എഴുത്ത്:-അപ്പു
” ഹോ.. നാശം.. രാവിലെ തന്നെ ഗ്യാസും തീർന്നു. “
പിറുപിറുത്ത് കൊണ്ട് ശ്യാമ തലയ്ക്കു കൈ കൊടുത്തു.
അതും കേട്ട് കൊണ്ടാണ് രാജേഷ് അടുക്കളയിലേക്ക് കയറി വന്നത്.
” എന്താടീ രാവിലെ തന്നെ..? “
അടുക്കളയിലെ സ്ലാബിൽ ചായക്ക് പരതി കൊണ്ട് രാജേഷ് അവളോട് അന്വേഷിച്ചു. അതിന് മറുപടി ആയി അവൾ അവനെ തറപ്പിച്ചു നോക്കി.
പിന്നെ ഒന്നും പറയാതെ വീടിന്റെ പിൻവശത്തേക്ക് ഇറങ്ങി പോയി. അവളുടെ ഭാവമാറ്റത്തിൽ അവൻ പകച്ചു പോയി.
“ഇന്ന് ചായ ഒന്നുമില്ലേ..?”
അവൾ ഒരു കെട്ട് വിറകുമായി അകത്തേക്ക് കയറി വരുമ്പോൾ അവൻ ചോദിച്ചു. അത് കേട്ടതും വിറക് കെട്ട് ശക്തിയായി നിലത്തേക്ക് ഇട്ടു കൊണ്ട് അവൾ അവന്റെ നേരെ വന്നു.
” നിങ്ങളോട് ഞാൻ ഒരാഴ്ച മുന്നേ പറഞ്ഞതാണോ മനുഷ്യാ ഗ്യാസ് തീരാറായി. പുതിയ കുറ്റിക്ക് ബുക്ക് ചെയ്യാൻ പൈസ വേണം എന്ന്. “
അവൾ ഉറഞ്ഞു തുള്ളിക്കൊണ്ട് ചോദിക്കുമ്പോൾ അവൻ അറിയാതെ തലയാട്ടി.
” എന്നിട്ട് ആ പൈസ എവിടെ..? “
രണ്ട് കൈയും മാറിൽ കെട്ടി നിന്നു കൊണ്ട് അവൾ അന്വേഷിച്ചപ്പോൾ അവൻ അവളെ നോക്കി വളിച്ച ചിരി ചിരിച്ചു.
” ഞാൻ ചോദിക്കുമ്പോൾ മുഴുവൻ ഇന്ന് തരാം നാളെ തരാം എന്ന് പറഞ്ഞു പറഞ്ഞു ഇന്നിപ്പോ ദേ ഗ്യാസും തീർന്നു.ഇനി ഈ വിറക് അടുപ്പിൽ കിടന്ന് പുകയൂതി കത്തിച്ചു ആഹാരം ഒക്കെ എപ്പോ റെഡി ആക്കാനാ..? അതും കഴിഞ്ഞു വേണം എനിക്ക് പണിക്ക് പോവാൻ..! ഭാഗ്യം പോലെ പിള്ളേർ ഇന്ന് നേരത്തെ ചായയും കുടിച്ചു സ്കൂളിൽ പോയത് കൊണ്ട് ആ ഒരു പണി ഒഴിവായി.. “
അവൾ ഓരോന്ന് പറയുന്നുണ്ടെങ്കിലും അതിനോടൊപ്പം തന്നെ അവൾ ഓരോ പണികളായി ചെയ്യുന്നുമുണ്ട്.
” അതേയ്.. എന്റെ ചായ കിട്ടീല്ലാ.. “
അവൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞപ്പോൾ അവൾ അവനെ തറപ്പിച്ചു നോക്കി.പിന്നെ തിരിഞ്ഞ് അടുപ്പ് കത്തിക്കാനുള്ള ശ്രമം തുടർന്നു.
എത്രയൊക്കെ ശ്രമിച്ചിട്ടും അത് കത്താതെ ആയതോടെ അവൾക്ക് ദേഷ്യവും സങ്കടവും ഒക്കെ ഒന്നിച്ചു വന്നു.
” നാശം.. “
അവൾ പിറുപിറുത്തു.അവളുടെ അവസ്ഥ കണ്ട് അവന് സഹതാപം തോന്നുന്നുണ്ടായിരുന്നു.
“നീ ഇങ്ങനെ തിരക്കു പിടിക്കേണ്ട. എനിക്കുള്ള ചായ ഞാൻ വച്ചോളാം.”
അവൻ പറഞ്ഞപ്പോൾ അവൾ അവനെ ഒന്ന് നോക്കി.
” ചായയും വച്ച് ചോറുണ്ടാക്കി ഇവിടെ നിന്നാൽ മതിയോ.. ജോലിക്കൊന്നും പോകണ്ടേ..? “
അവൾ ചോദിച്ചപ്പോൾ അവൻ കണ്ണ് ചിമ്മി.
“ഇന്ന് പണിയില്ല. ഇന്നലെ രാത്രിയിൽ നല്ല രീതിയിൽ മഴ പെയ്തില്ലേ..? അപ്പോൾ ചുമര് മുഴുവൻ നനഞ്ഞു പോയെന്ന്.. അതുകൊണ്ട് ഇന്ന് ഇനി ബാക്കി പണി നടക്കില്ല. നല്ലൊരു വെയില് വന്ന് ചുമരൊക്കെ ഇനിയൊന്നു ഉണങ്ങിയാലേ അതിന്റെ മേളിലേക്ക് ബാക്കി കെട്ടാൻ പറ്റൂ..”
അവൻ പറഞ്ഞപ്പോൾ അവൾ നെടുവീർപ്പിട്ടു.
” ഇങ്ങനെ പോയാൽ എങ്ങനെയാണെന്ന് എനിക്ക് ഒരു ഊഹവും കിട്ടുന്നില്ല. ഈ മാസത്തിൽ ആകെ വിരലിലെണ്ണാവുന്ന ദിവസങ്ങളിൽ അല്ലേ ജോലിക്ക് പോയിട്ടുള്ളൂ. അതുകൊണ്ട് എന്താവാനാണ്..? വീട്ടിലെ ചെലവും പിള്ളേരുടെ ആവശ്യങ്ങൾക്ക് വേണ്ടിയും ഒക്കെ ആയിട്ട് നല്ലൊരു തുക ഓരോ മാസവും നമുക്ക് വേണം. ഈ മാസം എന്തായാലും ആകെപ്പാടെ കഷ്ടപ്പാടും ദുരിതവും തന്നെയാണ്. “
അവൾ സങ്കടം പറഞ്ഞപ്പോൾ അവനും അത് ഓർക്കാതിരുന്നില്ല.
“എന്തായാലും ഇന്ന് ജോലി ഇല്ലല്ലോ. ബാക്കിയൊക്കെ ഞാൻ ചെയ്തോളാം.നീ പോകാൻ നോക്ക്. ഇനി നീ വൈകി ചെന്നിട്ട് അവിടെ നിനക്ക് ഒപ്പ് കിട്ടാതെ ആവണ്ട.”
അവൻ പറഞ്ഞപ്പോൾ അവൾ വല്ലായ്മയോടെ അവനെ നോക്കി.എന്തൊക്കെ പറഞ്ഞാലും വീട്ടുപണികൾ അവനെക്കൊണ്ട് ചെയ്യിക്കുന്നത് അവൾക്ക് എതിർപ്പുണ്ടായിരുന്നു.
“നീ ആലോചിച്ചു നിൽക്കാതെ പോകാൻ നോക്കിയേ.ഇതിനു മുൻപും ഞാനിതൊക്കെ ചെയ്തിട്ടുള്ളതല്ലേ..?”
അവൻ പറഞ്ഞപ്പോൾ അവൾ കനൽ ഇല്ലാതെ കിടക്കുന്ന അടുപ്പിലേക്കും അവനെയും മാറിമാറി നോക്കി.
” എടി പൊട്ടി.. ഇന്നലെ മഴ പെയ്ത് ഈ വിറകു മുഴുവൻ നനഞ്ഞില്ലേ..? അതുകൊണ്ടാണ് ഇത് കത്താതെ ഇരിക്കുന്നത്. കുറച്ച് സമയം അടുപ്പ് കത്തിച്ച് കനലിന്റെ മുകളിൽ ഇത് എടുത്തു വച്ച് ഉണക്കിയാൽ എല്ലാം ശരിയാകും. ഇന്ന് ഇപ്പോൾ എനിക്ക് എവിടേക്കും പോകാനില്ലല്ലോ. അതുകൊണ്ട് സാവധാനം ഞാൻ ചെയ്തോളാം. “
അവൻ നിർബന്ധപൂർവ്വം അവളെ പറഞ്ഞു വിട്ടു.തൊഴിലുറപ്പിന്റെ പണിക്കാണ് അവൾ പോകുന്നത്.കൃത്യം 8:30 ക്ക് തന്നെ പോയി ഒപ്പിട്ടില്ലെങ്കിൽ അന്നത്തെ ദിവസം ജോലിക്ക് കയറാൻ പറ്റില്ല. പിന്നീട് ഉച്ചയ്ക്ക് ഒരു മണിക്ക് ഇറങ്ങാൻ കഴിയൂ.
അതു കഴിഞ്ഞാൽ കൃത്യം രണ്ടു മണിക്ക് തിരികെ ജോലിയിൽ കയറുകയും വേണം. പണി നടക്കുന്നത് അടുത്തു തന്നെയാണ്. അതുകൊണ്ട് ഉച്ചയ്ക്ക് വീട്ടിലേക്ക് വരാമെന്ന് ഒരു തോന്നലിലാണ് അവൾ ജോലിക്ക് പോയത്.
അവൾ ജോലിക്ക് പോയെങ്കിലും അവിടെ വച്ച് മുഴുവൻ അവളുടെ ചിന്ത വീടിനെ കുറിച്ചായിരുന്നു. രാജേഷ് കെട്ടിടം പണിക്കാരനാണ്. മാറി വന്ന കാലാവസ്ഥ അയാൾക്ക് ഇപ്പോൾ തീരെ ജോലിയില്ലാതെ ആക്കിയിട്ടുണ്ട്.
മുന്നോട്ടുള്ള ജീവിതത്തിനെ കുറിച്ച് ഓർക്കുമ്പോൾ പലപ്പോഴും പേടിയാണ്. ഓരോ ദിവസവും നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ തങ്ങളെ വലിയൊരു കടക്കെണിയിൽ കൊണ്ടു വന്നു ആക്കുമോ എന്ന് അവൾക്ക് എല്ലായിപ്പോഴും ഭയമുണ്ട്.
ഓരോന്ന് ഓർത്തിരുന്നു ഉച്ചയ്ക്കുള്ള ഉച്ചയ്ക്ക് ആഹാരം കഴിക്കാനുള്ള സമയമായത് അറിഞ്ഞില്ല.വീട്ടിലേക്ക് തിടുക്കത്തിൽ ഓടിയെത്തുകയായിരുന്നു അവൾ. കാരണം രാജേഷ് ആഹാരം ഉണ്ടാക്കാം എന്ന് സമ്മതിച്ചു എങ്കിലും, അത് ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നുള്ള കാര്യത്തിൽ അവൾക്ക് സംശയം ആയിരുന്നു. കാരണം അവൾ രാവിലെ പോരുമ്പോൾ ഉള്ള അവസ്ഥ അവൾക്ക് ഓർമ്മയുണ്ട് .
പക്ഷേ വീട്ടിലെത്തി അടുക്കളയിലേക്ക് കയറുമ്പോൾ, ആഹാരം ഒക്കെ തയ്യാറാക്കി വച്ചിരിക്കുന്നതാണ് കണ്ടത്. അവൾക്ക് ആകെ അത്ഭുതം തോന്നി.
പിന്നീട് അവനെ അന്വേഷിച്ച് അവൾ മുൻവശത്തേക്ക് ചെല്ലുമ്പോൾ അവൻ മുറിയിൽ കിടക്കുന്നത് കണ്ടു അവൾക്ക് ആകെ പരിഭ്രമം തോന്നി.
അവൾ വേഗത്തിൽ അവന്റെ അടുത്തേക്ക് ചെന്നു.
” എന്താ രാജേഷ് ഏട്ടാ.. എന്തിനാ കിടക്കുന്നേ..? “
അവൾ ചെന്ന് തട്ടിയുണർത്തിയപ്പോഴാണ് അവൻ മയക്കം വിട്ടുണർന്നത്. മുന്നിൽ നിൽക്കുന്ന അവളെ കണ്ടപ്പോൾ അവന് അത്ഭുതം തോന്നി.
“നീ വന്നോ..?”
അവൻ എഴുന്നേറ്റിരുന്നു കൊണ്ട് ചോദിച്ചു. അതെയെന്ന് അവൾ തലയാട്ടി.
“എന്നാലും ഞാൻ ഇത്രക്കൊന്നും പ്രതീക്ഷിച്ചില്ല കേട്ടോ.ഈ വിറക് എപ്പോൾ ശരിയായി..?”
അവൾ സന്തോഷത്തോടെ ചോദിച്ചു.
“വിറകൊന്നുമല്ല.ഗ്യാസ് എടുത്തു വച്ചിട്ടുണ്ട്.”
അവൻ പറഞ്ഞപ്പോൾ അവൾ ചിരിച്ചുകൊണ്ട് അവനെ നോക്കി.
” പൈസ കയ്യിൽ ഉണ്ടായിരുന്നോ..? “
അത്ഭുതത്തോടെ അവൾ അന്വേഷിച്ചു.
“ഏയ്.. ഇന്ന് അപ്പുറത്തെ രമണി ചേച്ചിയുടെ വീട്ടിൽ ഒരു തമിഴൻ വന്നിട്ടുണ്ടായിരുന്നു. നിനക്കറിയില്ലേ അവിടെ എല്ലാ ആഴ്ചയിലും പിരിവിന് വരുന്ന ആള്.. അയാളുടെ കയ്യിൽ നിന്ന് ഞാൻ കുറച്ചു പണം കടം വാങ്ങി. ഓരോ ആഴ്ചയിലും തിരിച്ചടച്ചാൽ മതിയല്ലോ. അത് വേഗം അടഞ്ഞു പൊയ്ക്കോളും.”
അവൻ പറഞ്ഞപ്പോൾ അവൾക്ക് ഒരു നടുക്കം അനുഭവപ്പെട്ടു.
“അത് വേണ്ടായിരുന്നു. ഇതിലൊക്കെ കൊണ്ടുപോയി തല വയ്ക്കുന്നത് ബ്ലേഡിൽ തല വയ്ക്കുന്നതു പോലെയാണ്.ഒരാഴ്ച പൈസ മുടങ്ങിയാൽ ഇപ്പോൾ കണ്ട ആളൊന്നുമാകില്ല പിന്നെ.”
അവൾ ടെൻഷനോടെ പറഞ്ഞു.
“നീ ടെൻഷൻ ആവണ്ട.അതൊക്കെ കറക്റ്റ് സമയത്ത് അടഞ്ഞു പോകും. ഇപ്പോൾ ജോലിയില്ലാതെ ഇത്തിരി ബുദ്ധിമുട്ടാണ് എന്നല്ലേ ഉള്ളൂ. അല്ലെങ്കിൽ എനിക്ക് കൃത്യമായി ജോലിയുണ്ടായിരുന്നതല്ലേ..”
അവൻ അവളെ ആശ്വസിപ്പിച്ചു. ആ വാക്കുകൾ അവൾക്ക് ആശ്വാസം കൊടുക്കുന്നില്ലെങ്കിലും,അവൾ ആശ്വസിക്കാൻ ശ്രമിച്ചു.
ദിവസങ്ങൾ കടന്നു പോയി.ആഴ്ചയിൽ അടക്കാം എന്ന് കരുതിയാണ് പണം എടുത്തതെങ്കിലും അത് അടവുകൾ മുടങ്ങി. കാലാവസ്ഥ മാറ്റമില്ലാതെ തുടർന്നപ്പോൾ അവന് ജോലിയില്ലാതായി.
അവസാനം ആ അടവ് അടക്കാൻ വേണ്ടി മറ്റൊരാളിൽ നിന്ന് പിരിവിന് പണം എടുക്കേണ്ടി വന്നു. അയാൾക്കുള്ളത് കൊടുക്കാൻ വീണ്ടും ഒരാളിൽ നിന്ന്.
അങ്ങനെ അങ്ങനെ കടങ്ങൾക്കു മേൽ കടങ്ങളുമായി ആ സാധാരണ കുടുംബം സമാധാനമില്ലാതെ വളഞ്ഞു തുടങ്ങി.
നമുക്ക് ചുറ്റുമുള്ള ഒരു വിധപ്പെട്ട സാധാരണക്കാരുടെ എല്ലാം വീട്ടിൽ നടക്കുന്നത് ഇങ്ങനെയുള്ള കാര്യങ്ങളാണ്.