ഇത് ഞങ്ങളെ തമ്മിൽ അകറ്റാൻ ഉള്ള അയാളുടെ തന്ത്രമായിരുന്നു എന്ന്… ഞങ്ങൾ തമ്മിലുള്ള ബന്ധത്തെപ്പറ്റി ആരോ ദീപു ചേട്ടന്റെ അച്ഛന്റെ കാതിൽ എത്തിച്ചിരുന്നു….

Story written by Jk

തനിക്ക് എത്താത്ത കൊമ്പാണ് എന്ന് അറിഞ്ഞിട്ടു തന്നെയാണ്,
ദീപു ചേട്ടൻ ഇഷ്ടമാണ് എന്ന് പറഞ്ഞിട്ട് പോലും ശൈത്യ മൈൻഡ് ചെയ്യാതിരുന്നത്…

ആൾക്ക് അത് ഇത്തിരി ഒന്നുമല്ല വിഷമം ഉണ്ടാക്കിയത് എന്നറിയാം….

ദീപു ചേട്ടന്റെ വീട്ടിലെ കാര്യസ്ഥാനാണ് അച്ഛൻ….

ചെറുപ്പം മുതൽ അവിടത്തെ ഉപ്പും ചോറും ആണ് കഴിച്ചിട്ടുള്ളത്…

നന്ദികേടു കാട്ടാൻ വയ്യ…

ദീപു ചേട്ടന്റെ അച്ഛൻ പട്ടാളത്തിൽ വലിയ ഉദ്യോഗസ്ഥനാണ്… എപ്പോഴെങ്കിലു മൊക്കെയെ ലീവിന് വരൂ…

അവിടെ ദീപു ചേട്ടന്റെ അമ്മയും അച്ഛമ്മയും എല്ലാം ഉണ്ട്… രണ്ട് ചേച്ചിമാരും….

അവിടുത്തെ കാര്യങ്ങൾ നോക്കിയാണ് ഞങ്ങൾ ജീവിച്ചിരുന്നത്…

അമ്മ അവിടുത്തെ വീട്ട് ജോലികളെല്ലാം ചെയ്യും…

അച്ഛന് കാര്യസ്ഥപണിയും….

കണ്ടറിഞ്ഞ് സഹായിക്കുന്ന കൂട്ടർ ആയതുകൊണ്ട് ഞങ്ങളുടെ വീട്ടിലും അല്ലലില്ലാതെ കടന്നുപോയി…

ഇതിനിടയിൽ ദീപു ചേട്ടൻ എപ്പോഴാണ് എന്നെ ശ്രദ്ധിച്ചു തുടങ്ങിയത് എന്നറിയില്ല…

അന്ന് പ്ലസ് വണ്ണിന് ചേർന്നപ്പോൾ ദീപു ചേട്ടൻ ദൂരെ കോളേജിൽ പഠിക്കുകയായിരുന്നു…

എന്നും ഞാൻ സ്കൂളിലേക്ക് പോകുമ്പോൾ അതുവഴി ബുള്ളറ്റിൽ പോകുന്നത് കാണാം…

ആദ്യമൊക്കെ ആൾക്ക് ചിരിക്കാൻ വലിയ മടിയായിരുന്നു..

പരിജയം ഉള്ളവരെ കണ്ടാൽ ചിരിക്കാൻ പറ്റാത്ത ജാഡ ഇടുന്ന ആളെ ഞാനും മൈൻഡ് ചെയ്തില്ല…

പിന്നീട് എപ്പോഴോ കാണുമ്പോൾ നോക്കി നിൽക്കുന്നത് കാണാം..

പിന്നീടത് എനിക്കായി ഒരു ചെറിയ ചിരിയിലേക്ക് മാറി…

കൂടെയുള്ള കൂട്ടുകാരി അത് കണ്ട് കളിയാക്കുമ്പോൾ, പുറമേ ദേഷ്യം കാണിച്ചെങ്കിലും ഉള്ളിൽ എന്തോ ഒരു സുഖം..

ഇതിനെയാണോ പ്രണയമെന്ന് പറയുന്നത്???

അറിയില്ലായിരുന്നു… പതിയെ പതിയെ ആ ഒരാളെ കാണുന്നത് തന്നെ വലിയ സന്തോഷമായിരുന്നു…

ഒരിക്കൽ ഇഷ്ടമാണ് എന്ന് ദീപു ചേട്ടൻ വന്ന് പറഞ്ഞപ്പോൾ അത്രമേൽ സന്തോഷിച്ചതും അതുകൊണ്ടാവാം…

പിന്നെ അങ്ങോട്ട് ഭയങ്കര സന്തോഷമായിരുന്നു…. സ്നേഹിച്ചും സ്നേഹിക്കപ്പെട്ടും..

ദീപു ചേട്ടൻ ഹയർ സ്റ്റഡീസിന് മറ്റൊരു രാജ്യത്തേക്ക് പോവുകയാണ് എന്ന് അറിഞ്ഞപ്പോൾ വല്ലാത്ത സങ്കടമായിരുന്നു…

പോവാതെ ഇരുന്നൂടെ എന്ന് ചോദിച്ചപ്പോൾ അച്ഛനെ നിർബന്ധമാണ് എന്ന് പറഞ്ഞു….

അറിയില്ലായിരുന്നു ഇത് ഞങ്ങളെ തമ്മിൽ അകറ്റാൻ ഉള്ള അയാളുടെ തന്ത്രമായിരുന്നു എന്ന്… ഞങ്ങൾ തമ്മിലുള്ള ബന്ധത്തെപ്പറ്റി ആരോ ദീപു ചേട്ടന്റെ അച്ഛന്റെ കാതിൽ എത്തിച്ചിരുന്നു…. അദ്ദേഹം ലീവ് എടുത്തു വന്നു…

ദീപു ചേട്ടനെ മറ്റൊരു രാജ്യത്തേക്ക് പഠനത്തിനായി അയച്ചു…

അച്ഛനെ വിളിച്ചുവരുത്തി…

മകളെ അവിടുത്തെ കെട്ടിലമ്മ ആക്കാൻ ആണോ ഈ നാടകം ഒക്കെ കളിക്കുന്നത് എന്ന് ചോദിച്ചപ്പോൾ പാവം അച്ഛൻ ആകെ തകർന്നു പോയി…
ഉണ്ട ചോറിന് നന്ദി കാണിക്കുന്ന ആളായിരുന്നു അച്ഛൻ……

ഇങ്ങനെ ഒരു കാര്യം അച്ഛന്റെ മനസ്സിൽ പോലും ഉണ്ടായിരുന്നില്ല….

അച്ഛൻ അറിഞ്ഞിട്ടു പോലും ഇല്ലാത്ത ഒരു കാര്യം തലയിൽ ആരോപിച്ചപ്പോൾ അയാളുടെ മുന്നിൽ കരയാൻ മാത്രമേ ആ പാവത്തിന് കഴിഞ്ഞുള്ളൂ…..

മകൻ അറിയുന്നതിനു മുമ്പ് തന്നെ എന്റെ കല്യാണം നടത്താൻ അച്ഛനോട് ആവശ്യപ്പെട്ടു…

സ്വന്തം പെങ്ങളുടെ മകൻ, സന്തോഷിന് മനസ്സില്ലാമനസ്സോടെ അദ്ദേഹത്തിന് മകളെ കൊടുക്കേണ്ടിവന്നു….

ആരും എന്നോട് ഒരു വാക്ക് പോലും ചോദിച്ചില്ല ഇഷ്ടമാണോ എന്ന് പോലും അറുക്കാൻ കൊണ്ടുവന്ന ഒരു നാൽകാലിയെ പോലെ എന്നെ പിടിച്ചു കൊടുത്തു…..

ഞാൻ കുറെ എതിർത്തു നോക്കി പക്ഷെ ഒരു പ്രയോജനവും ഉണ്ടായില്ല ദീപു ചേട്ടനുമായി ഒരു വിധത്തിലും ബന്ധപ്പെടാൻ സാധിച്ചില്ല…

ദീപു ചേട്ടനുമായുള്ള എല്ലാ ബന്ധവും അറിഞ്ഞുകൊണ്ട് ആയിരുന്നു അയാൾ എന്നെ വിവാഹം കഴിച്ചത്…

പിന്നീടുള്ള ജീവിതം ഒട്ടും സുഖകരമായിരുന്നില്ല വെറും പകപോക്കൽ ആയിരുന്നു…

സംശയരോഗം സന്തോഷിനെ ഒരു ഭ്രാന്തൻ ആക്കിയിരുന്നു…

പറ്റുന്ന പോലെയൊക്കെ അയാൾ എന്നെ ഉiപദ്രവിച്ചു….

കിടപ്പറയിൽ പോലും അയാളുടെ മാനസിക വൈiകൃതത്തിന് ഇരയാകേണ്ടി വന്നു…

ദീപു ചേട്ടനോട് എന്തോ വലിയ തെറ്റ് ചെയ്തു എന്ന് എന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു… പക്ഷേ മനപൂർവ്വം ആയിരുന്നില്ല എന്റെ ഒരു ശതമാനം സമ്മതം പോലും ഈയൊരു കാര്യത്തിൽ ഉണ്ടായിരുന്നില്ല…

ഇനി തെറ്റിദ്ധരിച്ചിട്ട് ഉണ്ടാവും എന്നും അത് തിരുത്തണം എന്നും എന്തോ മനസ് പറഞ്ഞു…..

ഒരിക്കൽ ദീപു ചേട്ടൻ വന്നിട്ടുണ്ട് എന്ന് അറിഞ്ഞപ്പോൾ ഒരു സുഹൃത്ത് വഴി ഞാൻ അദ്ദേഹത്തെ വിളിച്ചിരുന്നു.. മറ്റൊന്നിനുമല്ല..

എന്റെ പേരിലുള്ള ആ മനസ്സിലെ തെറ്റിദ്ധാരണകൾ മാറ്റാൻ….

ജീവിക്കാൻ ഒട്ടും മോഹം തോന്നിയിരുന്നില്ല…

ഈ ലോകത്ത് എനിക്ക് ആയും ആരൊക്കെയോ ഉണ്ടായിരുന്നു എന്ന് ഊട്ടിയുറപ്പിക്കാൻ അത്ര മാത്രം….

പക്ഷേ ദീപു ചേട്ടൻ പഠനത്തിനായി പോയപ്പോൾ സ്വന്തം ജീവിതം തെരഞ്ഞെടുത്ത ഒരു വഞ്ചകിയുടെ വേഷമായിരുന്നു എനിക്ക് അപ്പോൾ….

എന്നെ ഒന്ന് കേൾക്കാൻ കൂടെ കൂട്ടാക്കാതെ കോൾ കട്ട് ചെയ്തു…

ഇനി അങ്ങനെ ഒരിക്കലും വിളിക്കില്ല എന്ന് അന്ന് ഉറപ്പിച്ചു

ഒടുവിൽ ഗർഭിണിയാണ് എന്നറിഞ്ഞപ്പോൾ ആ കുഞ്ഞിനെ ഏറ്റെടുക്കാൻ വരെ അയാൾ തയ്യാറായില്ല…

അത് ദീപു ചേട്ടന്റെ ആണത്രേ….

അപ്പോൾ മുതൽ ഒന്നു ചിന്തിച്ചു നോക്കി… എന്റെ ജീവിതം പോലും എന്റെ സ്വന്തം അല്ലായിരുന്നു ഇത്രയും നാളും… ആരൊക്കെയോ തീരുമാനിച്ചു എന്തൊക്കെയോ അനുഭവിക്കുന്നു…

തിരിച്ചറിവുകൾ എല്ലായിപ്പോഴും ഉണ്ടാകണമെന്നില്ല അത് ചിലപ്പോൾ ചില സമയത്ത് നമുക്ക് വന്ന് ഭവിക്കും…

വളരെ ചെറുപ്പം മുതൽ തന്നെ തുണികൾ തയ്ക്കാൻ എനിക്ക് നന്നായി അറിയാമായിരുന്നു…. അത്യാവശ്യം വരുമാനം അതിൽനിന്ന് ഉണ്ടായിരുന്നു…

ജീവിതത്തിൽ ആരും തുണയുണ്ടാവില്ലെന്ന് പഠിച്ചത് അവിടെ നിന്നായിരുന്നു,..

നമ്മൾ സ്വന്തം കാലിൽ നിന്നില്ലെങ്കിൽ മറ്റുള്ളവരുടെ ദയക്കായി കൈ നീട്ടേണ്ടി വരും…

തിരികെ വീട്ടിലേക്ക് ചെന്നപ്പോൾ അവിടെ മുറുമുറുപ്പ് തുടങ്ങിയിരുന്നു…

വിവാഹബന്ധം ഉപേക്ഷിച്ച് വന്നു നിന്നാൽ വീണ്ടും അത് ദീപു ചേട്ടന്റെ വീട്ടിൽ പ്രശ്നമാകുമെന്ന്..

“”‘ എന്റെ ജീവനേക്കാൾ വലുതാണോ അച്ഛന് അവരോടുള്ള നന്ദിപ്രകാശനം “”””

എന്ന് ചോദിച്ചപ്പോൾ അച്ഛൻ മൗനം പാലിച്ചു…

അതിന്റെ പേരിൽ എനിക്ക് നഷ്ടമായത് എന്റെ ജീവിതം ആണെന്ന് കൂടി ഞാൻ കൂട്ടിച്ചേർത്തു…

അവർക്ക് തരാൻ ഒരു ഉത്തരമുണ്ടായിരുന്നില്ല..

ഒപ്പം എന്റെ ജീവിതം ഇനി എന്ത് വേണം എന്നതിന് ഒരു തീരുമാനവും…..

ഒടുവിൽ ഞാൻ തന്നെ തീരുമാനിച്ചു എന്റെ ആയിട്ടുള്ള വഴി..

ഗർഭം ധരിച്ചത് കൊണ്ട് ഇരുന്നു തയ്ക്കാൻ ഇത്തിരി ബുദ്ധിമുട്ട് ഉണ്ടായിരുന്നു….

അതൊന്നും കാര്യമാക്കാതെ എന്റെ ജീവിതം നെയ്തെടുക്കാൻ തന്നെ ഞാൻ തീരുമാനിച്ചു….

അത്യാവശ്യം വരുമാനം കിട്ടി തുടങ്ങിയപ്പോൾ എല്ലാം മുറുമുറുപ്പുകളും അവസാനിച്ചിരുന്നു….

ദീപു ചേട്ടൻ മറ്റൊരു വിവാഹം കഴിച്ചത് അറിഞ്ഞു… പ്രത്യേകിച്ച് ഒന്നും തോന്നിയില്ല…

കാരണം ജീവിതം എന്നെ ഉള്ളിലെ പ്രണയത്തെയും മറ്റ് എല്ലാ വികാരങ്ങളെയും മാറ്റി നിർത്തിയിരുന്നു.. ജീവിക്കണം എന്ന ഒരു വാശി മാത്രമായിരുന്നു പിന്നീടുള്ളത്…

കiള്ളുകുടിച്ച് സന്തോഷിന്റെ ജീവിതം നശിക്കുന്നത് അറിയുന്നുണ്ടായിരുന്നു…
അതിൽ തീർത്തും ഞാൻ നിസ്സഹായയായിരുന്നു….

അയാളുടെ കൂടെ തന്നാൽ ഇനിയും പണ്ടത്തെ കാര്യം തന്നെ ആവർത്തിക്കുമെന്ന് പൂർണ ബോധ്യമുണ്ടായിരുന്നു അയാൾക്ക് ഒരിക്കലും നന്നാക്കാൻ കഴിയില്ല അയാളുടെ മനസ്സിലെ സംശയങ്ങൾ മാത്രമാണ് ശരി എന്നായിരുന്നു അയാളുടെ വിചാരം ഒരു കൗൺസിലിംഗ് പോലും അയാൾ അറ്റൻഡ് ചെയ്യാൻ തയ്യാറല്ലായിരുന്നു….

ഞങ്ങൾക്ക് ഒരു മോൻ ജനിച്ചു എന്ന് അറിഞ്ഞിട്ട് കൂടി അയാൾ ഒന്ന് കാണാൻ വന്നില്ല…

എന്റെ കുഞ്ഞിനെ അച്ഛൻ വേണ്ട എന്ന് ഞാൻ തീരുമാനിച്ചു…

അയാൾ ഭ്രാന്തനെപ്പോലെ അലയാൻ തുടങ്ങി…

അങ്ങനെ ഒരാളെ വിധിക്ക് വിട്ടു കൊടുക്കുക എന്നല്ലാതെ മറ്റൊരു വഴിയും എന്റെ മുന്നിൽ ഉണ്ടായിരുന്നില്ല…

ഒടുവിൽ ഹൃദയസ്തംഭനം മൂലം മരിച്ചു എന്ന് അറിഞ്ഞപ്പോൾ കുഞ്ഞിനേയും കൊണ്ട് ഞാൻ ചെന്നു….

ആ വീടും സ്ഥലവും എനിക്ക് അവകാശപ്പെട്ടതായി പക്ഷേ അതിൽ താമസിക്കാൻ മനസ്സനുവദിച്ചില്ല..

അത് വിറ്റ് എന്നെ വീടിനടുത്ത് ഒരു കുഞ്ഞു വീടും സ്ഥലവും ഞാൻ വാങ്ങി..
ബാക്കി പൈസ മോന്റെ പേരിൽ ബാങ്കിലും ഇട്ടു…

ഇന്ന് ഏറെ മനസ്സമാധാനത്തോടെ ജീവിക്കുകയാണ്…

എന്റെ കുഞ്ഞിനുവേണ്ടി.. നാളെ അവനും പറന്നു പോകാം..

പക്ഷേ എനിക്ക് അതിൽ ഒട്ടും നഷ്ടബോധം ഇല്ല കാരണം എന്റെ ജീവിതം ജീവിച്ചു തീർക്കാൻ ഞാൻ പഠിച്ചു കഴിഞ്ഞു…