Story written by Ezra Pound
കെട്യോളുമായി വഴക്കായി.. എന്നും പതിവുള്ളതാണ്.. സത്യം പറഞ്ഞാ ചട്ടീം കലോം പോലേ ഇടക്കിങ്ങനെ തട്ടീം മുട്ടീമൊക്കെ ഒന്നും രണ്ടും പറഞ് വഴക്കടിക്കുന്നതൊരു രസാണ്.
ഓള് പതിവ്പോലെ പണ്ടെങ്ങാണ്ടോ എനിക്കുണ്ടാരുന്ന പ്രണയവും ഞാൻ നാട്ടുനടപ്പനുസരിച്ച് അവളുടെ വീട്ടുകാരേം പറഞ്ഞോണ്ട് നിർവൃതി അടയും. ശേഷം തേനെ പഞ്ചാരെന്നും പറഞ്ഞോണ്ടിങ് വായെന്നും പറഞോണ്ടവളും എന്റെ പട്ടിവരും നിന്റെ പിറകെയെന്ന് പറഞ്ഞോണ്ട് ഞാനും രണ്ടുവഴിക്ക് പോകും. പക്ഷെ അതേറെ സമയമൊന്നും നീണ്ടുനിക്കില്ല.
വീട്ടാവശ്യത്തിനുള്ള വെള്ളമൊക്കെ ടാപ്പിൽ നിന്നെടുക്കാണ് പതിവെങ്കിലും കുടിക്കാനുള്ള വെളളം കിണറ്റിന്ന് കോരിയെടുക്കാറായിരുന്നു പതിവ്.. രസമെന്തെന്ന് വെച്ചാ അവളെപ്പോ വെള്ളം കോരാൻ ചെന്നാലും കയർ കപ്പിമ്മൽ കുടുങ്ങും.. അതൂരിയെടുക്കാൻ ഞാൻ തന്നെ വേണം.. അതോണ്ട് തന്നെ മിക്കദിവസങ്ങളിലെ വഴക്കുകളും കപ്പിയിൽ കുടുങ്ങി അവസാനിക്കാറാണ് പതിവ്.
ഇന്നലത്തെ വഴക്കിനു ശേഷം മനസൊന്നു ശാന്തമാക്കാൻ ഫേസ്ബുക്കൊന്ന് നോക്കിയതാര്ന്നു.. അപ്പോഴുണ്ട് ഹോം പേജിൽ ഒന്നുരണ്ടു ലിങ്ക് കിടക്കുന്നു.. ഭാര്യാ ഭർതൃ ബന്ധം സുഗമമാക്കാൻ ഇതൊന്നു പരീക്ഷിച്ചു നോക്കൂ.. വഴക്കാളിയായ കെട്യോളെ ഒതുക്കാൻ നൂറ്റൊന്നു വഴികൾ.. എന്നൊക്കെയാണ് തലക്കെട്ടുകൾ.
ശ്ശെടാ ഇവന്മാരെങ്ങിനെ അറിഞ്ഞു നമ്മള് തമ്മില് വഴക്കായെന്ന്.. പറയാൻ പറ്റില്ല.. ഇന്നാളൊരീസം ഫ്ലിപ്കാട്ടിലൊരു ചൂല് നോക്കിയതേ ഓർമ്മെണ്ടാരുന്നുള്ളൂ.. പിന്നീടങ്ങോട്ട് ഫേസ്ബുക്ക് തുറന്നപ്പോ എവിടെ നോക്കിയാലും ചൂല് മാത്രമേ കാണാനുണ്ടാരുന്നുള്ളൂ.
ഇനിപ്പോ അതുപോലെങ്ങാണ്ടും ആവോ എന്തോ.. ആലോചിച്ചിരുന്നപ്പോഴേക്കും അവളടുത്തേക്ക് വന്ന്.. സംഗതി കണ്ടപ്പോ അവൾക്കും അത്ഭുതമായി.. ഇതെങ്ങനെ സംഭവിച്ചൂന്നായി അവളുടെം ചോദ്യം.
ഭാര്യമാരുടെ കുഞ്ഞു കുഞ്ഞു സംശയങ്ങൾ തീർത്തുകൊടുക്കുന്ന ർത്താക്കന്മാർക്ക് ഭാര്യമാരുടെ മനസ്സിലെപ്പോഴും ഒരു ഹീറോ പരിവേഷമാണെന്ന്എ വിടെയൊ വായിച്ചറിഞ്ഞു കേട്ടിട്ടുണ്ട്.. ഉള്ളതാണോ എന്തോ.. സത്യാണേലും അല്ലേലും അതറിഞ്ഞേ പിന്നെ അവൾക്കുണ്ടാവാറുള്ള കുഞ് കുഞ് സംശയങ്ങൾ എങ്ങിനെങ്കിലും തീർത്തുകൊടുക്കാൻ ശ്രമിക്കാറുമുണ്ട്.. വെറുതെ മസിൽ പിടിച്ചോണ്ട് ഹീറോ ആവാനുള്ള ചാൻസെന്തിന് മിസ്സാക്കണം.. കഴിഞ്ഞാഴ്ച
ഉക്രൈനും റഷ്യയും തമ്മിലെന്താ പ്രശ്നമെന്ന് ചോദിച്ചപ്പോ കൊറേനേരം ഗൂഗിള് നോക്കി കഷ്ടപ്പെട്ടെങ്കിലും ഒരുകണക്കിന് കണ്ടുപിടിച്ചു മനഃപാഠമാക്കി അവളോടു പറഞ്ഞോടുക്കുമ്പോ ആ മുഖത്തുണ്ടാവുന്ന ഭാവ വ്യത്യാസങ്ങൾ കാണേണ്ടത് തന്നെയാര്ന്നു.
ചിലവമ്മാരുണ്ട്ഭാ ര്യമാരെന്തെലും ചോദിക്കുമ്പോ പുച്ഛത്തോടെ മുഖം കോട്ടുക പരിഹസിക്കുകയൊക്കെ ചെയ്യുന്നോര്. അവർക്കിതൊന്നും പറഞ്ഞാ മനസ്സിലാവൂല.
ഇക്കാര്യത്തിലും അവളുടെ സംശയം തീർത്തുകൊടുക്കാമെന്ന് കരുതി അല്പസ്വല്പം കയ്യീന്നെടുത്ത് ഭാവനയും ചേർത്ത് വിശദമായി തന്നെ പറഞ്ഞുകൊടുത്ത്.. അവസാനം നമ്മളെന്ത് ചിന്തിക്കുന്നോ അതുപോലും ഇവമ്മാര് കണ്ടുപിടിച്ചു അതിനുളള സൊല്യൂഷൻ ഉണ്ടാക്കിത്തരുമെന്നവളോട് പറഞ്ഞതോടെ ആ മുഖത്തെ ഭാവമൊന്ന് മാറിയൊന്നൊരു സംശയം.
സംശയമല്ല സത്യാരുന്നു.. എല്ലാം കേട്ടുകഴിഞ്ഞവള് പറയാണ്.. അപ്പോ ഇതോണ്ടാണല്ലേ കഴിഞ മാസം നിങ്ങളുടേ ഫേസ്ബുക്കില് മുഴുവനും ഭാര്യയറിയാതെ കാമുകിയോടെങ്ങിനെ സംസാരിക്കാമെന്നൊക്കെയുള്ള പോസ്റ്റുകളുടെ ലിങ്ക് കണ്ടേന്ന്..
ങ്ങേ അതൊക്കെ എപ്പോ ന്നുള്ള മട്ടിലവളെ നോക്കുമ്പൊഴേക്കും കാണിച്ചു തരാട്ടാന്നും പറഞ്ഞോണ്ട് അവളെഴുന്നേറ്റ് പോവേം ചെയ്ത്.. അടുത്ത പണി കിട്ടാനുള്ള വകുപ്പായി..
എന്തായാലും ഇപ്പോഴാണോരു കാര്യം മനസ്സിലായത്.. എല്ലാ കാര്യങ്ങളൊന്നും ഭാര്യയോട് വിശദീകരിക്കാൻ നിക്കരുത്. പണി വരുന്ന വഴി അറിയാൻ പറ്റില്ല മക്കളെ.