പ്രണയകാലങ്ങൾ
Story written by Ammu Santhosh
“അവന് കുറച്ചു ദേഷ്യം കൂടുതൽ ഉണ്ട്.സത്യം പറയാമല്ലോ അമ്മയായത് കൊണ്ടാ എന്നെ തല്ലാത്തത്..മോളു നല്ലോണം ആലോചിച്ചു ഒരു തീരുമാനം എടുത്താ മതി.”
ഹരി എന്നെ കാണാൻ വരുന്നതിനു മുന്നേ ഹരിയുടെ അമ്മയാണ് വന്നത് . ആ അമ്മയുടെ സംസാരം എനിക്കിഷ്ട്ടായി. എന്തു നല്ല അമ്മ. കാണാനും നല്ല ഐശ്വര്യം. വീട്ടിൽ പറഞ്ഞപ്പോൾ ഇത് ഉടൻ തന്നെ കട്ട് ചെയ്തേക്കാൻ പറഞ്ഞു അച്ഛൻ.. എന്നാലും ചെക്കൻ ഒന്ന് വന്നു കണ്ടോട്ടെ എന്ന് കല്യാണാലോചന കൊണ്ട് വന്ന ഉണ്ണിയങ്കിൾ. എന്റെ മോളെ തല്ലിക്കൊല്ലാനല്ല വളർത്തുന്നത് എന്ന് അച്ഛൻ. കലിപ്പന്മാരുടെ സീസൺ ഒക്കെ കഴിഞ്ഞില്ലേ എന്ന് അനിയത്തി. ശ്ശെടാ അത്ര വലിയ സംഭവം ആണെങ്കിൽ ഒ ന്ന് കണ്ടിട്ട് തന്നെ കാര്യം എന്ന് ഞാനും.
എന്തായാലും ഞായറാഴ്ച കക്ഷി വന്നു. ആൾ കൊള്ളാം. ഒരു ഉണ്ണിമുകുന്ദൻ ലുക്ക് . ലുക്ക് മാത്രേ ഉള്ളല്ലേ സ്വഭാവം ഭയങ്കര മോശമാണല്ലേ എന്നൊക്കെ ചോദിക്കണമെന്നുണ്ടായിരുന്നു. ചോദിച്ചില്ല പോട്ടെ എന്തായാലും അച്ഛൻ ഈ കല്യാണം നടത്തില്ല പിന്നെ ഞാൻ എന്തിനാ ഇങ്ങേരുടെ ദേഷ്യം വാങ്ങി വീട്ടിൽ വെയ്ക്കുന്നെ..
“എനിക്ക് ഇയാളോട് ഒന്ന് സംസാരിക്കണം ഒരു അഞ്ചു മിനിറ്റ് ” കക്ഷി അങ്ങനെ പറഞ്ഞപ്പോൾ അച്ഛന് തീരെ മനസ്സുണ്ടായിട്ടല്ല പിന്നെ അനുവദിച്ചു
“എനിക്ക് തന്നെ ഇഷ്ട്ടായി. അമ്മ പറഞ്ഞു എന്റെ സ്വഭാവം ഏകദേശം അറിഞ്ഞു കാണുമല്ലോ.. എനിക്ക് ദേഷ്യം കണ്ട്രോൾ ചെയ്യാൻ ഭയങ്കര ബുദ്ധിമുട്ട് ആണ് യോഗ ഒക്കെ ചെയ്തു നോക്കി. രക്ഷ ഇല്ല. ദേഷ്യം വന്നാൽ അറിയാതെ തല്ലിപ്പോകും. പിന്നെ കുറ്റബോധം തോന്നും. പക്ഷെ അപ്പോഴേക്കും വൈകും “
“എന്നെ തല്ലിയ ഞാൻ തിരിച്ചു തല്ലും. അതിനി അച്ഛനും അമ്മയും പഠിപ്പിച്ച ടീച്ചേഴ്സും ഒഴികെ ആരായാലും.. അടി കൊടുത്തിരിക്കും.”ഞാൻ നെഞ്ചിൽ കൈ പിണച്ചു കെട്ടി കൂസലില്ലാതെ ആ മുഖത്തു നോക്കി പറഞ്ഞു
ആൾ ഒന്ന് പതറിയെന്ന് തോന്നുന്നു. പിന്നെ അധികം സംസാരിക്കാൻ നിൽക്കാതെ അവർ പോകുകയും ചെയ്തു
അല്ല പിന്നെ പെണ്ണിനെ തല്ലുന്നവൻ വീരൻ ആണോ? ഭീരു ആണെന്നെ..തിരിച്ചു ഒന്ന് കൊടുത്താൽ തീരുമതൊക്കെ എനിക്കാണെങ്കിൽ എന്റെ ദേഹം നൊന്താൽ കണ്ട്രോൾ പോകും
അവർക്ക് കല്യാണത്തിന് ഇഷ്ടമുണ്ടെന്ന് പറഞ്ഞപ്പോൾ അച്ഛൻ തനിക് തീരെ താല്പര്യം ഇല്ല എന്ന് അറിയിച്ചു. അച്ഛന്റെ വാക്ക് ധിക്കരി ക്കാൻ അയാളോട് എനിക്ക് കടുത്ത പ്രേമം ഒന്നു മില്ലാത്തത് കൊണ്ട് ഞാനും മിണ്ടിയില്ല
കോളേജ് ഹോസ്റ്റലിലേക്ക് ഞാൻ തിരിച്ചു പോയി പരീക്ഷ വരുന്നു
വിസിറ്റർ ഉണ്ട് എന്ന് ആരോ വന്നു പറഞ്ഞപ്പോൾ സത്യമായിട്ടും ഇങ്ങേര് ആണെന്ന് ഞാൻ ചിന്തിച്ചില്ല
നല്ല മഴ ആയിരുന്നു പുറത്ത് മഴ നനഞ്ഞു കുതിർന്ന ആ രൂപം കണ്ടപ്പോൾ ആദ്യം എനിക്ക് ചിരിയ വന്നത്. ഞാൻ ഒരു ടവൽ കൊണ്ട് കൊടുത്തു
“ഇവിടെ അടുത്ത് ഒരിടത്തു വന്നതാണ്. അപ്പൊ അമ്മയാണ് പറഞ്ഞത് ഇയാൾ ഇവിടെ ആണ് എന്ന്. അമ്മ തന്നു വിട്ടതാ ” കയ്യിലൊരു പൊതി.അത് എനിക്ക് തന്നിട്ട് പോട്ടെ എന്ന് പറഞ്ഞു ആൾ പോയി നനഞ്ഞു കുതിർന്ന പൊതിയിൽ ഉണ്ണിയപ്പം, കുഴലപ്പം, അച്ചപ്പം ഒക്കെയുണ്ടായിരുന്നു. അത് ആ അമ്മയുടെ സ്നേഹം ആണെന്ന് എനിക്ക് മനസിലായി.ഞാൻ വെറുതെ ഓരോന്ന് ഓർത്തിരുന്നു. ആൾ ശരിക്കും പാവമാവാനാണ് സാധ്യത. ഒരു ദുഷ്ടൻ ഒന്നുമല്ല. എന്നോട് കുഞ്ഞ് ഇഷ്ടവുമുണ്ട്. പക്ഷെ മൊബൈൽ നമ്പറോ മറ്റൊന്നുമോ ചോദിച്ചില്ല
അമ്മയുടെ സ്നേഹപ്പൊതികളുമായി ആൾ വീണ്ടും പലതവണ വന്നു. ഒന്നോ രണ്ടോ വാചകം. അതിനപ്പുറം എന്നെ ഡിസ്റ്റർബ് ചെയ്യുന്ന ഒന്നുമില്ല അവിടെ നിന്ന്.
അങ്ങനെ മൂന്ന് വർഷങ്ങൾ കടന്ന് പോയി.
ഇടക്കൊക്കെ ഓരോ പെണ്ണുകാണൽ ചടങ്ങൊക്കെ മുറ പോലെ നടന്നു പോയി.
ഞാൻ അതൊക്കെ കക്ഷിയോട് പറയുമ്പോൾ ആ മുഖം വല്ലാതെയാകും. നടക്കില്ല എന്ന് പറയുമ്പോൾ ചിരി നിറയും. ആളെ കാണാൻ നല്ല സുന്ദര നാട്ടോ. ചിരിക്കുമ്പോൾ ചെറിയൊരു നുണക്കുഴി ഒക്കെയുണ്ട്
“ഹരിയുടെ ചിരി നല്ല ഭംഗിയാണ് ” ഒരു ദിവസം ഞാൻ പറഞ്ഞു താങ്ക്സ് എന്ന് അങ്ങേര്.
ഇതെന്തൊരു മനുഷ്യൻ!
“കാണാൻ കൊള്ളാവുന്ന ഒരു പെൺകൊച്ചു മുഖത്ത് നോക്കി ഭംഗിയുണ്ടെന്ന് പറയുമ്പോ താങ്ക്സ് ന്നോ?”
അപ്പൊ ഹരി പിന്നെയും ചിരിച്ചു
“ഒരു കാപ്പി കുടിക്കാൻ പോയാലോ?” ഞാൻ ചോദിച്ചു
ഹരി ഇങ്ങനെ അന്തം വിട്ടു എന്നെ നോക്കി നിൽപ്പാണ്
“ഹോസ്റ്റലിലെ ഫുഡ് കൊള്ളില്ല ഹരി.എനിക്കൊരു മസാലദോശ തിന്നാൻ തോന്നുന്നു. ഒരു കാപ്പിയും “
ഹരി ബൈക്ക് അവിടെ തന്നെ വെച്ച് ഒരു ഓട്ടോക്ക് കൈ കാട്ടി
“ഹലോ എന്നെ ബൈക്കിൽ കയറ്റൂലെ?”ഞാൻ ആ തോളിൽ തട്ടി
“അത് പിന്നെ..പിന്നെ..”
“പിന്നെയല്ല ഇപ്പൊ.. വാ പൂവാ “ഞാൻ ബൈക്കിൽ കയറി
“ലൈസെൻസ് ഒക്കെയുണ്ടല്ലോ അല്ലെ?”
ഹരിയുടെ ബൈക്കിൽ ഹരിക്ക് പിന്നിലിരുന്നു പോകുമ്പോൾ ഞാൻ ചോദിച്ചു
ഹരി ചിരിച്ചതേയുള്ളു
“മസാലദോശ അത്ര ഇഷ്ടാണോ?”
ഞാൻ തലയാട്ടി
“ഒന്നുടെ ഓർഡർ ചെയ്യട്ടെ?” എന്റെ ആർത്തി കണ്ടാവും
ഞാൻ ആയിക്കോട്ടെ എന്ന് കൈ കാണിച്ചു എന്നെ ഹരി നോക്കിയിരിക്കുന്നത് എനിക്ക് അറിയാമായിരുന്നു.. ഹരി എന്നെ സ്നേഹിക്കുന്നുണ്ട് എന്നും.
അവധിക്ക് വീട്ടിൽ ചെന്നപ്പോൾ പുതിയ ആലോചന. ജാതകം ചേരും എല്ലാർക്കും ഇഷ്ടം ആയി
“ഞാൻ എന്താ പറയേണ്ടത് ഹരി?”
ആ പ്രാവശ്യം ഹരി വന്നപ്പോൾ ഞാൻ ചോദിച്ചു
ഹരിയുടെ മുഖത്ത് ഒരു വിഷാദം വന്നു
“സമ്മതം പറഞ്ഞോളൂ ” ഞാൻ ചിരിക്കാൻ ശ്രമിച്ചു. ഹരി പൊയ്ക്കഴിഞ്ഞപ്പോ ഒരു ശൂന്യത
ഇനി വരില്ലായിരിക്കും
അമ്മയുടെ സ്നേഹം.. അതുമുണ്ടാവില്ല
അല്ലെങ്കിലും ഞങ്ങൾ പരസ്പരം ഒന്നും പറഞ്ഞിട്ടില്ല
എന്നെ അതിശയിപ്പിച്ചു കൊണ്ട് ഹരി പിന്നെയും വന്നു. ഇത്തവണ കൈയിൽ മസാലദോശ കരുതിയിട്ടുണ്ടായിരുന്നു
“അമ്മ ഉണ്ടാക്കിയതാ. ചിലപ്പോൾ ഇനി പറ്റിയില്ലെങ്കിലോ?”
എന്റെ കണ്ണ് നിറഞ്ഞു
“ഞാൻ വീട്ടിൽ പറയട്ടെ ഹരി?”
ഹരി ഒരു നിമിഷം മിണ്ടാതെ നിന്നു
“റിസ്ക് ആണ്”
ഹരി പറഞ്ഞു
“ജീവിതത്തിൽ ഒരു ത്രില്ല് ഒക്കെ വേണ്ടേ?”
ഞാൻ ചിരിച്ചു
“ത്രില്ല് ചിലപ്പോൾ കിട്ടില്ല കാരണം ഞാൻ ഇപ്പൊ വഴക്കുണ്ടാക്കാറില്ല.. ആവശ്യ മില്ലാതെ ദേഷ്യം വരാറുമില്ല. നോർമൽ ആയിന്ന് തോന്നുന്നു. അമ്മ പറയുന്നത് താൻ കാരണമാണെന്നാ..”
എന്റെ കണ്ണ് വീണ്ടും നിറഞ്ഞു
“ഓരോ ദിവസവും ഉണരുമ്പോൾ ഈ മുഖം ഉണ്ട് നെഞ്ചിൽ..മഞ്ഞ് വീഴും പോലെ ഒരു തണുപ്പാ അപ്പൊ. വെറുതെ വഴക്കടിക്കാനും ദേഷ്യപ്പെടാനുമൊന്നും ഇപ്പൊ പറ്റുന്നില്ല.. ഫ്രീസ് ആയ പോലെ “
ഞാൻ എന്താ പറയേണ്ടതെന്നറിയാതെയായി
“വീട്ടിൽ സമ്മതിച്ചില്ലെങ്കിൽ?”
“ഇത് പോലെ വർഷങ്ങൾ കടന്ന് പോകും. ഹരി ഇവിടെ എന്നെ കാണാൻ വരും. പലഹാരങ്ങൾ തരും “
ഞാൻ ചിരിച്ചു
“അതെങ്കിലും മതിയെനിക്ക്.. കണ്ടാൽ മതി “
ഹരിയുടെ ശബ്ദം ഒന്നടച്ചു
ആൾ യാത്ര പോലും പറയാതെ ഒറ്റ നടത്ത.
ഞാൻ ഓടിച്ചെന്നു ആ കൈ പിടിച്ചു
“ഇപ്പൊ ദേഷ്യം വന്നോ അതാണോ പോയത്?”
ഹരി എന്റെ നിറുകയിൽ തൊട്ടു
“ഇത് എന്റെ ജീവനാണിപ്പോ .. ഒന്ന് നുള്ളി പ്പോലും നോവിക്കില്ല സത്യം.. ഞാൻ വീട്ടിൽ വന്നു സംസാരിക്കാം ” എനിക്ക് നാണം വന്നു കേട്ടോ
എന്റെ ശക്തിയായ റെക്കമെന്റേഷൻ കൊണ്ടും സ്വന്തം ജാമ്യത്തിലും ഞങ്ങളുടെ വിവാഹം നടന്നു
അമ്മ പറഞ്ഞ ഹരി ഉണ്ടായിരുന്നിരിക്കാം
ഞാൻ കണ്ടിട്ടില്ല
വർഷങ്ങൾ കഴിഞ്ഞു.ഞങ്ങളുടെ പ്രണയകാലങ്ങളിൽ ഒരിക്കൽ പോലും ഹരി എന്നെ വേദനിപ്പിച്ചില്ല.
പ്രണയം വേദനയാവാതിരിക്കട്ട ആർക്കും
ഞാൻ കണ്ട ഹരി, ഇപ്പൊ കണ്ടു കൊണ്ടിരിക്കുന്ന ഹരി പാവമാണ്..
അല്ലെങ്കിലും പ്രണയത്തിന് കഴിയാത്തത് എന്താ ല്ലേ?