ഇച്ചായൻ കരുതുന്നത് പോലെ കെയർ ഹോമെന്നു വെച്ചാൽ നാട്ടിലെ വൃദ്ധമന്ദിരം  ഒന്നുമല്ല. ലക്ഷങ്ങൾ കൊടുത്താണ് അഡ്മിഷൻ എടുക്കുന്നത്.   ത്രീ സ്റ്റാർ ഫെസിലിറ്റീസ് ഉണ്ട്…….

എന്റെ അപ്പൻ

Story written by Jainy Tiju

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…

” ഇച്ചായനൊന്നും പറഞ്ഞില്ല? “

എബിക്കുട്ടന്റെ ശബ്ദം വേറേതോ ലോകത്ത് നിന്നും വരുന്നത് പോലെയാണ് എനിക്ക് തോന്നിയത്.

” ഇച്ചായൻ കരുതുന്നത് പോലെ കെയർ ഹോമെന്നു വെച്ചാൽ നാട്ടിലെ വൃദ്ധമന്ദിരം  ഒന്നുമല്ല. ലക്ഷങ്ങൾ കൊടുത്താണ് അഡ്മിഷൻ എടുക്കുന്നത്.   ത്രീ സ്റ്റാർ ഫെസിലിറ്റീസ് ഉണ്ട് ഓരോ റൂമിലും.  പിന്നെ ഈ യുകെ യിലെ കെയർ ഹോമുകളിൽ മുഴുവൻ നേഴ്‌സ്മാർ മലയാളിപ്പിള്ളേരാ.  സ്വന്തം മക്കളെപ്പോലെ നോക്കും അവർ. “

“മക്കളെപ്പോലെ അല്ലെ, മക്കളാവില്ലല്ലോടാ. “

” ഇച്ചായാ,  ഞാൻ പറയുന്നത് ഒന്നു മനസ്സിലാക്കാൻ ശ്രമിക്ക്.  അവളിപ്പോ നല്ല ഒരു പൊസിഷനിലാണ്. ഇപ്പോ അപ്പനെ നോക്കാനായി ജോലി കളയുക എന്നൊക്കെ പറയുന്നത് മണ്ടത്തരമല്ലേ.  പിന്നെ,ലീവെടുക്കാമെന്നു വെച്ചാൽ തന്നെ ഇതിപ്പോ എത്ര നാളാണെന്നു വെച്ചാ…. “

അവൻ പകുതിയിൽ നിർത്തി. 

” ഓ. ഒന്നു മരിച്ചു കിട്ടണ്ടേ എന്ന് അല്ലെ. ” എനിക്ക് വല്ലാതെ ദേഷ്യം വന്നു തുടങ്ങിയിരുന്നു. 

” എടാ, അമ്മച്ചി മരിക്കുമ്പോൾ എനിക്ക് പതിനാറും നിനക്കു പത്തുമായിരുന്നു പ്രായം.  അപ്പൻ അന്ന് ഗൾഫിൽ നല്ല പൊസിഷനിലുമായിരുന്നു. അതെല്ലാം വേണ്ടെന്ന് വെച്ചിട്ട്  അപ്പൻ ഈ മലമൂട്ടിൽ വന്നു കിടന്നത് നമ്മളെ  വല്ല അനാഥാലയത്തിലോ ബോർഡിങ് സ്കൂളിലോ വിടാൻ അറിയാഞ്ഞിട്ടല്ല, മനസ്സില്ലാഞ്ഞിട്ടാ. “

എന്റെ ശബ്ദം ഉയർന്നത് കൊണ്ടോ നെറ്റ്‌വർക്ക് പോയതാണോ കോൾ കട്ടായി.

എട്ടുവർഷം മുൻപാണ് അവനും ഭാര്യ സുജയും  പിള്ളേരും കൂടെ വന്നിട്ട് പപ്പായെ  കൂടെ യുകെ യിലേക്ക്  കൊണ്ടുപോയത്.  അന്ന് കുട്ടികൾ ചെറുതായിരുന്നു.  അതുവരെ അവരോടൊപ്പം സുജയുടെ അപ്പനും അമ്മയും ഉണ്ടായിരുന്നു.  അവർ നാട്ടിൽ പോരണമെന്നു നിർബന്ധം പിടിച്ചപ്പോഴാണ് എബി  പുതിയ ഐഡിയയുമായി വന്നത്. ഞങ്ങളുടെ പപ്പായെ കൊണ്ടുപോകാമെന്ന്.  എബിക്കും സുജക്കും ജോലിക്ക് പോകണമെങ്കിൽ കുട്ടികളെ നോക്കാൻ വീട്ടിലൊരാൾ അത്യാവശ്യം ആണ്. അവർ നാട്ടിൽ വന്നിട്ട് എന്തൊക്കെ വാദങ്ങളായിരുന്നു.

” ഒറ്റത്തടിയായി ജീവിക്കുന്ന ഇച്ചായന്‌ എത്ര നാൾ പപ്പായെ നോക്കാൻ പറ്റും?  പെട്ടെന്നെന്തെങ്കിലും വയ്യാതായാൽ  ഇച്ചായൻ ഒറ്റയ്ക്ക് എന്തുചെയ്യാനാ.  അവിടെ ആണെങ്കിൽ ഞാനും സുജയും ഉണ്ടല്ലോ എല്ലാ കാര്യങ്ങൾക്കും.  ” എന്നു അവന്റെ വക. 

സുജയുടെ വേറൊരു തരം സമീപനം ആയിരുന്നു. 

” ഇച്ചായാ, ഞങ്ങളുടെ മക്കൾ  വല്ലുപ്പച്ചന്റെ സ്നേഹവും സംരക്ഷണവും അറിഞ്ഞു വളരണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നത് തെറ്റാണോ. പപ്പാക്കും കാണില്ലേ ഈ പ്രായത്തിൽ കൊച്ചുമക്കളെയും താലോലിച്ചു ജീവിക്കാൻ കൊതി.  ഒരു കല്യാണം കഴിക്കാൻ പറഞ്ഞാൽ ഇച്ചായനൊട്ട് കേൾക്കത്തുമില്ല. “

അവിടെ എന്റെ നാവടഞ്ഞു.  ചങ്കുപറിച്ചു സ്നേഹിച്ച പെണ്ണിനെ നഷ്ടപ്പെട്ടതിൽ പിന്നെ മറ്റൊരു പെണ്ണ് വേണമെന്ന് തോന്നിയിട്ടില്ല. ഇനിയിപ്പോ ഈ പ്രായത്തിൽ ഒട്ടും വേണ്ട.  പോകുന്ന കാര്യം ചോദിച്ചപ്പോൾ പപ്പായുടെ മറുപടി ഒരു ചിരിയായിരുന്നു. 

” കുറെ കാലമായി നീ പുഴുങ്ങിത്തരുന്ന കപ്പയും കാച്ചിലും ചമ്മന്തിയുമല്ലേ തിന്നുന്നെ.  ഇനി ഞാൻ കുറച്ചു ബ്രെഡ് ടോസ്റ്റും സാൻവിച്ചുമൊക്കെ കഴിച്ചു നോക്കട്ടെടാ ഉവ്വേ. ” എന്നും പറഞ്ഞു.

അപ്പനെന്നും അങ്ങനെയായിരുന്നു. എന്തും ഒരു ചിരിയോടെ നേരിടും.  പണ്ട് മണ്ണിനോടും കാലാവസ്ഥയോടും എതിരിടാൻ ഇറങ്ങിയപ്പോഴും ഈ ചങ്കുറപ്പും പതറാത്ത ചിരിയുമായിരുന്നു കൈമുതൽ എന്ന് പറയും എപ്പോഴും. 

എയർപോർട്ടിൽ വെച്ചു നിറയുന്ന കണ്ണു ഞാൻ കാണാതിരിക്കാൻ വീണ്ടും എന്തൊക്കെയോ തമാശകൾ പറഞ്ഞു പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു. 

എട്ടുവർഷം.  ഇതിനിടയിൽ അവർ  രണ്ടാഴ്ചത്തെ ലീവിന് വന്നപ്പോൾ പപ്പായും വന്നു. 

” ഇനി പോണോ പപ്പാ? ” എന്ന ചോദ്യത്തിന്, ” അവര് ജോലിക്ക് പോകുമ്പോൾ കുഞ്ഞുങ്ങൾ ഒറ്റക്കല്ലേട.  ” എന്ന്..അപ്പന് അവരോടു ഒരു ഉത്തരവാദിത്തം വന്നപോലെ.

അന്ന് സന്തോഷത്തോടെ പോയ ആളാണ്.  കുറച്ചു ദിവസങ്ങളായി ചില ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു.  എങ്കിലും സ്വന്തം കാര്യങ്ങൾ നോക്കുമായിരുന്നു.  കഴിഞ്ഞാഴ്ചയാണ് എല്ലാത്തിനും പരസഹായം വേണം എന്ന അവസ്ഥ വന്നത്.  അപ്പോഴാണ് അവർ അപ്പനെ കെയർഹോമിലേക്ക് മാറ്റാൻ തീരുമാനിച്ചത്.  അവർക്ക് രണ്ടുപേർക്കും ലീവെടുക്കാൻ പറ്റില്ല.  മാറിമാറി ജോലി അഡ്ജസ്റ്റ് ചെയ്തുകൂടെ എന്ന് ചോദിച്ചപ്പോൾ അതും ബുദ്ധിമുട്ടാണ്. പ്രത്യേകിച്ച് കുട്ടികളുടെ കാര്യം കൂടെ ഇവർ നോക്കേണ്ട സാഹചര്യത്തിൽ.

എനിക്കാകെ ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി.  ഞാനുടനെ അവനെ തിരിച്ചു വിളിച്ചു. 

” എബിക്കുട്ടാ.നീ ഇപ്പോൾ ജോലിയിലാണോ?   ” എന്റെ ശബ്ദത്തിന്റെ കനം കേട്ടാണോ എന്തോ അവന്റെ ശബ്ദം പതിഞ്ഞിരുന്നു. 

” അതേ. എന്നതാ ഇച്ചായാ? “

” എവിടെ ആണെങ്കിലും ഏറ്റവും അടുത്ത ഫ്ലൈറ്റിൽ പപ്പായെ നീ ഇവിടെ എത്തിക്കണം. ഞാൻ നോക്കിക്കോളാം. എനിക്ക് എന്റെ അപ്പൻ ഒരിക്കലും ബാധ്യതയാവില്ല.  “

” അതിപ്പോ ഇച്ചായാ,  ഫ്രണ്ട്‌സ് ആരെങ്കിലും ഈയടുത്ത് നാട്ടിൽ വരുന്നുണ്ടോ എന്ന് നോക്കട്ടെ. ” അവന്റെ വാക്കുകളിൽ ഒരു  ആശ്വാസം പോലെ. 

” ഫ്രണ്ട്‌സ് അല്ല, നീ… നീ തന്നെ വരണം അദ്ദേഹത്തെയും കൊണ്ട്.  കൊണ്ടു പോകാൻ വന്നപ്പോൾ നിനക്കും നിന്റെ പെമ്പ്രന്നോത്തിക്കും ഒക്കെ ലീവ് ഉണ്ടായിരുന്നല്ലോ.  ഇടത്തും വലത്തും കയ്യെപ്പിടിക്കാൻ നിന്റെ പിള്ളേരും.  ഇപ്പോ എന്നാ അവർക്കാർക്കും വല്ലുപ്പന്റെ സ്നേഹം വേണ്ടായോ?”

അവനൊന്നും മിണ്ടിയില്ല. 

പിന്നത്തെ ആഴ്ച മോർണിംഗ് ഫ്ലൈറ്റിനു പപ്പായെയും കൊണ്ട് അവനെത്തി.  ചിരിച്ചു കളിച്ചു അകത്തേക്ക് കയറിപ്പോയ അപ്പനെ വീൽ ചെയറിൽ തള്ളി ക്കൊണ്ട് വരുന്നത് കണ്ടപ്പോൾ ചങ്കിനകത്തൊരു കൊളുത്തിപ്പിടുത്തം.  വീൽചെയറിൽ മുന്നിലെത്തിയപ്പോൾ എന്താ പറയേണ്ടത് എന്നറിയാതെ ഒരു നിമിഷം ഞാൻ നിന്നു.

” ഞാൻ നിങ്ങളോട് പറഞ്ഞതല്ലേ നമുക്കീ കപ്പയും കാച്ചിലും മീനുമൊക്കെയേ പറ്റൂ എന്ന്. “

എന്റെ ഡയലോഗ് കേട്ട് ഒരു മിനിറ്റ് അന്താളിച്ച പപ്പാ കൈനീട്ടി എന്നെ കെട്ടിപ്പിടിച്ചു.  നിറഞ്ഞുവന്ന കണ്ണുകൾ പരസ്പരം കാണാതിരിക്കാൻ ഒരല്പനേരം കൂടെ ഞാൻ അപ്പനെ കെട്ടിപിടിച്ചു നിന്നു. 

വണ്ടിയിൽ പോരുമ്പോഴും അപ്പന്റെ മുഖം വാടിയിരുന്നു.

” എന്നാ അപ്പാ, ഇങ്ങെത്തിയില്ലേ ഇനിയും എന്നാത്തിനാ വിഷമിക്കുന്നെ?  ” എന്ന് ചോദിച്ചു ഞാൻ തോളിലൂടെ കയ്യിട്ടതും അപ്പന്റെ മറുപടി വന്നു.

” അതല്ലടാ. അവിടാരുന്നേൽ വല്ല മാലാഖക്കൊച്ചുങ്ങടേം മുഖം കണ്ടുണരേണ്ട ഞാനിനി ദിവസോം നിന്റെ മരമോന്ത കണ്ടോണ്ടിരിക്കണമല്ലോ എന്നോർക്കുമ്പോഴാ.. “

ഒരു സെക്കന്റിലെ നിശ്ശബ്ദതക്ക് ശേഷം ആദ്യം ചിരിച്ചത് എബിയായിരുന്നു.. പുറകെ മറ്റുള്ളവരും. 

” വയസ്സാംകാലത്ത് കിളവന്റെ ഓരോ പൂതിയെ ” എന്ന് പറഞ്ഞു ഞാനും ചിരിച്ചപ്പോൾ ഞാൻ വീണ്ടും തിരിച്ചറിയുകയായിരുന്നു, ഏത് മൂടിക്കെട്ടിയ അന്തരീക്ഷവും ഒരുനിമിഷം കൊണ്ട് അലിയിക്കാനുള്ള കഴിവുതന്നെയാണ് എന്നും എന്റെ അപ്പനെ വ്യത്യസ്തനാക്കുന്നതെന്ന്.