എഴുത്ത്: അപ്പു
“ആർക്കും.. ആർക്കും എന്നോട് ഒരു സ്നേഹവും ഇല്ല.. ഉണ്ടായിരുന്നെങ്കിൽ.. എന്നോട് ഇങ്ങനെ പെരുമാറില്ലല്ലോ.. എല്ലാർക്കും കല്ലൂനെ മതി..”
വിങ്ങി കരഞ്ഞു കൊണ്ട് അഞ്ചു വയസ്സുകാരൻ ആദി പറഞ്ഞു. അവന്റെ പറച്ചിൽ കേട്ട് മുന്നിലിരുന്ന ഡോക്ടർ സാവിത്രി പകച്ചു അവനെ നോക്കി.
“മോനു എന്താ അങ്ങനെ തോന്നിയത്..? “
വാത്സല്യത്തോടെ ഡോക്ടർ ചോദിച്ചു.
“എന്നെ അമ്മ എപ്പോഴും ചീത്ത പറയും. തല്ലും.. പക്ഷെ, കല്ലൂനെ ചീത്ത പറയില്ലല്ലോ.. “
അവൻ പറയുന്ന ഓരോ വാക്കുകളും ഡോക്ടറെ അമ്പരപ്പിക്കുക ആയിരുന്നു.
” മോനോട് അമ്മയ്ക്ക് സ്നേഹമില്ലെന്ന് മോനു വെറുതെ തോന്നുന്നതാണ്. അച്ഛന്റെയും അമ്മയുടെയും മൂത്തമകൻ അല്ലേ ആദി കുട്ടൻ..? കല്ലുവിന്റെ ചേട്ടനല്ലേ..? അപ്പോൾ ഇങ്ങനെ വിഷമിച്ചിരിക്കാൻ പാടുണ്ടോ..? “
ഡോക്ടർ പറയുന്നത് കേട്ട് അവന്റെ ചുണ്ടിൽ ചെറിയൊരു ചിരി വിരിഞ്ഞു.
” ആദി കുട്ടന് കല്ലുവിനെ ഇഷ്ടമല്ലേ..? “
” എനിക്ക് ഒത്തിരി ഇഷ്ടമാണല്ലോ.. എന്റെ കുഞ്ഞാവ ആണ്.. പക്ഷേ ചില സമയത്ത് എനിക്ക് ദേഷ്യം വരും. അപ്പോൾ അവളെ ഉപദ്രവിക്കാൻ തോന്നും..”
അവൻ പറഞ്ഞത് കേട്ട് ഡോക്ടർ ഞെട്ടിപ്പോയി.
” ഉപദ്രവിക്കാൻ തോന്നും എന്നോ..? എപ്പോഴാ മോന് അങ്ങനെ തോന്നാറ്..? “
ആകാംക്ഷയോടെ ഡോക്ടർ ചോദിച്ചു.
” ഞാൻ കല്ലുവിന്റെ അടുത്തേക്ക് ചെല്ലുമ്പോൾ ഒക്കെ അമ്മ എന്നെ ചീത്ത പറയാറുണ്ട്. പിന്നെ ഞാൻ കല്ലുവിനെ കളിപ്പിക്കാൻ ചെല്ലുമ്പോഴും വഴക്കു പറയും. എന്നെ ചീത്ത പറഞ്ഞ് ഓടിച്ചിട്ട് അമ്മ എപ്പോഴും കല്ലുവിന്റെ കൂടെ ഇരിക്കും. അതൊക്കെ കാണുമ്പോൾ എനിക്ക് കല്ലുനോട് വല്ലാത്ത ദേഷ്യം തോന്നിപ്പോകും.”
മുഖം താഴ്ത്തി കുറ്റബോധത്തോടെ ആദി പറഞ്ഞു. അവന്റെ സങ്കടങ്ങൾ കേട്ട ഡോക്ടർക്ക് വല്ലാതെ തോന്നി.
” മോൻ പുറത്ത് പാർക്കിൽ പോയി കളിച്ചോട്ടോ.. മോന്റെ കൂടെ കളിക്കാൻ ഇവിടുത്തെ നേഴ്സ് ആന്റിയെ ഡോക്ടർ ആന്റി പറഞ്ഞു വിടാം.. അപ്പോഴേക്കും ഡോക്ടർ മോന്റെ അച്ഛനോടു അമ്മയോടും കുറച്ച് വർത്തമാനം പറയും കേട്ടോ..”
ഡോക്ടർ പറഞ്ഞത് കേട്ട് അവൻ തല കുലുക്കി സമ്മതിച്ചു. ഒരു സിസ്റ്ററിനോടൊപ്പം ആശുപത്രിയുടെ കോമ്പൗണ്ടിൽ ഉള്ള പാർക്കിലേക്ക് നടക്കുമ്പോൾ അവന് വല്ലാത്ത സന്തോഷം തോന്നി.കുറെ നാളുകൾക്കു ശേഷം തന്നോടൊപ്പം കളിക്കാൻ ഒരാളെ കിട്ടിയ സന്തോഷത്തിൽ ആയിരുന്നു അവൻ.
അവൻ പുറത്തേക്ക് പോയതിന് പിന്നാലെ ആദിയുടെ അച്ഛൻ അരുണിനെയും അമ്മ അഖിലയെയും ഡോക്ടർ അകത്തേക്ക് വിളിപ്പിച്ചു.
“ഡോക്ടർ.. ഞങ്ങളുടെ മകന് എന്ത് പറ്റി..?”
ആകുലതയോടെ അഖില ചോദിച്ചപ്പോൾ ഡോക്ടർ ഇരുവരുടെയും മുഖഭാവം ശ്രദ്ധിക്കുകയായിരുന്നു.
കുറച്ചു ദിവസങ്ങളായി ആദിയിൽ സ്വഭാവത്തിൽ വല്ലാത്ത മാറ്റം തോന്നിയതു കൊണ്ടാണ് അവർ ഡോക്ടറെ കാണിക്കാൻ തീരുമാനിച്ചത്. ആവശ്യമില്ലാതെ ദേഷ്യപ്പെടുക, കാണുന്നവരെ ഒക്കെ ഉപദ്രവിക്കുക,അല്ലാത്ത സമയങ്ങളിൽ ഒക്കെ തനിച്ചു വീടിന്റെ ഏതെങ്കിലും ഒരു മൂലയിൽ ഒതുങ്ങി ഇരിക്കുക.. അങ്ങനെ അവന്റെ സ്വഭാവത്തിൽ നിന്നും അവൻ പാടെ മാറിയിരുന്നു.
കുറച്ചു നാൾ മുൻപു വരെ വല്ലാതെ ആക്ടീവ് ആയിരുന്ന കുട്ടിയായിരുന്നു അവൻ.എല്ലാവരോടും സ്നേഹത്തോടെ ഇടപെടുന്ന, എപ്പോഴും കളിച്ചു ചിരിച്ചു നടന്നിരുന്ന ഒരു കുട്ടി. അവൻ ഇപ്പോൾ തന്നിലേക്ക് തന്നെ ഒതുങ്ങി പോയത് പോലെ..!
അവന്റെ ഭാവമാറ്റം ശ്രദ്ധിച്ച അരുണിന് എന്തൊക്കെയോ പന്തികേട് തോന്നി. അവൻ അത് അഖിലയോട് പങ്കു വയ്ക്കുകയും ചെയ്തു. പക്ഷേ അവൾ അത് അത്ര വലിയ കാര്യമാക്കി എടുത്തില്ല. അതിന്റെ പ്രധാന കാരണം, കല്ലു മോൾ ആയിരുന്നു. കല്ലു മോൾക്ക് ഇപ്പോൾ ആറു മാസം ആകുന്നതേയുള്ളൂ. അതുകൊണ്ട് തന്നെ അഖിലയ്ക്ക് മോന്റെ കാര്യം നന്നായി ശ്രദ്ധിക്കാൻ കഴിയുന്നില്ല. അരുണിന്റെ നിർബന്ധം മൂലമാണ് ഇപ്പോൾ ഡോക്ടറിനെ കാണാൻ വന്നിരിക്കുന്നത്.
” നിങ്ങൾ ആദ്യം നിങ്ങളുടെ മകന്റെ പ്രശ്നം എന്താണെന്ന് പറയൂ.. അത് കഴിഞ്ഞിട്ട് ആണല്ലോ അതിനുള്ള പരിഹാരം ഞാൻ പറയേണ്ടത്..? “
ഡോക്ടർ പറഞ്ഞതു കേട്ട് അരുണിന്റെ നെറ്റി ചുളിഞ്ഞു . അഖിലയുടെ ഭാവവും അത് തന്നെയായിരുന്നു.
” ഞാൻ ഉദ്ദേശിച്ചത് അവനിൽ കണ്ട പെരുമാറ്റം.. അതായത് നേരത്തെ ഉണ്ടായതെന്ന് വ്യത്യസ്തമായ എന്തൊക്കെ പെരുമാറ്റങ്ങൾ ആണ് കുട്ടിക്ക് ഉണ്ടായത് എന്നാണ് എനിക്ക് അറിയേണ്ടത്..”
ഡോക്ടർ വ്യക്തമാക്കി. ഒരു ദീർഘനിശ്വാസം ഉതിർത്തു കൊണ്ട് അരുൺ പറഞ്ഞു തുടങ്ങി.
” ഡോക്ടർ.. കുറച്ചു നാൾ മുൻപ് വരെ അവൻ നല്ല രീതിയിൽ ആക്ടീവ് ആയിരുന്നു. എപ്പോഴും കളി പറഞ്ഞും പാട്ടുപാടിയും വീട് ശബ്ദമുഖരിതം ആക്കിയത് അവൻ ആയിരുന്നു. വഴിയിൽ കാണുന്നവരോട് പോലും അവന് വല്ലാത്ത സ്നേഹം ആയിരുന്നു. എല്ലാവരോടും ചിരിച്ചു കാണിക്കും. എല്ലാവരോടും വർത്തമാനം പറയും. അങ്ങനെ അങ്ങനെ നല്ല കുട്ടി ആയിരുന്നു.. “
ആ ഓർമയിൽ അരുൺ ഒന്ന് പുഞ്ചിരിച്ചു.
” പക്ഷേ കുറച്ചു നാളുകളായി അവൻ അങ്ങനെയല്ല. അവന്റെ സ്വഭാവത്തിൽ ആകെ ഒരു മാറ്റം വന്നിട്ടുണ്ട്. എപ്പോഴും വല്ലാതെ ദേഷ്യപ്പെടും. അവന് ഇഷ്ടപ്പെടാത്തത് ആരെങ്കിലും എന്തെങ്കിലും പറയുകയാണെങ്കിൽ ഉടനെ ഉപദ്രവമാണ്. വീട്ടിലുള്ളവരെ ഉപദ്രവിക്കുന്നത് നമ്മൾ ചിലപ്പോൾ സഹിക്കും. നമ്മുടെ കുട്ടി ആണല്ലോ.. പക്ഷേ അവൻ പഠിക്കാൻ പോകുന്ന സ്ഥലത്ത് കൂട്ടുകാരെ പോലും അവൻ ഇപ്പോൾ ഉപദ്രവിക്കുന്നുണ്ട്. ഒന്നു രണ്ട് തവണ അവിടുത്തെ ടീച്ചർ വിളിച്ചു കംപ്ലൈന്റ് പറയുകയും ചെയ്തു. അവനോട് ഇനി ഇതൊന്നും ആവർത്തിക്കരുത് എന്ന് പറഞ്ഞു കൊടുക്കുമ്പോൾ ഒന്ന് രണ്ട് ദിവസത്തേക്ക് പ്രശ്നം ഒന്നും ഉണ്ടാകില്ല. പക്ഷേ പിന്നെ വീണ്ടും അത് തന്നെയാണ് സ്ഥിതി. ഇനിയും ഇത് തുടർന്നു പോയാൽ ശരിയാകില്ല എന്ന് തോന്നിയത് കൊണ്ടാണ്, മാഡത്തിനെ ഒന്നു കാണാം എന്ന് കരുതിയത്. “
അരുൺ വിശദമാക്കി. അയാൾ പറഞ്ഞ ഓരോ വാക്കുകളും ഡോക്ടർ ശ്രദ്ധിച്ചു കേൾക്കുന്നുണ്ടായിരുന്നു.
” നിങ്ങളുടെ ജീവിതത്തിൽ ഇപ്പോൾ കുറച്ചു നാളുകൾ ആയി വന്ന ഏറ്റവും വലിയ മാറ്റം നിങ്ങളുടെ കുഞ്ഞുമകൾ ആണല്ലേ..?”
ഡോക്ടർ ഒരു പുഞ്ചിരിയോടെ ചോദിച്ചത് കേട്ട് അവർ തല കുലുക്കി.
” ആദിക്ക് അവന്റെ അനിയത്തിയെ ഇഷ്ടമാണോ..?”
” അവനായിരുന്നു ഏറ്റവും സന്തോഷം. അവന്റെ അനുജത്തി ആണെന്നും കല്ലു എന്ന് പേരിടണം എന്നൊക്കെ പ്രഗ്നന്റ് ആയിരുന്നു സമയത്ത് തന്നെ അവൻ പറയുമായിരുന്നു. അവന്റെ ഏതോ കൂട്ടുകാരിയുടെ പേരാണ് കല്ലു.അത് തന്നെ വേണം അവന്റെ കുഞ്ഞുവാവയ്ക്കും എന്ന് അവന്റെ വാശിയായിരുന്നു. അതുകൊണ്ടാണ് മോൾക്ക് ആ പേരിട്ടത്. “
അഖില ഒരു ചിരിയോടെ പറഞ്ഞു.
” അതൊക്കെ മോള് ജനിക്കുന്നതിനു മുൻപുള്ള കാര്യങ്ങൾ അല്ലേ..? അതിനുശേഷമോ..?”
ഡോക്ടർ ചോദിച്ചത് കേട്ട് അവർ ഇരുവരും പകച്ചു പോയി.
” ഡോക്ടർ എന്താ പറഞ്ഞു വരുന്നത്..? “
അരുൺ ഭീതിയോടെ ചോദിച്ചു.
” നിങ്ങൾ ഭയക്കാൻ മാത്രം ഒന്നുമില്ല. പക്ഷേ ഞാൻ പറയുന്ന കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിച്ചു കേൾക്കണം. “
ഒരു ആമുഖം പോലെ ഡോക്ടർ പറഞ്ഞതു കേട്ട് ഇരുവരും അവരെ ശ്രദ്ധിച്ചു.
” കല്ലു മോൾ നിങ്ങളുടെ ജീവിതത്തിലേക്ക് വന്നതിനു ശേഷം, നിങ്ങൾ ആദിയെ വേണ്ട വിധത്തിൽ ശ്രദ്ധിക്കുന്നില്ല.”
ഡോക്ടർ പറഞ്ഞതും അഖില നിഷേധാർത്ഥത്തിൽ തലയാട്ടി.
“ഇല്ല ഡോക്ടർ.. അങ്ങനെ അല്ല.. എനിക്ക് അവനെ വേണ്ട വിധം ശ്രദ്ധിക്കാൻ പറ്റിയില്ലെങ്കിലോ എന്ന് പേടിച്ചിട്ട് അമ്മയെ ഞങ്ങൾ ഒപ്പം കൊണ്ടുവന്നു നിർത്തിയിട്ടുണ്ട്. അവന്റെ കാര്യങ്ങളൊക്കെ ഒരു കുറവും വരുത്താതെ അമ്മയാണ് ഇപ്പോൾ നോക്കുന്നത്.”
അഖില ഡോക്ടറിനെ എതിർത്തു കൊണ്ട് പറഞ്ഞു.
“നിങ്ങൾ പറയുന്നത് ശരിയായിരിക്കാം.നിങ്ങളുടെ മകന് ഒരു കുറവും വരരുത് എന്ന് കരുതി ആയിരിക്കാം നിങ്ങൾ അമ്മയെ ഒപ്പം കൊണ്ടുവന്നു നിർത്തിയത്. പക്ഷേ അത് ആ കുഞ്ഞു മനസ്സിനെ എത്ര വേദനിപ്പിച്ചു എന്ന് നിങ്ങൾക്കറിയില്ല. ഇന്നലെ വരെ അച്ഛന്റെയും അമ്മയുടെയും ഒപ്പം ഉറങ്ങിയിരുന്ന അവൻ ഇപ്പോൾ അവന്റെ അമ്മമ്മയുടെ ഒപ്പമാണ് ഉറക്കം. അവന് പകരം കല്ലു മോൾ അവിടെ സ്ഥാനം പിടിക്കുകയും ചെയ്തു. അതായിരുന്നു അവന്റെ ആദ്യത്തെ പ്രശ്നം. കല്ലുവിനെ അവൻ കാണാനോ കളിപ്പിക്കാനോ വരുമ്പോൾ നിങ്ങൾ അവനെ മാറ്റി നിർത്തുന്നതാണ് അടുത്ത പ്രശ്നം.”
“ഡോക്ടർ അവനെ ഞങ്ങൾ മാറ്റിനിർത്തിയത് മറ്റൊന്നും കൊണ്ടല്ല.ആദിക്ക് കുറച്ചു ദിവസം മുമ്പ് ഒരു പനി വന്നിരുന്നു. ആ പനി മോൾക്ക് കൂടി പകരേണ്ട എന്ന് കരുതിയാണ് അവനെ മാറ്റി നിർത്തിയത്. പിന്നെ അവനെ മാറ്റി കിടത്തിയ കാര്യം അവൻ കൂടി ഞങ്ങളുടെ ഒപ്പം കിടന്നാൽ അവന്റെ കയ്യോ കാലോ മോൾടെ മേലേക്ക് വീണാലോ എന്ന് പേടിച്ചിട്ടാണ്..”
” നിങ്ങൾ പറയുന്നതൊക്കെ ശരി തന്നെ ആയിരിക്കാം.. പക്ഷേ അവന്റെ കുഞ്ഞു മനസ്സിന് ഇതൊന്നും അംഗീകരിക്കാൻ കഴിയില്ല. ഇന്നലെ വരെ തനിക്ക് കിട്ടിയിരുന്ന സ്നേഹവും വാത്സല്യവും ഇന്ന് തന്നിൽ നിന്ന് അകന്നു പോകാൻ കാരണക്കാരി അവന്റെ അനുജത്തി ആണ് എന്ന് അവൻ ചിന്തിച്ചു തുടങ്ങുമ്പോൾ, ആ കുഞ്ഞിനെ ഉപദ്രവിക്കാൻ പോലും അവനു തോന്നും. അവന്റെ സ്വഭാവത്തിൽ ഉണ്ടായിരുന്ന മാറ്റങ്ങൾ മുഴുവൻ ഇതുകൊണ്ടാണ്.”
ഡോക്ടർ പറഞ്ഞതു കേട്ട് ഇരുവരും പകച്ചു പോയി.
” നിങ്ങൾ വിഷമിക്കാൻ മാത്രം ഒന്നുമില്ല. അവനെ നിങ്ങളോടൊപ്പം ചേർത്തു പിടിച്ചാൽ തീരുന്ന പ്രശ്നമേയുള്ളൂ. പിന്നെ അവന്റെ അനുജത്തിയിൽ നിന്ന് അവനെ അകറ്റി മാറ്റരുത്. കാര്യങ്ങൾ പറഞ്ഞു കൊടുത്താൽ മനസ്സിലാക്കാനുള്ള പ്രായം ഒക്കെ അവൻ ആയി. അതുകൊണ്ട് എന്തെങ്കിലും ഉണ്ടെങ്കിൽ അവനെ പറഞ്ഞു മനസ്സിലാക്കുക. അല്ലാതെ അവനെ മാറ്റിനിർത്തുകയും അവഗണിക്കുകയും ഒന്നും അല്ല വേണ്ടത്. “
ഡോക്ടർ പറഞ്ഞത് ഇരുവരും തലകുലുക്കി സമ്മതിച്ചു.
ഡോക്ടറോട് നന്ദി പറഞ്ഞ് മകന്റെ അടുത്തേക്ക് നടക്കുമ്പോൾ ഇനി ഒരിക്കലും ഇങ്ങനെ ഒരു സാഹചര്യം ഉണ്ടാകില്ല എന്ന് ഇരുവരും മനസ്സിൽ കൂടി ഉറപ്പിക്കുകയായിരുന്നു..