്ക് എന്താണ് പറ്റിയത് എന്ന് അമ്മയോട് ചോദിച്ചു അമ്മയും ഒന്നും വിട്ടു പറഞ്ഞില്ല അടുത്തദിവസം ബാങ്കിലേക്ക് ചെന്നപ്പോൾ ചേച്ചിക്ക് എന്നോട് സംസാരിക്കാൻ ഒരു മടി.

ഞാൻ ചേച്ചിയോട് പിന്നെ ഒന്നും മിണ്ടാൻ പോയില്ല ബുദ്ധിമുട്ടുള്ളവരെ വെറുതെ എന്തിനാണ് ശല്യം ചെയ്യുന്നത് എന്ന് വിചാരിച്ചു പക്ഷേ കുറച്ചു കഴിഞ്ഞപ്പോൾ ചേച്ചി ഇങ്ങോട്ട് വന്നിരുന്നു എന്നോട് സംസാരിക്കാൻ..

“”” ഇന്നലെ നിന്റെ അമ്മ കുറെ കാര്യങ്ങൾ എന്നോട് പറഞ്ഞു അതെല്ലാം എങ്ങനെ നിന്നോട് പറയും അതോ പറയേണ്ടയോ എന്ന ചിന്തയിലായിരുന്നു ഞാൻ അതുകൊണ്ടാണ് നീ വിളിച്ചിട്ട് നിൽക്കാതിരുന്നത് ഫോൺ എടുക്കാതിരുന്നത് ചേച്ചി ഒരു ക്ഷമാപണം പോലെ പറഞ്ഞു എന്താണ് ചേച്ചിക്ക് എന്നോട് പറയാനുള്ളത് എന്ന് എനിക്കൊരു ഊഹവും ഇല്ലായിരുന്നു അതു കൊണ്ട് തന്നെ ഞാൻ ചേച്ചി പറയട്ടെ എന്ന് കരുതി കാത്തിരുന്നു..

“” നിന്റെ അമ്മയ്ക്ക് വിവാഹത്തിനു മുമ്പ് ഒരു പ്രണയബന്ധം ഉണ്ടായിരുന്നു…
അയാൾ നിന്റെ അമ്മയ്ക്ക് വയറ്റിൽ ഒരു കുഞ്ഞിനെ കൊടുത്ത് നാടുവിട്ടു അന്നേരം ഒരു രക്ഷകനായി എത്തിയതാണ് നിന്റെ അച്ചൻ നിന്റെ അമ്മ ആ കുഞ്ഞിനെ പ്രസവിച്ചു വളർത്തി..

വന്ന ആളിനെ അച്ഛാ എന്ന് വിളിപ്പിച്ചു പക്ഷേ നിന്റെ അമ്മയോട് അല്ലാതെ അയാൾക്ക് നിന്നോട് ഒരു മമതയും ഉണ്ടായില്ല..

ഇപ്പോൾ നീ അച്ചാ എന്ന് വിളിക്കുന്നത് നിന്റെ സ്വന്തം അച്ഛനെയല്ല അതുകൊണ്ടായിരിക്കും അയാൾ നിന്റെ കാര്യത്തിൽ യാതൊരുവിധ സീരിയസ്നെസ്സും കാണിക്കാത്തത് വെറുതെ അയാളുടെ കൂടെ നിന്ന് നിന്റെ ജീവിതം നശിപ്പിക്കണോ മോളെ.

കേട്ടത് എന്നെ സംബന്ധിച്ചിടത്തോളം വലിയൊരു ഷോക്കിങ് ന്യൂസ് ആയിരുന്നു.. ഇത്രയും നാൾ അച്ഛാ എന്ന് വിളിച്ചയാൾ അച്ഛനല്ല എന്നറിയുമ്പോൾ ഉള്ള ഒരു സങ്കടം അത് വളരെ വലുതായിരുന്നു.. എന്തു വേണമെന്ന് പോലും അറിയാതെ ഞാൻ ഇരുന്നു.. ഇത്രയും നാളും എന്നോട് ചെയ്തതെല്ലാം ആലോചിച്ചു.. നീതി എന്നൊന്ന് ഇതുവരെ എന്നോട് കാണിച്ചിട്ടില്ല സ്വന്തം മക്കളെ ചേർത്തുപിടിക്കുമ്പോൾ എന്നും എന്നെ തള്ളിപ്പറഞ്ഞിട്ടേയുള്ളൂ..

ചേച്ചി പറഞ്ഞയാൾ എന്നെ കാണാൻ വേണ്ടി വന്നിരുന്നു.. അഭിരാം എന്നായിരുന്നു അയാളുടെ പേര് അയാൾക്ക് എന്നെ ഇഷ്ടമായി എന്ന് പറഞ്ഞു ഞാൻ എന്റെ കാര്യങ്ങളെല്ലാം അയാളോട് തുറന്നുപറഞ്ഞു അതുകൊണ്ടൊന്നും അയാൾ ആലോചനയിൽ നിന്ന് പിന്മാറാൻ തയ്യാറല്ല എന്ന് പറഞ്ഞപ്പോൾ എന്തോ ചെറിയ ഒരു ഇഷ്ടം തോന്നി പോയി.. കുടുംബക്കാരുമായി വന്ന് എന്റെ വീട്ടിൽ കല്യാണം അന്വേഷിച്ചു അച്ഛന് പതിവ് പല്ലവി തന്നെയായിരുന്നു.

അതുകൊണ്ടുതന്നെ അഭിയേട്ടൻ എന്നെ വിളിച്ചു..

“”” വൃന്ദ എന്റെ കൂടെ വരുന്നുണ്ടെങ്കിൽ ഇപ്പോൾ വരാം!! ഒരു കുറവും ഇല്ലാതെ ഞാൻ നോക്കിക്കോളാം എന്ന് പറഞ്ഞു… “

അച്ഛൻ നീയൊന്നു പോകുന്നത് കാണട്ടെ എന്നും പറഞ്ഞ് എന്റെ മുന്നിൽ തടസം വന്നു നിന്നു…

“” നിങ്ങൾക്ക് യാതൊരു സംശയവും വേണ്ട ഞാൻ പോകും കാരണം ഇത്രനാളും നിങ്ങളെ അച്ഛാ എന്ന് വിളിച്ചതും നിങ്ങൾ ചെയ്തതെല്ലാം സഹിച്ചത് എന്റെ സ്വന്തം അച്ഛനാണ് എന്ന് കരുതിയാണ്.

അതല്ല എന്ന് എനിക്ക് മനസ്സിലായി എങ്കിലും എനിക്കൊരു ഇത്തിരി സ്നേഹം തന്നിരുന്നുവെങ്കിൽ ഒരിക്കലും സ്വന്തം അച്ഛനല്ല എന്ന് പറഞ്ഞാൽ കൂടി ഞാൻ അത് ക്ഷമിക്കുമായിരുന്നു പക്ഷേ എന്നും നിങ്ങൾ എന്നെ രണ്ടാം തരക്കാരിയായി മാറ്റി നിർത്തിയിട്ടേ ഉള്ളൂ.

ഒരു കർച്ചീഫ് പോലും ഇത്രനാളായി നിങ്ങൾ എനിക്ക് വാങ്ങി തന്നിട്ടില്ല….
. എന്തിന് സ്നേഹത്തോടെ മോളെ എന്നുപോലും വിളിച്ചിട്ടില്ല നിങ്ങൾക്ക് എന്റെ ശമ്പളം മാത്രം മതി സ്വന്തം കുട്ടികളെ സ്നേഹം കൊടുത്തു എന്നെ അവഗണിച്ചും നിങ്ങൾ വളർത്തി എനിക്ക് നിങ്ങളോട് യാതൊരുവിധ കമ്മിറ്റ്മെന്റും ഇല്ല!!

അതുകൊണ്ട് ഞാൻ ഇറങ്ങി പോവുക തന്നെ ചെയ്യും എനിക്ക് പ്രായപൂർത്തിയായി ഇഷ്ടംപോലെ ചെയ്യാം ഇനി നിങ്ങളുടെ സഹായം വേണ്ട!!

എന്നും പറഞ്ഞ് ഞാൻ അവരുടെ കൂടെ ഇറങ്ങി അന്നേരം അമ്മയും വിളിച്ചിരുന്നു പോകരുത് എന്ന് പറഞ്ഞ്..

“” അമ്മയോടും എനിക്ക് പ്രത്യേകിച്ച് ഒന്നും പറയാനില്ല അച്ഛൻ എന്നെ അവഗണിക്കുന്ന കണ്ടിട്ടും ഒന്ന് പ്രതികരിക്കുക കൂടി ചെയ്യാതെ എല്ലാം സഹിക്കണം എന്ന് എന്നെ പറഞ്ഞു പഠിപ്പിച്ച അമ്മയാണ് നിങ്ങൾ എന്നോട് നിങ്ങൾക്ക് അല്പം പോലും സ്നേഹം ഇല്ല എന്ന് വേണം അതിൽ നിന്ന് മനസ്സിലാക്കാൻ ഉണ്ടായിരുന്നെങ്കിൽ എനിക്ക് വേണ്ടി ഒരു വാക്കെങ്കിലും നിങ്ങൾ പറഞ്ഞേനെ.. അങ്ങനെയുള്ള നിങ്ങൾക്ക് വേണ്ടിയും ഇനി ഇവിടെ നിൽക്കാൻ എനിക്ക് താല്പര്യമില്ല. അതും പറഞ്ഞ് അഭിയേട്ടന്റെ കയ്യും പിടിച്ച് ഞാൻ അവിടെ നിന്ന് ഇറങ്ങി.. അടുത്തുള്ള ക്ഷേത്രത്തിൽ വച്ച് അപ്പോൾ തന്നെ ഒരു താലി വാങ്ങി അദ്ദേഹം എന്റെ കഴുത്തിൽ കെട്ടി തന്നു. പിന്നെ അദ്ദേഹ ത്തിന്റെ വീട്ടിലേക്ക് ശരിക്കും സ്വർഗ്ഗം എന്താണെന്ന് അറിയുകയായിരുന്നു അതിനുശേഷം.. അദ്ദേഹത്തിന്റെ അച്ഛനും അമ്മയും എന്നെ സ്വന്തം മകളെപ്പോലെ സ്നേഹിച്ചു.. ഇന്നിപ്പോൾ ഞാനും സ്നേഹിക്കുന്നുണ്ട് സ്നേഹിക്കപ്പെടുന്നുണ്ട് അത് മതി എനിക്ക്..