ആ മുഖത്ത് വിരിഞ്ഞ സന്തോഷം പക്ഷെ എന്നെ ഭയപ്പെടുത്തുകയാണ് ചെയ്തിരുന്നത്….

വെല്ലുവിളി

Story written by Nijila Abhina

” നീയെന്തെങ്കിലും ചെയ് നിന്റേതാണ് തീരുമാനം എന്നച്ചൻ പറയുമ്പോൾ ആ ശബ്ദത്തിൽ ഇതുവരെ ഇല്ലാതിരുന്ന ഒരു വിങ്ങൽ നിറയുന്നത് കേട്ടിട്ടും കേൾക്കാതെ നടിച്ചു ഞാൻ….

ഒരുപക്ഷേ ആ ഒരു പറച്ചിലിലെങ്കിലും എന്നിലുണ്ടാവാൻ സാധ്യതയുള്ള മനം മാറ്റം അച്ഛൻ മനസ്സിൽ കണ്ടിട്ടുണ്ടാവണം…

ആ മുഖത്തെ കുഞ്ഞു മാറ്റം പോലും എന്റെ ഹൃദയത്തെ വലിഞ്ഞു മുറുക്കു മായിരുന്നു എന്നിട്ടും ഇന്നെന്തേ ഇങ്ങനെ എന്ന് എനിക്ക് മനസിലാവുന്നുണ്ടായിരുന്നില്ല….

ജീവിതം ഒന്നേയുള്ളൂ പൊന്നൂ ദൈവം തരുന്നത് സ്വീകരിക്കണം മോളെ എല്ലാവർക്കും ആ സൗഭാഗ്യം ഉണ്ടായി ന്ന് വരില്ല എന്നച്ചൻ പറഞ്ഞത് കേട്ടിട്ടും കേൾക്കാതെ നടിക്കുമ്പോൾ പ്രസവത്തോടെ എന്നെ തനിച്ചാക്കി അച്ഛനെ തളർത്തി മറ്റൊരു ലോകത്തേക്ക് യാത്രയായ അമ്മയുടെ മുഖമായിരുന്നു…..

അതോടൊപ്പം അമ്മയില്ലാതെ അമ്മയുടെ സ്നേഹവും വാത്സല്യവും എന്തിനേറെയാ മു ലപ്പാൽ പോലും കുടിക്കാതെ വളരേണ്ടി വന്ന തള്ളയുടെ തലയെടുക്കാൻ പിറവിയെടുത്തവൾ എന്ന പേര് കേൾക്കേണ്ടി വന്ന എന്റെ ബാല്യത്തിലേക്ക് എന്റെ മനസ് ഊളിയിടുവേം ചെയ്തിരുന്നു….

കല്യാണം കഴിഞ്ഞു രണ്ടാം മാസം താനൊരമ്മയാവാൻ പോവുന്നൂന്നറിഞ്ഞപ്പോ ഏറ്റവും കൂടുതൽ സന്തോഷിച്ചത് അച്ഛനാവും……

ആ മുഖത്ത് വിരിഞ്ഞ സന്തോഷം പക്ഷെ എന്നെ ഭയപ്പെടുത്തുകയാണ് ചെയ്തിരുന്നത്….

ഒരാഴ്ചയ്ക്ക് ശേഷം പ്രവാസത്തിലേക്ക് തിരിച്ചു പോകാൻ നിൽക്കുന്ന നല്ല പാതിയുടെയും പ്രസവത്തോടെ ജീവൻ ഇല്ലാണ്ടായ അമ്മയുടെയും മുഖം ഓർമയിലേക്ക് വരുമ്പോഴൊക്കെയും മരണത്തിന്റെയും ഒറ്റപ്പെടലിന്റെയും ചിന്തകൾ എന്നെ ചുട്ടു പൊള്ളിക്കുന്നു…..

ഇപ്പൊ ഈ കുഞ്ഞിനെ വേണ്ടെന്നു ഞങ്ങൾ ഒരുമിച്ചൊരു തീരുമാനം എടുത്തപ്പോൾ അച്ഛൻ നിസഹായനായി നോക്കി നിൽക്കുന്നത് കാണുന്നുണ്ടായിരുന്നു.

ഇനി ഏട്ടനും ആഗ്രഹിച്ചിരുന്നോ ഈ കുഞ്ഞിനു വേണ്ടി അറിയില്ല പക്ഷെ എന്റെ ഭയത്തേക്കാൾ വലുതായിരുന്നില്ല ഏട്ടനാ കുഞ്ഞു പോലും എന്നെനിക്കറിയാം…
ഹോസ്പിറ്റലിൽ കൺസെന്റ്‌ ലെറ്റർ ഒപ്പിട്ടു കൊടുത്തപ്പോൾ ചെറുതായൊന്നു കൈ വിറച്ചിരുന്നു…..

ലേബർ റൂമിലേയ്ക്ക് എന്നെ ഷിഫ്റ്റ്‌ ചെയ്യാൻ വന്ന കുട്ടിയുടെ മുഖത്ത് നിറഞ്ഞു നിന്നിരുന്നത് പുച്ഛമായിരുന്നു എന്നെനിക്ക് തോന്നി…. അവൾ മറ്റൊരു കുട്ടിയോട് പറയുന്നത് ഞാൻ കേട്ടിരുന്നു

” ഇതും സ്ത്രീ അതും സ്ത്രീ.. “

അടുത്ത ബെഡിൽ ഡെലിവെറിക്ക് വേണ്ടി കിടത്തിയിരുന്ന സ്ത്രീയെ ചൂണ്ടിയായിരുന്നു അവളത് പറഞ്ഞിരുന്നത്….

അവരുടെ മുഖത്ത് കണ്ടിരുന്ന വേദന എന്നെ ഒന്നുകൂടി ഭയപ്പെടുത്തി എങ്കിലും ആ വേദനയ്ക്കിടയിലും അവരുടെ മുഖത്തൊരു തിളക്കമുണ്ടായിരുന്നു അതെന്നെ അത്ഭുതപ്പെടുത്തി….

എന്റെ കണ്ണിൽ ചെറുതായി പൊടിഞ്ഞ നീര്തുള്ളികൾ കണ്ടാവാം സിസ്റ്റർ എന്നോട് പറഞ്ഞത് ചിന്തിക്കൂ കുട്ടി ഇനിയും സമയമുണ്ടെന്ന്…..

അടുത്ത ടേബിളിൽ നിന്ന് ഉയർന്നു കേട്ട കുഞ്ഞിന്റെ കരച്ചിലിന് മുകളിൽ എനിക്കൊന്നും ആലോചിക്കേണ്ടി വന്നിരുന്നില്ല …….

ആ മരണവേദനയ്‌ക്കൊടുവിലും തന്റെ കുഞ്ഞിന്റെ ശബ്ദം കേട്ടപ്പോഴുണ്ടായ ആ സ്ത്രീയുടെ മുഖത്തെ തളര്ന്ന പുഞ്ചിരി എന്റെ തീരുമാനത്തെ തകർക്കുന്ന തായിരുന്നു….

ആ ബെഡിൽ നിന്നെഴുന്നേറ്റ് ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യാൻ പോകുമ്പോ ആ സിസ്റ്റർ എന്നെ ചേർത്തു നിർത്തി പറഞ്ഞിരുന്നു അമ്മയാവുക എന്നത് വെല്ലുവിളി തന്നെയാണ് ഓരോ സ്ത്രീയും ഏറ്റെടുത്ത ഒരു വെല്ലുവിളിയുടെ ബലത്തിലാണ് നമ്മളിന്ന് ജീവിക്കുന്നതെന്ന്…..

മാസങ്ങൾക്കിപ്പുറം ഞാനെന്റെ കുഞ്ഞിനെ ആദ്യമായി നോക്കിയപ്പോൾ,,,ആ കുഞ്ഞി കവിളിൽ മുഖം ചേർത്തപ്പോൾ അവിടെ എനിക്ക് കാണാൻ സാധിച്ചത് എന്റെ അമ്മയെക്കൂടിയാണ് കൂടെ എന്റച്ഛന്റെ സന്തോഷവും…….

( ദൈവം നല്കുന്ന ജീവനെടുക്കാൻ നമുക്കെന്തവകാശം….. ഓരോ സ്ത്രീയും ഏറ്റെടുത്ത അമ്മയാവുക എന്ന വെല്ലുവിളിയുടെ ഫലമാണ് നാമോരോരുത്തരും… അന്നവർ മാറി ചിന്തിച്ചിരുന്നെങ്കിൽ നാമിന്നില്ല… )