ആ പുസ്തകങ്ങൾക്കിടയിലാണ് അവനതു കണ്ടത്. അവന്റെ മുഖത്തു പുഞ്ചിരി വിടർന്നു.

പണിക്കരുടെ മകൻ -രചന : അബ്ദുൾ റഹിം

കുണ്ടറ ഗ്രാമത്തിലെ ഒരേ ഒരു ജ്യോത്സനാണ് ലോഹിതാക്ഷൻ. ലോഹിതാക്ഷൻ പണിക്കരുടെ ഒരേ ഒരു മകനാണ് സുകേശ്. തന്റെ പിൻഗാമിയായി പണിക്കർ മകനെയാണ് മനസിൽ കണ്ടിരിക്കുന്നത്.

പക്ഷെ പണിക്കർ ആഗ്രഹിച്ച പോലെ ഒരു ജ്യോത്സ്യനാവാനുള്ള കഴിവ് മകനില്ല എന്നു പണിക്കർക്ക് മനസിലായി. പക്ഷെ ഏതു വിധേനെയും മകനെ തന്റെ വഴിയേ കൊണ്ട് വരാൻ പണിക്കർ നോക്കി. പക്ഷെ പത്താം ക്ലാസ് കടക്കാൻ പോലും സുകേഷിനു കഴിഞ്ഞില്ല.

പത്താം ക്ലാസ് കടക്കാതെ വീട്ടിൽ നിന്നും ഒരു തുള്ളി വെള്ളം കിട്ടില്ല എന്നു പണിക്കർ കട്ടായം പറഞ്ഞു. ആ വാശിക്കു നാടുവിട്ടു. പണക്കാരനായി അച്ഛന്റെ മുൻപിൽ വന്നു നിലക്കാൻ വേണ്ടി എല്ലാ ചെറുപ്പക്കാർ ചെയ്യുന്ന പോലെ ബോംബെയിലേക്ക് കള്ള വണ്ടി കേറി.

പക്ഷെ വിചാരിച്ച പോലെയല്ല കാര്യങ്ങളെനന്നു സുകേഷിനു മനസിലായി. വിശപ്പ് അതു മാത്രം സഹിക്കാൻ കഴിയുന്നില്ല. പണിയെടുത്തും പട്ടിണി കിടന്നും ശീലം ഇല്ലാത്തത് കൊണ്ട് സുകേശിന് പണക്കാരനാകാൻ കഴിഞ്ഞില്ല. പണക്കാരനാകാതെ വീട്ടിൽ ചെന്നാൽ വീട്ടിൽ കേറ്റില എന്നുറപ്പുള്ളത് കൊണ്ട് അവിടെ തന്നെ പിടിച്ചു നിന്നു.

കുറച്ചു വർഷങ്ങൾക്കു ശേഷം നാട്ടിൽ നിന്നും വന്ന പരിചയക്കാരനിൽ നിന്നും അച്ഛൻ മരിച്ച വിവരം അറിഞ്ഞു. വിവരം കേട്ടയുടനെ നാട്ടിലേക്ക് പുറപ്പെട്ടു. ബസിറങ്ങിയ ഉടനെ മൂസാക്കയുടെ ചായക്കടയിലേക്ക് ചെന്നു. ഏതു നാട്ടിലായാലും ആ നാടിന്റെ സ്പന്ദനം അറിയുക ചായക്കടയിൽ ആണല്ലോ.

വർഷങ്ങൾ കഴിഞ്ഞു വന്ന സുകേഷിനെ മൂസാക്കാക്ക്‌ മനസിലായില്ല. മൂന്നാലുമാസം കുളിക്കാതെയും അലക്കാതെയും നടന്നാൽ ആർക്കും ആരേയും മനസിലാകില്ല. മുടിയും താടിയും ജടപിടിച്ച സുകേഷിനെ കണ്ടപ്പോൾ ഹിമാലയത്തിൽ നിന്നും വന്ന സന്യാസിയാണോ എന്നു വരെ മൂസാക്ക സംശയിച്ചു.

ഇക്കാ ഒരു ചായ….സ്വാമി എവിടെ നിന്ന….അടുത്തിരുന്ന കണാരേട്ടൻ ചോദിച്ചു. എന്ത് സ്വാമിയോ….? സുകേശ് അറിയാതെ ഞെട്ടി….

മൂസാക്കയുടെ പഴയ ബോണ്ടയും ഉണ്ടൻപൊരിയും വെയ്ക്കുന്ന പഴയ ചില്ലു കൂടാരത്തിൽ തൻ്റെ പ്രതിബിംബം കണ്ട സുകേശിന് തന്നെ തോന്നി. ശരിയാ ഇപ്പോൾ എന്നെ കണ്ടാൽ ഒരു സ്വാമിയായി തോന്നും…

അവസരം മുതലാക്കാൻ സുകേശ് തീരുമാനിച്ചു. അച്ഛന്റെ പഴയ ആഗ്രഹം അതു സാദിപ്പിക്കണം. പിന്നെ പണിയെടുക്കാതെ ഇനിയുള്ള കാലം ജീവിക്കണം. സുകേഷിന്റെ മനസിൽ അത്യാഗ്രഹങ്ങൾ മുള പൊട്ടി. ഞാൻ ലോഹിതാക്ഷൻ പണിക്കരുടെ മകനാണ്‌. ഹിമാലയത്തിൽ തപസ്സിലായിരുന്നു. അവിടെ വെച്ചു ഒരു ഉൾവിളിയുണ്ടായി. അച്ഛന്റെ പാത പിന്തുടരാൻ. അത്കൊണ്ട് ഇങ്ങു പോന്നു.

അധികം സമയമൊന്നും വേണ്ടി വന്നില്ല. ലോഹിതാക്ഷൻ പണിക്കരുടെ മകൻ വലിയ ജ്ഞാനിയായി നാട്ടിൽ വന്ന വിവരം ആളുകളറിയാൻ. വീട്ടിൽ വന്നു അമ്മയെ കെട്ടിപ്പിടിച്ചു. നാലു മാസം കുളിക്കാതെയുള്ള സുകേഷിന്റെ മണം താങ്ങാൻ കഴിയാതെ അമ്മ ബോധം കെട്ടു വീണു.

സുകേശ് ആദ്യം ഒന്നു പതറിയെങ്കിലും അമ്മയെ ഇടുത്തു കട്ടിലിൽ കിടത്തി. കുറച്ചു വെള്ളം തെളിച്ചു. ബോധം വന്ന കമലക്ഷിയാമ്മ വീണ്ടും ബോധം കെട്ടു. നാട്ടുകാർ മുറ്റത്തു കൂടിയിരുന്നു. അവർ കഥകൾ പലതും മെനഞ്ഞു. സുകേശ് നേരെ അച്ഛന്റെ റൂമിലേക്ക് കേറി.

അച്ഛനുള്ള സമയത്തു അച്ഛന്റെ മുറിയിൽ കേറാൻ അച്ഛൻ സമ്മതിച്ചിട്ടില്ല. ഒരു കട്ടിൽ, ഒരുപാട് താളിയോലഗ്രന്ഥങ്ങൾ, ഒരുപാട് പുസ്തകങ്ങൾ ഇതൊ‌ക്കെയായിരുന്നു മുറി മുഴുവനും. ഇപ്പോഴും കർപ്പൂരത്തിന്റെ മണം. ആ പുസ്തകങ്ങൾക്കിടയിലാണ് അവനതു കണ്ടത്. അവന്റെ മുഖത്തു പുഞ്ചിരി വിടർന്നു. കളിപ്പാട്ടം കാണാതെ പോയ കുട്ടിക്ക് കളിപ്പാട്ടം കിട്ടിയത് പോലെയായി.

ബോബനും മോളിയും

പണ്ട് കടയിൽ പോകാൻ തന്ന പൈസയിൽ അച്ഛൻ അറിയാതെ വേടിച്ച ബോബനും മോളിയും. അന്നു അച്ഛൻ അതുകണ്ട് ഒരുപാട് വഴക്ക് പറഞ്ഞു. എന്റെ കയ്യിൽ നിന്നും പുസ്തകം തട്ടിപ്പറിച്ചു പിന്നെ ഇതുവരെ കണ്ടിട്ടില്ല. ഇപ്പോഴാണ് കാണുന്നത്.അവൻ അതു കയ്യിലെടുത്തു. അതു തുറന്നപ്പോൾ ഒരു എഴുത് കിട്ടി.

മോനെ സുകേശെ….എന്നെങ്കിലും നീ വരുമെന്ന് അച്ഛനറിയാം. നീ വന്നു കഴിഞ്ഞാൽ ഇതിനുള്ളിൽ കേറുമെന്നും. ഈ മുറിയിൽ നിനക്കു ആവശ്യമായ ഒന്നുമില്ല. ഇതിനുള്ളിലെ താളിയോല കെട്ടുകളും ഗ്രന്ഥങ്ങളും നീ കൈ കൊണ്ട് തൊടില്ലെന്നും അച്ഛനറിയാം. അതുകൊണ്ടാണ് ഈ പുസ്തകത്തിൽ തന്നെ എഴുത് വെച്ചത്.

അച്ഛന്റെ പേരു് കളയരുത്. ഒരിക്കലും നാട്ടുകാരെ പറ്റിച്ചു ജീവിക്കരുത്. വീടിന്റെ പിന്നിലുള്ള സ്ഥലം നിന്റെ പേരിൽ എഴുതി വെച്ചിട്ടുണ്ട്. അവിടെ വാഴ കൃഷി ചെയ്യാം. നല്ലവണ്ണം അദ്വാനിച്ചാൽ കഞ്ഞി കുടിച്ചു ജീവിക്കാം. അമ്മയെ നോക്കണം…എന്നു നിന്റെ അച്ഛൻ. ഒപ്പ് ഇടുന്നില്ല…അച്ഛന് ഒപ്പിടാൻ അറിയില്ലന്നു മോനറിയാലോ…

എഴുത് വായിച്ച സുകേശ് മനസിൽ പറഞ്ഞു…അച്ഛനാണച്ചാ ശരിക്കും ജ്യോത്സ്യൻ…പിറ്റേന്ന് തന്നെ താടിയും മുടിയും വടിച്ചു സുകേശ് വാഴ തോട്ടത്തിലെക്കിറങ്ങി. ഇന്ന് സുകേശ് ഒരു കർഷകനാണ്. ആ നാട്ടിലെ തന്നെ പേരുകേട്ട കർഷകൻ.