ആരെയും ആകർഷിക്കുന്ന അംഗലാവണ്യം അതിനൊത്ത മുഖഭംഗി എന്നും അരവിന്ദന് താൻ ല ഹരിയായിരുന്നു രാത്രികളിൽ എത്രവട്ടം മതിവരാതെ തന്നെ നുകർന്നു………

പാപം

Story written by Sumayya Beegum T A

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…

ഹാളിലെ ഹൃദയാകൃതിയിലുള്ള ചുവന്ന ക്ലോക്കിൽ സമയം പന്ത്രണ്ടാകുന്നു, അരവിന്ദ് റൂമിൽ എത്തിയിട്ടില്ല. കാലം തെറ്റി പെയ്യുന്ന മഴ പുറത്തു തകർത്തു പെയ്യുന്നു.

ന്തൊരു കുളിരാണ്. സുസ്മി രണ്ടു കൈകളും വിലങ്ങനെ നെഞ്ചിൽ താടിക്കു താഴെ മുറുക്കനെ ചേർത്തു പിടിച്ചു. ഈ സമയം പുറകിൽ കൂടി അരവിന്ദ് വന്നു ഈറൻ മുടി മാടിയൊതുക്കി കഴുത്തിൽ മൃദുവായി കടിക്കുന്നതും ആ ചുംബനത്തിൽ ഒരു ഹിമകണം പോലെ താൻ ഉരുകി ആ മാ റിൽ അലിഞ്ഞു ചേരുന്നതും ഓർക്കവേ സുസ്മി ഒന്ന് പൂത്തുലഞ്ഞു.

സെറ്റിയിൽ കിടന്നു തന്നെ റോണി ഉറങ്ങി കഴിഞ്ഞിരുന്നു. ചുവന്ന ചുണ്ടുകളും തിളങ്ങുന്ന കണ്ണുകളും നീണ്ട തലമുടിയും അവനെ ഒരു രാജകുമാരനെപ്പോലെ സുന്ദരനാക്കി. ഇംഗ്ലീഷ് നാടോടിക്കഥകളിലെ പ്രിൻസ്. പക്ഷേ മറ്റു കുട്ടികളുടെ വിവേചന ബുദ്ധിയോ വകതിരിവോ ജീസസ് അവനു കൊടുത്തില്ല.

നാലു വയസായി റോണിക്ക്, എങ്കിലും കൊച്ചുകുട്ടികളെപ്പോലെ എപ്പോളും ബഹളമാണ്. പെട്ടന്ന് ദേഷ്യം വരും പിന്നെ എല്ലാം എറിഞ്ഞു ഉടക്കും, മറ്റുള്ളവരെ ഉപദ്രവിക്കും. ചികിത്സയും കൗൺസിലിംഗും ഒക്കെ നടക്കുന്നുണ്ട്. ജന്മനാ ബ്രയിനിലുള്ള ചെറിയ പ്രോബ്ലെംസ് അവനെ ഗുരുതര പെരുമാറ്റ തകരാറിലെത്തിക്കുന്നു.

റോണിയെ സെറ്റിയിൽ നിന്നും മെല്ലെ എടുത്തു റൂമിൽ കിടത്തി പില്ലോ എടുത്തു സൈഡിൽ വെച്ചു. തൊട്ടടുത്തു തന്നെ അവന്റെ ഫേവറിറ്റ് ടെഡി ബിയറും. വാതിൽ ചാരി റൂമിനു വെളിയിലെത്തുമ്പോഴും അരവിന്ദ് കിടക്കാൻ എത്തിയിരുന്നില്ല.

മെല്ലെ സ്റ്റെപ് കയറി മുകളിൽ എത്തിയപ്പോൾ അരവിന്ദ് നിലത്തു വിരിച്ച മെത്തയിൽ മൊബൈലും ആയി തിരക്കിലാണ്. ശക്തിയായി റൂഫിൽ വെള്ളം വീഴുന്ന ശബ്ദം.

അതെ ഉറങ്ങണ്ടേ ?

ആ ചെക്കൻ ഉറങ്ങിയോ ?

നമ്മുടെ മോൻ അല്ലേ അരവിന്ദ് ?അവനോടിത്ര ദേഷ്യം വേണോ ?

മോൻ അല്ല പിശാച് ആണ്. നീ കണ്ടോ എന്റെ മുഖം മൊത്തം മാന്തിപ്പൊളിച്ചു ഈ ഫോൺ കൊടുക്കാതിരുന്നതിനു.

പോട്ടെ അരവിന്ദ, അരവിന്ദൻ അവനെ നന്നായി അടിച്ചല്ലോ. അവന്റെ ചുവന്ന കാലുകളിലെ തിണർത്ത പാടുകൾ കണ്ടാൽ സഹിക്കാൻ പറ്റില്ല.

സഹിക്കണ്ട പോയി കെട്ടിപിടിച്ചു ഉമ്മ കൊടുക്ക്.

സുസ്മി ചിരിച്ചുകൊണ്ട് വികാരത്തോടെ അരവിന്ദന്റെ മുഖം കൈകുമ്പിളെടുത്തു മന്ത്രിച്ചു.

എന്നാ ഞാൻ ഉമ്മ വെക്കട്ടെ ഒരായിരം ഉമ്മകൾ കൊണ്ടു മൂടട്ടെ.

ഛെ, സുസ്മിയുടെ കൈ തട്ടിമാറ്റി അരവിന്ദൻ എഴുന്നേറ്റു.

എനിക്കുറക്കം വരുന്നു സുസ്മി റൂമിൽ പോയി കിടക്കു. എനിക്കിന്ന് ഒറ്റക്ക് കിടക്കണം.

കുനിഞ്ഞ ശിരസും പെയ്യുന്ന മിഴികളുമായി പടിയിറങ്ങുമ്പോൾ സുസ്മി താൻ ഈ നിമിഷം മരിച്ചുപോയിരുന്നെങ്കിൽ എന്ന് വെറുതെ കൊതിച്ചു.

തലയിണയിൽ മുഖം ചേർത്തു പൊട്ടിക്കരയവേ പഴയ ഓർമ്മകൾ കൂടുതൽ വേദനിപ്പിച്ചു.

ആരെയും ആകർഷിക്കുന്ന അംഗലാവണ്യം അതിനൊത്ത മുഖഭംഗി എന്നും അരവിന്ദന് താൻ ല ഹരിയായിരുന്നു രാത്രികളിൽ എത്രവട്ടം മതിവരാതെ തന്നെ നുകർന്നു മയങ്ങിയിട്ടുണ്ട്. എന്നിട്ടിപ്പോൾ താൻ അരവിന്ദന് അധികപ്പറ്റായി. എല്ലാം അരവിന്ദൻ മടുത്തിരിക്കുന്നു.

മാറ്റം തുടങ്ങിയിട്ട് നാളുകൾ കുറെയായി. റോണിയിൽ കുസൃതി കൂടുന്നതിനൊപ്പം തങ്ങൾ തമ്മിലുള്ള അകലവും കൂടിവന്നു. സൗഹൃദ സംഭാഷണങ്ങളും സ്നേഹപ്രകടനങ്ങളും പരസ്പരം മറന്നു. ഇപ്പോൾ വഴിപാട് പോലെ നടക്കുന്ന പങ്കുവെക്കലുകൾ ശരീരം കൊണ്ടു മാത്രം. അതിനും തിരശീല വീണു കഴിഞ്ഞു.

ഇനി എന്ത് ? അതൊരു വല്യ ചോദ്യമാണ് ഇനിയും അരവിന്ദന്റെ ജീവിതത്തിൽ കടിച്ചുതൂങ്ങി കിടക്കുക, ശെരിയും തെറ്റും മറന്നു തുടങ്ങിയ അന്നുതൊട്ട് ജീവിതത്തിന്റെ താളം തെറ്റാൻ തുടങ്ങിയിരുന്നു. തിരിച്ചറിഞ്ഞപ്പോഴേക്കും പൊറുക്കാൻ പറ്റാത്ത പാപങ്ങൾ ചെയ്തു കൂട്ടിയിരുന്നു. നാടും വീടും പ്രിയപെട്ടവരെയും ഉപേക്ഷിച്ചു രാത്രി പടിയിറങ്ങുമ്പോൾ നഷ്ടപെട്ടത് എന്നെന്നേക്കുമായി ജീവിതത്തിലെ സമാധാനവും സന്തോഷങ്ങളുമായിരുന്നു.

കണ്ണീരിൽ കുതിർന്ന തലയിണയിൽ നിന്നും മുഖമുയർത്തി ഷെൽഫിനടുത്തേക്ക് നടന്നു. കയ്യിൽ അമർത്തി ബ്ലെയ്ഡ് കൊണ്ടു വ രയുമ്പോൾ റോണിയുടെ മുഖം മനസിനെ കീറിമുറിച്ചു. ന്റെ മോനെ എന്നുറക്കെ കരഞ്ഞു മുട്ടുകുത്തി നിലത്തിരിക്കുമ്പോൾ വേറെയും മുഖങ്ങൾ മനസ്സിൽ തെളിഞ്ഞു. എല്ലാരോടുമായി മാപ്പ് ചോദിച്ചു ഒരു കയ്യിൽ മുറുകെ പിടിച്ച മാതാവിന്റെ രൂപത്തോടു ചേർത്തു മുഖമമർത്തി തറയിലേക്ക് വീഴുമ്പോൾ ഒഴുകുന്ന ര ക്തത്തിനൊപ്പം ബോധം മറഞ്ഞു.

**************

കണ്ണ് തുറക്കുമ്പോൾ ആദ്യം കണ്ടത് റോണി മോന്റെ മുഖമാണ്. അരവിന്ദന്റെ മടിയിൽ തന്നെ തന്നെ നോക്കി വിഷാദനായി തന്റെ മോൻ. പാറിപ്പറന്ന മുടിയും കുഴിഞ്ഞ കണ്ണുകളുമായി അരവിന്ദൻ.

താൻ മരിച്ചില്ലേ ?അതോ ഇതു സ്വപ്നമോ ?

സുസ്മി ഒന്നും മനസിലാവാതെ പകച്ചുനോക്കുമ്പോൾ അരവിന്ദനും റോണിയും സന്തോഷത്തോടെ അവളെ ചേർത്തുപിടിച്ചു. നാളുകൾക്കു ശേഷം അരവിന്ദൻ അവളുടെ നെറുകിൽ മുത്തം കൊടുത്തു, ആ കണ്ണിൽ നിന്നും പൊഴിഞ്ഞ രണ്ടുതുള്ളി കണ്ണീരിനൊപ്പം സുസ്മി തിരിച്ചുകിട്ടിയ തന്റെ ജീവിതത്തെ ഓർത്തു ആശ്വാസം കൊണ്ടു.

ഹോസ്പിറ്റലിൽ ഡിസ്ചാർജ് ചെയ്യുന്ന ദിവസം രാവിലെ ഡോക്ടർ റൂമിലെത്തി തന്നോടും അരവിന്ദനോടും കൗൺസിലറെ ഒന്ന് കണ്ടിട്ടുപോകണം എന്ന് നിർദ്ദേശിച്ചപ്പോൾ ഞങ്ങൾക്ക് പൂർണ സമ്മതമായിരുന്നു. കാരണം മോൻ ഉണ്ടായതിൽ പിന്നെ ചരടില്ല പട്ടം പോലെ കൈവിട്ടുപോയ ജീവിതത്തെ തിരിച്ചു പിടിക്കാൻ ഞാനും അതിയായി ആഗ്രഹിച്ചു.

ഹേമ ഡെന്നിസ് എന്ന നെയിം ബോർഡ്‌ എന്നെയും അരവിന്ദനെയും ഏതൊക്കെയോ ഓർമകളിലേക്ക് വലിച്ചിട്ടു.

ഡോർ തുറന്നു അകത്തുകയറവെ കൗൺസിലറുടെ സീറ്റിൽ പിങ്കും മഞ്ഞയും ഇടകലർന്ന കോട്ടൺ സാരി ഉടുത്തു ആകർഷിക്കുന്ന ചിരിയുമായി ഒരു യുവതി.ഹേമ ഡെന്നിസ,് കൗൺസിലർ. എന്നാൽ അരവിന്ദനെ കണ്ടതും അവർ ഒരുനിമിഷം ഞെട്ടലോടെ പകച്ചിരുന്നു.സംശയത്തോടെ അരവിന്ദനെ ഞാൻ തിരിഞ്ഞുനോക്കവെ ചോര തൊട്ടെടുക്കാൻ ഇല്ലാത്തവണ്ണം അരവിന്ദൻ വിളറി വെളുത്തു.

ഒന്നും മിണ്ടാതെ എന്റെ കയ്യിൽ പിടിച്ചു വലിച്ചു അരവിന്ദൻ റൂമിനു വെളിയിൽ ഇറങ്ങുമ്പോൾ ഏതാണ്ടൊക്കെ എനിക്കും മനസ്സിലായിരുന്നു. അന്ന് കോടതി വരാന്തയിൽ വെച്ചു അരവിന്ദനൊപ്പം ഭർത്താവിനെയും മകളെയും വേണ്ടാന്ന് വെച്ചു ഞാൻ പടിയിറങ്ങുമ്പോൾ മറുവശത്തു ഇരുൾ വീണ പെൺജന്മം ഇവളാവം അന്ന് വ്യക്തമായി കണ്ടില്ല. ഒരു ഫോട്ടോ പോലും കാണാൻ ശ്രമിച്ചില്ല. പരസ്പരം ഉള്ള ഉടമ്പടി അതായിരുന്നു പങ്കാളികളെയും മക്കളെയും ഉപേക്ഷിച്ചു അക്ഷരങ്ങളിലൂടെ പരിചയപെട്ടവർ ഒന്നായപ്പോൾ പഴയതെല്ലാം ഉപേക്ഷിച്ചു.

പക്ഷേ ആരുടെ കയ്യിൽ നിന്നും ജീവിതം പറിച്ചെടുത്തോ അവളിലേക്ക് തന്നെ വിധി തങ്ങളെ കൊണ്ടെത്തിച്ചു, ഇതിലും വലിയ ശിക്ഷ വേറെന്തുണ്ട്.

ആശുപത്രിയിൽ കുട്ടികൾക്കായി ഒരുക്കിയ ചെറിയ പാർക്കിൽ ഓടിക്കളിക്കുന്ന റോണിയെ വിളിച്ചു കാറിനടുത്തേക്ക് നടക്കവേ അത്ഭുതങ്ങൾ ഇനിയും ബാക്കിയായിരുന്നു.

തങ്ങളുടെ വണ്ടിയുടെ തൊട്ടടുത്തായി നിർത്തിയ കാറിൽ നിന്നും കണ്ണാടി വെച്ച ആറടി പൊക്കക്കാരൻ ഇറങ്ങുമ്പോൾ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല അതൊരിക്കൽ തന്റെ കഴുത്തിൽ മിന്നു ചാർത്തിയ ഡെന്നിച്ചൻ ആയിരിക്കുമെന്ന്.

പപ്പാ എന്ന് വിളിച്ചു ഡെന്നിച്ചനടുത്തേക്കു വന്ന മാലാഖ പോലുള്ള പെൺകുട്ടി നാലു വയസിൽ താൻ ഉപേക്ഷിച്ച റിയ മോളാണ്. കൂടെ ഒരാൺകുട്ടി. അതാരാണെന്ന് എനിക്കു മനസിലായില്ല എങ്കിലും അരവിന്ദൻ മോനെ എന്നറിയാതെ വിളിച്ചു അതെ അതാവാം അരവിന്ദന് ഹേമയിൽ ഉണ്ടായ അക്ഷയ്.

ഒന്നും മിണ്ടാനാവാതെ നിറഞ്ഞ കണ്ണുകളുമായി കണ്ടതൊക്കെ സത്യമോ മിഥ്യയോ എന്നറിയാതെ തരിച്ചുനില്കുമ്പോൾ ഡെന്നിച്ചനും മക്കളും പരസ്പരം എന്തോ പറഞ്ഞു ഞങ്ങളെ ശ്രെദ്ധിക്കാതെ കടന്നുപോയി.

******************

ചാരിയിട്ടിരുന്ന കൗൺസിലറുടെ റൂമിന്റെ ഡോർ തുറന്നു അമ്മേ എന്നുവിളിച്ചു ഓടിവന്നു കവിളിൽ ചുംബിച്ച റിയാമോളെ ചേർത്തണച്ചു ഹേമ ഡെന്നിസിനെ നോക്കി.

ഡെന്നിസ് അവളെനോക്കി എന്നത്തേയും പോലെ നനുത്തൊരു ചിരി സമ്മാനിച്ചു. അയാളുടെ കയ്യിൽ അക്ഷയുടെ കയ്യ് ചേർന്നിരുന്നു ഒരിക്കലും പിടിവിടാതെ.

വൈകിട്ട് ഫോണിലേക്ക് വന്ന വാട്സ്ആപ്പ് മെസ്സേജ് ഓപ്പൺ ചെയ്ത സുസ്മി ഇങ്ങനെ വായിച്ചു.

സുസ്മി, ഞാൻ ഹേമയാണ്. ഒരിക്കൽ നിന്നെക്കാൾ കൊടിയ വേദനകളിൽ തെറ്റൊന്നും ചെയ്യാതെ നീയും അരവിന്ദൻ എന്ന എന്റെ മുൻഭർത്താവും കൂടി വലിച്ചെറിഞ്ഞവൾ . അതിൽ നിന്നെല്ലാം എന്നെ കരകയറ്റിയത്‌ ഡെന്നിച്ചൻ എന്ന നിന്റെ മുൻഭർത്താവിന്റെ നന്മകളാണ്.കാരണം ജീവിതത്തിൽ ഒരുപോലെ ഒറ്റപ്പെട്ടുപോയവരായിരുന്നു ഞങ്ങൾ. എനിക്കു പഠനം തുടരാനും ഈ നിലയിൽ എത്താനും പ്രചോദനം ഡെന്നിസ് ആരുന്നു. ഒരു സുഹൃത്തായി കൂടെ കൂടിയ ഡെന്നിസിനെ പതിയെ ഞാനും മകനും സ്നേഹിച്ചു. നിന്റെ മകൾ എന്നിൽ അമ്മയെയും എന്റെ മകൻ ഡെന്നിസിൽ അച്ഛനെയും കണ്ടപ്പോൾ ഞങ്ങൾ ഒന്നാവാൻ തീരുമാനിച്ചു രണ്ടു വീട്ടുകാരുടെയും പൂർണ സമ്മതത്തോടെ അങ്ങനെ നിങ്ങൾ കത്തിച്ചുകളഞ്ഞ സ്വപ്നങ്ങളെ വീണ്ടും ഞങ്ങൾ ഒരുമിച്ചു നെയ്തുകൂട്ടി. ഇന്ന് നിന്റെ അവസ്ഥയിൽ ദുഖമുണ്ട് സുസ്മി എങ്കിലും പകയില്ല കാരണം നിന്റെയും അരവിന്ദന്റേയും റോണിമോനെ ഒരിക്കലും വെറുക്കാൻ എനിക്കാവില്ല.ഞാൻ ഒരു കൗൺസിലറാണ്. കഴിഞ്ഞുപോയ ജീവിതവും ചെയ്ത പാപങ്ങളും ഓർത്തു നിങ്ങൾ ഇനി നീറുന്നതിൽ കാര്യമില്ല. ഞങ്ങൾ നിങ്ങൾ രണ്ടാളോടും പൊറുത്തിരിക്കുന്നു. സന്തോഷത്തോടെയും സമാദനത്തോടെയും ജീവിതം തുടരുക. ആശംസകൾ…

മെസ്സേജ് വായിച്ചു ഫോൺ അരവിന്ദന് കൈമാറുമ്പോൾ ശരീരം വിറയ്ക്കുന്നതു പോലെ പുൽനാമ്പിനോളം ചെറുതായപോലെ . വീഴാൻ തുടങ്ങിയ തന്നെ അരവിന്ദൻ ചേർത്തുപിടിച്ചു… കരഞ്ഞുകൊണ്ട് ആ മാറിൽ മുഖം അമർത്തവേ എല്ലാ സങ്കടങ്ങളും പെയ്തൊഴിഞ്ഞു കൂടെ അതുവരെയുള്ള പാപക്കറയും…