ല ഹരി
എഴുത്ത് :- ശ്യാം കല്ലുകുഴിയിൽ
കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…
മായ കിണറ്റിൻ ചുവട്ടിലേക്ക് ചെന്ന് ഒരു തൊട്ടി വെള്ളം കോരി ബക്കറ്റിൽ ഒഴിച്ച്, ആ ബക്കറ്റുമായി അലക്ക് കല്ലിന്റെ അടുക്കലേക്ക് ചെന്നു. അവിടിരുന്ന സോപ്പ് എടുത്ത് കയ്യും കാലും മുഖവും നന്നായി കഴുകി, അയയിൽ കിടന്ന തോർത്ത് എടുത്ത് മുഖം തുടച്ചു കൊണ്ട് അടുക്കളവാതിൽ കൂടെ വീട്ടിലേക്കു കയറി..
മുറിയിൽ ചെല്ലുമ്പോൾ ദാസ് അപ്പോഴും നല്ല ഉറക്കത്തിൽ ആണ്. ശബ്ദം ഉണ്ടാക്കാതെ ഇരുമ്പ് അലമാര തുറന്നു ഒരു സാരി എടുത്തു. ഉടുത്തിരുന്ന പഴയ സാരി മാറ്റി അലമാരിയിൽ നിന്നെടുത്ത സാരിയുടുത്തു മായ…
ഭിത്തിയിൽ തൂക്കി ഇട്ടിരുന്ന പാതി പൊട്ടിയ കണ്ണാടിയിൽ അവൾ മുഖം നോക്കി, ഒഴിഞ്ഞ കുട്ടികൂറാ പൌഡർ ടിൻ എടുത്ത് കൈവെള്ളയിൽ തട്ടി, അതിൽ നിന്ന് ചെറിയ പൊടി മായയുടെ കൈ വെള്ളയിൽ ഒട്ടിപ്പിടിച്ചു. അത് രണ്ടു കൈ വെള്ളയിലും ആക്കി കൊണ്ട് അവളുടെ മുഖത്തേക് തേച്ചു. കണ്ണാടിയുടെ സൈഡിൽ ഇരുന്ന ചെറിയ കറുത്ത പൊട്ട് നെറ്റിയിൽ ഒട്ടിച്ചു കൊണ്ട് മായ മുടി ഒതുക്കി കെട്ടി..
ശബ്ദമുണ്ടാക്കാതെ ദാസിന്റെ പോക്കറ്റിൽ നിന്ന് പൈസ എടുത്ത്കൊണ്ട് മായ മുറിയിൽ നിന്ന് പുറത്തിറങ്ങി.. അടക്കളയിൽ പോയ് ഒരു സഞ്ചിയും മടക്കി പിടിച്ചു കൊണ്ട് ഉമ്മറത്തേക്ക് വന്നപ്പോൾ മീനു ടിവിയും കണ്ടിരിക്കുകയാണ് …
” ഇരിക്കാതെ പോയി പല്ല് തേയ്ക്ക് അമ്മ പോയി സാധനങ്ങൾ വാങ്ങി വരാം… “
മായ മീനുവിനോട് പറഞ്ഞ് ഇറങ്ങി, അപ്പോഴും മീനു അമ്മയെ നോക്കാതെ ടിവിയിൽ തന്നെ നോക്കി ഇരിക്കുകയായിരുന്നു…
മാർക്കറ്റിൽ പോയി വീട്ടിലേക്കുള്ള അത്യാവശ്യ സാധനങ്ങൾ വാങ്ങി തിരികെ വീട്ടിലേക്ക് നടന്നു മായ.വരുന്ന വഴിയിൽ ആണ് അപ്പുവേട്ടന്റെ ചായക്കട, മായ ചായക്കടയ്ക്ക് മുന്നിൽ ചെന്ന് അകത്തേക്ക് എത്തി നോക്കി ..
” ന്താ… മോളെ… “
മായയെ കണ്ട് കൊണ്ട് ആകത്ത് നിന്ന് അപ്പുവേട്ടൻ ചോദിച്ചു കൊണ്ട് പുറത്തേക് വന്നു…
” ഒരു നാലു ദോശ പൊതിഞ്ഞു തന്നെ … “
” കറി ന്താ മോളെ വേണ്ടത്.. “
” ഒന്നും വേണ്ട ദോശ മാത്രം മതി… “
കറി കൂടി വാങ്ങാൻ ഉള്ള പൈസ തികയില്ല എന്ന് മായയ്ക്ക് അറിയാം. അകത്ത് ദോശ എടുക്കുമ്പോൾ അപ്പുവേട്ടൻ ഒരു കവറിൽ കുറച്ച് കറി കൂടെ ദോശയ്ക്ക് ഒപ്പം വയ്ക്കാൻ മറന്നില്ല…
” ദാസ് അവിടെ ഇല്ലേ മോളെ…”
ദോശ പൊതിയുന്നതിനിടയിൽ അപ്പുവേട്ടൻ മായയോട് ചോദിച്ചു..
” വീട്ടിൽ ഉണ്ട്… “
” എന്താ ചെയ്യുക ഓരോ മനുഷ്യന്റെ സ്വഭാവത്തിന് വരുന്ന മാറ്റമേ… “
അപ്പുവേട്ടൻ ദോശ മായയ്ക്ക് കൊടുത്ത് കൊണ്ട് സഹതാപത്തോടെ അവളുടെ മുഖത്ത് നോക്കി.. അവൾ ഒന്നും മിണ്ടാതെ പൈസ കൊടുത്തു കൊണ്ട് വീട്ടിലേക്ക് നടന്നു…
വീട്ടിൽ ചെല്ലുമ്പോൾ ഉമ്മറവാതിൽപ്പടിയിൽ ദാസ് ഇരിപ്പുണ്ട്. മായ ദാസിന്റെ മുഖത്ത് നോക്കാതെ വീട്ടിലേക്ക് കയറി. അപ്പോഴും മീനു ടിവിയിടെ മുന്നിൽ തന്നെ ഇരിക്കുകയാണ്….
” മീനു നീ പല്ല് തേച്ചോ… “
” ആ തേച്ചമ്മേ… “
” എന്നാൽ വാ ഇത് എടുത്ത് കഴിക്ക്…. “
മായി സഞ്ചിയിൽ ഇരുന്ന ദോശപ്പൊതി എടുത്ത് മേശമേൽ വച്ചിട്ട് ബാക്കി സാധനങ്ങൾ അടുക്കളയിൽ കൊണ്ട് വച്ചു..
” എനിക്ക് ഇത് എല്ലാം വേണ്ട അമ്മേ… “
മീനു അടക്കളയിൽ നിന്ന മായയോട് വിളിച്ചു പറഞ്ഞു..
” നിനക്ക് ആവശ്യം ഉള്ളത് തിന്നിട്ട് ബാക്കി അവിടെ വച്ചേരെ… “
അത് പറഞ്ഞ് മായ മുറിയിൽ പോയി സാരി മാറ്റി പഴയ സാരി ഉടുത്തു കൊണ്ട് വീണ്ടും അടുക്കളയിലേക്ക് പോയി..
അയൽവക്കത്തേ കുട്ടികൾ കളിക്കുന്നത് കണ്ടപ്പോൾ, മീനു പെട്ടന്ന് രണ്ട് ദോശ കഴിച്ച് എഴുന്നേറ്റു…
” അമ്മേ ഞാൻ ഇപ്പോൾ വരാവേ… “
എന്ന് പറഞ്ഞു കൊണ്ട് മീനു കൂട്ടുകാർക്ക് ഒപ്പം കളിക്കാൻ പോയി. മീനു പോയി കഴിഞ്ഞപ്പോൾ ദാസ് എഴുന്നേറ്റു അടുക്കളയിലേക്ക് വന്നു.
” നീ എന്റെ പോക്കറ്റിൽ നിന്ന് പൈസ എടുത്തോ… “
അടുക്കളയിൽ കറിക്ക് അരിഞ്ഞു കൊണ്ടിരിക്കുന്ന മായയോട് ദാസ് ചോദിച്ചു, മായ ഒന്നും മിണ്ടാതെ അവളുടെ ജോലി തുടർന്ന് കൊണ്ടിരുന്നു…
മായ മിണ്ടാതെ ഇരിക്കുന്നത് കണ്ടപ്പോൾ ദാസിന് ദേഷ്യം കൂടി, അയ്യാൾ ദേഷ്യത്തോടെ മായയ്ക്ക് അരികിലേക്ക് വന്ന് അവളുടെ കഴുത്തിൽ പിടിച്ചു തല ഭിത്തിയിൽ ചേർത്ത് വെച്ചു…
” നിന്നോട് അല്ലെടീ ചോദിക്കുന്നത് നീ എടുത്തോ എന്ന്..”
ദാസ് മായയുടെ മുഖത്ത് നോക്കി ഉച്ചത്തിൽ ചോദിച്ചപ്പോൾ, അയ്യാളുടെ വായിൽ നിന്ന് തലേ ദിവസം കുടിച്ച മ ദ്യത്തിന്റെ രൂക്ഷഗന്ധം അവളുടെ മൂക്കിൽ അടിച്ചു.. അവൾ സർവ്വശക്തിയും എടുത്തു തന്റെ കഴുത്തിൽ പിടിച്ചേക്കുന്ന ദാസിന്റെ കൈ തട്ടി തെറിപ്പിച്ചു….
” ആ ഞാൻ എടുത്ത്, നിങ്ങൾക്ക് ഒന്നും അറിയണ്ടല്ലോ വെറുതെ കു ടിച്ച് നടന്നാൽ പോരെ, ഞാൻ പട്ടിണി കിടന്നോളാം പക്ഷെ എന്റെ മോളെ പട്ടിണിക്ക് ഇടാൻ പറ്റില്ല… “
മായയുടെ ഉള്ളിലെ ദേഷ്യം വാക്കുകളിലൂടെ പുറത്ത് വന്നു. ദാസ് നേരെ മുറിയിൽ ചെന്ന് ഷർട്ടും ഇട്ടുകൊണ്ട് പുറത്തേക്ക് ഇറങ്ങി പോയി. ദാസ് പോകുന്നതും നോക്കി കണ്ണീരോടെ മായ നിന്നു..
ഇങ്ങനെ ഒന്നും ആയിരുന്നില്ല ദാസ്, തന്നോടും മോളോടും വല്യ സ്നേഹം ആയിരുന്നു, എന്നും കളിയും ചിരിയും നിറഞ്ഞു നിന്ന വീട് ആയിരുന്നു. ഇപ്പോൾ കുറച്ചു നാൾ ആയി ദാസ് ഇങ്ങനെ ആണ് മ ദ്യപാനവും ദേഷ്യവും, ഇപ്പോൾ വന്ന് വന്ന് തന്നെ തല്ലാത്ത ദിവസം ഇല്ല. മോളോട് സ്നേഹത്തോടെ ഒന്ന് സംസാരിച്ചിട്ട് ദിവസങ്ങൾ ആയി….
അതൊക്കെ ഓർത്ത് നിന്നപ്പോൾ മായയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.. കളിച്ചു കഴിഞ്ഞ് മീനു വരുന്നത് കണ്ട് മായ സാരി തുമ്പ് കൊണ്ട് കണ്ണുനീര് തുടച്ചു കൊണ്ട് അടുക്കളയിൽ വീണ്ടും ജോലി തുടർന്നു…
ആഴ്ച്ചകൾ കടന്ന് പോയിട്ടും ദാസിൽ ഒരു മാറ്റവും വന്നില്ല, മ ദ്യപാനവും ദേഷ്യവും കൂടുന്നത് അല്ലാതെ ഒന്നിനും കുറവ് ഉണ്ടായില്ല. പതിവുപോലെ ഒരു ദിവസം നാലുകാലിൽ വന്ന് പതിവ് വഴക്കൊക്കെ കഴിഞ്ഞ് അയ്യാൾ കട്ടിലിലേക്ക് മറിയും മുൻപ് അരയിൽ ഉണ്ടായിരുന്ന മദ്യകുപ്പി കട്ടിലിന്റെ അടിയിൽ വച്ചു…
പിറ്റേന്ന് രാവിലെ എഴുന്നേറ്റു മായ അടുക്കളയിലേക്ക് നടന്നു, ഇന്നിനി ഈ വീട്ടിൽ എന്തേലും ഉണ്ടാക്കി കഴിക്കാൻ ഒരു തരി സാധനങ്ങൾ പോലും ഇല്ല.. ജീവിതം കൈവിട്ട് പോകുന്നു എന്ന സത്യം തിരിച്ചറിഞ്ഞു കൊണ്ട് ഇനി എങ്ങനെ ജീവിതം മുന്നോട്ട് പോകും എന്നറിയാതെ അവൾ അടുക്കളയിൽ അടുപ്പിന്റെ സ്ലാബിൽ ചാരി നിന്നു..
മീനു എഴുനേറ്റ് പതിവുപോലെ ടിവിയും ഓൺ ആക്കി അതിന്റ മുന്നിൽ പോയി ഇരുന്നു. അൽപ്പക്കഴിഞ്ഞ് ദാസ് എഴുന്നേറ്റു, ആദ്യം കട്ടിലിന്റെ അടിയിൽ വച്ച കുപ്പി ഉണ്ടോ എന്ന് നോക്കി, അത് അവിടെ കാണാത്തപ്പോൾ മായ എടുത്ത് മാറ്റി എന്ന് മനസ്സിലായി.. ദാസ് എഴുന്നേറ്റ് ഉമ്മറത്ത് പോയി ഇരുന്നു…
ഓരോന്ന് ആലോചിച്ച് ഒഴുകി വന്ന കണ്ണുനീർ സാരി തുമ്പ് കൊണ്ട് തുടച്ച് എന്തോ തീരുമാനിച്ച് ഉറപ്പിച്ചപോലെ മായ മുറിയിലേക്ക് പോയി. അവിടെ അലമാരയുടെ അടിയിൽ ഒളിപ്പിച്ച് വച്ച ദാസിന്റെ മ ദ്യകുപ്പിയും എടുത്ത്, നേരെ അടുക്കളയിൽ പോയി മൂന്ന് ഗ്ലാസും ഒരു കപ്പിൽ വെള്ളവും ആയി മായ ഉമ്മറത്തേക്ക് വന്നു..
മൂന്ന് ഗ്ലാസും നിരത്തി വച്ച് അതിലേക്ക് മ ദ്യം ഒഴിച്ചു മായ, മ ദ്യത്തിന്റെ മണം അടിച്ചപ്പോൾ ദാസ് പുറകിലേക്ക് തിരിഞ്ഞു നോക്കി. ഓരോ ഗ്ലാസ്സിന്റെയും പകുതിയോളം മ ദ്യം ഒഴിച്ചിട്ട് അതിലേക്ക് കപ്പിൽ നിന്ന് വെള്ളം പകരുകയാണ് മായ. മായ എന്തിനുള്ള പുറപ്പാട് ആണെന്ന് അറിയാതെ ദാസ് അവളെ നോക്കി ഇരുന്നു..
മൂന്ന് ഗ്ലാസിലും നിറയെ വെള്ളം ഒഴിച്ച് കഴിഞ്ഞ് അതിൽ ഒരു ഗ്ലാസ് എടുത്ത് മീനുവിന് നേരെ നീട്ടി മായ…
” ഇത് കുടിച്ചോ മോളെ, ഇത് കുടിച്ച് കഴിഞ്ഞാൽ പിന്നെ വിശപ്പ് ഉണ്ടാകില്ല, സുഖമായി ഉറങ്ങുകയും ചെയ്യാം… “
ഗ്ലാസ് വാങ്ങാൻ മടിച്ചു നിന്ന മീനുവിനോട് മായ പറഞ്ഞു..മീനു ആ ഗ്ലാസ് വാങ്ങി…
” എനിക്ക് വേണ്ടമ്മേ ഇതിന്റെ മണം അടിച്ചിട്ട് ഛർദിക്കാൻ തോനുന്നു…. “
അത് പറഞ്ഞ് ഒന്ന് ഓർക്കാനിച്ചു കൊണ്ട് മീനു ആ ഗ്ലാസ് താഴെ വച്ചു…
” ആദ്യം അമ്മ കാണിച്ചു തരാം.. “
അത് പറഞ്ഞ് മായ ഒരു ഗ്ലാസ് എടുത്തു, രണ്ട് വിരൽ കൊണ്ട് മൂക്ക് പൊത്തി പിടിച്ചു കൊണ്ട് ഗ്ലാസ് ചുണ്ടിന് നേരെ അടുപ്പിച്ചപ്പോൾ ദാസ് ഒരു കൈ കൊണ്ട് ആ ഗ്ലാസ് തട്ടി തെറുപ്പിച്ചു മറ്റേ കൈ മായയുടെ കവിളിലും പതിഞ്ഞു… അടി കൊണ്ട് മായ നിലത്ത് കിടന്ന് പോയി…
” എന്നെ മാത്രം തല്ലേണ്ട, ദേ നിങ്ങടെ മോളെയും കൂടെ തല്ലി കൊ ന്നോ,, ഇങ്ങനെ പട്ടിണി കിടന്ന് ചാകുന്നതിലും നല്ലത് അതാണ്… “
മയ തറയിൽ എഴുന്നേറ്റ് ഇരുന്ന് പറയുമ്പോൾ ദാസ് അത് ശ്രദ്ധിക്കാതെ ഗ്ലാസിൽ ഇരുന്ന മ ദ്യം പുറത്തേക്ക് ഒഴിച്ച് കളഞ്ഞു, അവിടെ ഇരുന്ന മ ദ്യകുപ്പിയും എടുത്ത് പുറത്തേക്ക് എറിഞ്ഞു. പിന്നെ കിണറ്റിൻ ചോട്ടിലേക്ക് നടന്നു, ഒരു തൊട്ടി വെള്ളം കോരി കയ്യും മുഖവും കഴുകി, ഒന്ന് രണ്ട് തവണ വായിൽ വെള്ളം കൊണ്ട് കുലുക്കി തുപ്പി, അയയിൽ കിടന്ന തോർത്ത് കൊണ്ട് മുഖം തുടച്ച് വീട്ടിൽ കയറി…
അകത്ത് കയറി ഷർട്ടും ഇട്ടുകൊണ്ട് പുറത്തേക്ക് ഇറങ്ങുമ്പോഴും മോളെയും ചേർത്ത് പിടിച്ച് തറയിൽ ഇരുന്ന മായയുടെ മുഖത്തേക്ക് അയ്യാൾ നോക്കിയില്ല…
“ഇനിയും കുപ്പി വാങ്ങാൻ പോകുക ആകും, ആദ്യം കുറച്ച് വിbഷം വാങ്ങി കലക്കി തന്ന് ഞങ്ങളെ അങ്ങ് കൊ ല്ല് എന്നിട്ട് നിങ്ങൾ എന്തോ ചെയ്യ്…. “
പുറത്തേക്ക് പോകുന്ന ദാസനെ നോക്കി കരഞ്ഞു കൊണ്ട് മായ പറഞ്ഞു വെങ്കിലും അവരെ ഒന്ന് നോക്കുക പോലും ചെയ്യാതെ ദാസ് ഇറങ്ങിപ്പോയി… തറയിൽ ഇരുന്ന മായയുടെ മടിയിൽ കരഞ്ഞു കൊണ്ട് മീനുവും കിടന്നു…
കുറച്ചു കഴിഞ്ഞപ്പോൾ രണ്ട് കയ്യിലും സഞ്ചിയിൽ സാധനങ്ങളുമായി ദാസ് തിരികെ വന്നു.. സാധനങ്ങൾ നേരെ അടുക്കളയിൽ കൊണ്ട് വച്ചു, മൂന്ന് പ്ലേറ്റും മേശപുറത്ത് കൊണ്ട് വച്ചു. കൊണ്ട് വന്ന സഞ്ചിയിൽ നിന്ന ഒരു പൊതി അഴിച്ച് അതിൽ നിന്ന് ദോശ എടുത്ത് മൂന്ന് പ്ലേറ്റിലേക്ക് എടുത്തു വച്ചു. ഒരു പാത്രത്തിലേക്ക് കവറിൽ നിന്ന് കറി ഒഴിച്ചു വച്ചു…
” മോളെ എഴുനേറ്റ് വാ ഇത് കഴിക്ക്… “
ദാസ് മീനുവിനെ വിളിച്ചു, അവൾ അമ്മയുടെ മടിയിൽ തന്നെ കിടന്നു..
” വാ… എഴുന്നേൽക്ക് “
എഴുന്നേൽക്കാൻ മടിച്ചു നിൽക്കുന്ന മീനുവിന്റെ അടുത്ത് ചെന്നു കയ്യിൽ പിടിച്ച് എഴുനേൽപ്പിച്ചു മേശയുടെ അടുത്ത് കൊണ്ടിരുത്തി..
” നിന്നെ ഇനി പ്രത്യേകം വിളിക്കണോ എഴുന്നേറ്റു വാ… “
തറയിൽ ഇരിക്കുന്ന മായയെ ദാസ് വിളിച്ചു, മായ ഒന്നും മിണ്ടാതെ ദാസിന്റെ മുഖത്ത് രൂക്ഷ മായി നോക്കി ഇരുന്നു.. മായ എഴുനേറ്റ് വരില്ലന്ന് കണ്ടപ്പോൾ ദാസ് മായയ്ക്ക് അരികിൽ ചെന്ന് ഇരുന്നു…
” വാ എഴുന്നേൽക്ക് എന്തേലും കഴിക്ക്… “
ദാസ് മായയുടെ തോളിൽ തട്ടിക്കൊണ്ടു വിളിച്ചു…
” എനിക്ക് വേണ്ട, പറ്റുമെങ്കിൽ കുറച്ച് വിഷം വാങ്ങി തന്ന് കൊ ല്ല് ഇങ്ങനെ കണ്ണീർകുടിച്ചു ജീവിക്കുന്നതിലും നല്ലത് അതാണ്… “
മായ അതും പറഞ്ഞ് അവിടെ നിന്ന് എഴുന്നേറ്റ് മുറിയിലേക്ക് നടന്നു.
” ദേ നമ്മുടെ മോള് സത്യം ഇനി ഞാൻ കുടിക്കില്ല… “
മുറിയിലേക്ക് നടന്ന മായയെ തടഞ്ഞു നിർത്തി മോളുടെ തലയിൽ തൊട്ട് ദാസ് സത്യം ചെയ്തു….
” എനിക്കും കൂടെ ബോധ്യമാകട്ടെ നിങ്ങൾ കു ടി നിർത്തി എന്ന്… എന്നിട്ട് മതി ഇനി എന്നോടുള്ള സംസാരം… “
ദേഷ്യത്തോടെ പറഞ്ഞു കൊണ്ട്, ദാസിനെ തട്ടി മാറ്റി മായ മുറിയിലേക്ക് പോയി…
” മോള് കഴിക്ക് അമ്മ ദേഷ്യം മാറുമ്പോൾ വന്നോളും.. “
അത് പറഞ്ഞ് ദാസ് ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന മീനുവിന്റെ അടുക്കൽ ഇരുന്നു. അൽപ്പം കഴിഞ്ഞ് എഴുന്നേറ്റ് വന്ന മായയെ ഇടങ്കണ്ണിട്ട് ദാസ് നോക്കി… ദാസ് തന്നെ നോക്കുന്നത് കണ്ടപ്പോൾ മായ മുഖത്ത് ദേഷ്യം കാണിച്ചു കൊണ്ട് പാത്രവും ദോശയുമായി അടുക്കളയിലേക്ക് പോയി…
അല്ലേലും ഈ പെണ്ണുങ്ങളുടെ പിണക്കം മാറാൻ കുറച്ചു ദിവസം എടുക്കും അത് വരെ ക്ഷമിക്കുക തന്നെ.. അത് മനസ്സിൽ ഓർത്തപ്പോൾ ദാസിന്റെ ചുണ്ടിൽ ചിരി പടർന്നു…