ഇക്ക എന്റെ വയറിലൊന്ന് കൈ വെച്ചു നോക്കിക്കേ.. ദേ അവൻപുറത്തേയ്ക്ക് വരാൻ…..

ഇഖ്മത്ത്

എഴുത്ത്:-നവാസ് ആമണ്ടൂർ

എന്നെന്നും മനസ്സിൽ നൊമ്പരം പെയ്യുന്ന മഴക്കാടുകളുമായി ജീവിക്കാൻ വിധിക്കപ്പെട്ടവരുണ്ട്.എഴുതപ്പെട്ട വിധിയിൽ നീറി ജീവിക്കുന്ന ജന്മങ്ങൾ.

ഒത്തിരി ഇഷ്ടപ്പെട്ട്… പ്രണയം കൊണ്ട് സ്വപ്‌നങ്ങൾ നെയ്ത പെണ്ണിനെ മനസ്സിൽ നിന്നും മാറ്റിവെച്ച് തസ്‌നിയുടെ കൈപിടിച്ചപ്പോൾ പെയ്തു തുടങ്ങിയതാണ് മനസ്സ്.

“ആരെ കൊന്നിട്ടാണെങ്കിലും പത്ത് ലക്ഷം ഉണ്ടാക്കണം വാപ്പാ… അല്ലെങ്കിൽ ഈ വീട് പോകും. നാട്ടിൽ നമുക്ക് നാണക്കേട് ഉണ്ടാവും… ബാങ്കിൽ നിന്നും ഇനിയൊരവധി കിട്ടില്ല.”

“മോനെ.. നീ ആരെയും കൊല്ലണ്ട അലിടെ മോളേ കെട്ടിയാൽ.. അവൾക്കൊരു ജീവിതം കൊടുത്താൽ നമ്മുടെ പ്രശ്നങ്ങൾ തീരും..”

“അത് പറ്റില്ല.ചെറുപ്പം മുതൽ നെഞ്ചിൽ കൊണ്ടു നടന്ന ഒരു പെണ്ണില്ലേ.. അവളെ വേണ്ടെന്ന് വെച്ച് അരക്ക് താഴെ തളർന്നു വീൽ ചെയറിൽ ഇരിക്കുന്ന തസ്‌നിയെ ഞാൻ… ഇല്ല.. ഒരിക്കലുമില്ല.”

വഴികൾ അടഞ്ഞ നേരത്ത് തുറക്കപ്പെട്ട വാതിലാണ് തസ്‌നി.

“ഇക്കാ അവളെ കെട്ടിക്കോ.. ആ കുട്ടിക്ക് ഒരു ജീവിതം കൊടുക്കുന്നത് പുണ്യമല്ലേ..”

“ഷെമി ഇത് പുണ്യത്തിന് വേണ്ടിയല്ല.. പണത്തിന് വേണ്ടിയല്ലേ ..”

ഷെമിയുടെ കണ്ണുകൾ നിറയുന്നത് പ്രാണനായി ഇഷ്ടം കൊണ്ട് ചേർത്ത് നിർത്തിയവന്റെ നഷ്ടത്തെ ഓർത്താണ്. കൊതിക്കുന്നതും ആശിക്കുന്നതും തടയുന്നതല്ലേ വിധി.

അവസാനം ഷാനു തസ്‌നിയെ തന്നെ കെട്ടി. ബാധ്യതകൾ തീർത്തു.

ഇങ്ങനെയൊരു പ്രയാസത്തിൽ നിന്നും രക്ഷപ്പെടാൻ സഹായിച്ച പെണ്ണിനോട് ഇഷ്ടവും കടപ്പാടും ഉണ്ടാവേണ്ട ഷാനുവിന്റെ മനസ്സിൽ അവളോട് വെറുപ്പ് തോന്നിയത് ഷെമിയെ നഷ്ടമായ വേദനയിൽ നിന്നാണ്.

സ്‌നേഹത്തോടെ നോക്കിയിട്ടില്ല…

ചേർത്ത് പിടിച്ചിട്ടില്ല…

ഇഷ്ടത്തോടെ അവളെ ചുംബിച്ചിട്ടില്ല.

അവളുടെ ആഗ്രഹങ്ങളെ അറിഞ്ഞിട്ടില്ല..അറിയാൻ ശ്രമിച്ചിട്ടില്ല.

ചില രാത്രികളിൽ വീൽ ചെയറിൽ ഇരിക്കുന്ന അവളെ പൊക്കിയെടുത്തു കിടത്താൻ പോലും നിൽക്കാതെ ഉറങ്ങും.

ആ രാത്രി അവൾ ചെയറിൽ തന്നെയിരുന്ന് ഉറങ്ങിയും ഉറങ്ങാതെയും നേരം വെളുപ്പിക്കും.

എല്ലായിടത്തും ഉമ്മയുടെ കൈകൾ അവൾക്ക് സഹായത്തിനുണ്ടാവും. കിടപ്പുമുറിയിൽ ഉണ്ടാവില്ലല്ലോ..

കല്യാണം കഴിഞ്ഞ് മാസങ്ങൾക്ക് ശേഷമാണ് അവൻ അവളുടെ ശരീരത്തെ അറിയുന്നത്. അന്ന് രാത്രി വേറെയേതോപെണ്ണിനെ എന്നപോലെ അവൻ അവളെ ചുംബിച്ചു. ശരീരത്തെ തഴുകി. അവളിൽ അവന്റെ വികാരങ്ങൾ പെയ്തു ശമനമായ അവരുടെ ആദ്യരാത്രി.

“ഇക്കാ ഉറങ്ങിയോ…?”

തളർന്നു കിടന്ന തസ്‌നിയുടെ ചോദ്യം കേട്ട് അവളുടെ അരികിലേക്ക് തിരിഞ്ഞപ്പോൾ ഇന്ന് വരെ അവളിൽ കാണാത്തൊരു തിളക്കം മുഖത്ത്.

“എന്തേ…?”

“എന്റെ വസ്ത്രങ്ങൾ ഒന്ന് ശരിയാക്കിത്തരോ..?”

അവൻ എണീറ്റ് മാറിക്കിടക്കുന്ന അവളുടെ വസ്ത്രങ്ങൾ ശരിയായി ധരിപ്പിച്ചു.

“എന്നെ വേണ്ടിയിരുന്നില്ലാന്ന് തോന്നുണ്ടാവും അല്ലെ..? ഏതു നേരവും സഹായിക്കേണ്ടി വരുമ്പോൾ വെറുപ്പ് തോന്നുന്നുണ്ടാവും എനിക്കറിയാം. എന്തു ചെയ്യാനാണിക്കാ എനിക്ക് ഇങ്ങനെല്ലെ പറ്റൂ..പടച്ചോൻ എന്നെ ഇങ്ങനെ ആക്കിയതല്ലേ… മിണ്ടിയില്ലെങ്കിലും ചേർത്തുപിടിച്ചില്ലെങ്കിലും ഇടക്കൊക്കെ ഇക്ക എന്നെ നോക്കി ഒന്ന് പുഞ്ചിരിക്കോ…? എനിക്കത് വല്ല്യ സന്തോഷമാകും.”

പിന്നെ എപ്പോഴൊക്കെയോ പല രാത്രികളിൽ ചടങ്ങ് പോലെ അവളിലെ പെണ്ണിനെ ഉണർത്തിയ ഷാനുവിന് പക്ഷേ അവളെ സ്‌നേഹിക്കാൻ കഴിയാതെ പലപ്പോഴും അകൽച്ചയോടെ മാറ്റി നിർത്തി.

എല്ലാവരും ഷാനുവിനോട് പറയുന്നുണ്ട്

“തസ്‌നിയുടെ കാലിന് മാത്രമേ പ്രശ്നമുള്ളൂ ..അവൾക്കൊരു മനസ്സുണ്ട് അത് കാണാതെ പോകരുത്.. നിന്നെ അത്രമേൽ ഇഷ്ടപ്പെടുന്നുണ്ട് ആ കുട്ടി.. നിന്നെ മാത്രമല്ല.. ഈ വീട്ടിലെ എല്ലാവരെയും.. ഇതൊക്കെ നീ അറിയാതെ പോയാൽ ഒരിക്കൽ സങ്കടപ്പെടേണ്ടി വരും.”

തസ്‌നിയുടെ ഉള്ളിൽ ഷാനുവിന്റ ജീവന്റെ തുടിപ്പ് ഉണ്ടെന്നറിഞ്ഞപ്പോൾ ഉമ്മയാണ് അവളെ ഡോക്ടറെ കാണിക്കാൻ കൊണ്ടുപോയത്.

“ഞാൻ ഇത് വേണ്ടെന്നേ പറയു.ഈ കുട്ടിക്ക് ഈ ഇരിപ്പിൽ താങ്ങാൻ കഴിയില്ല.. വേണെന്ന് വെച്ചാൽ തന്നെ റിസ്ക്കാണ്.. ജീവൻ പോലും അപകടത്തിൽ ആവാം..”

ഡോക്ടർ അങ്ങനെ പറഞ്ഞപ്പോൾ ഉമ്മ സങ്കടത്തോടെ നമുക്ക് ഇത് വേണ്ടെന്ന് വെക്കാമെന്ന് അവളോട് പറഞ്ഞതാണ്.

“ഉമ്മാക്ക് അറിയാലോ.. എല്ലാം… ചിലപ്പോൾ എനിക്കൊരു കുഞ്ഞ് ഉണ്ടായാൽ ഇക്ക എന്നെ സ്‌നേഹിച്ചാലോ.. അങ്ങനെ തോന്നുവാ.എനിക്ക് എന്റെ കുഞ്ഞിനെ വേണം. പിന്നെ ഡോക്ടർ പറഞ്ഞതൊന്നും ഇക്ക അറിയണ്ട.”

“ന്റെ പൊന്നുമോളേ…ഉമ്മ നിന്നോട് എന്താ പറയാ…”

അവളെ കൈ പിടിച്ചു ഉമ്മ നിറഞ്ഞ കണ്ണുകൾ തുടച്ചു.

ഭാര്യ ഗർഭിണിയായതിൽ സന്തോഷം തോന്നാത്ത ഭർത്താവ്…

അവളുടെ ആഗ്രഹങ്ങൾ ചോദിച്ചറിയാത്തവൻ..

സ്‌നേഹം കൊണ്ടും സന്തോഷം കൊണ്ടും വിരുന്നൂട്ടേണ്ടതിനു പകരം അവളെ സങ്കടം കൊണ്ട് ഉറക്കി.

ഏഴാം മാസം അവളെ അവളുടെ വീട്ടിലേക്ക് കൊണ്ടുപോയി.

രണ്ടുമാസം കഴിഞ്ഞിട്ടും അവളെ കാണാനോ വിവരങ്ങൾ തിരക്കാനോ അവൻ പോയില്ല.

അസ്വസ്ഥത കൊണ്ട് അവളെ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആക്കിയെന്ന് പറഞ്ഞപ്പോൾ പോകാതെ നിന്ന മോനോട് ഉമ്മ പറഞ്ഞു.

“മോനെ നിന്റെ സ്‌നേഹത്തിനു വേണ്ടി അവൾ സ്വന്തം ജീവൻ പകരം വെച്ചാണ് ഒരു കുഞ്ഞിന് ജന്മം നൽകാൻ ആഗ്രഹിച്ചത്.. ഡോക്ടർ വേണ്ടെന്ന് പറഞ്ഞിട്ടും അവൾക്ക് നിന്റെ കുഞ്ഞിനെ പ്രസവിക്കണമെന്ന് വല്ലാത്ത ആഗ്രഹമായിരുന്നു. അതിലൂടെ നിന്റെ ഇഷ്ടം കിട്ടുമല്ലോ എന്ന പ്രതീക്ഷയായിരുന്നു. എന്നിട്ടും നീ ഇതൊന്നും കണ്ടില്ലെന്ന് നടിച്ചാൽ പടച്ചോൻ പൊറുക്കൂല..”

അവൻ അതുവരെ മനസ്സിൽ കൊണ്ട് നടന്ന ചിന്തകൾ അതോടെ തകർന്നു.ഉമ്മയുടെ വാക്കുകൾ കേട്ടപ്പോൾ മനസ്സിൽ നോവ് പടർന്നു

“എന്താ എന്നോടൊന്നും പറയാതിരുന്നത്..?അറിഞ്ഞിരുന്നെങ്കിൽ അവളുടെ ജീവൻ അപകടത്തിലാക്കി ഇങ്ങനൊരു സാഹസം ഞാൻ സമ്മതിക്കില്ലായിരുന്നു.
ശരിയാണ് അവളോട് അകൽച്ച കാണിച്ചു.. എന്ന് കരുതി എനിക്ക് അവളോട് സ്‌നേഹം ഇല്ലാന്നുണ്ടോ.. പലപ്പോഴും പ്രകടിപ്പിക്കാൻ കഴിഞ്ഞില്ല… അതൊക്കെ ഒരു നീറ്റലായി എന്റെ ഉള്ളിലുണ്ട്.”

ഷാനു റൂമിൽ കയറി വാതിലടച്ചു.ആ സമയം അവന്റെ മനസ്സിൽ ആദ്യമായി തസ്‌നിയുടെ മുഖം തെളിഞ്ഞു. അവളെ ഓർത്ത് അവന്റെ കണ്ണുകൾ നിറഞ്ഞു.

ഇന്നവൾ മരണത്തിന്റെ അരികിൽ നിൽക്കുമ്പോൾ കഴിഞ്ഞുപോയ ഓരോ നിമിഷങ്ങളും ഓർത്തെടുക്കണം.

അലമാര തുറന്ന് തസ്‌നി കഴിഞ്ഞ പെരുന്നാളിന് ആരെക്കൊണ്ടോ വാങ്ങിപ്പിച്ച് കൈയിൽ തന്നപ്പോൾ മുഖം തിരിച്ചു മാറ്റിയിട്ട മെറൂൺ കളർ ഷർട്ട് എടുത്തു ധരിച്ചു.

“ഉമ്മാ… ഞാനൊന്ന് അവളുടെ അടുത്ത് പോയിട്ട് വരാ.. ഉമ്മ മുൻപ് പറഞ്ഞില്ലേ.. ഒരിക്കൽ അവളോട് ചെയ്തതിന് കരയേണ്ടി വരുമെന്ന്… എത്ര കരഞ്ഞിട്ടും മനസ്സിലെ ഭാരം ഇറങ്ങിപ്പോണില്ല.”

ഹോസ്പിറ്റലിൽ നേരെ അവൾ കിടക്കുന്ന മുറിയിലേക്ക് കയറിച്ചെന്നു.

പെട്ടന്ന് ഷാനുവിനെ കണ്ടപ്പോൾ സന്തോഷം കൊണ്ട് തസ്‌നിക്ക് കരച്ചിൽ വന്നു.

അവളുടെ ഉമ്മയും ഉപ്പയും അടുത്തു തന്നെ ഉണ്ട്‌.

ഷാനു അവളെ നോക്കി പുഞ്ചിരിച്ചു. ആ പുഞ്ചിരിയിൽ അവൾ വേദനകൾ മറന്നു.

അവളുടെ അരികിൽ അവൻ ഇരുന്നപ്പോൾ ഉപ്പയും ഉമ്മയും പുറത്തേക്ക് പോയി.

“നീ എന്തിനാ മോളേ.. നിന്റെ ജീവൻ വെച്ച്..”

“ഇക്ക എന്റെ വയറിലൊന്ന് കൈ വെച്ചു നോക്കിക്കേ.. ദേ അവൻപുറത്തേയ്ക്ക് വരാൻ വാശിയെടുക്കുവാ..”

ഒന്നും പറയാൻ കഴിയാതെ തൊണ്ടയിൽ തേങ്ങലോടെ തളക്കപ്പെട്ട വാക്കുകൾ പതുക്കെ പുറത്തുവന്നു.

“മോളേ… സോറി..”

പറഞ്ഞു തീരും മുൻപേ തസ്‌നി അവന്റെ ചുണ്ടിൽ വിരൽ വെച്ചു തടഞ്ഞു.

“സന്തോഷായിക്കാ.. ഇനിയിപ്പോ മരിച്ചാലും സാരില്ല.”

“അങ്ങനിപ്പോ മരിക്കാൻ വിടൂല.. ഞാനും നീയും നമ്മുടെ മോനും.. നമുക്കിനി സന്തോഷായിട്ട് ജീവിക്കണം.ഇത്രയും കാലം സങ്കടപ്പെടുത്തിയതിന് എന്റെ മരണം വരെ സ്‌നേഹിക്കണമെനിക്ക്. ഇതൊക്കെ വേണ്ടെന്ന് വെച്ചു പോകാൻ പറ്റോങ്കി പൊക്കോ..”

“ഇല്ലിക്കാ.. പോവില്ല.. ഇതൊക്കെയല്ലേ ഞാൻ കൊതിച്ചത്.”

ഷാനു അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു.

“ഇത് എന്റെ മോന്റെ ഉമ്മാക്കുള്ളതാ..”

അത് കേട്ട് അവൾ ചിരിച്ചു.

പിറ്റേന്ന് തസ്‌നിയെ ഓപറേഷൻ തീയേറ്ററിൽ കൊണ്ടുപോയപ്പോൾ അവൻ വാതിൽ അടയും വരെ കൂടെ ഉണ്ടായിരുന്നു. പ്രാർത്ഥനയോടെ അവൻ കാത്തിരിക്കുന്നുണ്ട് അവൾക്കും അവരുടെ മോനും വേണ്ടി.