സംശയം
എഴുത്ത്:-ഭാഗ്യലക്ഷ്മി. കെ. സി
അവൻ ബാൽക്കണിയിൽ നിന്നാണ് വിളിക്കുന്നത്. വീഡിയോകോൾ ചെയ്യുമ്പോൾ അവന്റെ റൂമും വരാന്തയും ചെടികളും എല്ലാം സ്ഥിരമായി അവൾ കാണാറുണ്ട്.
അവൻ പറഞ്ഞു:
എന്റെ പിറകിൽ ആരോ ഉണ്ട്. സ്ഥിരമായി ആരോ എന്നെ ഫോളോ ചെയ്യുന്നുണ്ട്. എനിക്ക് പേടിയാകുന്നു…
അവൾ ചിരിച്ചു.
ആര്? ആരാണ് നിന്നെ ഫോളോ ചെയ്യുന്നത്? നീ ആരാണ്? എന്തിനാണ് നിന്നെ ഫോളോ ചെയ്യുന്നത്?
അവൾ പിന്നെയും പൊട്ടിപ്പൊട്ടി ചിരിച്ചു. അവനു വല്ലായ്മ തോന്നി. അവൻ പിന്നീട് പലപ്പോഴും അവളോട് അതേക്കുറിച്ച് ഒന്നും പറയാതെയായി. പക്ഷേ ഇടക്കൊക്കെ അവൾ ചോദിക്കും:
ഇപ്പോൾ ആരോ പിറകേ വരുന്നുണ്ടെന്ന സംശയമൊക്കെ മാറിയോ?
അവൻ മനഃപ്പൂർവം ആ വിഷയത്തിൽ നിന്നും ഒഴിഞ്ഞുമാറും.
രഹന ഡിഗ്രി കഴിഞ്ഞ് പിജി അഡ്മിഷൻ എടുത്തതേയുള്ളൂ. സിറിൾ ഒരു ഓഫീസിൽ പി ആർ ഓ ആയി ജോലിക്ക് കയറിയിട്ട് രണ്ട് വർഷമായി.
ഒരു ദിവസം അവർ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവന്റെ പിറകിൽ ഒരു നിഴൽ പെട്ടെന്ന് മാറിയതായി അവൾക്കു തോന്നി. രഹന ചോദിച്ചു:
ആരാണ് സിറിളിന്റെ പിറകിൽ നിൽക്കുന്നത്?
സിറിൾ തിരിഞ്ഞുനോക്കി. അവൻ പറഞ്ഞു:
ആരും ഇല്ലല്ലോ..
രഹന ചോദിച്ചു:
ഇപ്പോൾ എന്താ ഭയം ഒന്നും ഇല്ലാത്തത്?
എന്താ എന്നെ ടെസ്റ്റ്ചെയ്തതാണോ?
അല്ല, എനിക്ക് ശരിക്കും തോന്നി.. ആരോ അങ്ങോട്ടേക്ക് നീങ്ങിയതുപോലെ..
സിറിൽ ഫോൺവെച്ചിട്ട് കർട്ടന് പിറകിലും മറ്റു മുറികളിലും എല്ലാം ഒന്ന് നോക്കിയിട്ട് വന്നേ…
മുമ്പ് ആ വിഷയം സംസാരിക്കുമ്പോൾ സിറിളിന്റെ കണ്ണിൽ കണ്ടിരുന്ന ഭയം വീണ്ടും രഹന അവന്റെ കണ്ണിൽ നിഴലിച്ചു കണ്ടു. അവൻ പെട്ടെന്ന് തന്നെ ഫോൺ താഴെ വെച്ച് എല്ലായിടവും പരിശോധിച്ചു. രഹന എല്ലാം കാണുന്നുണ്ടായിരുന്നു. ക൪ട്ടന് പിറകിലും ടോയ്ലറ്റിലും എല്ലായിടത്തും പരിശോധിച്ചുനോക്കി, അവൻ മറ്റു സ്ഥലവും നോക്കാൻപോയി. കിച്ചണിൽ പോയി പരിശോധിച്ചിട്ട് വന്നു. കിച്ചണിൽ പോയ പ്പോഴാണ് ബാൽക്കണിയിൽ നിന്നും ഒരുത്തൻ ഗ്രിൽസ്പിടിച്ചു പുറത്തേക്ക് ഇറങ്ങുന്നത് അവളുടെ ശ്രദ്ധയിൽപെട്ടത്. അത് അപ്പോൾത്തന്നെ അവൾ റെക്കോർഡ് ചെയ്തു. അത് അവന് അയച്ചുകൊടുത്തു.
ആ രംഗം കണ്ട് സിറിൾ ആകെ ഭയന്നുപോയി.
അതാരാണ്? അവൾ ചോദിച്ചു.
സിറിൾ പറഞ്ഞു:
ഞാൻ എവിടെയോ കണ്ടിട്ടുണ്ട്.. പക്ഷെ എനിക്ക് ശരിക്കും അറിയില്ല.
ഇത്രയും കാലം സിറിൾ പറയുമ്പോൾ ഞാൻ വിശ്വസിച്ചിരുന്നില്ല…എനിക്ക് അന്നൊക്കെ തമാശ തോന്നിയിരുന്നു. പക്ഷെ ഇനിമേലിൽ ശരിക്കും സൂക്ഷിക്കണം… രഹനക്കും വല്ലാത്ത പേടി തോന്നിത്തുടങ്ങി.
എന്തിനായിരിക്കും സിറിളിനെ അന്വേഷിച്ച് ഒരാൾ അവന്റെ ഫ്ലാറ്റിൽ വരുന്നത്? അതും ഇത്രയും നാളുകളായി അവനെ പിന്തുടരുന്നത്? അവനെ അപായപ്പെടുത്താൻ ആണോ സിറിൾ അവനോട് എന്തെങ്കിലും ദ്രോഹം ചെയ്തിട്ടുണ്ടോ.. അതോ സിറിളിനെക്കുറിച്ച് കൂടുതലായി എന്തെങ്കിലും അറിയാൻ ആണോ…
അടുത്ത ദിവസം രഹന അവനോട് പറഞ്ഞു:
നമുക്ക് ഒന്ന് പുറത്തുവെച്ച് കാണാം. എനിക്ക് കുറച്ചുകാര്യങ്ങൾ ചോദിക്കാനും പറയാനും ഉണ്ട്. അവൻ സമ്മതിച്ചു. അവർ പാ൪ക്കിൽവെച്ച് കണ്ടുമുട്ടി. ഈ വിഷയത്തെക്കുറിച്ച് അവർ കൂടുതലായി ഡിസ്കസ് ചെയ്തു.
എത്രയും പെട്ടെന്ന് നീ പോലീസ് സ്റ്റേഷനിൽ പോയി ഒരു പരാതി എഴുതി ക്കൊടുക്കണം.
ഏയ്, അതിന്റെ ആവശ്യമൊന്നുമില്ല.
നിനക്ക് വല്ലതും സംഭവിച്ചാൽ? അവനെന്തിനായിരിക്കും നിന്റെ പിറകേയിങ്ങനെ നടക്കുന്നത്?
മോഷണമാണ് ഉദ്ദേശമെങ്കിൽ ഒരുപ്രാവശ്യംകൊണ്ടുതന്നെ അവൻ അതിന് ശ്രമിക്കണമായിരുന്നു.
ഇനി വല്ല കാമറയും വെച്ചിട്ടുണ്ടാവുമോ, നിന്നെ ബ്ലാക്മെയിൽ ചെയ്യാൻ..
ഏയ്, ഞാൻ മുറിമുഴുവൻ അരിച്ചുപെറുക്കി നോക്കി. ഒന്നും കണ്ടില്ല.
എന്നാൽ ഒരു കാര്യം ചെയ്യ്, നീയൊരു ക്യാമറ ആ ബാൽക്കണിയിൽ വെക്ക്. അവനതു വഴി വരാനിടയായാൽ നിനക്കവന്റെ മുഖവും കിട്ടും, പോലീസ് സ്റ്റേഷനിൽ കൊടുക്കാൻ ഒരു തെളിവുമാകും, അവനെന്താ അവിടെനിന്നും കൊണ്ടുപോകുന്നത് എന്നുമറിയാലോ..
രഹന പറഞ്ഞ ഐഡിയ സിറിലിന് ബോധിച്ചു. അവനത് സമ്മതിച്ചു. രണ്ടുപേരും പിരിയാനൊരുങ്ങുമ്പോൾ ഒരാൾ എതിരേവന്ന് ചോദിച്ചു.
സിറിളല്ലേ?
അവനതേയെന്നു പറയുമ്പോഴേക്കും രഹനയുടെ മുഖം വിളറിയിരുന്നു. അവൾ സിറിലിന്റെ കൈപിടിച്ചമ൪ത്തി, സൂചന കൊടുത്തു. സിറിൾ അവളോട് ആംഗ്യം കാണിച്ചുചോദിച്ചു, എന്താ?
ഇതവനാ…
അവൾ മറുപടിയും ആംഗ്യത്തിലാക്കി. സിറിൾ അവനുനേരെ തിരിഞ്ഞതും അവൻ സിറിലിന്റെ കൈപിടിച്ച് പറഞ്ഞു:
നിങ്ങളുടെ കൂടെ സിനിമാതീയേറ്ററിൽ ഉണ്ടായിരുന്നു മൂന്നുമാസം മുമ്പൊരിക്കൽ ഞാൻ. എന്റെ പേഴ്സ് വീണുപോയി. നിങ്ങളുടെ തൊട്ടടുത്ത സീറ്റിലായിരുന്നു ഞാൻ. അവിടെ നിന്നും പേഴ്സ് തുറന്നുനോക്കിയത് എനിക്ക് ഓ൪മ്മയുണ്ട്. പുറത്തിറങ്ങി നോക്കിയപ്പോൾ കാണാതെവന്നതും അപ്പോൾത്തന്നെ തീയേറ്ററിലെ മാനേജരോട് പറഞ്ഞിരുന്നു. അവർ പരിശോധിച്ചപ്പോൾ അതിനകത്ത്നിന്ന് കിട്ടിയതുമില്ല. പിന്നീട് അന്വേഷണമായി. അതിനകത്ത് വിലപിടിച്ച പല രേഖകളുമുണ്ടായിരുന്നു.
നിങ്ങളുടെ ഫ്ലാറ്റിൽ മൂന്ന് പ്രാവശ്യം വന്നു ഞാൻ. അലമാരയും മേശവലിപ്പുമെല്ലാം പരിശോധിച്ചു. ഒന്നും കിട്ടിയില്ല.
ഇന്നൊരാൾ എന്നെ അന്വേഷിച്ച് ഓഫീസിൽ വന്ന് എല്ലാം തിരിച്ചേൽപ്പിച്ചു. പണത്തിന് അത്യാവശ്യംവന്ന് അതിലുള്ള പണമെടുത്ത് ചിലവഴിച്ചതിനാലാണ് പേഴ്സ് മടക്കിത്തരാൻ വൈകിയത് എന്നും പറഞ്ഞു.
അവൻ കൈകൊടുത്ത് പിരിയാൻനേരം രഹന ദീ൪ഘശ്വാസമെടുത്തുകൊണ്ട് പറഞ്ഞു:
നന്മയുള്ള കള്ളൻ..
മൂവരും പൊട്ടിച്ചിരിച്ചു.