എഴുത്ത് :- മഹാ ദേവൻ
കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…
” പ്രേമേടത്തി ശാരീടെ കല്യാണത്തിന് പോയതാകും അല്ലെ. ആ കൊച്ചിന്റെ ഒരു കാര്യമേ.. കല്യാണത്തിന് ഒരാഴ്ച മുൻപല്ലേ ആ ചെക്കൻ ആക്സിഡന്റ് പറ്റി കിടപ്പിലായത്. ഇനി എണീക്കോ നടക്കോ എന്നൊന്നും ഒരു ഉറപ്പുമില്ലാത്ത ആ ചെക്കനെ തന്നെ മതിയെന്നും പറഞ്ഞ് കഴുത്ത് നീട്ടികൊടുക്കാൻ ഒരു ധൈര്യമൊക്കെ വേണം. പറഞ്ഞിട്ട് ന്താ.. പെണ്ണിന്റ ജീവിതം അങ്ങ് പോയില്ലേ… ആ ചെക്കനെ കൊണ്ട് അവൾക്ക് ന്ത് കിട്ടാനാ…. ഒരു കൊച്ചുണ്ടാവണമെങ്കിൽ…. “
മുഴുവനാക്കാതെ പ്രേമയുടെ മുഖത്തേക്ക് നോക്കിയ പത്മയുടെ മുഖത്ത് പല ഭാവങ്ങൾ ആയിരുന്നു. ആ പെണ്ണിനെ കുറിച്ചുള്ള വേവലാതിയോ, അവളുടെ അഹങ്കാരത്തിന് കിട്ടിയ ശിക്ഷ ആണെന്ന് പറയാതെ പറയുംപോലെയോ സഹതാപമോ പുച്ഛമോ….. അങ്ങനെ എന്തെല്ലാമോ…
” ന്റെ പത്മം.. ആ ശാരിക്കൊച്ചിനെ ന്റെ ചെക്കന് വേണ്ടി ചോദിച്ചതാ.. അപ്പോൾ അവൾക്ക് അവനെ അങ്ങട് പിടിച്ചില്ല… അതെങ്ങനാ… നല്ലത് നായയ്ക്ക് ചേരില്ലല്ലോ… എന്നിട്ടിപ്പോ ന്തായി.. കിടപ്പായവന്റെ മലോം മൂത്രോം കോരാൻ ഒരു ഹോംനേഴ്സ് ആയി.. ആ ചെക്കന്റെ വീട്ടുകാർക്ക് ആ കാശു ലാഭം.. പിന്നെ അവനെന്ന ബാധ്യത കൂടി അവളുടെ ചുമലിലായല്ലോ.. എല്ലാം കൊണ്ടും മെച്ചം ആ വീട്ടുകാർക്കാ. “
പുച്ഛമായിരുന്നു പ്രേമയുടെ വാക്കുകളിൽ. തന്റെ മകനെ ഇഷ്ടമല്ലെന്ന് പറഞ്ഞവളോടുള്ള അമർഷവും.
” അത് പിന്നെ പ്രേമേടത്തി, നിന്റെ മകനെ അറിയുന്ന ആരെങ്കിലും ഈ നാട്ടിൽ നിന്ന് അവന് പെണ്ണ് കൊടുക്കോ. ക ള്ളുകുടീം കണ്ടവനോട് ത ല്ല് പിടീം അല്ലെ അവന് പണി. അതിലും ഭേദം അവൾക്ക് ആ ചെക്കൻ തന്ന. അതാകുമ്പോൾ കിടന്ന കിടപ്പിൽ നിന്ന് എവിടേം പോകില്ലല്ലോ… വീട്ടിൽ ഇരിക്കുന്നവർക്ക് സമാധാനം ഉണ്ടാകും “
പത്മം കിട്ടിയ അവസരത്തിൽ ശരിക്കൊന്ന് താങ്ങിയെന്ന് മനസ്സിലായപ്പോൾ പ്രേമ ” വെറുതെ അല്ല നിന്റ പെണ്ണിന്റ കല്യാണം ഒന്നും ശര്യാവാത്തെ.. ഇതല്ലേ മനസ്സ്… ” എന്ന് തിരിച്ചൊരു കൊട്ടും കൊടുത്ത് ചാടിത്തുള്ളി പോകുമ്പോൾ പത്മം മൂക്കത്ത് വിരൽ വെച്ചു ” ഇവളുടെ മോന് പെണ്ണ് കൊടുക്കാൻ മാത്രം ഗതികെട്ടവർ ഈ ലോകത്തുണ്ടാകോ ദൈവേ ” എന്ന് മനസ്സിൽ കരുതികൊണ്ട്.
*****************
ആദ്യരാത്രി റൂമിലേക്ക് ചെല്ലുമ്പോൾ ദേവന്റെ മുഖത്ത് ചിരിക്ക് പകരം വല്ലാത്തൊരു വിമ്മിഷ്ട്ടമായിരുന്നു. മൂത്രശങ്ക വല്ലാതെ പിടിമുറുക്കുമ്പോഴും അവളോട് എങ്ങനെ പറയുമെന്ന് അറിയാതെ വിഷമിച്ചു അവൻ. ” ആദ്യരാത്രി തന്നെ ഭര്ത്താവിന്റെ മലവും മൂത്രവും എടുക്കേണ്ടി വരുന്ന ആദ്യഭാര്യയാകും ശാരി. ” അതോർക്കുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു. ” ഒന്നും വേണ്ടായിരുന്നു. എണീക്കുമെന്ന് ഉറപ്പില്ലാത്ത ഈ ശരീരം വെച്ച് ഒരു പെണ്ണിനെ….
ഒരു പെണ്ണിന്റ ജീവിതം താനെന്ന വിഴുപ്പ് ചുമക്കാനായി….. ഒന്നും വേണ്ടായിരുന്നു. തന്നെ ഏറ്റെടുക്കാൻ മനസ്സ് കാണിച്ച ആ നല്ല മനസ്സിന് അർഹിക്കപ്പെട്ട നല്ലൊരു ജീവിതമാണ് താൻ ഇല്ലാതാക്കിയത്. “
അവന് നിറഞ്ഞൊഴുകുന്ന കണ്ണുകൾ അവൾ കാണുംമുന്നേ തുടയ്ക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും ബലമില്ലാത്ത കൈകൾ ഒന്ന് അനക്കാൻ പോലും കഴിയാതെ നിസ്സഹായതയോടെ കിടന്നു ദേവൻ.
അവന്റെ നിസ്സഹായത നിറഞ്ഞ ആ മുഖം കണ്ടായിരുന്നു ശാരി അവനരികിൽ ഇരുന്നത്.
” ന്ത് പറ്റി ദേവേട്ടാ… മുഖം വല്ലാണ്ടിരിക്കുന്നെ “
അവൾ സ്നേഹത്തോടെ അവന്റെ പാതി തളർന്ന കയ്യിൽ തൊടുമ്പോൾ അവന് അവസ്ഥ അവളോട് തുറന്നു പറയാൻ കഴിയാതെ വിഷമിച്ചു.
പക്ഷേ, അവന്റെ മനസ്സ് വായിച്ചപ്പോൾ അവൾ കട്ടിലിനടിയിൽ വെച്ചിരുന്ന പാത്രം എടുത്ത് അവന്റെ മുണ്ടിനുള്ളിലേക്ക് വെച്ചുകൊടുത്തു..
ആ നിമിഷം അവന് ശരിക്കും മരിച്ചിരുന്നെങ്കിൽ എന്ന് തോന്നിപോയിരുന്നു. ആദ്യമായി വീട്ടിലേക്ക് വലതുകാൽ വെച്ചു കേറിയ പെണ്ണ്. അവളുടെ മുഖത്ത് ചിരിയുണ്ട്.
പക്ഷേ, അവളുടെ ചിരിക്കൊപ്പം പങ്ക് ചേരാൻ തനിക്ക് കഴിയുന്നില്ലല്ലോ എന്ന നിസ്സഹായത.
മൂത്രമൊഴിക്കാൻ വല്ലാത്ത ശങ്കയുണ്ടെങ്കിലും ന്തോ പിടിച്ചുനിർത്തിയപോലുള്ള അവസ്ഥ.
കണ്ണുകൾ ഇറുക്കെ അടച്ചുപിടിച്ചു, നെഞ്ചിൽ ഒരു ഭാരം കയറ്റിവെച്ചപോലെ .. അവളിലെ പുഞ്ചിരി നെഞ്ചിൽ ശരം കണക്കെ ആഴ്ന്നിറങ്ങുന്ന പോലെ…
എങ്ങനെയോ മൂത്രം ഒഴിച്ച് കഴിയുമ്പോൾ വല്ലാത്തൊരു ആശ്വാസമായിരുന്നു. അവൾ കഴിഞ്ഞോ എന്ന് ചോദിച്ചപ്പോൾ അവൻ നിറകണ്ണുകളോടെ തലയാട്ടി.
അവൾ ആ പാത്രവുമായി ബാത്റൂമിലേക്ക് പോകുന്നത് നോക്കി കിടക്കുമ്പോൾ ഒരുപാട് ചോദ്യങ്ങൾ അവന്റെ മനസ്സിനെ ചുട്ടുപ്പൊളിക്കുന്നുണ്ടായിരുന്നു.
അവൾ തിരികെ വന്ന് ഭക്ഷണം വാരിത്തരുമ്പോഴും ചുണ്ടുകൾ തുണിയിലൊപ്പുമ്പോഴും ദേവൻ അവളുടെ മുഖത്തേക്ക് നോക്കി.
അവളിൽ എന്തെങ്കിലും ഇഷ്ട്ടക്കേടോ വെറുപ്പോ ആ മുഖത്തു കാണാൻ കഴിഞ്ഞില്ല എന്നത് ദേവനെ വല്ലാതെ അത്ഭുതപെടുത്തിയിരുന്നു.
” ശാരി… ഇങ്ങനെ ഒരു ത്യാഗം വേണമായിരുന്നോ? വീണ് പോയവനാണ് ഞാൻ.. കൂടെ നിന്റ ജീവിതം കൂടി… ഇപ്പഴും വൈകിയിട്ടില്ല. അല്ലെങ്കിലും ഇവിടെ ജീവിക്കുന്ന കാലം ഒന്നും നിനക്ക് മറുത്തൊരു തീരുമാനം എടുക്കാതിരിക്കാൻ ഞാൻ ഒരു തടസമാകില്ല. ഈ ശരീരം കൊണ്ട് നിനക്ക് ഭാര്യ എന്ന പദവി നൽകാൻ എന്നെകൊണ്ട് കഴിയില്ല.. ഒരു തരത്തിലും……. അപ്പൊ പിന്നെ….. “
ദേവന്റെ വാക്ക് കേട്ട് അവൾ പുഞ്ചിരിച്ചു. പിന്നെ അവന്റെ ദേഹം നനഞ്ഞ തുണികൊണ്ട് തുടച്ചുകൊടുത്തു. ശേഷം കഴിക്കാനുള്ള ടാബ്‌ലറ്റ് അവന്റെ വായിലേക്ക് വെക്കുമ്പോൾ അവൾ പറയുന്നുണ്ടായിരുന്നു ” ദേവേട്ടൻ കരുതുന്നുണ്ടോ ഞാൻ ഒരു ത്യാഗമാണ് ചെയ്യുന്നതെന്ന്? ഭാര്യ എന്ന പദവിയ്ക്ക് ദേവേട്ടൻ നൽകിയ മാനദണ്ഡം എന്താണെന്ന് ഒന്ന് പറയാമോ? “
അവളുടെ ചോദ്യങ്ങൾക്ക് മുന്നിൽ അവൻ നിസ്സഹായനായപ്പോൾ അവൾ അവന്റെ കയ്യിലൊന്ന് മുറുക്കെ പിടിച്ചു. ” ദേവേട്ടാ… ശാ രീരികബന്ധം മാത്രമല്ല ഒരു പെണ്ണിനെ ഭാര്യയായി അടയാള പ്പെടുത്തുന്നത്. ജീവിതത്തിൽ ദേവേട്ടന്റെ കൂടെ ജീവിക്കാൻ വിധിക്കപ്പെട്ട പെണ്ണ് ഞാനാകും. വിവാഹം കഴിഞ്ഞാണ് ഇങ്ങനെ ഒക്കെ സംഭവിക്കുന്നതെങ്കിൽ അതിനെ എന്ത് പേരിട്ടു വിളിക്കും?അപ്പൊ ത്യാഗം എന്ന വാക്ക് കൊണ്ട് ദേവേട്ടൻ സ്നേഹത്തെ അളക്കരുത്. ജീവിതം തന്നെ ഓരോ നിയോഗമല്ലേ ദേവേട്ടാ…. എന്റെ നിയോഗം ദേവേട്ടന്റെ ഭാര്യയായി ദേവേട്ടന്റ്സന്തോഷത്തിൽ പങ്കാളിയായി ദേവേട്ടന്റെ സങ്കടത്തിൽ പാട്ണറായി ദേവേട്ടന്റെ മാത്രം പെണ്ണായി ജീവിക്കുക എന്നതാണ്. അവിടെ ത്യാഗം എന്ന വാക്കിനെന്ത് പ്രസക്തി.? പിന്നെ ശാരീരികബന്ധം കൊണ്ട് മാത്രമല്ല, മാനസികബന്ധം കൊണ്ടും പെണ്ണിന് ഭാര്യയാകാം ദേവേട്ടാ.. നമ്മൾ ഭാര്യ എന്ന പദവിക്ക് മാനദണ്ഡങ്ങൾ കല്പിക്കാതിരുനാൽ ജീവിതം എന്നും സന്തോഷം നിറഞ്ഞതാകും.
ഇത് കേക്കുന്നവർക്ക് ചിലപ്പോൾ പുച്ഛം തോന്നാം.. ത്യാഗിയായ പെണ്ണ് ആയി അവരോധിക്കപ്പെടാം. അവർ പറയട്ടെ… അത് ആലോചി ച്ചിരുന്നാൽ ഉള്ള സമാധാനം കൂടി ഇല്ലാതാകും. അതുകൊണ്ട് വെറുതെ ആവശ്യമില്ലാത്തത് ചിന്തിക്കേണ്ട. ദേവേട്ടന്റെ ശാരി… അങ്ങനെ മതി.. “
അവൾ പറഞ്ഞത് മുഴുവൻ പുഞ്ചിരിയോടെ ആയിരുന്നെങ്കിലും അവൻ അപ്പോഴും നിസ്സഹായനായിരുന്നു. അവൾ പറയുന്നത് അവളുടെ ശരി ആകുമ്പോൾ പ്രതീക്ഷ ഇല്ലാത്ത ഒരു ജീവിതം അവൾക്ക് നീട്ടുന്ന താൻ ഒരു തെറ്റല്ലേ എന്ന ചിന്ത അവന്റെ നെഞ്ചിൽ ഒരു ഭാരമായി തന്നെ കിടന്നു പിന്നീടുള്ള ഓരോ നിമിഷവും….. ഓരോ ദിവസവും