ആരും തുണയില്ലാതെ ഒറ്റയ്ക്ക് നടക്കുന്ന ഒരു പെണ്ണിനെ അതും ഗർഭിണിയെ സഹായിക്കാൻ ആരും തയ്യാറായില്ല. അലഞ്ഞ് നടന്ന തനിക്ക് സഹായവുമായി…….

ഭ്രാന്തി

Story written by Sumi

കഥകൾ whatsapp ചാനലിൽ ലഭിക്കാൻ ഈ ചാനൽ ഫോളോ ചെയ്യു

ഡ്യൂട്ടി കഴിഞ്ഞ് രാത്രി വീട്ടിലെത്തുമ്പോഴും രാജീവിന്റെ മനസ്സിൽ രാവിലെ സ്റ്റേഷനിൽവച്ച് കണ്ട സ്ത്രീയുടെ മുഖമായിരുന്നു . എവിടെയോ കണ്ടുമറന്ന പോലുള്ള ആ മുഖം അത് അയാളെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു.

സിറ്റിയിലെ സ്റ്റേഷനിൽ എസ് ഐ ആയി ചാർജ്ജെടുത്തിട്ട് കഷ്ടിച്ച് ഒരു മാസമേ ആയിട്ടുള്ളു. അതിനിടയിലാണ് ഇന്ന് ബസിൽ വച്ച് ഒരാളുടെ സ്വർണ്ണമാല മോഷ്ടിച്ചു എന്ന് പറഞ്ഞ് ഒരു സ്ത്രീയെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേയ്ക്ക് കൊണ്ടുവന്നത്. വനിതാ പോലീസ് അവരുടെ ദേഹമാകെ പരിശോധിച്ചിട്ടും പത്തൻപത് ലോട്ടറി ടിക്കറ്റുകളും കുറച്ച് ചില്ലറത്തുട്ടുകളും മാത്രമേ കിട്ടിയിരുന്നുള്ളു.

രാജീവ് ആ സ്ത്രീയുടെ മുഖത്തേയ്ക്ക് നോക്കുമ്പോഴൊക്കെ അവർ നിലത്തേയ്ക്ക് മിഴികളൂന്നി. പക്ഷെ അപ്പോഴും ആ കണ്ണുകളിൽ നിന്നും ഇറ്റ് വീഴുന്ന നീർത്തുള്ളികൾ ഹൃദയത്തെ പൊള്ളിക്കുന്നപോലെ അയാൾക്ക് തോന്നിയിരുന്നു. ഇടയ്ക്ക് എപ്പോഴോ ആ മുഖം ചെറുതായൊന്ന് കണ്ടു. എവിടെയോ കണ്ടു പരിചയമുള്ളതുപോലെ തോന്നി. അപ്പോൾ പഴയതൊന്നും ചികയാനുള്ള നേരമുണ്ടായിരുന്നില്ല അയാൾക്ക്.

ആ സ്ത്രീയുടെ കയ്യിൽ നിന്നും തെളിവുകൾ ഒന്നും കണ്ടെത്താൻ കഴിയാത്തതു കൊണ്ടും അവരുടെ മകൾ കൂടെ ഉണ്ടായിരുന്നതുകൊണ്ടും തൽക്കാലം വിട്ടയക്കേണ്ടി വന്നു. ജീവിക്കാൻ വേണ്ടി ലോട്ടറി വിൽക്കാൻ നടക്കുന്ന ഒരു സാധു സ്ത്രീ. പേര് ജാനകി…….. പത്തു വയസ്സുള്ള ഒരു പെൺകുഞ്ഞുമായി തെരുവിൽ ജീവിക്കുന്നവൾ. കയ്യിലുണ്ടായിരുന്ന കുറച്ച് കാശ് മുടക്കി ചെറുതായി ലോട്ടറി കച്ചവടം തുടങ്ങി. അതിൽ നിന്നു കിട്ടുന്ന തുച്ഛമായ വരുമാനത്തിൽ വിശപ്പട ക്കിയും റെയിൽവേ പുറംപോക്കിൽ അന്തിയുറങ്ങിയും ജീവിക്കുന്ന രണ്ടനാഥ ജന്മങ്ങൾ. ഇത്രയും മാത്രമേ ആ സ്ത്രീയിൽ നിന്നും അറിയാൻ കഴിഞ്ഞിരുന്നുള്ളു.

ഉറങ്ങാൻ കിടക്കുമ്പോഴും രാജീവിന്റെ മനസ്സിൽ ആ മുഖം തെളിഞ്ഞു വന്നു…… അയാൾ ഓർമ്മകളിൽ പരതി…… പെട്ടെന്ന് മനസ്സിലൂടെ ഒരു മിന്നൽപ്പിണർ പാഞ്ഞു. അയാൾ ബെഡിൽ നിന്നും ചാടി എഴുന്നേറ്റു……. തലയിൽ കൈവച്ച് സ്വയം ശപിച്ചു പോയി…….

” ജാനകി……. അവൾ……… അവളെക്കണ്ടിട്ട് തനിക്ക് തിരിച്ചറിയാൻ ഇത്രയും സമയം വേണ്ടി വന്നെന്നോ…… ഒരിക്കലും മറക്കാതെ മനസ്സിൽ സൂക്ഷിക്കേണ്ട ആ മുഖം……. ഈശ്വരാാ…….”

അയാൾ എഴുന്നേറ്റ് റൂമിനു പുറത്തേയ്ക്കിറങ്ങി. ഹാളിലെ സോഫയിൽ വന്നിരുന്നു. അപ്പോഴും ഭാര്യ നീനുവും മകൻ സിദ്ധുവും നല്ല ഉറക്കത്തിലായിരുന്നു.

രാജീവിന്റെ ചിന്തകൾ പത്തു പതിനഞ്ചു വർഷങ്ങൾക്ക് പിറകിലേയ്ക്ക് നടന്നു.

ഗ്രാമത്തിന്റെ വിശുദ്ധിയിൽ കടഞ്ഞെടുത്ത സുന്ദരിയായ ഒരു പെൺകുട്ടിയുടെ മുഖം. എട്ടാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടവൾ. അമ്മ മറ്റൊരാളെ ഭർത്താവായി സ്വീകരിക്കാൻ പിന്നെ അധികനാൾ കാത്തിരുന്നില്ല. രണ്ടാനച്ഛന്റെ ക്രൂ രതകളിൽ സ്വയം എരിഞ്ഞുകൊണ്ടിരുന്ന ജാനകി എന്ന പെൺകുട്ടിയ്ക്ക് എന്നും ആശ്വാസ മായിരുന്നത് തൊട്ടടുത്ത വീട്ടിലെ രാജീവ് എന്ന കളിക്കൂട്ടുകാരൻ. കുഞ്ഞു നാളിലെ സൗഹൃദം മുതിർന്നപ്പോൾ പ്രണയത്തിലേയ്ക്ക് വഴിമാറി.

“പഠിക്കാൻ മിടുക്കിയായിരുന്നിട്ടും പത്താംക്ലാസ്സിൽ പഠനം ഉപേക്ഷിക്കേണ്ടി വന്നപ്പോൾ ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ നോക്കി നിൽക്കേണ്ടി വന്നു തനിക്ക്. അന്ന് താൻ പ്ലസ് ടു കഴിഞ്ഞ് നഗരത്തിലെ കോളേജിൽ ഡിഗ്രിക്ക് ചേർന്നിരുന്നു. അവളെ പിരിയാൻ ഒരുപാട് വിഷമം ഉണ്ടായിരുന്നിട്ടും കോളേജ് ഹോസ്റ്റലിലേയ്ക്ക് തന്റെ ജീവിതം പറിച്ചു നടപ്പെട്ടു. ജീവിതത്തിൽ ശരിക്കും അവൾ ഒറ്റപ്പെട്ട നാളുകൾ……. വല്ലപ്പോഴും ഹോസ്റ്റലിൽ നിന്നും വീട്ടിലെത്തു മ്പോൾ മാത്രമുള്ള കണ്ടുമുട്ടലുകളിൽ വിശേഷങ്ങൾ ചുരുങ്ങിയൊതുങ്ങിപ്പോകെ അവൾക്കും തനിക്കും ഇടയിലെ സ്നേഹത്തിനും അകലം വന്നു തുടങ്ങിയിരുന്നു. നഗര ജീവിതത്തിലെ പരിഷ്കാരങ്ങളിൽ ഭ്രമിച്ചു പോയ തന്റെ മനസ്സിലേയ്ക്ക് നീനുവെന്ന പെണ്ണ് സ്ഥാനം പിടിച്ചത് വളരെപ്പെട്ടെന്നായിരുന്നു. ജാനകിയെ പൂർണ്ണമായും താൻ മറന്നു…… പിന്നെ ഒരിക്കലും അവളെക്കുറിച്ച് ചിന്തിച്ചിട്ടില്ല….. ഒന്ന് അന്വോഷിച്ചിട്ടുപോലും ഇല്ലല്ലോ….. ഓർത്തപ്പോൾ രാജീവിന്റെ മനസ്സിൽ കുറ്റബോധത്തിന്റെ തീക്കലുകൾ വീണു പൊള്ളാൻ തുടങ്ങി……. പിന്നീട്‌ ഉറങ്ങാൻ അയാൾക്ക് കഴിഞ്ഞില്ല…….

ജാനകി……. എത്ര സുന്ദരിയായിരുന്നു അവൾ…… പക്ഷെ ഇന്ന് അവൾ…… ആകെ വികൃതമായിരിക്കുന്നു……. ഒരുപാട് വയസ്സായപോലെ…… ഭംഗിയുള്ള അവളുടെ വിടർന്ന കണ്ണുകൾ കുഴിഞ്ഞുപോയിരിക്കുന്നു…… തുടുത്തുമിനുത്ത കവിളുകൾ ഒട്ടിവലിഞ്ഞുപോയിരിക്കുന്നു…… നീണ്ട്ഇടതൂർണ്ണ മുടിയാകെ പാറിപ്പറന്നും ജടകെട്ടിയും വൃത്തിഹീനമായിരിക്കുന്നു മുഖമാകെ കറുത്ത് കരുവാളിച്ച്…… ഒരു ഭ്രാന്തിയെപ്പോലെ….. ഒരിക്കൽ താൻ ഒരുപാട് സ്നേഹിച്ച പെണ്ണ്…… പ്രായത്തിന്റെ പക്വതയില്ലായ്മയിൽ സ്നേഹത്തിന്റെ മായിക വലയത്തിനുള്ളിൽ താനവളെ മുക്കിക്കൊ ല്ലുകയായിരുന്നില്ലെ…….

പിന്നീടുള്ള ജാനകിയെക്കുറിച്ചറിയാൻ രാജീവിന്റെ മനസ്സ് പിടച്ചു. നേരം വെളുക്കാൻ അയാൾ അക്ഷമയോടെ കാത്തിരുന്നു.

രാവിലെ ഭാര്യയോടുപോലും പറയാൻ കാത്തുനില്ക്കാതെ അയാൾ ഓടുക യായിരുന്നു. തെരുവോരത്ത് ലോട്ടറി വിറ്റുനടക്കുന്ന ഒരമ്മയെയും മകളെയും കാണാൻ. അറിയാവുന്ന സ്ഥലങ്ങളിലൊക്കെ അന്വോഷിച്ചു….. പക്ഷെ താൻ തിരയുന്ന ജാനകിയെ കണ്ടെത്താൻ രാജീവിന് കഴിഞ്ഞില്ല…… നിരാശനായി അയാൾ സ്റ്റേഷനിലേയ്ക്ക് മടങ്ങി……

********************

രാജീവിനെ കണ്ട അന്നു രാത്രി ജാനകിയ്ക്ക് ഉറങ്ങാൻ കഴിഞ്ഞില്ല.

സ്വപ്നങ്ങളും പ്രതീക്ഷകളും തന്ന് തന്നെ മോഹിപ്പിച്ച്……. ഒടുവിൽ നിഷ്കരുണം ഉപേക്ഷിച്ച ആ മനുഷ്യക്കോലത്തെ പിന്നീട്‌ ഒരിക്കലും കണ്ടുമുട്ടേണ്ടി വരരുതേ എന്നായിരുന്നു പ്രാർത്ഥന. പക്ഷെ ഇന്ന് അയാളെ കാണേണ്ടി വന്നിരിക്കുന്നു.

ജീവിതസുഖം തേടി മറ്റൊരു പുരുഷനെ സ്വന്തമാക്കി അമ്മയെന്ന സ്ത്രീ ജീവിക്കാൻ തുടങ്ങിയപ്പോൾ ഹൃദയത്തിൽ ഒറ്റപ്പെടലിന്റെ നൊമ്പരവുമായി നിശബ്ദമായി തേങ്ങിയ ഒരു എട്ടുവയസ്സുകാരി ഉണ്ടായിരുന്നു. സാമാന്യം തെറ്റില്ലാത്ത സാഹചര്യത്തിൽ ജീവിക്കേണ്ട എല്ലാ ചുറ്റുപാടുകളും ഉണ്ടായിരുന്നിട്ടും അനാഥയെപ്പോലെ വീടിന്റെ ഒരു മൂലയിൽ ഒതുങ്ങേണ്ടി വന്ന ഒരു പെൺകുട്ടി. കൂട്ടിലകപ്പെട്ട കിളിയെപ്പോലെ ഒരു റൂമിനുള്ളിൽ അടയ്ക്കപ്പെട്ട രാത്രികളിൽ ഭയാനകമായ ഇരുട്ടിലേയ്ക്ക് നോക്കാൻ ശേഷിയില്ലാതെ ഭയന്നു വിറച്ച് ഉറക്കം വരാതെ നിശബ്ദമായിക്കിടന്ന എത്രയോ രാത്രികൾ. തന്റെ ആഗ്രഹങ്ങൾക്കൊത്ത് നിന്ന അച്ഛന്റെ പുഞ്ചിരിക്കുന്ന മുഖം ഓർക്കുമ്പോൾ കണ്ണുകൾ അറിയാതെ നിറയുമായിരുന്നു. അമ്മയുടെ നെഞ്ചിലെ ചൂടുപറ്റി ഉറങ്ങേണ്ട പ്രായത്തിൽ ഒറ്റയ്ക്ക് ഒരു മുറിയിൽ ഒതുങ്ങേണ്ടി വന്ന തന്റെ മനസ്സിലേയ്ക്ക് ഓടപ്പെടലിന്റെ നൊമ്പരം തീമഴയായി വീണത് കാണാൻ ആരുമുണ്ടായില്ല. ഒരു ആക്‌സിഡന്റിൽപ്പെട്ട് അച്ഛനെ നഷ്ടപ്പെടുമ്പോൾ താൻ ഈ ഭൂമിയിൽ ശരിക്കും അനാഥമാക്കപ്പെടുകയായിരുന്നു. അച്ഛനെക്കുറിച്ച് ഓർത്തപ്പോൾ അപ്പോഴും ജാനകിയുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി.

സ്വന്തം അമ്മ അവരുടെ ജീവിതത്തെക്കുറിച്ച് മാത്രം ചിന്തിച്ചു. സ്നേഹംകൊതിച്ച മനസ്സിലേയ്ക്ക് അശ്വാസത്തിന്റെ പൂക്കാലവുമായി കടന്നുവന്ന രാജീവേട്ടൻ. കുഞ്ഞുന്നാളിലെ സൗഹൃദം പിന്നീട്‌ ജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറുകയായിരുന്നു. അയാളോടൊപ്പമുള്ള ജീവിതം സ്വപ്നം കാണാൻ തുടങ്ങിയ കൗമാരം. ആശകളും ആഗ്രഹങ്ങളും തന്ന് തന്റെ മനസ്സിലെ കുഞ്ഞു മോഹത്തെ അയാൾ വാനോളം ഉയർത്തി. പറിച്ചെറിയാനാകാത്ത വിധം മനസ്സിൽ ആഴത്തിൽ വേരോടിയ സ്നേഹം. പക്ഷെ പിന്നീടൊരുന്നാൾ മോഹം തന്ന ആൾതന്നെ അത് നുള്ളിക്കെടുത്തി വീണ്ടും ഒറ്റപ്പെടലിന്റെ ലോകത്തേയ്ക്ക് തള്ളിവിട്ടു. അപ്പോഴും ഒരാശ്വാസത്തിന് തനിക്ക് ആരും ഉണ്ടായിരുന്നില്ല. കരഞ്ഞുതീർത്ത ദിനങ്ങൾ. എങ്കിലും മുന്നോട്ട് ജീവിക്കാൻ തന്നെ തീരുമാനിച്ച

അമ്മ വീട്ടിൽ ഇല്ലാതിരുന്ന ഒരു പകൽ കു ടിച്ചു ബോധമില്ലാതെ കയറിവന്ന രണ്ടാനച്ഛന്റെ ബലിഷ്ഠമായ കരങ്ങളിൽ കിടന്ന് പ്രാണനുവേണ്ടി പിടഞ്ഞു. ഒടുവിൽ അയാൾക്ക് വേണ്ടതെല്ലാം കവർന്നെടുത്ത് തന്നെ പി ഴച്ചവൾ ആക്കി ആ മനുഷ്യൻ കടന്നുപോയി. മകളെ സ്നേഹിക്കാനറിയാത്ത അമ്മയോട് ഒന്നും പറയാനാകാതെ അയാളുടെ ഭീഷണിയ്ക്ക് മുന്നിൽ വീണ്ടും വീണ്ടും ബലിയാടാകേണ്ടി വന്ന നാളുകൾ. പക്ഷെ അയാൾ ചെയ്ത തെറ്റിന്റെ ഭലം ഒരു കുഞ്ഞുജീവനായി ഗർഭാപാത്രത്തിനുള്ളിൽ വളരാൻ തുടങ്ങിയത് മൂടിവയ്ക്കനാകാതെ നാട്ടുകാർക്ക് മുന്നിൽ പി ഴച്ചവളായി. അമ്മയെന്ന സ്ത്രീയുടെ കു ത്തുവാക്കുകളും പരിഹാസശരങ്ങളും ഹൃദയത്തെ കു ത്തി മുറിവേല്പ്പിക്കുമ്പോഴും ഉള്ളിൽ പരിഹാസമായിരുന്നു തനിക്ക്. ഒരിക്കൽ ആ സ്ത്രീ ചെയ്ത തെറ്റിന്റെ ശിക്ഷയാണ് തന്റെ വയറ്റിൽ കുരുത്ത ജീവനെന്ന് ഉറക്കെ വിളിച്ചുപറയണമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. എന്നിട്ടും മൗനം പാലിച്ച് നിന്നു താൻ. എല്ലാം സഹിച്ച് മുന്നോട്ട് പോകാൻ തുടങ്ങുമ്പോഴും ഗർഭിണിയായ തന്നിലേയ്ക്ക് വീണ്ടും കാ മാർത്തനായി പാഞ്ഞടുക്കുന്ന രണ്ടാനച്ഛനിൽ നിന്നും രക്ഷപ്പെടാൻ കൈയ്യിൽ കിട്ടിയ കുറച്ച് സ്വർണ്ണവും പണവും എടുത്ത് ഒരു ദിവസം വീട്ടിൽ നിന്നിറങ്ങി. ഒരുപാട് സ്ഥലങ്ങളിൽ അലഞ്ഞു നടന്നു. ഒരു ജോലിയ്ക്ക് വേണ്ടി പലരുടെ മുന്നിലും കെഞ്ചി. ആരും തുണയില്ലാതെ ഒറ്റയ്ക്ക് നടക്കുന്ന ഒരു പെണ്ണിനെ അതും ഗർഭിണിയെ സഹായിക്കാൻ ആരും തയ്യാറായില്ല. അലഞ്ഞ് നടന്ന തനിക്ക് സഹായവുമായി ചെല്ലമ്മ എന്ന വയസ്സായ സ്ത്രീയെ കിട്ടി. അവർക്കും ആരും ഉണ്ടായിരുന്നില്ല. റെയിൽവേ പുറംപോക്കിൽ താമസിച്ചിരുന്ന അവരുടെ ഷെഡിലേയ്ക്ക് തന്നെ കൊണ്ടുവന്നു. പിന്നീടുള്ള ജീവിതം അവരോടൊപ്പമായിരുന്നു. അവിടെവച്ച് പെൺകുഞ്ഞിന് ജന്മം നൽകി. പാറു എന്ന് അവളെ വിളിച്ചു. മോൾക്ക് ഒരു വയസ്സ് ആയപ്പോൾ തുടങ്ങിയതാണ് ലോട്ടറി കച്ചവടം. ആദ്യമൊക്കെ മോളെയുംകൊണ്ട് നടന്നാണ് ടിക്കറ്റുകൾ വിറ്റിരുന്നത്. അവൾക്ക് അഞ്ച് വയസ്സായപ്പോൾ ഒരു സർക്കാർ സ്കൂളിൽ ചേർത്തു. എങ്കിലും അവധി ദിവസങ്ങളിൽ തന്നോടൊപ്പം അവളും വരുമായിരുന്നു. അതിനിടയിൽ സഹായത്തിനായി ആകെയുണ്ടായിരുന്ന ചെല്ലമ്മ അമ്മയും തങ്ങളെ വിട്ടുപോയി. എങ്കിലും ഇന്നും മോളെയും നെഞ്ചോട് ചേർത്ത് താൻ ജീവിക്കുന്നു. ഒരിക്കൽ പി ഴച്ചുപോയി എന്നു കരുതി വീണ്ടും ആ മാർഗ്ഗത്തിലെയ്ക്ക് വീണുപോകാതെ പിടിച്ചുനിന്നു. തന്നിലേയ്ക്ക് കാ മത്തോടെ നോക്കുന്ന പൈശാചികത്വത്തിൽ നിന്നും രക്ഷനേടാൻ സ്വയം വൃത്തിഹീന യായി മാറുകയായിരുന്നു. ഇനി തന്നെ പ്പോലൊരു ജാനകിയായി പാറു വളരാൻ പാടില്ല. തനിക്ക് കഴിയാത്തതൊക്കെ തന്റെ മകളിലൂടെ നേടണം. അതിനു വേണ്ടിയുള്ള നെട്ടോട്ടത്തിനിടയിൽ പഴയതൊന്നും തന്നെ തേടിവരാൻ പാടില്ല. താൻ പഴയ ജാനകിയല്ല. തനിക്ക് ആരെയും അറിയില്ല. അവൾ മനസ്സിൽ ഉറപ്പിച്ചു. ജീവിതംകൊണ്ട് മനസ്സ് കല്ലായി മാറിയ ഒരു പെണ്ണിന്റെ ദൃഢനിശ്ചയം.

പിറ്റേ ദിവസം രാജീവ്‌ അവളെത്തേടി എത്തുമ്പോൾ അവൾ ജാനകി ആയിരുന്നില്ല. അവൾക്ക് അയാളെ അറിയില്ലായിരുന്നു. നിരാശയോടെ അവിടെ നിന്നും മടങ്ങുമ്പോഴും രാജീവിന് ഉറപ്പുണ്ടായിരുന്നു അവൾ തന്റെയാ പഴയ ജാനകി ആണെന്ന്……… അവൾക്ക് തന്നെ അറിയില്ല…….. ഒരുപക്ഷെ മനസ്സിന്റെ സമനില തെറ്റിപ്പോയ അവൾ പഴയതെല്ലാം മറന്നിട്ടുണ്ടാകാം………. സ്വാർത്ഥ മോഹിയായ തന്നിലൂടെ ജീവിതം സ്വപ്നം കണ്ടവൾ…….. ഇന്ന് ഭ്രാന്തിയെ പ്പോലെ അച്ഛനില്ലാത്ത ഒരു കുഞ്ഞുമായി തെരുവിൽ ജീവിക്കുന്നു…… ‘പാവം….’ വെറുതെ മനസ്സിൽ പറഞ്ഞുകൊണ്ട് അയാൾ മുന്നോട്ടുപോയി…….

കാലിൽ ചങ്ങല ഇല്ലെന്ന് മാത്രം……. ശരിക്കും ജാനകി ഒരു ഭ്രാന്തിയാണ്…….. സ്വപ്നങ്ങളും മോഹങ്ങളും വെറുതെയാണെന്ന് അറിയുമ്പോൾ…….. സങ്കടങ്ങളിലും സന്തോഷങ്ങളിലും കൂട്ടുനില്ക്കാൻ ഒരാളും ഇല്ലാതെ വരുമ്പോൾ എല്ലാവരുടെയും മനസ്സിൽ ഉണ്ടാകുന്ന നഷ്ടബോധത്തിന്റെയും നിരാശയുടെയും ഒറ്റപ്പെട ലിന്റെയും ഭ്രാന്ത്‌…….