മാരിയമ്മ
എഴുത്ത്: സാജുപി കോട്ടയം
~~~~~~~~~~~~~~~~~~~
കവലയിൽ പോയി തിരിച്ചു വരുമ്പോഴാണ് വീടിന്റെ ഗേറ്റ് തുറന്നു പുറത്തേക്ക് വരുന്ന മാരിയമ്മയെയും അവരുടെ പേരക്കുട്ടി സെൽവിയെയും കണ്ടത്…
വെറുതെ അവളുടെ ചപ്രാതലമുടിയിൽ വിരലുകളോടിച്ചു, വല്ലതും കഴിച്ചോന്ന് ചോദിച്ചപ്പോൾ…
മാരിയമ്മയുടെ നേർത്ത ശബ്ദത്തിലുള്ള ഒരു മൂളൽ മാത്രമായിരുന്നു മറുപടി….
അല്ലെങ്കിലും അധികം സംസാരിക്കുന്ന കൂട്ടത്തിലല്ല…എങ്കിലും അയാൾക്ക് വേണ്ടി എപ്പോഴും ഒരു ചിരി ബാക്കിവയ്ക്കുമായിരുന്നു ആ മുഖത്ത്…എന്തോ ഇന്നത് കണ്ടില്ല..
അയാൾ അകത്തേക്ക് കയറി നേരെ അടുക്കളയിലേക്കാണ് പോയത്. ഭയങ്കര വിശപ്പ്….കെട്ടിയോളെ വിളിച്ചിട്ട് കാണുന്നില്ല. അടുക്കളവാതിൽ തുറന്നു കിടപ്പുണ്ട്…രാവിലെ നല്ല പുട്ടും കടലയും ഉണ്ടാക്കി വച്ചിട്ടുണ്ട്. അപ്പോഴാണ് തൊട്ടടുത്തു തന്നെ രണ്ടു പഴയ പാത്രത്തിൽ തലേദിവസത്തെ കഞ്ഞി മോരും അച്ചാറുമൊഴിച്ചു വിളമ്പി വച്ചിരിക്കുന്നു. മണത്തു നോക്കിയപ്പോൾ അറിയാതെ വ ളിച്ച പുളിപ്പ് മണമടിച്ചു തല വെട്ടിച്ചു….ഒക്കാനം വന്നു.
അപ്പോഴേക്കും കെട്ടിയോൾ അടുക്കളയിലേക്ക് കയറി വന്നു.
നീയെന്താടി…ഈ വളിച്ചതും പുളിച്ചതുമൊക്കെ വിളമ്പി വച്ചേക്കുന്നത് എടുത്തു കളയാൻ മേലേ…?
ഓ…അത് ഞാൻ ആ പാ ണ്ടിച്ചികൾക്ക് കൊടുതതാണ്…അഹങ്കാരികൾ കഴിക്കാതെ ഇറങ്ങിപ്പോയി. ഇനിവരുമ്പോ ഈ പടിക്കകത്ത് കേറ്റില്ല…നാശത്തിനെയൊന്നും.
നിനക്കവർക്ക് പുട്ടും കടലയും കൊടുക്കമായിരുന്നില്ലേ??
ഓ…എന്നാപ്പിന്നെ അകത്തു കേറ്റി സൽക്കരിച്ചു വിടാമായിരുന്നല്ലോ….! നേരത്തെ പറയേണ്ടായിരുന്നോ..?
അവൾ പരിഹാസരുപേണ പറഞ്ഞുകൊണ്ട് കഞ്ഞിപാത്രമെടുത്തു പുറത്തേക്കിട്ടു
************
വർഷങ്ങൾക്ക് മുൻപ് തമിഴ് നാട്ടിൽനിന്നെവിടുന്നോ കുടുംബത്തോടൊപ്പം കേരളത്തിൽ വന്നതാണ്. ആക്രിപെറുക്കലാണ് അവരുടെ തൊഴിൽ. വഴിയരികിൽ കൂടാരമടിച്ചാണ് താമസം.
ഇന്നത്തെപോലെ കാശൊന്നുമല്ല അന്ന് പൊട്ടിയ പത്രങ്ങൾക്കോ പേപ്പറുകൾക്കോ പ്രതിഫലം കൊടുക്കുന്നത്…അവരുടെ തുണിസഞ്ചിയിൽ കരുതിയിരിക്കുന്ന, ഉണക്കമുളക്, അവൽ ഇതൊക്കെയായിരുന്നു. അവരെയൊന്നും പിച്ചക്കാരായി കരുതിയിരുന്നില്ല…
ആ നാട്ടിൽ നടക്കുന്ന വീടുകളിലെ വിശേഷങ്ങൾക്ക് പോലും അവരെയൊക്കെ വിളിച്ചു ആഹാരം കൊടുക്കുമായിരുന്നു. മിക്കവാറും വീടുകളിലെ എല്ലാവരെയും അവർക്കും സുപരിചിതമാണ്.
വർഷങ്ങൾ കഴിഞ്ഞു അവർക്ക് മക്കളും കൊച്ചുമക്കളുമൊക്കെയായി ആക്രിപെറുക്ക് നിറുത്തി മക്കളൊക്കെ തമിഴ് നാട്ടിൽ ഏക്കർ കണക്കിന് ഭൂമിവാങ്ങി കൃഷി ചെയ്തു ജീവിക്കുന്നുണ്ട്. മാരിയമ്മ അവർക്കൊപ്പം തമിഴ് നാട്ടിലേക്ക് പോയെങ്കിലും…എന്തോ മുന്ജന്മബന്ധം പോലെ മിക്കവാറും ബസ് കയറി ഇവിടെക്ക് വരും…എല്ലാ വീടുകളിലും വെറുതെ കയറിയിറങ്ങി ഓരോരുത്തരുടെയും ദൂരേക്ക് കെട്ടിച്ചുവിട്ട പെണ്മക്കളുടെ പോലും വിശേഷങ്ങൾ തിരക്കി കാപ്പിയോ ചോറോ കഴിച്ചിട്ട് തിരിച്ചു പോകും.
*******************
ദേ….മനുഷ്യാ….നിങ്ങള് വല്ലതും കഴിക്കുന്നുണ്ടോ.?
വേണ്ടാ…വിശപ്പ് കെട്ടുപോയി.
നിങ്ങളിപ്പോഴും ആ പാ ണ്ടിച്ചികളെ ഓർത്തിരിക്കുവാണോ…?
അതേ….നിനക്കറിയോ അതാരാണെന്ന്…..?
രണ്ടാം വയസ്സിൽ അമ്മ മരിച്ചുപോയ ഒരു കുഞ്ഞിന്റെ മുലപ്പാലിനായുള്ള കരച്ചിൽ കേട്ട് സഹിക്കാൻ പറ്റാതെ സ്വന്തം കുഞ്ഞിനോടൊപ്പം ആ കുഞ്ഞിനും തന്റെ മാ റിലെ ചൂടും പാലും കൊടുത്ത അമ്മയാണവർ. ആ മു ലപ്പാലിന്റെ ബലമാണ് ഈ കാണുന്നതൊക്കെയും…
അവര് അവരുടെ മോനേ….കാണാൻ വന്നതായിരുന്നെടി….!
************
~സാജുപി കോട്ടയം