ഇനി ചേട്ടത്തി പറഞ്ഞത് പോലെ, അച്ഛൻ ഓഫറ് ചെയ്ത നൂറ് പവനും ഇന്നോവകാറും പത്ത് ലക്ഷം പോക്കറ്റ് മണിയും കണ്ടിട്ടാണോ? അരുണേട്ടൻ എന്നെ ഇഷ്ടപ്പെട്ടത്……

Story written by Saji Thaiparambu

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…

നിൻ്റെ അച്ഛനൊരു കോടീശ്വരനായത് കൊണ്ട്, സുന്ദരനായൊരു സർക്കാർ ജോലിക്കാരനെ തന്നെ നിനക്ക് കിട്ടി ,ഇല്ലെങ്കിൽ നിൻ്റെയീ പേക്കോലം വച്ച് ,മൂത്ത് നരച്ച് മൂക്കിൽ പല്ലും മുളച്ച് വീട്ടിലിരിക്കേണ്ടി വന്നേനെ

എൻ്റെ കല്യാണം ഉറപ്പിക്കാൻ വന്ന അരുണേട്ടനും വീട്ടുകാരും, മോതിരം മാറൽ ചടങ്ങ് കഴിഞ്ഞ് തിരിച്ച് പോയപ്പോൾ ,എന്നോട് സ്ഥിരം പോരെടുക്കുന്ന ഏട്ടൻ്റെ ഭാര്യ പറഞ്ഞത് കേട്ട്, ഞാൻ അപമാനഭാരത്തോടെ നിന്നു.

സത്യത്തിൽ ഏട്ടത്തി പറഞ്ഞതിൽ തെറ്റൊന്നുമില്ലായിരുന്നു, എൻ്റെ അച്ഛൻ്റെയും അമ്മയുടെയും മൂന്ന് മക്കളിൽ ചേട്ടനും ചേച്ചിയും എൻ്റെ അമ്മയെ പോലെ സൗന്ദര്യമുള്ളവരായിരുന്നു ,പക്ഷേ ഇളയവളായ ഞാൻ മാത്രം കരിഞ്ഞുണങ്ങിയൊരു രൂപത്തിലായി പോയി ,എനിക്ക് ശരീരപുഷ്ടിയുണ്ടാക്കാനും നിറംവെപ്പിക്കാനുമൊക്കെ അച്ഛനും അമ്മയും കൂടി, ചെറുപ്പം മുതലേ എൻ്റെ ശരീരത്തിൽ നിരവധി പരീക്ഷണങ്ങൾ നടത്തിയെങ്കിലും ,എല്ലാം പരാജയപ്പെടുകയായിരുന്നു, അവസാനം ഞാൻ വയസ്സറിയച്ചതിന് ശേഷം, ശരീരത്തിൽ വന്ന ചെറിയ മാറ്റങ്ങൾ കൊണ്ട് ,എനിക്കൊരു പെൺകുട്ടിയുടെ രൂപം കിട്ടിയതായിരുന്നു ,അച്ഛൻ്റെയും അമ്മയുടെയും ഏക ആശ്വാസം.

പഠിപ്പിലും വളരെ പിന്നിലായിരുന്നത് കൊണ്ട്, പത്താം ക്ളാസ്സ് എട്ട് നിലയിൽ പൊട്ടിയ ഞാൻ അച്ഛൻ്റെ നിർദ്ദേശപ്രകാരം ,അതോടെ സ്കൂളിൽ പോക്ക് നിർത്തി.

അല്ലെങ്കിലും പൈങ്കിളി വാരികകൾ വായിക്കാനുള്ള വിദ്യാഭ്യാസം മതി ,ഒരു പെണ്ണിനെന്ന ചിന്താഗതിക്കാരിയായിരുന്നു ഞാൻ.

അങ്ങനെ അടുക്കളയിൽ അമ്മയെ സഹായിച്ചും, ആഴ്ചയിൽ വീട്ടിൽ വരുത്തുന്ന മാ പ്രസിദ്ധീകരണങ്ങൾ വായിച്ചും, ഞാൻ ജീവിതം ആസ്വദിച്ച് മുന്നോട്ട് പോകുമ്പോഴാണ്, മോൾക്ക് വയസ്സ് പത്തൊൻപത് കഴിഞ്ഞെന്നും പറഞ്ഞ്, അമ്മ , അച്ഛൻ്റെ സ്വൈര്യം കെടുത്താൻ തുടങ്ങിയത്.

ഒടുവിൽ നിരവധി ആലോചനകൾക്ക് ശേഷമാണ്, അരുണേട്ടൻ്റെ ആലോചന വരുന്നത്.

അതിന് മുമ്പ് വന്ന ഓരോ ചെക്കന്മാരോടും, പെണ്ണിനോട് എന്തെങ്കിലും സംസാരിക്കണമെങ്കിൽ ആവാം, എന്ന് ബ്രോക്കറ് പറയുമ്പോൾ, അവർ താല്പര്യമില്ലാതെ തിരിച്ച് പോകാൻ ധൃതി കാണിക്കുമ്പോഴെ എനിക്കറിയാമായിരുന്നു , അവർക്ക് എന്നെ ഇഷ്ടപ്പെട്ടിട്ടില്ലെന്ന്.

പക്ഷേ, അരുണേട്ടൻ നേരെ തിരിച്ചായിരുന്നു ,എന്നോട് സംസാരിക്കണമെന്ന് പുള്ളിക്കാരൻ ബ്രോക്കറോട് ആവശ്യപ്പെടുകയായിരുന്നു.

അത്ഭുതത്തെക്കാളേറെ ഉത്ക്കണ്ഠയായിരുന്നു എനിക്കപ്പോൾ തോന്നിയത്, എന്നെ ഇഷ്ടമായില്ലെന്ന് മുഖത്ത് നോക്കി പറയാനായിരിക്കുമോ ?

ഞാനങ്ങനെ ചിന്തിച്ചതിൽ ഒട്ടും അതിശയോക്തിയില്ലായിരുന്നു , കാരണം, അഞ്ചരയടിയിലേറെ ഉയരമുള്ള സുമുഖനും സർക്കാരുദ്യോഗസ്ഥരുമായിരുന്നു അദ്ദേഹം ,അത്രയും യോഗ്യത വച്ചിട്ട്, നല്ല സിനിമാനടികളെ പോലെ സുന്ദരികളായ, പഠിപ്പുള്ള പെൺകുട്ടികളെ അദ്ദേഹത്തിന് കിട്ടുമെന്ന്‌ എനിക്കുറപ്പുണ്ടായിരുന്നു.

വീടിന് പുറകിലുള്ള കശുമാവിൻ തോട്ടത്തിൽ ,എന്നെയും കാത്ത് നിന്ന അദ്ദേഹത്തിൻ്റെയടുത്തേക്ക്, വരണ്ടുണങ്ങിയ തൊണ്ടയും, വിയർപ്പൊഴുകിയിറങ്ങുന്ന കണങ്കാലുകളുമായി ഹൃദയമിടിപ്പോടെയാണ് ഞാൻ ചെന്നത്.

എന്താ സ്നേഹാ… മുഖത്ത് നോക്കാത്തത്, നാണിച്ചിട്ടാണോ?

ഘനഗംഭീരമായ അദ്ദേഹത്തിൻ്റെ ആ ശബ്ദം എൻ്റെ ആത്മവിശ്വാസം കെടുത്തി.

ഒന്നുമില്ല, എന്നെ ഇഷ്ടമായില്ലെന്ന് പറയാനാണ് വിളിച്ചതെങ്കിൽ ,ആ ബ്രോക്കറോട് പറഞ്ഞ് വിട്ടാൽ മതിയായിരുന്നു, മുമ്പ് വന്നവരൊക്കെ അങ്ങനെയാ ചെയ്യാറ്

ഉണങ്ങിയ ശബ്ദത്തിൽ ഞാൻ വിറയലോടെ പറഞ്ഞു.

ഹ ഹ ഹ ഇഷ്ടമായില്ലെന്നാര് പറഞ്ഞു ,എനിക്കൊത്തിരി ഇഷ്ടമായി ,അത് തൻ്റെ മുഖത്ത് നോക്കി പറയാനും, തനിക്കെന്നെ ഇഷ്ടമായോ എന്ന് തന്നിൽ നിന്ന് തന്നെ അറിയാനുമാണ്, ഞാൻ തന്നോട് സംസാരിക്കണമെന്ന് പറഞ്ഞത്

ആ വാക്കുകൾ എൻ്റെ ഉള്ളിലുണ്ടാക്കിയ സന്തോഷം ചില്ലറയൊന്നുമല്ലായിരുന്നു, ഞാൻ കാണുന്നത് സ്വപ്നമാണോന്നറിയാൻ സ്വയം നുള്ളി നോക്കി, എനിക്ക് ഉറപ്പിക്കേണ്ടി വന്നു.

പിന്നീടിന്ന് വരെ, ഞാനൊരു സ്വപ്ന ലോകത്തായിരുന്നു ,ഇന്നത്തെ മോതിരം മാറൽ ചടങ്ങിന് ബ്യൂട്ടീഷൻ എന്നെ അണിയിച്ചൊരുക്കിയപ്പോൾ, ഞനൊരു രാജകുമാരി യാണെന്ന് കണ്ണാടിയിൽ നോക്കി സ്വയം വിലയിരുത്തിയതോടെ, എൻ്റെ അത് വരെയുള്ള അപകർഷതാബോധമൊക്കെ എങ്ങോ പോയിരുന്നു.

ഇപ്പോൾ ചേട്ടത്തിയുടെ വാക്കുകൾ എന്നെ വീണ്ടും നിരാശയിലാഴ്ത്തി.

ഇനി ചേട്ടത്തി പറഞ്ഞത് പോലെ, അച്ഛൻ ഓഫറ് ചെയ്ത നൂറ് പവനും ഇന്നോവകാറും പത്ത് ലക്ഷം പോക്കറ്റ് മണിയും കണ്ടിട്ടാണോ? അരുണേട്ടൻ എന്നെ ഇഷ്ടപ്പെട്ടത്.

എൻ്റെ നെഗറ്റീവ് ചിന്തകൾ വീണ്ടും എൻ്റെ ആത്മവിശ്വാസമില്ലാതാക്കി.

ഒടുവിൽ നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ, ആർഭാടപൂർവ്വം ഞങ്ങളുടെ വിവാഹം നടന്നു.

അച്ഛൻ്റെയും അമ്മയുടെയും ആശീർവാദത്തോടെ അരുണേട്ടനോടൊപ്പം പുതിയ ഇന്നോവ കാറിൽ, ഭർതൃവീട്ടിലേക്ക് യാത്ര തിരിക്കുമ്പോൾ, ഞാൻ ചെന്ന് കയറുന്നത് ഒരു ഇടത്തരം കുടുംബത്തിലേക്കാണെന്ന എൻ്റെ ധാരണ തെറ്റുന്നത്, അരുണാലയം എന്നെഴുതിയ വലിയ കറുത്ത ഗേറ്റിൻ്റെ ഉൾവശത്ത് തല ഉയർത്തി നില്ക്കുന്ന, കൂറ്റൻ ബംഗ്ളാവിൻ്റെ മുറ്റത്ത് ചെന്നിറങ്ങുന്നു മ്പോഴായിരുന്നു.

എത്ര മനോഹരമായിട്ടാണ്, ആ വീടിൻ്റെ ഉൾവശം ഒരുക്കിയിരിക്കുന്നതെന്ന്, ആശ്ചര്യത്തോടെ ഞാൻ നോക്കിക്കാണുകയായിരുന്നു.

നേരമൊരുപാടായി ,ഇവിടെയിങ്ങനെ നിന്നാൽ മതിയോ?

രണ്ടാം നിലയിലെ ഞങ്ങളുടെ കിടപ്പ് മുറിയുടെ മുന്നിലുള്ള, ബാത്ക്കണിയിൽ നിന്ന് കൊണ്ട് നിയോൺ ബൾബുകളാൽ തിളങ്ങി നില്ക്കുന്ന, നഗരക്കാഴ്ചകളിലേക്ക് കൗതുകത്തോടെ നോക്കി നിന്ന, എൻ്റെ അടുത്തേയ്ക്ക് വന്ന് അരുണേട്ടൻ ചോദിച്ചു.

ബെഡ് റൂമിലെത്തിയ ഞാൻ, അദ്ദേഹത്തിൻ്റെ നിർദ്ദേശപ്രകാരം മുല്ലപ്പൂക്കളാൽ അലങ്കരിച്ച ബെഡ്ഡിലിരുന്നു.

എന്താ ഇങ്ങനെ മുഖം കുനിച്ചിരിക്കുന്നത്, എന്നോടൊന്നും ചോദിക്കാനില്ലെ?

എന്ത് സംസാരിക്കണമെന്നറിയാതെ വീർപ്പ് മുട്ടിയിരുന്ന എനിക്ക്, അദ്ദേഹത്തിൻ്റെ ആ ചോദ്യം വലിയ തുണയായി.

എന്നെ എന്ത് കൊണ്ടാണ് ഇഷ്ടമായത്,? ഏട്ടനെപ്പോലെ എനിക്ക് സൗന്ദര്യമോ, വിദ്യാഭ്യാസ മോ ഒന്നുമില്ല, എന്നിട്ടും എന്നെ കല്യാണം കഴിച്ചത്, എൻ്റെ അച്ഛൻ കോടീശ്വരനായത് കൊണ്ടാണെന്നാണ്, എൻ്റെ ഏട്ടത്തി പറയുന്നത്, അത് ശരിയാണോ?

ഇങ്ങനൊരു ചോദ്യം ഞാൻ പ്രതീക്ഷിച്ചിരുന്നതാ, കാരണം ഞാനന്ന് തന്നെ പെണ്ണ് കാണാൻ വന്നപ്പോഴുള്ള ,തൻ്റെ സംസാരത്തിൽ നിന്നും, താനൊരു അപകർഷതാബോധമുള്ള കുട്ടിയാണെന്ന് എനിക്ക് തോന്നിയിരുന്നു, തനിക്കറിയാമോ ?സ്കൂളിലും കോളേജിലുമൊക്കെ പഠിക്കുന്ന കാലത്ത്, എനിക്ക് ഇപ്പോൾ കാണുന്ന ഈ രൂപഭംഗിയൊന്നുമുണ്ടായിരുന്നില്ല, കൂട്ടുകാരുടെ മുന്നിൽ ഞാനെന്നുമൊരു പരിഹാസ്യകഥാപാത്രമായിരുന്നു, പക്ഷേ, അതൊന്നും വകവയ്ക്കാതെ ഞാൻ, ആത്മവിശ്വാസത്തോടെ പഠിച്ചു, ഒരിക്കൽ കോളേജിൽ വച്ച്, ഒരു സുന്ദരിയായൊരു പെൺകുട്ടിയെ എനിക്ക് ഒരു പാടിഷ്ടമായി ,ആ ഇഷ്ടം മനസ്സിൽ കിടന്ന് വീർപ്പ് മുട്ടിയപ്പോൾ, ഞാനതവളോട് തുറന്ന് പറഞ്ഞു, പക്ഷേ സ്വന്തം സൗന്ദര്യത്തിൽ അഹങ്കരിച്ച് നടന്ന അവളെന്നെ, കൂട്ടുകാരുടെയെല്ലാം മുന്നിൽ വച്ച് അടച്ചാക്ഷേപിച്ചു. അന്ന് അപമാനിതനായി വീട്ടിലെത്തിയ, എൻ്റെ സങ്കടം ഞാൻ അച്ഛനോട് തുറന്ന് പറഞ്ഞു, അച്ഛൻ എന്നെ ആശ്വസിപ്പിച്ചു.

നിന്നെ അപമാനിച്ച അവളെ തന്നെ നിനക്ക് വധുവായി ഞാൻ കൊണ്ട് തരുമെന്ന് ,അച്ഛൻ എനിക്ക് വാക്ക് തന്നു, അത് എങ്ങനെയാണെന്ന് എനിക്ക് മനസ്സിലായത്, കോളെജ് ജീവിതം കഴിഞ്ഞ്, അച്ഛൻ എന്നെ അമേരിക്കയിൽ കൊണ്ട് പോയി പ്ളാസ്റ്റിക് സർജറി നടത്തി, വിരൂപനായ എന്നെ ഈ രൂപത്തിലാക്കിയതിന് ശേഷമായിരുന്നു.

നാട്ടിൽ തിരിച്ചെത്തിയ ഞാൻ, ഒരു സർക്കാർ ജോലിക്ക് വേണ്ടി ഒത്തിരി പ്രയത്നിച്ചു, ഒടുവിൽ ഞാനൊരു ഉദ്യോഗസ്ഥനായപ്പോൾ, അച്ഛൻ എന്നോട് ആ പഴയ മധുര പ്രതികാരത്തെക്കുറിച്ച് ഓർമ്മിപ്പിച്ചു.

അത് വരെ എൻ്റെ മനസ്സിലും അങ്ങനെയൊരു ചിന്തയുണ്ടായിരുന്നെങ്കിലും പിന്നീടത് മാറിയിരുന്നു.

കാരണം, ഞാനവളെ പ്രൊപ്പോസ് ചെയ്താൽ, അവളാഗ്രഹിക്കുന്നത് പോലെ അവൾക്ക് സുന്ദരനായ ഒരു ഭർത്താവിനെ കിട്ടും ,അവൾക്കത് കൊണ്ട് കോട്ടമോ, എനിക്ക് പ്രത്യേകിച്ച് നേട്ടമോ ഉണ്ടാകാൻ പോകുന്നില്ല, പക്ഷേ, പണ്ട് ഞാനുഭവിച്ചത് പോലെ സൗന്ദര്യമില്ലാത്തതിൻ്റെ പേരിൽ അപമാനിതരായി കഴിയേണ്ടിവന്ന, ഒരു പെൻകുട്ടിയെയാണ് ഞാൻ കല്യാണം കഴിക്കുന്ന തെങ്കിൽ, അവൾക്കത് എത്രത്തോളം സന്തോഷവും ആത്മ വിശ്വാസവുമാണ്ല ഭിക്കുന്നതെന്ന്, ഞാനൊരു നിമിഷം ചിന്തിച്ചു,

അങ്ങനെയാണ് സൗന്ദര്യം കുറവുള്ള ഒരു സാധാരണ പെൺകുട്ടിയെ എനിക്ക് മതിയെന്ന്, ഞാൻ തീരുമാനിക്കുകയും, അച്ഛനെക്കൊണ്ട് ബ്രോക്കറോട് അങ്ങനെ ഒരു ഡിമാൻ്റ് വയ്ക്കുകയും ചെയ്തത്, അങ്ങനെ ,പരസ്പരം ചേരുന്ന ശരീരങ്ങളല്ല ഒന്നാവേണ്ടതെന്നും, മനസ്സ് കൊണ്ട് ഇണക്കം തോന്നുന്ന വ്യക്തിയെയാണ് നമ്മൾ ഇണയാക്കേണ്ടതെന്നും, ഞാൻ മനസ്സിലാക്കിയത് കൊണ്ടാണ്, നിന്നെ എനിക്കിഷ്ടമായതും, കല്യാണം കഴിച്ചതും, അല്ലാതെ കോടീശ്വരനായ അച്ഛനെ കണ്ടത് കൊണ്ടല്ലെന്ന്, നിനക്കിവിടെ വന്നപ്പോൾ മനസ്സിലായിക്കാണുമല്ലോ അല്ലേ?

അരുണേട്ടൻ്റെ, വിവാഹജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് കേട്ടറിഞ്ഞ എനിക്കുണ്ടായ സന്തോഷം, പിന്നെ പറയേണ്ടതില്ലല്ലോ?അപ്പോൾ എല്ലാവർക്കും ശുഭരാത്രി നേർന്ന് കൊണ്ട്, ഞങ്ങൾ ആദ്യരാത്രി തുടങ്ങട്ടെ, ബൈ