എഴുത്ത്:-സൽമാൻ സാലി
”ഉമ്മാ …ഇമ്മോയ് …..!!
രാവിലെ സ്കൂൾ ബാഗും തോളിലിട്ട് ഉമ്മാടെ അടുത്തേക്ക് ചെന്നതാണ് …
ഉമ്മ എന്റെ റെയ്മണ്ടിന്റെ നീല പാന്റ് കൊണ്ട് അലക്ക് കല്ല് തല്ലിപൊട്ടിക്കാനുള്ള ശ്രമത്തിലാണ് ….കുറെ കാലായിക്ക്ണ് ഇമ്മ ഈ തുണികൊണ്ട് കല്ല് തല്ലിപൊട്ടിക്കാൻ ശ്രമം തുടങ്ങീട്ട് ..
ഈ റെയ്മണ്ട് ന്റെ പാന്റ്..ന്ന് കേട്ടിട്ട് ഇങ്ങള് തെറ്റിദ്ധരിക്കണ്ട ….അത് വലിയ ബ്രാൻഡ് ഒന്നുമല്ല ……..രാമേട്ടന്റെ കടയിൽ നിന്നും തയ്പ്പിച്ച പാന്റ് ആണ് ..രാമന് ടെയ്‌ലർ ..രാമൻ ടെയ്‌ലർ എന്ന് പറഞ്ഞു പറഞ്ഞു റെയ്മണ്ട് ആയതാണ് ..
””ഉം ….ന്തെയ് …
”ഇങ്ങള് ഒരഞ്ചുറുപ്പിയ കൊണ്ടാ ടൈം ടേബിൾ വാങ്ങണം ..കണക്ക് മാഷ് അതില്ലാതെ ക്ളാസില് കയറ്റൂലാ …
”ഇപ്പെന്തിനാ അനക്ക് അഞ്ചുറുപ്പിയ ഇയ്യല്ലേ മിനിഞ്ഞാന്ന് മൂന്നുറുപ്പിയ വാങ്ങീട്ട്.. ന്തോ വാങ്ങിയത് ..?
ഉമ്മ പൈസ തരാനുള്ള ലക്ഷണം ഇല്ല ..
””അത് പിന്നെ ലസാഗു വാങ്ങാൻ അല്ലെ .അത് അന്ന് തന്നെ പൂരിപ്പിച്ചു മാഷ്ക്ക് കൊടുത്തു അയ്ന് ഇരുപത് മാർക് കിട്ടി …
””അ അത് പറഞ്ഞപ്പോഴാ ഓര്മ വന്നത് അടുത്താഴ്ച ഉസാഗേ ന്റെ പരീക്ഷ. ണ്ട് അയ്ന് പത്തുറുപ്പിയ ഫീസ് മാണം …
ചിരി വരാതെ മ്മാന്റെ മുഖത്ത് നോക്കി ഒരുവിധം പറഞ്ഞു ഒപ്പിച്ചു ..
””ഉം ഇയ്യിങ്ങനെ പരീക്ഷ എഴുതിയാല് വാപ്പാന്റെ കയ്യില് ശിഷ്ടം ഒന്നുമുണ്ടാവില്ല ട്ടാ ….ന്നും പറഞ്ഞു ഉമ്മ പാൽപൊടിന്റ അളുക്കിന്റെ അടിയില് നിന്നും നല്ല പച്ച കളറുള്ള അഞ്ചുറുപ്പിയ എടുത്ത് തന്നു ..
ഉമ്മാന്റെ കയ്യിന്ന് പൈസേം വാങ്ങി ഒരൊറ്റ ഓട്ടമാണ് ….ഇനി അടുത്ത സ്റ്റോപ്പ് കുറുപ്പേട്ടൻറെ കടയിലാണ് ..
രാവിലെ നല്ല ചന്ദനതിരിയൊക്കെ കത്തിച്ചു ചന്ദനകുറിയിട്ടു കടയിലിരിക്കുന്ന കുറുപ്പേട്ടനെ കാണുമ്പോൾ തന്നെ ഒരു സന്തോഷമാണ് ..
”കുറുപ്പേട്ടാ രണ്ട് ജ്യോതി അച്ചാർ ..!!
അഞ്ചുറുപ്പിയ കൊടുത്ത് രണ്ട് അച്ചാറും വാങ്ങി ബാക്കി നാലര ഉറുപ്പിയ കീശേല് ഇട്ട് ഒരൊറ്റ ഓട്ടമാണ് ..
വഴിയിൽ വച്ച ചങ്കുകൾ ഉണ്ടാപ്പിയും കൂറ വിനീതും കൂടെ ചേരും …….തടിച്ചു ഉണ്ടപോലെ ഉള്ള ഷാഫി പരിണമിച്ചു ഉണ്ടാപ്പിയും കൂറയെ പേടിയുള്ള വിനീത് കൂറ വിനീതും ആയതാണ് ….ന്റെ ചങ്കുകൾ ..
ഇടവഴിയിലൂടെ കമ്മ്യുണിസ്റ്റ് പച്ചയുടെ തലവെട്ടികൊണ്ട് നടന്നു .ജമീല താത്തയുടെ വീടിനു മുന്നിലെത്തിയാൽ ഒന്ന് നിക്കും ..ഉമ്മറത്ത് ആരുമില്ലെന്ന് കണ്ടാൽ ഓടിപോയി അഞ്ച് പത്ത് ചാമ്പ പറിച്ചു ഒരോട്ടമാണ് ….ജമീല താത്തയുടെ വീട് കണ്ണിൽ നിന്നും മാഞ്ഞാൽ മാത്രമേ ഓട്ടം നിർത്തൂ …
ചാമ്പയും തിന്ന് പിന്നേം നടത്തമാണ് ..
അങ്ങിനെ ചെയ്യാവുന്ന കുസൃതികൾ ഒക്കെ ചെയ്ത് നടക്കുമ്പോളാണ് കുഞ്ഞേക്കു ഏട്ടന്റെ കോമാങ്ങയിൽ കണ്ണ് പതിക്കുന്നത് ..
ഇടവഴിയിൽ പതുങ്ങി നിന്ന് ഒരു കോമാങ്ങയും എറിഞിട്ട് അവിടുന്നും ഓടും ..
ഹാ ..കോമാങ്ങയുടെ ചുന കയ്യിൽ പറ്റി അതിൽ നിന്നും ഒരു മണം വരാനുണ്ട് ന്റെ സാറേ ……വായില് വെള്ളം ചാടും അപ്പൊ തന്നെ …
ഒരു കല്ലിൽ കുത്തി മാങ്ങ മൂന്ന് കഷ്ണം ആക്കി വീതം വെക്കും ഇനിയാണ് മാസ്റ്റർ പീസ് ഐറ്റം .. ഒരു ജ്യോതി അച്ചാർ അവർക്ക് രണ്ട് പേർക്കും ഒന്ന് എനിക്കും ..അച്ചാർ പാക്കറ്റ് പൊളിച് കോമങ്ങ അതിൽ മുക്കി തിന്നുകൊണ്ട് സ്കൂൾ എത്തും .. നല്ല എരിവുള്ള അച്ചാറിൽ ഇളം മധുരമുള്ള കോമങ്ങ ….ഇപ്പൊഴും ണ്ട് ആ രുചി വായിൽ …
രണ്ട് പിരീഡ് കഴിഞ്ഞാൽ പിന്നെ ഇന്റർവെൽ ആണ് ..
ബെല്ലടി കേട്ടാൽ മതി ഇറങ്ങി ഓടും ആലിക്കന്റെ കടയിലേക്ക് ..
അൻപത് പൈസേടെ നാരങ വെള്ളവും പിന്നെ സര്ബത്തിന്റെ അളുകിന്റെ അടപ്പിൽ അളന്നു തരുന്ന അൻപത് പൈസയുടെ പട്ടാണി കടലയും തിന്ന് സ്കൂൾ ഗ്രൗണ്ടിലൂടെ ചുമ്മാ നടന്നും കളിക്കും …
പിന്നേം കാത്തിരിപ്പാണ് ….ഉമ്മനെ പറ്റിച്ചു അഞ്ചുറുപ്പിയ വാങ്ങിയത് തന്നെ അതിനാണ് ..പൊറോട്ട തിന്നാൻ
ഉച്ചക്ക് ചോറ് തിന്നാനുള്ള ബെല്ലടിച്ചാൽ ഇറങ്ങി ഓട്ടമാണ് …ഓട്ടം കണ്ടാൽ തോന്നും സ്കൂളിലെ എല്ലാരും ഉസൈൻ ബോൾടാണെന്ന് ..’
പ്ലാസ ഹോട്ടലിൽ എത്തിയപ്പോ എല്ലാ സീറ്റും ഫുൾ ആണ് ഒരു സീറ്റ് ഒഴിവുണ്ട് …കൈ കഴുകാൻ പോയാൽ സീറ്റ് കിട്ടൂല ….ന്ന് ഉറപ്പായപ്പോൾ കൈ കഴുകാതെ സീറ്റിൽ പോയിരിക്കും ..
”രമേഷേട്ടാ ….ഒരു പൊറോട്ടാ ..
നല്ല ചൂടുള്ള പൊറോട്ടയും അതിമ്മൽ. ഒഴിച്ച് തരുന്ന സാൽനയും ..രണ്ടുറുപ്പിയ ആണ് ഒരു പൊറോട്ടയും സാൽനയും കിട്ടും ……..അത് കഴിക്കാൻ വേണ്ടിയാണ് ഉമ്മാനോട് പലതും പറഞ്ഞു പൈസ ഒപ്പിക്കുന്നത് ..
പൊറോട്ടയും തിന്ന് പൈസേം കൊടുത്ത് മേശപ്പുറത്ത് നിന്ന് കുറച്ച ജീരകവും വായിലിട്ട് സ്കൂളിലെത്തിയാൽ ഓഫീസിനടുത്ത് നീണ്ട ലൈൻ ണ്ടാവും ..
സഞ്ചയ്കയിൽ പൈസ ഇടാൻ വേണ്ടി മോഹനൻ മാഷ് വരുന്നതും കാത്ത് കുറെയെണ്ണം ..ഓരിക്കൊന്നും പ്ലാസാ ഹോട്ടലിലെ പൊറോട്ടയുടെ രുചി അറിയാഞ്ഞിട്ട ….എനിക്കുമുണ്ട് ഒരു സഞ്ചയ്ക ..തുടങ്ങുമ്പോൾ ഇട്ട അഞ്ചുറുപ്പിയ അല്ലാണ്ട് മൂന്ന് കൊല്ലായിട്ട് അത് തൊട്ട് നോകീട്ടുപോലുമില്ല ….അല്ലെങ്കിലും അഞ്ചുറിപ്പിയ കിട്ടിയാ രണ്ടീസം പൊറോട്ട തിന്നാൻ നടക്കുന്ന ഞമ്മക്കെന്തിനാ സഞ്ചയ്ക ..
ബെല്ലടിച്ചു കണക്ക് മാഷ് വന്ന് കുറെ ലസാഗുവും ഉസാഘയും പറഞ്ഞു ശിഷ്ടം കിട്ടിയാൽ മൂപര് പോകും ..
ലാസ്റ്റ് പിരീഡ് എനിക്ക് എന്നും ഇഷ്ട്ടമാണ് ..
മലയാളം സെക്കൻഡ് ആണ് ….ടീച്ചർ പാഠം തുടങ്ങും മുൻപ് തന്നെ വായിച്ചു കണ്ണ് നിറഞ്ഞതാണ് എന്നാലും ടീച്ചർ വായിച്ചു തരുമ്പോൾ അതിന്റെ ഫീൽ ഒന്ന് വേറെ തന്നെയാണ് ..
ഉഷ ടീച്ചർ വന്ന് ബുക്ക് എടുക്കാൻ പറഞ്ഞു വായന തുടങ്ങി ..
നന്നെ ചെറുപ്പത്തിലാണ് വികൃതിരാമന്‍ മനയ്ക്കലെത്തിയത്.
അച്ഛന്‍നമ്പൂതിരിയുടെ തോട്ടത്തില്‍ ഒരു മരക്കൊമ്പില്‍ അവനും അമ്മയും ഇരിക്കുകയായിരുന്നു.
”ട്ടോ ‘..’..പെട്ടെന്ന് ഒരു കല്ല് വന്നു അമ്മയുടെ ദേഹത്ത് കൊണ്ടു ….അമ്മയ്ക്ക് നല്ലവണ്ണം വേദനിച്ചു അവനെ കൈ വിട്ട് അവൻ താഴേക്ക് വീണു ..
അച്ഛന്‍നമ്പൂതിരി അവനെയെടുത്തു വളര്‍ത്താന്‍ തീരുമാനിച്ചു. അവന്റെ കഴുത്തില്‍ മിനുസമുള്ള ഒരു ചരടുകെട്ടി. രാമൻ എന്ന് പേരിട്ടു ..മനയ്ക്കലെ ഉണ്ണികളായ വാസുവിനും നീലാണ്ടനും അവന്‍ കൂട്ടായി..
അടുക്കളയിൽ പപ്പടം കാച്ചുന്ന മണം അടിച്ചാൽ എങ്ങിനെയെങ്കിലും അവൻ അവിടെ എത്തും ….രണ്ട് പപ്പടം കയ്യിലാകും ….ഇത് കാണുന്ന ഉണ്ണിയുടെ ‘അമ്മ പറയും അശ്രീകരം ….എല്ലം അശുദ്ധമാക്കി ….വിവരം അച്ഛൻ നമ്പൂതിരിയുടെ കാതുകളിൽ എത്തും ..
അച്ഛൻ നമ്പൂതിരി അവനെ നോക്കി കൊണ്ട് പറയും വികൃതി ആണ് പടുവികൃതി അങ്ങനെ രാമൻ വികൃതി രാമനായി …
ടീച്ചറുടെ വായനിയിൽ മുഴുകി നിൽകുമ്പോൾ സ്കൂളിൽ ബെല്ലടിക്കും …
പിന്നെ ….ജയ ഹേ ..ജയ ഹേ ……ജയ .ജയ ..ജയ ..ജയ ഹേ എന്ന് മുഴുമിപ്പിക്കും മുൻപ് ബാഗും തോളിലിട്ട് ഒരോട്ടമാണ് …..
**************
ഇത് വായിച്ചിട്ട് ലൈക് അടിക്കാനും കമന്റ് അടിക്കാനും നിർബന്ധിപ്പിക്കില്ല ..വെറുതെ എഴുതി തുടങ്ങിയതാണ് പക്ഷെ ഇത് തീരും വരെ ഞാൻ ആ പഴയ സ്കൂൾ കുട്ടി ആയിരുന്നു …ഓർമകൾക്കെന്നും ….എന്തൊരു മധുരമാണ് ..