ഇതിപ്പോൾ എന്നോട് പറഞ്ഞതിരിക്കട്ടെ. വേറെ ആരോടും നീ പോയി ഇമ്മാതിരി വർത്തമാനം പറയരുത്. അവരാരും വിശ്വസിക്കില്ലെന്ന് മാത്രമല്ല നിനക്ക് കണക്കിന് കിട്ടുകയും ചെയ്യും.

_upscale

എഴുത്ത്:-അപ്പു

” വീണേ.. നമുക്ക് ഇന്നൊന്നു പുറത്തേക്ക് പോയാലോ..?”

വിനുവിന്റെ ചോദ്യം കേട്ടപ്പോൾ, തുണി അലക്കുകയായിരുന്ന അവൾ അവനെ തലയുയർത്തി നോക്കി.

“ഇന്നോ..? “

അവൾ വല്ലായ്മയോടെ ചോദിച്ചു.

“അതെ.ഇന്ന് തന്നെ. അതാകുമ്പോൾ വൈകുന്നേരം ഒരു സിനിമയും കണ്ട്, ഒന്ന് കറങ്ങി നമുക്ക് വരാം.”

അവൻ അവളെ പ്രോത്സാഹിപ്പിച്ചു. അവൾ ഒരു താല്പര്യമില്ലാത്തത് പോലെ തലകുലുക്കി. പക്ഷേ ഉള്ളിന്റെയുള്ളിൽ അവൾ സന്തോഷിക്കുകയായിരുന്നു.

അല്ലെങ്കിലും ഭർത്താവിനോടൊപ്പം പുറത്ത് പോകാനുള്ള അവസരം കിട്ടിയാൽ ഏത് പെണ്ണാണ് അത് വേണ്ടെന്ന് വെയ്ക്കുക..?

തുണി അലക്കുന്നത് കഴിഞ്ഞു അവൾ അടുക്കളയിലേക്ക് കയറി. അവിടെ അവളെയും പ്രതീക്ഷിച്ചു എന്നപോലെ അവളുടെ അമ്മായിയമ്മ നിൽപ്പുണ്ടായിരുന്നു.

” നീയും അവനും കൂടി എവിടെ പോകുന്നുണ്ടെന്നാ പറഞ്ഞത്..? “

ദേഷ്യത്തോടെ അവർ അന്വേഷിച്ചു.

” അത് അമ്മേ.. ഒന്ന് പുറത്തു പോകാം എന്ന് ഏട്ടൻ പറഞ്ഞിട്ടുണ്ട്.”

അവൾ പറഞ്ഞപ്പോൾ അവർ രൂക്ഷമായി അവളെ നോക്കി.

” അവൻ എന്തെങ്കിലും പറഞ്ഞാൽ ഉടനെ അത് ചാടി കയറി സമ്മതിക്കാൻ നിന്നോട് ആരാ പറഞ്ഞത്..? ആ ചെറുക്കന്റെ പൈസ എങ്ങനെയൊക്കെ നശിപ്പിച്ചു കളയണം എന്നൊരു ചിന്ത മാത്രമേ നിനക്കുള്ളൂ. അല്ലെങ്കിൽ പിന്നെ അവൻ വന്നു പറഞ്ഞാൽ ഉടനെ അതങ്ങ് സമ്മതിക്കുമോ..? ഇന്നിപ്പോൾ പുറത്തേക്ക് എന്ന് പറഞ്ഞു പോയാൽ നിങ്ങൾ കണ്ടടം മുഴുവൻ കറങ്ങി പുറത്തു നിന്ന് ആഹാരവും കഴിച്ചിട്ട് അല്ലേ വരുള്ളൂ.. എത്ര രൂപയാണ് ആ വഴിക്ക് ചിലവാകുന്നത് എന്നറിയാമോ..? അതു മാത്രമോ ഇവിടെ വച്ച് ഉണ്ടാക്കി വച്ചിരിക്കുന്നതൊക്കെ ഇനി നാളെ എടുത്ത് കുഴിയിൽ കളയണം.ഇത് പൈസ കൊടുക്കാതെ കിട്ടില്ലല്ലോ.. എത്ര രൂപയുടെ നഷ്ടമാണ് നിന്റെ ഈ ഒരു തീരുമാനം കൊണ്ടുണ്ടാകുന്നത് എന്ന് നീ മറക്കരുത്.. “

ഒരു ഭീഷണി പോലെ അവർ പറഞ്ഞപ്പോൾ അവൾ ആകെ പെട്ട അവസ്ഥയിലായി.

ആ സമയത്ത് തന്നെയാണ് വിനു അവിടേക്ക് വന്നത്.

” നിങ്ങളൊന്നു പുറത്തു പോകുന്നുണ്ട് അല്ലേ..”

അത്രയും സമയം ഉണ്ടായിരുന്ന രൗദ്രഭാവം അഴിച്ചു വച്ച് പുഞ്ചിരിയോടെ അവർ അന്വേഷിച്ചു. അതിനു മറുപടിയായി വിനു പുഞ്ചിരിച്ചു.

“മോള് പറഞ്ഞിരുന്നു.. വല്ലപ്പോഴും ഇങ്ങനെ പുറത്തു പോകുന്നതൊക്കെ നല്ലതാണ്. അച്ഛൻ ഉണ്ടായിരുന്ന സമയത്ത് എന്നെ എവിടെയും കൊണ്ടു പോയിട്ടില്ല. കല്യാണം കഴിഞ്ഞതിനു ശേഷം ഞാൻ ആകെ കണ്ടിട്ടുള്ളത്, നിങ്ങളുടെ അച്ഛന്റെ വീടും എന്റെ വീടും മാത്രമാണ്. എന്റെ വീട്ടിലേക്ക് പിന്നെ എന്തെങ്കിലും വിശേഷം ഉള്ളപ്പോഴാണ് പോകുന്നത്. ഇപ്പോഴത്തെ പോലെ പറഞ്ഞാൽ ഉടനെ വീട്ടിലേക്ക് കൊണ്ടുപോവുകയും ഒന്നുമില്ല.”

അന്നത്തെ ഓർമ്മയിൽ അവർ കണ്ണ് നിറച്ചു. അത് കണ്ടപ്പോൾ വീണയും വിനുവും വല്ലാതായി.

” ഞങ്ങൾ ഇന്ന് എവിടേക്കും പോകുന്നില്ല അമ്മേ. എനിക്ക് കുറച്ച് പണികൾ കൂടി ബാക്കിയുണ്ട്. അത് മാത്രമല്ല ഇന്ന് നമ്മൾ പോയാൽ ശരിയാവില്ല. ഇവിടെ ചിക്കൻ ഒക്കെ വച്ചിട്ടുണ്ടല്ലോ. ഞങ്ങൾ പോയി കഴിഞ്ഞാൽ അതൊക്കെ വേസ്റ്റ് ആണ്.. “

അത്രയും പറഞ്ഞു ആരുടെയും മുഖത്ത് നോക്കാതെ വീണ അകത്തേക്ക് കയറിപ്പോയി. അത് കണ്ടപ്പോൾ വിനു അവളെയും അമ്മയെയും മാറിമാറി നോക്കി.

” നിങ്ങൾ പോകുന്നില്ലെങ്കിൽ അമ്മയെ വൈകുന്നേരം ഒന്ന് ക്ഷേത്രത്തിലേക്ക് കൊണ്ടു പോകണേ മോനെ.. എന്താണെന്ന് വെച്ചാൽ നിങ്ങൾ ആലോചിച്ചിട്ട് ചെയ്താൽ മതി.. “

അവർ പറഞ്ഞപ്പോൾ അവൻ അവരെ ഒന്ന് നോക്കിക്കൊണ്ട് മുറിയിലേക്ക് പോയി.

” നീയെന്താടി വരുന്നില്ല എന്ന് പറയുന്നത്..? നേരത്തെ ഞാൻ ചോദിച്ചപ്പോൾ നിനക്ക് വലിയ താല്പര്യക്കുറവ് ഒന്നും ഉണ്ടായിരുന്നില്ലല്ലോ.. “

മുറിയിലേക്ക് ചെന്ന ഉടനെ വിനു അന്വേഷിച്ചു.

“ഒന്നുമില്ല. എനിക്ക് പുറത്തു പോകാൻ ഒരു മൂഡ് ഇല്ല .”

അവന്റെ മുഖത്ത് നോക്കാതെ അവൾ പറഞ്ഞു. കൂടുതലൊന്നും പറയാതെ ദേഷ്യത്തോടെ അവൻ പുറത്തേക്കു പോയി.

പിറ്റേന്ന് ആകെ വിഷമത്തിൽ ടെറസിൽ നിൽക്കുന്ന വീണയെ കണ്ടു അയൽക്കാരി സുജ അവളെ വിളിച്ചു.

” വീണേ.. നീയെന്താ മോളെ ഇങ്ങനെ നിൽക്കുന്നത്..? “

അവർ ചോദിച്ചപ്പോൾ അവൾ തെളിച്ചമില്ലാതെ ഒരു പുഞ്ചിരി നൽകി.

” ഒന്നുമില്ല.. “

പതിഞ്ഞ ശബ്ദത്തിൽ അവൾ പറയുന്നത് കേട്ടപ്പോൾ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്ന് അവർക്ക് തോന്നി.

” കാര്യം എന്താണെങ്കിലും മോള് തുറന്നു പറയൂ..നിന്നെ ഞാൻ എന്റെ സ്വന്തം മകളെപ്പോലെ തന്നെയാണ് കണ്ടിരിക്കുന്നത്. അതുകൊണ്ടാണ് ചോദിക്കുന്നത്. എന്തെങ്കിലും പ്രശ്നമുണ്ടോ മോളെ..? “

അവർ ചോദിക്കുന്നത് കേട്ടപ്പോൾ അവളുടെ കണ്ണ് നിറഞ്ഞു.

” പ്രശ്നം.. എന്റെ ജീവിതം മുഴുവൻ പ്രശ്നമല്ലേ ചേച്ചി.. “

നിർവികാരതയോടെ അവൾ പറഞ്ഞപ്പോൾ സുജയ്ക്ക് എന്തൊക്കെയോ സംശയം തോന്നി.

” മോൾ കാര്യം എന്താണെന്ന് വെച്ചാൽ തെളിച്ചു പറയൂ.. “

അവർ നിർബന്ധിച്ചപ്പോൾ അവൾ ഓരോന്നായി പറഞ്ഞു തുടങ്ങി.

” എനിക്കിവിടെ ഒരു അuടിവസ്ത്രം വാങ്ങാനുള്ള സ്വാതന്ത്ര്യം പോലും ഇല്ല ചേച്ചി. ഞാൻ എന്തെങ്കിലും പുതിയത് വാങ്ങി കഴിഞ്ഞാൽ ഞാൻ എല്ലാം വാങ്ങി ഏട്ടന്റെ പൈസ നശിപ്പിക്കുന്നു എന്ന് പറഞ്ഞ് അമ്മ എന്നെ ചീiത്ത പറയും. ചിലപ്പോൾ അതൊക്കെ എടുത്തു കൊണ്ടു പോയി അലമാരയിൽ പൂട്ടി വയ്ക്കുകയും ചെയ്യും. സത്യം പറഞ്ഞാൽ എന്ത് ചെയ്യണം എന്ന് എനിക്ക് അറിയുന്നില്ല.. “

അവൾ പറഞ്ഞത് കേട്ട് സുജ അതിശയത്തോടെ അവളെ നോക്കി.

“നീ ഇത് ആരെക്കുറിച്ചാ പറയുന്നത്..? ശാരദ ചേച്ചിയെ കുറിച്ചോ.. ഈ നാട്ടിൽ ഇത്രയും സാധുവായ ഒരു സ്ത്രീ ഉണ്ടോ എന്ന് തന്നെ സംശയമാണ്. ഇന്നു വരെ നിന്നെക്കുറിച്ച് ആവശ്യമില്ലാത്ത ഒരു വാക്കു പോലും അവർ പറഞ്ഞിട്ടില്ല. മരുമകളെ ഇത്ര കാര്യമായി നോക്കുന്ന ഒരു അമ്മായിയമ്മമാരും ഈ നാട്ടിൽ ഉണ്ടാവില്ല. എന്നിട്ടും അവരെക്കുറിച്ച് ഇങ്ങനെ ദുഷിപ്പ് പറയാൻ നിനക്ക് എങ്ങനെ തോന്നുന്നു..? “

ദേഷ്യത്തോടെ സുജ ചോദിച്ചപ്പോൾ നിസ്സഹായതയോടെ അവൾ അവരെ നോക്കി.

” ഇതിപ്പോൾ എന്നോട് പറഞ്ഞതിരിക്കട്ടെ. വേറെ ആരോടും നീ പോയി ഇമ്മാതിരി വർത്തമാനം പറയരുത്. അവരാരും വിശ്വസിക്കില്ലെന്ന് മാത്രമല്ല നിനക്ക് കണക്കിന് കിട്ടുകയും ചെയ്യും. “

ഒരു ഭീഷണി പോലെ പറഞ്ഞുകൊണ്ട് സുജ നടന്നു പോയി.

അത് കണ്ടപ്പോൾ ഒരു കാര്യം വീണയ്ക്ക് ഉറപ്പായി. ഈ നാട്ടിൽ ഒരാളും താൻ പറയുന്നതൊന്നും വിശ്വസിക്കില്ല. കാരണം മറ്റുള്ളവർക്ക് മുന്നിൽ അത്രയും ക്ലീൻ ഇമേജാണ് തന്റെ അമ്മായി അമ്മയ്ക്ക്.

മറ്റൊരാളുടെ മുന്നിൽ വച്ച് തന്നെ അനാവശ്യമായി ഒന്ന് ചീiത്ത പറയുക പോലും ഇല്ല. എല്ലാവരുടെയും മുന്നിൽ അവർ സ്നേഹനിധിയായ അമ്മായി അമ്മയാണ്. പക്ഷേ അവരുടെ സ്വഭാവം എന്താണെന്ന് തനിക്ക് അല്ലേ അറിയൂ..

എന്തൊക്കെ വന്നാലും തനിക്ക് ജീവിച്ചേ മതിയാകൂ. അതിന് എന്തെങ്കിലും ഒരു വഴി കണ്ടുപിടിക്കേണ്ടത് അത്യാവശ്യമാണ്.

അവൾ മനസ്സിൽ ഉറപ്പിച്ചു.

പിറ്റേന്ന് വീണ വിനുവിനോട് ഒരു കാര്യം പറഞ്ഞു.

” നമുക്ക് ഇന്നൊന്ന് പുറത്തു പോകാം. ബീച്ചിലേക്ക്.. ഒരു ഐസ്ക്രീം ഒക്കെ കഴിച്ച് തിരികെ പോരാം..”

അവൾ പറഞ്ഞപ്പോൾ അവൻ അവളെ തുറിച്ചു നോക്കി.

” ഇത് എന്റെ ഐഡിയ ആണെന്ന് ആരോടും പറയണ്ട. ഏട്ടൻ പോയി ഇത് അമ്മയോട് പറയൂ.. “

അവൾ പറഞ്ഞപ്പോൾ അവൻ അവളെ ഒന്നു നോക്കി.

“ഏട്ടന്റെ നോട്ടത്തിന്റെ അർത്ഥമൊക്കെ എനിക്ക് മനസ്സിലായി. ചേട്ടൻ ഊഹിച്ചത് തന്നെയാണ് കാര്യങ്ങൾ. അന്ന് അമ്മ പറഞ്ഞിട്ടാണ് ഞാൻ വരുന്നില്ല എന്ന് പറഞ്ഞത്.”

തലകുനിച്ചുകൊണ്ട് അവൾ പറഞ്ഞപ്പോൾ അവന് കാര്യങ്ങളൊക്കെ മനസ്സിലായി.

” എനിക്ക് ഇതിനെക്കുറിച്ച് ആദ്യം തന്നെ സംശയമുണ്ടായിരുന്നു. നീ ഇത് നേരത്തെ പറഞ്ഞിരുന്നെങ്കിൽ മുൻപ് തന്നെ നമുക്ക് ഇതിന് പരിഹാരം കണ്ടുപിടിക്കാമായിരുന്നു.”

അവൻ അവളെ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചു.

“എന്തായാലും നീയൊരു ആഗ്രഹം പറഞ്ഞതല്ലേ..? നീ പോയി റെഡിയായിക്കോ..”

അവൻ പറഞ്ഞപ്പോൾ അവൾക്ക് അമ്മയെ ഓർത്ത് ചെറിയൊരു ഭയം തോന്നി. അത് മനസ്സിലാക്കിയത് പോലെ അവൻ നിർബന്ധിച്ചു അവളെ റെഡിയാവാൻ വിട്ടു.

രണ്ടുപേരും പുറത്തു പോകാൻ തയ്യാറായി വന്നപ്പോഴാണ് അമ്മ അവരെ കാണുന്നത്.

“നിങ്ങൾ എങ്ങോട്ടാ..?”

അവർ അന്വേഷിച്ചു.

” ഞങ്ങൾ രണ്ടാളും കൂടി ഒന്ന് പുറത്തു പോകുന്നുണ്ട്. “

മറുപടി പറഞ്ഞത് വിനു ആയിരുന്നു. അത് കേട്ടപ്പോൾ അവർ വീണയെ നോക്കി. അത് ശ്രദ്ധിക്കാത്ത പോലെ നിൽക്കുകയായിരുന്നു വീണ.

“എന്നിട്ട് നിങ്ങൾ ഇത് ഇപ്പോഴാണോ പറയുന്നത്..? എവിടെയെങ്കിലും പോകുന്നുണ്ടെങ്കിൽ അത് നേരത്തെ പറയാനുള്ള ഒരു മര്യാദയെങ്കിലും കാണിക്കേണ്ടേ..?”

അവർ ദേഷ്യത്തോടെ ചോദിച്ചു.

“ഞങ്ങൾ പോകുന്നതിനു മുൻപ് അമ്മയോട് പറയുന്നുണ്ടല്ലോ.. പിന്നെ തയ്യാറാവുന്നതിനു മുൻപ് പറഞ്ഞില്ല എന്നുള്ളത് ഒരു തെറ്റായിട്ട് എനിക്ക് തോന്നുന്നില്ല. ഞങ്ങൾ എന്തായാലും പുറത്തു പോയിട്ട് ആഹാരം ഒന്നും കഴിക്കാൻ പോകുന്നില്ല. ഇവിടെ വന്നിട്ടേ ആഹാരം കഴിക്കൂ. അപ്പോൾ പിന്നെ ആഹാരം വേസ്റ്റ് ആയി എന്ന് പറയില്ലല്ലോ. പിന്നെ ഭാര്യയും ഭർത്താവും കൂടി പുറത്തു പോകുന്നതിന് ആരോട് അനുവാദം ചോദിക്കാനാണ്..?”

വിനു പറഞ്ഞപ്പോൾ അവർ മറുപടിയില്ലാതെ നിന്നു.

” പിന്നെ ഈ വക അഭ്യാസങ്ങളൊക്കെ പഴയ അമ്മായിയമ്മ പോരാണ് കേട്ടോ. അതൊക്കെ മാറ്റി മരുമകളെ മകളെ പോലെ കാണാൻ ശ്രമിക്കുക.. “

അത്രയും പറഞ്ഞു വീണയെയും ചേർത്തുപിടിച്ചു കൊണ്ട് വിനു ആ വീടിന്റെ പടികൾ ഇറങ്ങി.

അത് നോക്കി നിൽക്കുമ്പോൾ വീണയ്ക്ക് ഇനിയെന്ത് പണി കൊടുക്കാം എന്ന് ആലോചിക്കുകയായിരുന്നു അവർ…!

Leave a Reply

Your email address will not be published. Required fields are marked *