ഒരു എട്ടാംക്ലാസ്സു പ്രണയം – രചന: അബ്ദുൾ റഹീം പുത്തൻചിറ
എല്ലാവർക്കും പ്രണയമുണ്ട്…നിയാസിനും നിധിനും ജിജീഷിനും പക്ഷെ ഇനിക്കില്ല…ജിജീഷിന്റെ പ്രണയം വൺവെയാണ്. എന്നാലും അവനും പ്രണയിക്കുന്നുണ്ട്.
അവൻ്റെ കീശയിൽ എപ്പോഴും ഫെയർ ആൻഡ് ലവലി കാണും. ഇന്റർവെൽ ആകുമ്പോൾ അവൻ ആദ്യം പോവുക സൈക്കിൾ ഷെഡിലേക്ക് ആയിരിക്കും. അവിടെ കണ്ണാടി നോക്കി അത് മുഖത്തു പുരട്ടി ഒറ്റക്ക് ഒരു ചിരിയും ചിരിച്ചിട്ടേ അവൻ വായ നോക്കാൻ പോകാറുള്ളൂ. ഞാൻ ഒരു ദിവസം അവനോടു ചോദിച്ചിരുന്നു എന്തിനാണ് എപ്പോഴും ഇത് പുരട്ടുന്നതെന്ന്. അവൻ അന്നു പറഞ്ഞു…വെളുക്കാനാണെന്ന് അവൻ ലേശം കറുത്തിട്ടാണ്.
നിയാസിന് ഒരു പ്രണയമുണ്ട്, അവൻ രണ്ടാമത്തെ പ്രണയത്തിനായി ആൻസിയുടെ പിന്നാലെ നടക്കുകയാണ്. നിധിൻ സബിതയുമായി അഗാധ പ്രണയത്തിലാണ്. അവൻ അവളെ കല്യാണം കഴിക്കുമെന്നാ പറയുന്നേ…അവൻ ഹിന്ദു ആയത് കൊണ്ട് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകും. ഞങ്ങൾ അവൻ്റെ കൂടെ നിൽക്കണം. അത് അവൻ ഇപ്പോഴേ പറഞ്ഞു വെച്ചു.
അവൻ എപ്പോഴും ഭയങ്കര പ്ലാനിങ് ആണ്. ‘ഞങ്ങൾ നിന്റെ കൂടെയുണ്ട് ബ്രോ’….ഞാൻ അവനെ ആശ്വസിപ്പിക്കും. ജിജീഷ് ഒരുപാടു നാളായി മുംതാസിന്റെ പിന്നാലെ…ബട്ട് അവൾ അടുക്കുന്നില്ല. ഞാൻ മാത്രം ആരുമില്ലാതെ ഇവരുടെ കൂടെ ഇവർക്ക് ഹംസമായി.
ഞങ്ങൾ എപ്പോഴും ലാസ്റ്റ് ബെഞ്ചിലാണ് ഇരിക്കാര്. സുനിൽ മാഷാണ് ക്ലാസ് മാഷ്. പുള്ളിക്കാരൻ എപ്പോഴും കലിപ്പിലായിരിക്കും, പ്രത്യേകിച്ച് ഞങ്ങളോട്…
ഒരു ദിവസം ടീച്ചർ വരാത്ത പിരീഡിൽ നിധിനാണ് അത് കണ്ടുപിടിച്ചത്…ക്ലാസ്സിലെ സുന്ദരിയും എപ്പോഴും ചിരിച്ചു കൊണ്ടിരിക്കുകയും കറുത്ത തട്ടം മാത്രമിട്ടു ക്ലാസിൽ വരുന്ന ഷഹന എന്നെ നോക്കുന്നുണ്ടന്ന്. ഞാൻ ആദ്യം അത് വിശ്വസിച്ചില്ല…ഒന്നു പോടപ്പ, അവൾ വേറെ എവിടെയെങ്കിലും നോക്കിയതായിരിക്കും…ഞാൻ പറഞ്ഞു.
അങ്ങനെ പറയുമ്പോളും എന്റെ മനസ്സിൽ ലഡുകൾ പൊട്ടുന്നുണ്ടായിരുന്നു. ഇനി സത്യമാണെങ്കിലോ….ബിരിയാണി കിട്ടിയാലോ…? പിന്നെ ഇടക്ക് ഇടക്ക് ഞാൻ അവളെ ശ്രദ്ധിക്കാൻ തുടങ്ങി…ഞാൻ അവളെ നോക്കുന്നത് കണ്ടിട്ടാണെന്ന് തോന്നുന്നു അവളും എന്നെ നോക്കുന്നുണ്ട്.
അവളുടെ കണ്ണിൽ ഇനി പ്രണയമുണ്ടോ…?അവളൊരു കൊച്ചു സുന്ദരിയാണ്. നല്ല വെളുത്ത വട്ട മുഖം, നല്ല ചേലാണ് കാണാൻ…ഇത്ര നാളും ഇവൾ എന്റെ ക്ലാസിൽ ഉണ്ടായിട്ട് ഞാൻ ഇവളെ ശ്രദിച്ചില്ലല്ലോ…ചെറിയ കുറ്റബോധം തോന്നി…ഇനി അത് പാടില്ല…
അങ്ങനെ ആദ്യമായി എട്ടാം ക്ലാസിൽ വെച്ചു എന്റെ മനസ്സിൽ പ്രണയത്തിന്റെ പൂക്കൾ തളിരിട്ടു. അന്നു ഉച്ചക്കുള്ള ഞങ്ങളുടെ ചർച്ച എന്റെ പ്രണയമായിരുന്നു. നിധിൻ പറഞ്ഞതു വെച്ചു നോകുമ്പോൾ ഞാനും അവളും മുസ്ലിമാണ് കല്യാണം കഴിക്കാൻ പ്രശ്നമുണ്ടാകില്ല.
പിന്നെ അവൾ കുറച്ചു ക്യാഷ് ഉള്ള വീട്ടിലെയാ. അവളുടെ വാപ്പ ഗൾഫിലാണ്. വീട് വാർക്കയാണ്, എന്റെ വീട് ഓലയും…അവൾ നല്ല വണ്ണം പഠിക്കും, ഞാൻ നേരെ തിരിച്ചും….അവന്റെ നോട്ടത്തിൽ ഞാനും അവളും ഇത്രയും അന്തരം ഉള്ളു…അതൊരു കുറവായി ഞങ്ങൾക്ക് തോന്നിയില്ല. അങ്ങനെ അവളെ പ്രേമിക്കാൻ ഞാൻ തീരുമാനിച്ചു, കൂട്ടുകാരുടെ കട്ട സപ്പോർട്ടോടു കൂടി….
പിറ്റേന്നു മുതൽ ഇന്റർവെൽ ആകുമ്പോൾ ജിജീഷിന്റെ കൂടെ സൈക്കിൾ ഷെഡിൽ പോയി കുറച്ചു ഫെയർ ആൻഡ് ലൗലി ഞാനും ഇട്ടു. ഇപ്പോൾ കുറച്ചു ഗ്ലാമർ കൂടിയത് പോലെ….ആത്മ വിശാസം തോന്നി…പിന്നെ ഫെയർ ആൻഡ് ലൗലി എന്റെ കൂടെപ്പിറപ്പായി.
അതിനു ശേഷം എന്റെ നോട്ടം അവളുടെ മുഖത്തു മാത്രമായി അവൾ എന്നെ നോക്കുമ്പോൾ ഞാൻ നോട്ടം മാറ്റും, ഇനിക്ക് ചമ്മൽ തോന്നും…പതിയെ അവൾക്കു മനസിലായി ഞാൻ അവളെ തന്നെയാണ് നോക്കി കൊണ്ടിരിക്കുന്നതെന്ന്.
അവൾ അവളുടെ കൂട്ടുകാരി നജുമയോട് എന്തോ ചെവിട്ടിൽ പറഞ്ഞു. നജുമ എന്നെ നോക്കി ചിരിച്ചു…അവളും…പിന്നെ പതിയെ കാര്യങ്ങൾ എളുപ്പായി. ഒരു കാര്യം പറയാൻ മറന്നു, ഷഹന ചിരിക്കുമ്പോൾ നുണക്കുഴി കാണാം….
പിന്നെ എന്റെ സ്വപ്നത്തിൽ അവളു മാത്രമായിരുന്നു. അവളോടൊപ്പമുള്ള ജീവിതം…കുട്ടികൾ രണ്ടു വേണം…കല്യാണം കഴിഞ്ഞാൽ അവളുടെ വാപ്പ എന്നെയും ചിലപ്പോൾ ഗൾഫിൽ കൊണ്ട് പോകുമായിരിക്കും…
ക്ലാസുള്ള സമയത്തു അവളും എന്നെ ഇടം കണ്ണിട്ട് നോക്കുന്നുണ്ട്. എന്നാലും അവളുടെ വായിൽ നിന്ന് ഇഷ്ടമാണെന്ന് അറിയാൻ എന്താണ് ഒരു വഴി…ഞങ്ങളുടെ കൂടിആലോചനയിൽ ലവ് ലെറ്റർ കൊടുക്കാം എന്നു തീരുമാനമായി. അങ്ങനെ കൂട്ടത്തിൽ നല്ല കയ്യക്ഷരമുള്ള നിയാസിനെ ക്കൊണ്ട് ലെറ്റർ എഴുതിപ്പിച്ചു. നജുമാടെ കയ്യിൽ ഷഹനാക്ക് കൊടുക്കാൻ ഏൽപ്പിച്ചു.
അന്നുച്ചക്കുശേഷം ആദ്യത്തെ പിരീഡ് സുനിൽ മാഷാണ്. ഹാജർ വിളിച്ചു കഴിഞ്ഞതിനു ശേഷം ക്ലാസ്സ് തുടങ്ങുന്നതിനു മുൻപ്, അൻവർ ഇവിടെ വാ…അപ്പോൾ തന്നെ എന്റെ പകുതി അല്ല മുഴുവനും ജീവനും പോയി….ക്ലാസ് നിശ്ശബ്ദമായി….ഒരു ലെറ്റർ കാണിച്ചു, ഇത് നീ എഴുതിയതാണോ….? മാഷ് ചോദിച്ചു.
ഞാൻ നജുമാടെ കയ്യിൽ കൊടുത്ത അതെ ലെറ്റർ. ഞാൻ അതെന്ന് തലയാട്ടി. മാഷ് സ്റ്റൂളിൽ നിന്നും എഴുന്നേറ്റു. മേശയിൽ നിന്ന് ചൂരലെടുത്ത് എന്നെ തിരിച്ചു നിറുത്തി. പാന്റ്സ് വലിച്ചു പിടിച്ചു, “ടപ്പേ ടപ്പേ ടപ്പേ” എന്നു മൂന്നടി എന്റെ ചന്തിയിൽ…
എന്റെ കണ്ണിൽ നിന്ന് പൊന്നീച്ച പറന്നു. അപമാനവും വേദനയും എന്റെ കണ്ണുകളെ നനയിച്ചു…എന്റെ കണ്ണിൽ നിന്നും കണ്ണുനീർ അറിയാതെ താഴെ വീഴുന്നുണ്ടായിരുന്നു. അവൾ എന്നെ ഇഷ്ട്ടമല്ല എന്നു പറഞ്ഞിരുന്നെകിൽ ഇനിക്ക് ഇത്രയും വിഷമം ഉണ്ടാകുമായിരുന്നില്ല.
അന്നു അവസാനിച്ചു എന്റെ പ്രണയം…നഷ്ടപ്രണയം…