എഴുത്ത് :- മനു തൃശ്ശൂർ….
കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…
അമ്മയുടെ കൈയ്യിൽ നിന്നും ഏറ്റുവാങ്ങിയ നിലവിളക്കുമായ് അവൾ അകത്തേയ്ക്ക് കയറുമ്പോൾ
വീടിന്റെ പിന്നാമ്പുറത്തെ കഴുക്കോലിൽ തൂക്കിയിട്ട ഇരുമ്പ് കൂട്ടിലിരുന്നു തത്ത പെണ്ണ് ഉറക്കെ കരഞ്ഞത് അവൾ കേട്ടിരുന്നു..
ആദ്യരാത്രിയിൽ കിടക്കുമ്പോഴും മുറിയിലെ അടച്ചിട്ട ജനലയുടെ അപ്പുറം നിന്നും വീണ്ടും അവൾ ഉറക്കെ കരഞ്ഞ നേരം..
അഴിഞ്ഞു കിടന്ന മുടിയിഴകളെ വാരിച്ചുറ്റി കൊണ്ടവൾ എന്നിൽ നിന്നും അടർന്നു മാറി എഴുന്നേറ്റ് ജനലുകൾ രണ്ടായി തുറന്നപ്പോൾ..
കൂട്ടിൽ കിടന്നു ചിറകടിച്ചു കൊണ്ട് തത്ത പിന്നെയും ഉറക്കെ ഒച്ചവെക്കുമ്പോൾ അതിനോട് കിന്നാരം പറഞ്ഞു കൊഞ്ചുന്ന എൻ്റെ പെണ്ണിനെ ഞാൻ അത്ഭുതത്തോടെ നോക്കി…
ഒടുവിൽ ജനലുകൾ അടച്ച് അവൾ എനിക്കടുത്ത് വന്നിരുന്നു കൊണ്ട് പറഞ്ഞു
” ഏട്ടാ നല്ല ഭംഗിയുണ്ട് തത്തയെ കാണാൻ..
ഞാനൊന്നു മുളി അവളെ തന്നെ നോക്കിയിരിക്കുമ്പോൾ ..
ഏട്ടനൊരു കാര്യം കേൾക്കണോ എന്നൊരു കുസൃതി ചോദ്യം പോലെ അവൾ എന്നോട് എന്തോ പറയാൻ കൊതിച്ചു മെല്ലെ പറഞ്ഞപ്പോൾ.. . .
കേൾക്കാനുള്ള ആകാംക്ഷയോടെ ഞാൻ പറഞ്ഞു..
ഉം പറ കേൾക്കട്ടെ..??..
”ഞാൻ കുട്ടിയായിരിക്കുമ്പോൾ വീട്ടിലൊരു തത്തയെ വളർത്താൻ ഒരു പാട് മോഹിച്ചിട്ടുണ്ട് ..!! എൻ്റെ ഇഷ്ടമറിഞ്ഞു ഒരു ദിവസം എൻ്റെ ഏട്ടനൊരു തത്തയെ വാങ്ങി കൊണ്ട് വീട്ടിൽ വന്നു ..
അമ്മയത് അറിഞ്ഞപ്പോൾ തൊട്ടു വീട്ടിൽ അതിനെ വളർത്താൻ സമ്മതിക്കില്ലെന്ന് പറഞ്ഞു എന്നെയും ഏട്ടനെ കുറെ വഴക്കു പറഞ്ഞു തുറന്നു വിടാൻ പറഞ്ഞു..
അതിനെ തുറന്നു വിടേണ്ടെന്ന് ഞങ്ങൾ അച്ഛനോട് വാശി പിടിച്ചു കരഞ്ഞു പറഞ്ഞെങ്കിലും ..!!
അമ്മ അതിനെ കൂട് തുറന്നു വിട്ടയച്ചത് എന്തിനെന്ന് അറിയാതെ അമ്മയോടുള്ള ദേഷ്യം കൊണ്ട് അന്ന് രാത്രി ഞാനൊരുപാട് കരഞ്ഞിട്ടുണ്ട്..
ആ നിമിഷം ഞാനവളോട് പറഞ്ഞു.. അമ്മയ്ക്ക് ഇഷ്ടമില്ലാഞ്ഞിട്ടാകും ടീ..??..
ആകും .അവളൊന്നു മൂളി..!!
അവൾ പിന്നെ ഒന്നും പറയാതെ ഇരിക്കുന്നു കണ്ടപ്പോൾ ഞാൻ പറഞ്ഞു..
എനിക്ക് ഇതിനെ ചെറു പ്രായത്തിലെ കിട്ടിയത്.!! അന്ന് തൊട്ടു ഈ കൂട്ടിലിട്ടു ഞാനവൾക്ക് എന്നും പാലും പഴവും കൊടുക്കാറുണ്ട് ..
വൈകുന്നേരം ജോലി കഴിഞ്ഞു വരുമ്പോൾ പരിഭവങ്ങൾ പറയും പോലെ അവളെന്നും ഉറക്കെ കരയും..
ആ നിമിഷം എന്താകും അവൾ പറയാൻ ആഗ്രഹിക്കുന്നതെന്ന് ഞാൻ വെറുതെ കാതോർത്ത് അവളോട് ചോദിക്കും…?
അപ്പോഴും അവൾക്ക് കൂട്ടിലിരുന്നു ചിറകടിച്ചു കൊണ്ട് ഉറക്കെ ചിലയ്ക്കും.. ഏനിക്കത് കേട്ട് മടുക്കുമ്പോൾ അകത്തേക്ക് കയറും പിന്നെയും ഒത്തിരി നേരം അവൾ കരഞ്ഞു കൊണ്ടിരിക്കും ഒടുവിൽ ശാന്തമാകും
അപ്പോൾ ഞാൻ പതുങ്ങി വന്നു അവളെ നോക്കും. !!
ആ നേരം അവളുടെ നോട്ടം വിദൂരത്തിലേക്ക് ആയിരിക്കും അപ്പോൾ അവളുടെ കൂടുമെ തട്ടി നോക്കും പക്ഷെ അവൾ മിണ്ടില്ല പിണങ്ങിയങ്ങനെ ഇരിക്കും.
എൻ്റെ വാക്കുകൾ കേട്ട് എൻ്റെ പെണ്ണ് ചെറുതായി ഒന്ന് ചിരിച്ചു എൻ്റെ നെഞ്ചിലേക്ക് ചാഞ്ഞു..
ദിവസങ്ങൾ ആഴ്ചകളായും ആഴ്ചകൾ മാസങ്ങളായും മാസങ്ങൾ വർഷങ്ങളായും.. കൊഴിഞ്ഞു പോയി ..
മഴയും വേനലും മാറി പെയ്തു പകലെന്നും രാത്രിയെന്നും ഇല്ലാതെ എന്നും അവൾ പുറത്തെ കൂട്ടിൽ കിടന്നു കരയുമ്പോൾ..
അടുക്കളയിൽ നിന്നും എൻ്റെ പെണ്ണിന്റെ പിറുപിറുത്തുള്ള സംസാരം കേൾക്കാം..
എത്ര ദിവസമായ് പറയുന്നു എന്നെ കൊണ്ട് ഒന്ന് പുറത്ത് പോകാൻ.. അല്ലെങ്കിൽ എൻ്റെ വീട്ടിലൊന്നു പോകാൻ അതും ഇല്ല…
അവളുടെ പരിഭവങ്ങൾ കേട്ടാവണം.
കൂട്ടിൽ കിടന്നു തത്ത ഉറക്കെ കരഞ്ഞതും അന്നാദ്യമായി എനിക്ക് ആ ശബ്ദത്തോട് ദേഷ്യവും വെറുപ്പും തോന്നി കൊണ്ട് ഉള്ളിൽ ശപിച്ചു..
” നാശം മനുഷ്യനൊരു സമാധാനം തരില്ല …
ആ രാത്രി എൻ്റെ പെണ്ണ് എന്നോട് മിണ്ടിയില്ല എൻ്റെ കരങ്ങളിലേക്ക് ചേർന്ന് കിടന്നില്ല .
പിന്നീട് വൈകുന്നേരങ്ങളിൽ ജോലി കഴിഞ്ഞു വരുമ്പോൾ എനിക്കൊരു ഗ്ലാസ് ചായ തന്നു തിരികെ അടുക്കളയിൽ പോകും..
രാത്രിയാകുമ്പോൾ ചോറുവിളമ്പി വച്ചിട്ട് എനിക്കൊപ്പം ഇരിക്കാതെ അടുക്കളയിൽ മറയും
പലവട്ടം ഞാനവളോട് കൂടെ ഇരുന്നു കഴിക്കാൻ പറയും.
ആ നേരം അവൾ വിശപ്പില്ലെന്നും എനിക്കിവിടെ പിടിപ്പത് ജോലിയുണ്ടെന്ന് പറഞ്ഞു മിണ്ടാതെ മാറി പോകും..
ഒടുവിൽ ജോലിയെല്ലാം കഴിഞ്ഞു എനിക്കൊപ്പം കിടക്കുമ്പോൾ അവൾ പതിവില്ലാതെ ദിവസങ്ങായ് എന്നിൽ നിന്നും അകന്നു കിടക്കുന്നത് കണ്ടു ഞാനവളെ കുലുക്കി വിളിച്ചു നോക്കും..
പക്ഷെ അവൾ ഒന്നും മിണ്ടാതെ പിണങ്ങി തിരിഞ്ഞു ചുരുണ്ട് കൂടി കല്ല് പോലെ കിടക്കുമ്പോൾ ഞാൻ പറയും.
നിനക്കിവിടെ ഒന്നിനും കുറവിലല്ലോ ഞാനെന്നും ജോലിക്ക് പോവുന്നുണ്ട്.. നിനക്ക് വേണ്ടതെല്ലാം വാങ്ങി തരുന്നുമുണ്ട് പിന്നെയും എന്തിനാണ് നീ കരയുന്നതെന്ന് എനിക്ക് മനസ്സിലായില്ല ..
അപ്പോൾ അവൾ പറയും മനസ്സിലാവില്ല മനസ്സിലാവുന്ന ഒരു ദിവസം വരും അന്നെല്ലാം മനസ്സിലായിക്കോളും എന്ന് പറഞ്ഞു കൊണ്ടവൾ തിരിഞ്ഞു കിടക്കും
പിറ്റേന്ന് ജോലി കഴിഞ്ഞു പതിവു തെറ്റിയില്ല രാത്രി കിടക്കുമ്പോൾ അന്നെവരെ ഇല്ലാത്ത നിശബ്ദതത വീട്ടിലാകെ നിറഞ്ഞു നിൽക്കുന്നത് എത്ര ആലോചിച്ചും എനിക്ക് പിടിക്കിട്ടിയില്ല.
ഒടുവിൽ വീട്ടിലെ ജോലിയെല്ലാം കഴിഞ്ഞു അവൾ മുറിയിലേക്ക് വന്നപ്പോൾ പതിവില്ലാതെ അവൾ എനിക്ക് അടുത്ത് വന്നിരുന്നു കൊണ്ട് പറഞ്ഞു…
എനിക്കിപ്പോൾ മനസ്സിലായി ഏട്ടാ അന്നെൻ്റെ അമ്മ എന്തിനാ ആ തത്തയെ കൂട് തുറന്നു വിട്ടതെന്ന് …
ആ നിമിഷം നെഞ്ചിൽ തിങ്ങി കൂടിയ ശൂന്യതയുടെ ആഴം ഞാനറിഞ്ഞു..
പുറത്തെ കൂട്ടിൽ കിടന്നു ചിറകടിച്ചുള്ള തത്തയുടെ ഉറക്കെയുള്ള കരച്ചിൽ ഞാനിന്ന് കേട്ടില്ല ..
ഞാനവളെ നോക്കി…നോക്കിയ നോട്ടത്തിൻ്റെ അർത്ഥം അറിഞ്ഞു കൊണ്ടവൾ പറഞ്ഞു.
ഞാനതിനെ തുറന്നു വിട്ടു പാവം അതിനും ഒരുപാട് സ്വപ്നങ്ങൾ കാണില്ലെ വെറുതെ എന്തിനാണ് എന്നെ പോലെ അത് നാലു ചുമരുള്ള കൂട്ടിൽ കിടന്നു നരകിച്ചു ജീവിക്കുന്നത്..
ഏട്ടനത് അത് മനസ്സിലാക്കാൻ ഒരുപാട് വൈകി പോയി..
“കൂട്ടിലിട്ട തത്തയും വീട്ടിലാകപ്പെട്ട പെണ്ണും ഒരുപോലെയാണെന്ന്..”
മെല്ലെയവൾ എഴുന്നേറ്റു മുറിയിലെ വലിയ കണ്ണാടിക്ക് മുന്നിൽ നിന്നും നെറ്റിയിലെ തൊട്ടുവെച്ച ചുവന്ന പൊട്ട് കണ്ണാടിയിൽ തെളിഞ്ഞ നിൽക്കുന്ന അവളുടെ പ്രതി ഭിംബത്തിൽ തൊട്ടു വെക്കുമ്പോൾ..
ആ കണ്ണുകൾ നിറഞ്ഞു വരുന്നത് ഞാൻ വേദനയോടെ കണ്ടു..