ഇത്രയും കാലം ഒരു മാറ്റവും ഇല്ലാത്ത ആൾക്ക് പെട്ടെന്ന് ഒരു മാറ്റം ഉണ്ടാകില്ല എന്ന് എനിക്കറിയാമായിരുന്നു അതുകൊണ്ടുതന്നെ വരില്ല എന്ന് ഞാൻ തീർത്തു പറഞ്ഞു അതോടെ……

എഴുത്ത്:- ഇഷ

“” എന്നാലും എന്റെ ശോഭേ നിന്റെ കെട്ടിയവൻ നശിക്കുന്നത് നീ കാണുന്നില്ലേ അത് കണ്ടിട്ടും നിന്റെ മനസ്സിന് യാതൊരു മാറ്റവും ഇല്ലെന്ന് പറഞ്ഞാൽ കരിങ്കല്ല് ഇതിനേക്കാൾ ഭേദമാണല്ലോടി!!””

ഒരു കല്യാണത്തിന് പോയതും വകയിലെ ഒരു അമ്മായിയുടെ വക ഉപദേശമാണ്.

“” എന്റെ കെട്ടിയവൻ കു ടിച്ച് നശിക്കുന്നതിന് അമ്മായിയ്ക്ക് അത്രയ്ക്ക് ദണ്ണം ഉണ്ടെങ്കിൽ ഒരു കാര്യം ചെയ്യ് അങ്ങേരെ നേരെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയി ഉപദേശിച്ചു നേരെയാക്കാൻ നോക്ക്!! എനിക്കെന്തായാലും അതിന് സമയമില്ല!!””

അതും പറഞ്ഞ് അവിടെ നിന്ന് ഇറങ്ങി നടക്കുമ്പോൾ അഹങ്കാരി എന്ന പേര് വീണിരുന്നു..

ഇത്രയും കാലം ഗൾഫിൽ പോയി സമ്പാദിച്ച കെട്ടിയവന്റെ പൈസ മുഴുവൻ ഊറ്റി നാട്ടിലേക്ക് വന്നപ്പോൾ ഉപേക്ഷിച്ചവൾ!! അതാണ് നാട്ടിൽ തനിക്കുള്ള ഇപ്പോഴത്തെ പേര്!!!

ആരോടും ഒരു മറുപടിയും കൊടുക്കാൻ നിന്നില്ല ആര് എന്തെങ്കിലും പറഞ്ഞിട്ട് പോകട്ടെ എന്ന് കരുതി.. എന്റെ സത്യങ്ങൾ എനിക്കറിയാം എന്റെ കുട്ടികൾക്കും…

പ്രീഡിഗ്രി കഴിഞ്ഞപ്പോഴാണ് സത്യേട്ടന്റെ ആലോചന വരുന്നത് ദുബായിലാണ് വേറെ പ്രാരാബ്ദങ്ങൾ ഒന്നുമില്ല എന്നറിഞ്ഞപ്പോൾ പിന്നെ എല്ലാവർക്കും സമ്മതമായിരുന്നു അങ്ങനെ ആ വിവാഹം നടന്നു..

ആദ്യം ഒന്നും വലിയ കുഴപ്പം ഉണ്ടായിരുന്നില്ല, കിട്ടുന്നത് വലിയ പങ്ക് അയാൾ അവിടെ തന്നെ ചെലവഴിക്കും ബാക്കിയുള്ള തുച്ഛമായ തുക മാത്രമേ നാട്ടിലേക്ക് അയച്ചിരുന്നുള്ളൂ അതിൽ നിന്ന് മിച്ചം വെച്ച് നാട്ടിലെ എല്ലാ കാര്യങ്ങളും ഒരുവിധം നടത്തിയെടുത്തു.

പഴയ വീട് പുതുക്കിപ്പണിതു അതിന്റെ ചിലവ് താങ്ങാൻ കയ്യിലുള്ള സ്വർണാഭരണങ്ങൾ കൂടി എടുക്കേണ്ടി വന്നു.. എങ്കിലും അത് സത്യേട്ടന്റെ പേരിലുള്ളതാണല്ലോ എന്നായിരുന്നു ആശ്വാസം വളർന്നുവരുന്ന ഒരു പെൺകുട്ടി തനിക്കും ഉണ്ട് അവളെ നാളെ കൈപിടിച്ചു കൊടുക്കണമെങ്കിൽ നല്ലൊരു വീട് വേണം അതുകൊണ്ടാണ് ഇന്ന് തന്നെ അത് ശരിയാക്കാൻ നോക്കിയത്.

ഇനി അവൾക്കുള്ളത് മേടിച്ചു വച്ചാൽ മതിയല്ലോ അയക്കുന്നതിൽ നിന്ന് മിച്ചം വെച്ച് സ്വർണ്ണക്കുറിയിൽ ചേർന്ന് ഓരോ വളയും മാലയും ആയി ചെറുതെങ്കിലും അവൾക്കുള്ളത് വാങ്ങി വെച്ചിരുന്നു.. തയ്യലും പാല് വില്പനയും ആയി എന്റെ വഴിക്കും ഞാൻ സമ്പാദിച്ചു..

ഇതിനിടയിലാണ് ഗൾഫിലെ ജോലി പോയി സത്യേട്ടൻ നാട്ടിൽ വരുന്നത് അവിടെ നിന്ന് പണം ഏത് രീതിക്കാണ് ചെലവായിരുന്നത് എന്ന് നാട്ടിൽ വന്ന് കുറച്ചുനാൾ നിന്നപ്പോൾ മനസ്സിലായി ഒരു മുഴു കു ടിയൻ ആയിരുന്നു അയാൾ.. വന്നപ്പോൾ കയ്യിൽ ധാരാളം പൈസ ഉണ്ടായിരുന്നതുകൊണ്ട് കൂട്ടുകാർക്ക് പഞ്ഞമില്ലായിരുന്നു എല്ലാവരും കൂടി വീട്ടിനുള്ളിൽ വന്നിരുന്നു കുടിക്കും ആദ്യം ഒന്നും ഞാൻ ഒന്നും പറഞ്ഞിരുന്നില്ല പിന്നീട് അത് സ്ഥിരമായപ്പോൾ മുഖം കറുപ്പിക്കാൻ തുടങ്ങി.

ഒടുവിൽ എന്നെ ധിക്കരിക്കാൻ തുടങ്ങി നാട്ടുകാരോടും മുഴുവൻ ഇപ്പോൾ ഞാൻ ജോലിയില്ലാത്തതുകൊണ്ട് അവൾ എനിക്ക് സമാധാനവും സ്വസ്ഥതയും തരുന്നില്ല എന്നയാൾ പറഞ്ഞു പരത്തി എല്ലാവരും അത് വിശ്വസിച്ചു കാരണം ഇടയ്ക്ക് ഒന്നോ രണ്ടോ മാസം നാട്ടിൽ വന്ന് നിൽക്കുമ്പോൾ സ്നേഹത്തോടെ കഴിഞ്ഞിരുന്ന ഞങ്ങൾക്കിടയിൽ ഇപ്പോൾ വിള്ളൽ വന്നതിന്റെ കാരണം അയാളുടെ കയ്യിൽ പൈസ ഇല്ലാത്തതുകൊണ്ടാണെന്ന് ആൾക്കാർ അങ്ങ് വിധിയെഴുതി.

വരുമാനം എല്ലാം നിലച്ചപ്പോൾ അടുത്ത ഒരു കമ്പനിയിലേക്ക് ജോലിക്ക് പോകാൻ തുടങ്ങി അല്ലെങ്കിൽ ഇനി പട്ടിണി കൂടി കിടക്കേണ്ടി വരും എന്ന് അറിയാമായിരുന്നു മകൾക്ക് വാങ്ങിയ സ്വർണം അയാൾ നശിപ്പിക്കാ തിരിക്കാൻ ഭദ്രമായി അത് ലോക്കറിൽ വെച്ചിരുന്നു.. കാരണം കു ടിക്കാൻ ഇതിനകം പശുവിനെ അയാൾ വിറ്റു..

ഒരു ദിവസം കമ്പനിയിൽ പോയി തിരികെ വന്നപ്പോൾ ഞാൻ കാണുന്നത് പുറത്ത് ബാത്റൂമിന് പുറകിൽ പതുങ്ങി നിൽക്കുന്ന എന്റെ സ്വന്തം മകളെയാണ്.. അവളുടെ ഡ്ര സ്സ് എല്ലാം കീറി പറഞ്ഞിരുന്നു അത് കണ്ടതും എന്റെ ഉള്ളിലൂടെ ഒരു കൊള്ളിയാൻ മിന്നി പോയി..

“” എന്താ മോളെ എന്തുപറ്റി എന്ന് ചോദിച്ചതും അവൾ ആദ്യം ഒന്ന് ഞെട്ടി പിന്നെ ഞാനാണെന്ന് കണ്ടതും എന്നെ കെട്ടിപ്പിടിച്ച് ഉറക്കെ കരയാൻ തുടങ്ങി!!

അച്ഛന്റെ കൂടെ ക ള്ള് കുടിക്കാൻ വന്ന ആളാണ് അമ്മേ എന്നെ അടുക്കളയിൽ കയറി, പിടിക്കാൻ നോക്കിയത്.. ഒച്ച വച്ചപ്പോൾ എന്റെ വായ പൊത്തിപ്പിടിച്ചു..
ഡ്ര സ്സ് എല്ലാം വലിച്ച് കീറി ഒടുവിൽ, അയാളുടെ കയ്യിൽ ഞാൻ ഉറക്കെ കടിച്ചു അപ്പോൾ അയാൾ കൈ വിട്ടു.. പിന്നെ അവിടെക്കിടന്ന ചപ്പാത്തി പരത്തുന്ന കോലെടുത്ത് അയാളുടെ ദേഹത്തേക്ക് ആഞ്ഞടിച്ചാണ് ഞാൻ ഓടി രക്ഷപ്പെട്ടത്!!!

അത് കേട്ടതും നിയന്ത്രിക്കാൻ പറ്റാത്ത അത്ര ദേഷ്യം എനിക്ക് തോന്നി സ്വന്തം മകളെ സംരക്ഷിച്ചു നിർത്തേണ്ട അച്ഛൻ തന്നെ അവളെ ന ശിപ്പിക്കാൻ വേണ്ടി വഴിയൊരുക്കുന്നു ഇതൊന്നും സഹിക്കാനുള്ള ക്ഷമ എനിക്കില്ലായിരുന്നു അതുകൊണ്ടുതന്നെ അങ്ങോട്ടേക്ക് കയറിച്ചെന്നു.. എല്ലാവരെയും അവിടെനിന്ന് അടിച്ചോടിച്ചു.. എന്നിട്ട് എന്റെ മക്കളെയും വിളിച്ച് അവിടെ നിന്ന് പോന്നു അതിനുശേഷം അയാൾ പറഞ്ഞു പരത്തിയത് അതായിരുന്നു കയ്യിൽ പണം ഇല്ലാതായപ്പോൾ അയാളെ കറിവേപ്പില പോലെ ഞങ്ങൾ ഉപേക്ഷിച്ചു എന്ന്..
എല്ലാം വിശ്വസിച്ച് ഞങ്ങളുടെ കുറ്റവും കുറവും കണ്ടെത്തി പുതിയ കഥകൾ മെനയാൻ നാട്ടുകാർ മത്സരിച്ചു.

എനിക്ക് അ വിഹിതം ഉണ്ട് സത്യേട്ടൻ ഗൾഫിൽ നിന്ന് നാട്ടിലേക്ക് വന്നപ്പോൾ അത് നടക്കാതെ ആയതിന്റെ ദേഷ്യത്തിന് ആണത്രേ ഞാൻ അയാളെ ഉപേക്ഷിച്ചു മക്കളെയും കൂട്ടി പോന്നത്..

പിന്നെയും കേട്ടിരുന്ന ഓരോ കഥകൾ ഒന്നും ഞാൻ കാര്യമാക്കിയില്ല ഒരു ചെവിയിൽ കൂടി കേട്ട് മറു ചെവിയിൽ കൂടി വിട്ടു ഇതിനിടയ്ക്ക് കുറെ തവണ അയാൾ ഒത്തുതീർപ്പിനായി വന്നിരുന്നു വീണ്ടും അയാളുടെ വീട്ടിലേക്ക് കുഞ്ഞുങ്ങളെയും കൊണ്ട് മടങ്ങിച്ചെല്ലണം എന്ന് പറയാൻ..

ഇത്രയും കാലം ഒരു മാറ്റവും ഇല്ലാത്ത ആൾക്ക് പെട്ടെന്ന് ഒരു മാറ്റം ഉണ്ടാകില്ല എന്ന് എനിക്കറിയാമായിരുന്നു അതുകൊണ്ടുതന്നെ വരില്ല എന്ന് ഞാൻ തീർത്തു പറഞ്ഞു അതോടെ അയാളുടെ ഭാവം മാറി എല്ലാവരുടെയും മുന്നിൽ വച്ച് എന്നെ വായിൽ വന്നതെല്ലാം വിളിച്ചുപറഞ്ഞു വാടകയ്ക്ക് ഞാൻ എടുത്ത വീട്ടിൽ വന്ന് അയാൾ തന്നിഷ്ടം കാണിച്ചപ്പോൾ എനിക്ക് ദേഷ്യം വന്നു എന്റെ മകനും മകളും ഞാനും ചേർന്ന് അയാളെ അവിടെ നിന്ന് ഇറക്കി വിട്ടു..

പിന്നെയും അയാൾ ഓരോ ദ്രോഹത്തിന് വന്നിരുന്നു കു ടിച്ച് മക്കളുമായി വഴിയിൽ നിന്നെല്ലാം അയാൾ വഴക്കിട്ടു അവർ എല്ലാം സഹിച്ചു എന്റെ അരികിൽ വന്ന് പരാതി പറഞ്ഞു നാട്ടുകാർ മൊത്തം ഞങ്ങളെ കുറ്റപ്പെടുത്താൻ തുടങ്ങി എല്ലാത്തിനും കാരണം ഞങ്ങൾ തന്നെയാണെന്ന് അവരങ്ങ് വിധിയെഴുതി..

ഒടുവിൽ കു ടിച്ചു കു ടിച്ച് അയാൾ ആ വീട്ടിൽ തന്നെ കിടന്നു മരിച്ചു കുറെ കഴിഞ്ഞ് ദുർഗന്ധം വന്നപ്പോഴാണ് നാട്ടുകാർ വിവരം അറിഞ്ഞത്.. അവർ പോലീസിൽ അറിയിച്ചു എല്ലാ ഫോർമാലിറ്റീസും കഴിഞ്ഞ് കുറച്ചുദിവസം കഴിഞ്ഞപ്പോൾ ഞങ്ങളോട് അവിടെ താമസിക്കാൻ ഇനി നിങ്ങൾക്ക് ആണ് അവകാശം എന്ന് അധികൃതർ പറഞ്ഞിരുന്നു..

ഞാൻ മക്കളെയും കൂട്ടി അങ്ങോട്ടേക്ക് ചെന്നു. കാരണം വാടക കൊടുത്ത് അവരുടെ പഠിപ്പും കൂടി താങ്ങാൻ എന്നെ കൊണ്ട് സാധിക്കുന്നില്ലായിരുന്നു അയാളെ ഭയപ്പെട്ടിട്ടാണ് ഞങ്ങൾ വാടക വീട്ടിലേക്ക് മാറിയത്..

ആളുകൾ മുറു മുറുത്തു അതൊന്നും കേട്ടില്ല എന്ന് നടിച്ചു ആ വീട്ടിൽ വലതുകാൽ വച്ച് കയറുമ്പോൾ എനിക്ക് യാതൊരു മനസ്താപവും തോന്നിയില്ല കാരണം അയാൾ ഞങ്ങൾക്ക് അയച്ചുതരുന്ന തുച്ഛം പൈസയിൽ നിന്ന് ഞങ്ങളുടെ ചെലവ് അരിഷ്ടിച്ച് മിച്ചം പിടിച്ചാണ് ഈ വീട് ഈ നിലയിൽ ആക്കിയത് പോരാത്തതിന് എന്റെ അച്ഛൻ എനിക്കായി തന്ന സ്വർണവും ഇതിന്റെ പേരിൽ ഞാൻ വിറ്റിട്ടുണ്ട്..

നാട്ടുകാർ പിന്നെയും ചൊറിയാൻ വന്നു പക്ഷേ അതിനെല്ലാം തക്ക മറുപടി എന്റെ മക്കൾ തന്നെ കൊടുത്തിരുന്നു അവർക്കറിയാം എന്റെ അവസ്ഥ.

അല്ലെങ്കിലും നാട്ടുകാർക്ക് അവർ മെനഞ്ഞെടുക്കുന്ന കഥ പറയാനാണ് താല്പര്യം. സത്യം എന്താണെന്ന് അവർ അന്വേഷിക്കാറില്ല അവരുടെ മനസ്സിനെ തൃപ്തിപ്പെടുത്തുന്ന തരത്തിൽ അവർ എല്ലാം വളച്ചൊടിക്കും എന്നിട്ട് അത് അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞുകൊണ്ട് നടക്കും ഒരിക്കലും ഇവരെയൊന്നും നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല അത് ഒരു ചെവിയിൽ കൂടി കേട്ട് മറു ചെവിയിൽ കൂടി കളഞ്ഞ് നമ്മുടെ കാര്യം നോക്കി ജീവിക്കുക എന്നല്ലാതെ!!!