ആദ്യ കാഴ്ചയിൽ തന്നെ അയാളുടെ “ബാഹ്യരൂപം” അവളിൽ അനിഷ്ടം നിറച്ചു. എങ്കിലും അരപ്പട്ടിണിയും

അക്കരപ്പച്ച

Story written by Nisha L

ഹോ.. എന്തൊരു ഭംഗിയാണ് അയാളെ കാണാൻ. വെളുത്തു തുടുത്തു,, കട്ടിമീശയും ആറടി ഉയരവുമുള്ള,, വിരിഞ്ഞ നെഞ്ചുള്ള ഒരു സുന്ദരൻ. പക്ഷേ അയാളുടെ ഭാര്യയെ കാണാൻ ഒരു ഭംഗിയുമില്ല. ഇരുണ്ട നിറമുള്ള തടിച്ച ഒരു സ്ത്രീ… !! അയാൾ അവളിൽ തൃപ്തനായിരിക്കുമോ..??? ഏയ്.. ആവില്ല.. അയാൾക്ക് നല്ലൊരു സുന്ദരി പെണ്ണിനെ കിട്ടിയേനെ.. അയാൾ അവളോടൊപ്പം എങ്ങനെയൊക്കെയോ അഡ്ജസ്റ്റ് ചെയ്തു ജീവിക്കുകയാവും. കല്യാണം കഴിച്ചു പോയില്ലേ.. സഹിച്ചല്ലേ പറ്റു… !!! പക്ഷേ പുറമെ അവർ നല്ല സന്തോഷമുള്ള ഫാമിലിയാണ്…. ഹ്മ്മ്… ചുമ്മാ നാട്ടുകാരെ കാണിക്കാൻ അഭിനയിക്കുകയാവും….. !!

അവൾ ചിന്തിച്ചു.

കണ്ണാടിയുടെ മുന്നിൽ നിന്ന് അവൾ സ്വയം ഒന്ന് നോക്കി.. ഒരു കൊച്ചു സുന്ദരിയാണ് താൻ. തന്നെ പോലെ ഒരു പെണ്ണായിരുന്നു അയാൾക്ക് ചേർച്ച…!!

“ഇത്തിരി വെള്ളം താ… വല്ലാത്ത ദാഹം.. പൊരിവെയിലാണ്…. ശരീരം തളർന്നു പോകുന്നു. വെട്ടിക്കിളയ്ക്കാൻ വല്ലാത്ത പാട്.. “!!

പറഞ്ഞു കൊണ്ട് വിയർത്തു നാറിയ ശരീരവുമായി അവളുടെ ഭർത്താവ് കയറി വന്നു.

അവൾ കഷണ്ടി കയറിയ ഇരുണ്ട നിറമുള്ള അയാളെ പുച്ഛത്തോടെ നോക്കി.

ഹ്മ്മ്… ആ ചെറുപ്പക്കാരന്റെ ഭാര്യയ്ക്ക് ഇയാളായിരുന്നു കൂടുതൽ ചേർച്ച. !!

മുഷിച്ചിലോടെ ഒരു മൊന്ത വെള്ളമെടുത്തു അവൾ അയാൾക്ക് നേരെ നീട്ടി. ശേഷം തൊട്ടിലിൽ ഉറങ്ങി കിടക്കുന്ന കുഞ്ഞിനെ നോക്കാനെന്ന മട്ടിൽ മുറിയിലേക്ക് പോയി.

വെള്ളം കുടിച്ച അയാൾ മൊന്തയിൽ കുറച്ചു കൂടി വെള്ളമെടുത്തു പറമ്പിലേക്ക് ഇറങ്ങി. തൂമ്പയെടുത്തു ആഞ്ഞു കിളയ്ക്കാൻ തുടങ്ങി.

തറവാട്ടിൽ വീതം വയ്പ്പ് നടന്നപ്പോൾ അയാൾക്ക് കിട്ടിയത് ഉണങ്ങി വരണ്ടു കിടക്കുന്ന അൻപത് സെന്റ് സ്ഥലവും പ്രായമായ മാതാപിതാക്കളുമാണ്. ചോര നീരാക്കി അധ്വാനിച്ച അയാൾ ഏറെ താമസിയാതെ ആ മണ്ണിനെ ഫലഭൂയിഷ്ഠമാക്കിയെടുത്തു. മാതാപിതാക്കളുടെ മരണം ശേഷം ഇനിയെന്തിനു… ആർക്ക് വേണ്ടി.. ജീവിക്കണം..?? എന്നൊരു ചിന്തയിലാണ് സുഖ ദുഃഖങ്ങളിൽ കൂട്ടിനൊരാൾ വേണമെന്നൊരു തോന്നൽ അയാളിൽ ഉണ്ടായതും അയാളൊരു വിവാഹത്തെ കുറിച്ച് ആലോചിച്ചു തുടങ്ങിയതും.

അങ്ങനെ ആറു പെണ്മക്കൾ ഉള്ള ദാരിദ്ര്യം നിഴൽ വിരിച്ചൊരു വീട്ടിലെ മൂത്തവളായ സ്വർണ നിറമുള്ള അവളെ അയാൾ മംഗലം കഴിച്ചു കൂടെ കൂട്ടി.

ആദ്യ കാഴ്ചയിൽ തന്നെ അയാളുടെ “ബാഹ്യരൂപം” അവളിൽ അനിഷ്ടം നിറച്ചു. എങ്കിലും അരപ്പട്ടിണിയും അരക്ഷിതാവസ്‌ഥയും അവളെ അയാളുടെ പാതിയാകാൻ നിർബന്ധിതയാക്കി.

അയാളുടെ വീട്ടിൽ ഇഷ്ടഭക്ഷണവും ഇഷ്ടമുള്ള വസ്ത്രങ്ങളും ഇഷ്ടം പോലെ എന്തിനുമുള്ള സ്വാതന്ത്ര്യവും കിട്ടിയപ്പോഴും അയാളുടെ സുന്ദരമല്ലാത്ത ബാഹ്യരൂപം അവളിൽ അതൃപ്തിയുണ്ടാക്കി കൊണ്ടിരുന്നു.

ദിവസങ്ങൾക്ക് ശേഷം…

പുറത്തൊരു ബഹളം കേട്ട് അവൾ കുഞ്ഞിനെയുമെടുത്തു പുറത്തേക്കിറങ്ങി. ആരൊക്കെയോ താഴെ പുഴ ലക്ഷ്യമാക്കി ഓടുന്നു. അവൾ പറമ്പിലേക്ക് നോക്കി. അയാൾ അവിടെയില്ല..

അവൾ ഒന്ന് പരിഭ്രമിച്ചു.

“എന്താ.. എന്തു പറ്റി.. എല്ലാരും എങ്ങോട്ടാ ഓടുന്നത്.. “??

“താഴെ പുഴയിൽ ഒരു ശവം അടിഞ്ഞു കിടക്കുന്നു.. “!!

ഓടുന്ന കൂട്ടത്തിൽ ആരോ വിളിച്ചു പറഞ്ഞു..

പോയവർ തിരിച്ചു വരുന്നതും കാത്ത് അവൾ അവിടെ നിന്നു.

അപ്പോഴാണ് അയാൾ മുഷിഞ്ഞ തോർത്തു കൊണ്ട് വിയർപ്പൊപ്പി ദൃതിയിൽ വരുന്നത് അവൾ കണ്ടത്..

“എന്താ… ആരുടെയാ ശവം.. വല്ലതും അറിഞ്ഞോ.. “??

“ആരാന്ന് അറിയില്ല.. ഒരു സ്ത്രീയുടേ താണ്.. മീനുകൾ കൊത്തി ചീർത്തു വീർത്തു വല്ലാതെ ഭയപ്പെടുത്തുന്ന രൂപമായിരിക്കുന്നു… “!!

പറഞ്ഞു കൊണ്ട് അയാൾ വീണ്ടും തൂമ്പയുമെടുത്തു തന്റെ ജോലിയിലേക്ക് തിരിഞ്ഞു.

അന്ന് മുഴുവൻ അയാൾ വല്ലാതെ അസ്വസ്ഥനായിരിക്കുന്നത് അവൾ ശ്രദ്ധിച്ചു.
ചിലപ്പോൾ ആ ജഡം കണ്ടതിന്റെയാകും. അയാളുടെ അസ്വസ്ഥതയുടെ ഉത്തരവും അവൾ തന്നെ കണ്ടെത്തി.

കൊത്തി കിളച്ച മണ്ണിൽ അയാൾ എന്തൊക്കെയോ വിത്തുകൾ നട്ടിട്ടുണ്ട്.. അത് എന്തൊക്കെയാണെന്ന് കൂടി അവൾക്ക് അറിയില്ല. അവൾ അതൊന്നും ശ്രദ്ധിക്കാറില്ല. പറമ്പിലേക്ക് ഇറങ്ങാൻ അവൾക്ക് ഇഷ്ടമല്ല. അയാൾ നിർബന്ധിക്കാറുമില്ല.. എങ്കിലും താൻ ജോലി ചെയ്യുമ്പോൾ എന്തെങ്കിലും വിശേഷമൊക്കെ പറഞ്ഞു കൊണ്ട് അവൾ കൂടെ നിൽക്കുന്നത് അയാൾ സ്വപ്നം കാണാറുണ്ട്.

ഒരാഴ്ചയ്ക്ക് ശേഷം ഒരു ദിവസം..

കുഞ്ഞിനെ ഉറക്കി താഴെ പായ വിരിച്ചു കിടത്തിയ അവൾ അന്നത്തെ പത്രമെടുത്തു മറിച്ചു നോക്കി. ഉള്ളിൽ ഒരു പേജിലെ വാർത്തയിൽ അവളുടെ കണ്ണുടക്കി.

അജ്ഞാത ജഡം തിരിച്ചറിഞ്ഞു. ഭർത്താവിനെയും രണ്ടു കുഞ്ഞുങ്ങളെയും ഉപേക്ഷിച്ചു കാമുക നൊപ്പം പോയ വീയപുരം സ്വദേശിനിയുടേതാണ് താഴെ പുഴയിൽ പൊങ്ങിയ മൃതദേഹം..

വാർത്ത വായിച്ച അവൾ തെല്ലൊരു ഭയത്തോടെ അടുക്കള വാതിൽ തുറന്നു പുറത്തെ പറമ്പിലേക്ക് നോക്കി. അവിടെ കഷണ്ടി കയറിയ ആ ഇരുണ്ടു മുഷിഞ്ഞ മനുഷ്യൻ മണ്ണിൽ വെള്ളം നനയ്ക്കുന്നത് കണ്ട് അവൾ ആശ്വാസത്തോടെ നെഞ്ചിൽ കൈ വച്ചു ദീർഘനിശ്വാസമെടുത്തു കൊണ്ട് ഇടയ്ക്കെപ്പോഴൊക്കെയോ കൈ വിട്ടു പോയ മനസിനെ ഉച്ചത്തിൽ ശാസിച്ച

ശേഷം ഒരു മൊന്ത വെള്ളവുമെടുത്തു പറമ്പിലേക്ക് ഇറങ്ങി ചെന്നു.. അപ്പോൾ അയാൾ നട്ടുനനച്ച വിത്തുകൾ മണ്ണിനടിയിൽ നിന്ന് പുതു നാമ്പുകൾ നീട്ടി സന്തോഷത്തോടെ അവളെ നോക്കി. ഒപ്പം ഒട്ടൊരു അത്ഭുതത്തോടെയും അത്യാഹ്ലാദത്തോടെയും അയാളും…