ഇത്രയും നാൾ തറപ്പിച്ചു പോകേണ്ട എന്ന് അയാൾ പറഞ്ഞിരുന്നില്ല.അത്രമാത്രം തന്റെ അസാന്നിധ്യം ഭർത്താവിനെ അലട്ടുന്നുണ്ടെന്ന് അവർക്ക് മനസ്സിലായി…..

എഴുത്ത്:-അംബിക ശിവശങ്കരൻ

“സിന്ധു നീ വരാൻ ഇനി അൻപത്തി ആറു ദിവസം കൂടിയുണ്ട്.. “

തന്റെ ഭാര്യയോട് ഫോണിൽ സംസാരിക്കുന്നതിനിടെ അയാൾ കലണ്ടറിൽ കുറിച്ചിട്ട ദിവസങ്ങൾ ഒന്നുകൂടി എണ്ണി തിട്ടപ്പെടുത്തി.

“എന്റെ മാധവേട്ടാ…. ഇത് ഇങ്ങനെ എണ്ണി കൊണ്ടിരിക്കുകയാണോ? അത്രയ്ക്ക് തിടുക്കമായോ എന്നെ കാണാൻ?”ഒരു കള്ള ചിരിയോടെ അവർ ചോദിച്ചു.

” നിനക്കത് പറഞ്ഞാൽ മനസ്സിലാകില്ല സിന്ധു…എനിക്ക് മുപ്പത്തി അഞ്ചു വയസ്സുള്ളപ്പോഴാണ് നീ ആദ്യമായി കടൽ കടന്നുപോയത്. അതിനു മുൻപ് എനിക്ക് ഉണ്ടായ ആക്സിഡന്റ് എന്റെ ശരീരം നiശിപ്പിച്ചപ്പോൾ കുടുംബഭാരം മുഴുവനും നീ ഒറ്റയ്ക്ക് തലയിൽ ചുമന്നു.അവിടെ വീട്ടുവേലയെടുത്ത് നീ നമ്മുടെ കുടുംബത്തെ കരകയറ്റി, മക്കളെ പഠിപ്പിച്ചു,വീട് വച്ചു. ഇപ്പോൾ ദാ മൂത്തവളുടെ വിവാഹവും നടത്തുന്നു. എല്ലാം നിസ്സഹായനായി നോക്കി നിൽക്കാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളൂ.. ഓരോ വട്ടവും നീ തിരികെ പോകുമ്പോൾ വിടാതെ നിന്നെ പിടിച്ചു നിർത്തണമെന്ന് ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്.പക്ഷേ എന്റെ സഹായ മില്ലാതെ നിങ്ങളീ കുടുംബം നോക്കുമോ എന്ന് ഒരു ചോദ്യം നീ ചോദിച്ചാൽ എനിക്ക് ഉത്തരം ഉണ്ടായിരുന്നില്ല. അന്ന് അപകടം സംഭവിച്ചില്ലായിരുന്നെങ്കിൽ നിന്നെ ഞാൻ എവിടെയും വിടുമായിരുന്നില്ല. ” അയാൾ നൊമ്പരപ്പെട്ടു.

“എന്തിനാ മാധവേട്ടാ നിങ്ങൾ ഇങ്ങനെ ആവശ്യമില്ലാത്ത കാര്യങ്ങൾ പറഞ്ഞു വിഷമിക്കുന്നത്? കുടുംബത്തിനുവേണ്ടി ആണുങ്ങൾ മാത്രമാണോ കഷ്ടപ്പെടേണ്ടത്? എത്രയോ സ്ത്രീകൾ വീട് ഉപേക്ഷിച്ച് എന്നെപ്പോലെ ഇവിടെ ജോലി ചെയ്യുന്നുണ്ടെന്നോ…വീട്ടുപണി ആണെങ്കിൽ എന്താ നല്ല ശമ്പളമുണ്ട് മാത്രവുമല്ല വീട്ടിലെ ഒരു അംഗത്തെ പോലെ തന്നെയല്ലേ സാറും മേഡവും എന്നെ കാണുന്നത്… എനിക്കിവിടെ യാതൊരു ബുദ്ധിമുട്ടുമില്ല അതോർത്ത് മാധവേട്ടൻ വിഷമിക്കേണ്ട.. ആകപ്പാടെ ഒരു വിഷമം മാധവേട്ടനും പിള്ളേരും അടുത്തില്ലല്ലോ എന്നാണ്. ഹ്മ്മ്.. സാരമില്ല എല്ലാം ശരിയാകും.. ആഹ് മാധവേട്ടാ സാറും മേടവും വന്നു. ഭക്ഷണമൊക്കെ കഴിച്ചിരിക് കേട്ടോ ഞാൻ രാത്രി വിളിക്കാം.” അതും പറഞ്ഞ് ആ ഫോൺകോൾ അവസാനിക്കുമ്പോൾ അയാൾ കട്ടിലിലേക്ക് മലർന്നു കിടന്നു.

എത്രയോ വർഷമായി ഈ ഏകാന്തത തുടരുന്നതാണ് എങ്കിലും ഈ ഒറ്റപ്പെടലിനോട് എന്തോ ഒരിക്കലും പൊരുത്തപ്പെടാൻ കഴിയാത്തത് പോലെ… അവളുടെ അസാന്നിധ്യം തനിക്ക് ചിന്തിക്കാൻ പോലും കഴിയാത്തത് കൊണ്ടാവാം അവൾ എപ്പോഴും തന്റെ കൂടെ തന്നെയുണ്ടെന്ന് സങ്കൽപ്പിക്കുന്നത്. ഇടയ്ക്കൊക്കെ പിള്ളേര് ചോദിക്കാറുണ്ട് അച്ഛൻ എന്താ ഒറ്റയ്ക്കിരുന്ന് സംസാരിക്കുന്നത് എന്ന്. അവൾ ഉടുത്തിരുന്ന ആടകളോടും ധരിച്ചിരുന്ന ആഭരണങ്ങളോടും എന്തിന് ചുവരിലെ ചിത്രങ്ങളോട് പോലും താൻ ഇങ്ങനെ വിശേഷങ്ങൾ പങ്കുവെച്ചു കൊണ്ടിരുന്നു..

മക്കളിടക്ക് അമ്മയോട് ഫോണിൽ പറയുന്നത് കേൾക്കാം അമ്മ പോയാൽ പിന്നെ അച്ഛൻ തനിച്ചുള്ള സംസാരമാണെന്ന്.. തന്റെ ഉള്ളിൽ നിന്നും അമ്മ ഒരിക്കലും പോയിട്ടില്ല എന്ന് എങ്ങനെയാണ് അവരെ പറഞ്ഞു മനസ്സിലാക്കേണ്ടത്? എത്രയോ രാത്രികളായി സ്വസ്ഥമായി കിടന്ന് ഒന്നുറങ്ങിയിട്ട്.. ഇടയ്ക്ക് എപ്പോഴോ ഞെട്ടി എഴുന്നേൽക്കും സിന്ധുവിനെ തിരഞ്ഞു നോക്കും അവൾ ഇവിടെ ഇല്ലെന്ന യാഥാർത്ഥ്യത്തെ ചവച്ചിറക്കി കണ്ണുമിഴിച്ചു കിടന് നേരം വെളുപ്പിക്കും. അതാണ് ഇപ്പോൾ പതിവ്.

അവർ വിളിക്കുമ്പോഴൊക്കെയും മകളുടെ വിവാഹ കാര്യത്തെക്കുറിച്ച് വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു. തന്റെ ഭാര്യ ആ മുഹൂർത്തം കാണാൻ ഒരുപാട് കൊതിക്കുന്നുണ്ടെന്ന് അയാൾക്ക് മനസ്സിലായി. താനും കൊതിക്കുന്നുണ്ട് ആ മുഹൂർത്തം കാണാൻ പക്ഷേ അതിനേക്കാൾ ഒക്കെ ഉപരി കാത്തിരിക്കുന്നത് അവളുടെ വരവിനായാണ്.

“മാധവേട്ടാ ഇപ്പോഴേ തന്നെ ക്ഷണിക്കേണ്ടവരുടെ ലിസ്റ്റ് ഇട്ടു തുടങ്ങണം. ഒരാൾ പോലും വിളിച്ചില്ല എന്ന് പരിഭവം പറയരുത്. ഒരു കുറവും വരാതെ നമ്മുടെ മോളുടെ വിവാഹം നടത്തണം.”അവർ ഉത്സാഹത്തോടെ പറഞ്ഞു.

“എന്റെ സിന്ധു ആദ്യം നീയൊന്നു വേഗം വാ… രണ്ടാഴ്ച കൂടി കഴിഞ്ഞാൽ നീ എത്തുമല്ലോ എന്നിട്ട് ആകാം ലിസ്റ്റ് ഉണ്ടാക്കലും ക്ഷണവും എല്ലാം..’ അയാൾ പരിഭവപ്പെട്ടു.

രണ്ടാഴ്ച ഒരു യുഗം പോലെയാണ് അയാൾക്ക് തോന്നിയത്. ഇക്കഴിഞ്ഞ മാസങ്ങൾ തള്ളി നിൽക്കാൻ ഇത്ര പ്രയാസമുണ്ടായിരുന്നില്ല എന്നയാൾ ഓർത്തു.

വീട് വൃത്തിയാക്കലും അവർക്ക് ഇഷ്ടപ്പെട്ടതെല്ലാം കരുതിവയ്ക്കലും ആയി പിന്നീട് അയാളുടെ പ്രധാന ജോലികൾ.

അങ്ങനെ കാത്തിരുന്ന് കാത്തിരുന്ന് ആ ദിവസം എത്തി. അവരെ കണ്ട മാത്രയിൽ സന്തോഷം കൊണ്ട് അയാളുടെ കണ്ണ് നിറഞ്ഞു. ആദ്യമായി തന്റെ പ്രിയപ്പെട്ടവളെ കാണുമ്പോൾ ഉള്ള ഒരു ഉത്സാഹമോ വെപ്രാളമോ എന്തോ അറിയില്ല..

“കഴിഞ്ഞതവണ വന്നതിനേക്കാളും സിന്ധു നന്നായിട്ടുണ്ട് പക്ഷേ മാധവൻ ഇത് എന്തുപറ്റി ആകെ മെലിഞ്ഞു കോലം കേട്ടു പോയല്ലോ..” കല്യാണം ക്ഷണിക്കാൻ ബന്ധുവീടുകളിൽ പോയ കൂട്ടത്തിൽ ബന്ധുക്കൾ ആരോ പറഞ്ഞപ്പോഴും അയാൾ പുഞ്ചിരിച്ചു.

അവർ നാട്ടിലെത്തി കിട്ടാൻ സമയം വേഗത്തിൽ പോകാൻ പ്രാർത്ഥിച്ചിരുന്ന അയാൾക്ക് അവർ വന്നതിനുശേഷം ഓരോ മണിക്കൂർ കഴിയുമ്പോഴും വ്യാധിയാണ്.തന്റെ ഭാര്യയടക്കം സർവ്വരും മകളുടെ വിവാഹത്തിനായി കാത്തിരിക്കുമ്പോൾ ആ ദിവസം ആകല്ലേ എന്നാണ് അയാൾ പ്രാർത്ഥിച്ചിരുന്നത്. അത് ഒരിക്കലും അയാൾ ക്രൂiരൻ ആയതു കൊണ്ടായിരുന്നില്ല വിവാഹം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞ് ഭാര്യ തിരികെ പോകും എന്ന് ഓർത്തിട്ടുള്ള ദുഃഖം കൊണ്ടാണ്.

തന്റെ ഭാര്യയുടെ സമീപം അവരുടെ കൈകോർത്ത് പിടിച്ചു കിടക്കുമ്പോഴൊക്കെയും അയാൾ സുഖമായുറങ്ങി…

“സിന്ധു ഇനിയെങ്കിലും നിനക്ക് ഈ പ്രവാസ ജീവിതം ഉപേക്ഷിച്ചു കൂടെ…? ഇനിയുള്ള ജീവിതമെങ്കിലും പരസ്പരം താങ്ങായും തണലായും എപ്പോഴും നീ കൂടെ വേണം. എന്റെ ആരോഗ്യം ക്ഷയിച്ചു കൊണ്ടിരിക്കുകയാണ്.. നീ കൂടെയില്ലെങ്കിൽ ഞാൻ ആകെ തളർന്നുപോകും… എന്റെ ഈ ആരോഗ്യം വെച്ച് ചെയ്യാവുന്ന എന്ത് ജോലിയും ഞാൻ ചെയ്തോളാം. നീ ഇനി പോകണ്ട… ഈയിടെയായി എന്താണെന്നറിയില്ല വല്ലാത്തൊരു ധൈര്യക്കുറവ് അരുതാത്തത് എന്തോ സംഭവിക്കാൻ പോകുന്നതു പോലെയൊക്കെ മനസ്സ് പറയുന്നു.”

അന്നൊരുനാൾ രാത്രി അവർക്ക് ചാരെ കിടന്ന് അയാൾ പറഞ്ഞു. ഇത്രയും നാൾ തറപ്പിച്ചു പോകേണ്ട എന്ന് അയാൾ പറഞ്ഞിരുന്നില്ല.അത്രമാത്രം തന്റെ അസാന്നിധ്യം ഭർത്താവിനെ അലട്ടുന്നുണ്ടെന്ന് അവർക്ക് മനസ്സിലായി.

“എന്താ മാധവേട്ടാ… നിങ്ങൾ ഇങ്ങനെ ഓരോന്ന് ചിന്തിച്ചു കൂട്ടുന്നത് കൊണ്ടാണ്. ഒന്നും സംഭവിക്കില്ല. എനിക്കും ആഗ്രഹമില്ലാഞ്ഞിട്ടല്ലല്ലോ…. മാധവേട്ടന്റെയും മക്കളുടെയും കൂടെ നിൽക്കാനും നമ്മുടെ കൊച്ചു സന്തോഷങ്ങൾ ഒരുമിച്ച് പങ്കിടാനുമൊക്കെ എനിക്കും കൊതി തോന്നാറുണ്ട്. ഇന്നിപ്പോ അശ്വതിയുടെ വിവാഹമായി. ശരിക്കും പെൺകുട്ടികളുടെ വളർച്ചയിൽ അവർക്ക് ഏറ്റവും ആവശ്യം അമ്മയുടെ സാന്നിധ്യമാണ് അതുപോലും എന്നെക്കൊണ്ട് നൽകാൻ സാധിച്ചിട്ടില്ല. സ്വന്തം മക്കളുടെ വളർച്ച പോലും കണ്ട് ആസ്വദിക്കാൻ കഴിയാതെ പോയ ഒരു അമ്മയാണ് ഞാൻ. ഇനി അമ്മുവിന്റെ കൂടെയെങ്കിലും എനിക്ക് കുറച്ചുനാൾ ചെലവഴിക്കണം. ഈയൊരു വട്ടം കൂടിയെ ഞാൻ എന്റെ പ്രവാസ ജീവിതത്തിലേക്ക് മടങ്ങി പോവുകയുള്ളൂ.. അടുത്ത വട്ടം ലീവിന് വരുന്നതോടുകൂടി ഞാൻ എന്റെ പ്രവാസജീവിതം ഉപേക്ഷിക്കാൻ തീരുമാനിച്ചിരിക്കുകയാണ് മാധവേട്ടാ… മടുത്തു തുടങ്ങി എനിക്കും ഈ അകൽച്ച.”

അവരുടെ വാക്കുകൾ അയാൾക്ക് അല്പം ആശ്വാസം നൽകുന്നതായിരുന്നു.

“ഇനി രണ്ടുവർഷം കൂടി കാത്തിരിക്കാൻ എനിക്ക് വയ്യ സിന്ധു…” അയാൾ അവരുടെ കൈ മുറുകെ പിടിച്ചു.

“ഇത്രയും നാൾ നമ്മൾ ഈ ജീവിതവുമായി പൊരുത്തപ്പെട്ടില്ലേ?ഇനി രണ്ടുവർഷം കൂടി എങ്ങനെയെങ്കിലും സഹിച്ചേ പറ്റൂ… നമുക്ക് വേണ്ടി…. നമ്മുടെ മക്കൾക്ക് വേണ്ടി.. അശ്വതിയുടെ കല്യാണത്തിന് വേണ്ടി ഞാൻ അവിടെ നിന്ന് കുറച്ചു തുക കടം വാങ്ങിയിട്ടുണ്ട് പിന്നെ അമ്മുവിന് വേണ്ടിയും എന്തെങ്കിലും ഒക്കെ സ്വരു കൂട്ടി വയ്ക്കണം. രണ്ടു വർഷത്തോടെ നമ്മുടെ ബാധ്യതകൾ എല്ലാം തീരും.എല്ലാ ഉത്തരവാദിത്തങ്ങളും ഇറക്കി വെച്ച് ഉള്ളതുകൊണ്ട് ഇനിയുള്ള കാലമെങ്കിലും നമുക്ക് സമാധാനത്തോടെ കഴിയണം മാധവേട്ട…” ദുഃഖത്തോടെയാണെങ്കിലും അയാളും അത് ശരി വെച്ചു.

കല്യാണം എല്ലാം ഗംഭീരമായി തന്നെ നടന്നു. തന്റെ മകൾ പടിയിറങ്ങുമ്പോൾ ഇരുവരും വേദനയോടെ അവളെ യാത്രയാക്കി.3രണ്ടാഴ്ച കഴിഞ്ഞതും തന്റെ ഭാര്യയെ അതിലും വേദനയോടെയാണ് അയാൾ പറഞ്ഞുവിട്ടത്. കൺമുന്നിൽ നിന്ന് മറയൂവോളം അയാൾ അവരെ തന്നെ നോക്കി നിന്നു. എയർപോർട്ടിൽ നിന്ന് തിരികെ വീട്ടിൽ എത്തുമ്പോൾ ഏതോ മരണവീട്ടിൽ എത്തിയ പ്രതീധിയായിരുന്നു അയാൾക്ക്.എങ്ങും തന്റെ ഭാര്യയുടെ ഓർമ്മകൾ അയാളെ വേട്ടയാടി കൊണ്ടിരുന്നു. ആ വീട്ടിൽ വീണ്ടും മൗനം തളം കെട്ടിനിന്നു. രാത്രിയായതും അയാൾക്ക് ആകെ ശ്വാസം മുട്ടുന്നത് പോലെ തോന്നി തലയിണയിൽ മുഖം അമർത്തി കൊണ്ട് അയാൾ നിശബ്ദമായി തേങ്ങിക്കരഞ്ഞു.

അങ്ങനെ രണ്ടു വർഷങ്ങൾ കടന്നു പോയി.അവരുടെ വരവിനായി അയാൾ ദിവസങ്ങൾ എണ്ണി കാത്തിരുന്നെങ്കിലും ജോലി ചെയ്യുന്ന വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി വിസയുടെ കാലാവധി നീട്ടേണ്ടി വന്നു. പക്ഷേ ദൈവനിശ്ചയം മറ്റൊന്നായിരുന്നു അയാൾ ആഗ്രഹിച്ചിരുന്ന നേരത് തന്നെ അവർ അയാളെ കാണാൻ എത്തി.

പക്ഷേ ഈ കുറി അയാൾ വീട് മോടി പിടിപ്പിച്ചില്ല.അവർക്ക് വേണ്ടി ആടകളും ആഭരണങ്ങളും ഒരുക്കി കാത്തു വെച്ചില്ല. പകരം തനിക്ക് തന്ന വാക്ക് തെറ്റിച്ചല്ലോ എന്ന പരിഭവത്തോടെ അവരെ ഒരു നോക്കുപോലും കാണാൻ കൂട്ടാക്കാതെ ഉമ്മറക്കോലയിൽ വെള്ള പുതച്ചു കിടന്നു.

“മാധവേട്ടാ നമ്മുടെ ബാധ്യതകൾ എല്ലാം തീർന്നു മാധവേട്ട….മാധവേട്ടന്റെ
കൂടെ ഇനിയുള്ള കാലം ജീവിക്കാൻ ഓടി വന്നത ഞാൻ.. കണ്ണുതുറന്ന് എന്നെ ഒന്നു നോക്കു മാധവേട്ട.. എന്നെ തനിച്ചാക്കി പോകല്ലേ..”

അയാളുടെ ജീവനറ്റ ശരീരം കെട്ടിപ്പിടിച്ച് അവർ നിലവിളിക്കുമ്പോൾ കണ്ടുനിന്ന ഏവരുടെയും കണ്ണുകൾ ഈറനണിഞ്ഞു. അയാൾ മാത്രം അപ്പോഴും യാതൊരു അനക്കവുമില്ലാതെ തണുത്തു മരവിച്ചു കിടന്നു.

Leave a Reply

Your email address will not be published. Required fields are marked *