ഒരു മഴയായ്
രചന: രമേഷ്കൃഷ്ണൻ
തൊഴിലുറപ്പ് പണി കഴിഞ്ഞ് പോരുന്ന വഴിക്ക് പെറുക്കി കൂട്ടിയ ചുള്ളൽ വിറക് ഒരു കെട്ടാക്കി തലയിൽ വെച്ച് ഒരു കൈകൊണ്ട് അത് താങ്ങി
മറ്റേകൈയ്യിൽ പണിയെടുക്കുമ്പോൾ മാക്സിക്ക് മുകളിലിടുന്ന പണ്ട് ശങ്കരേട്ടൻ മരിച്ചപ്പോൾ
ബാക്കിയാക്കി പോയ ഷർട്ടിന്റെ കവറും തൂക്കി ഇരുട്ടുന്നതിന് മുമ്പേ വീടെത്താനായി കാർത്യായനി നടന്നു.
ശങ്കരേട്ടൻ മരിച്ചിട്ട് വർഷം രണ്ടായെങ്കിലും ആ ഷർട്ടുമിട്ട് പണിയെടുക്കുമ്പോൾ ശങ്കരേട്ടൻ കൂടെയുള്ളത് പോലെ തോന്നും
ഒരുവശം കീറിയിട്ടും അത് തുന്നിക്കൂട്ടി ഇപ്പോഴും ഇട്ട് നടക്കുന്നത് മനസിന് ഒരു ധൈര്യം കിട്ടാനായി മാത്രമാണ്..
രാവിലെ പത്തുമണി വരെ പേരയിൽക്കാരുടെ വീട് അടിച്ച് വാരി തുടച്ച് പാത്രം കഴുകി കിട്ടുന്ന പൈസ കുറിയടക്കാനായി മാറ്റിവെക്കും..
തൊ ഴിലുറപ്പ് പണിയിൽ നിന്നും കിട്ടുന്ന സംഖ്യകൊണ്ട് വീട്ടുചിലവ് നടക്കും..
പുല്ലാനി പാടത്തേക്ക് പോകുന്ന പഞ്ചായത്ത് റോഡിന്റെ ഇരുവശത്തും കാടുമൂടി കിടന്ന അടിപൊന്തകൾ വെട്ടിമാറ്റി കവടിയാർ കുളത്തിലെ ചണ്ടി വാരിക്കൂട്ടി കഴിഞ്ഞപ്പോഴേക്കും സമയം സന്ധ്യയായി..
കൂട്ടത്തിൽ പണിയെടുക്കുന്ന ജാനകിയും വത്സലയും ഇടനേരങ്ങളിൽ ഭർത്താക്കൻമാരുടെ കുറ്റം പറയുമ്പോൾ എല്ലാം കേട്ട് ഉള്ളിൽ സ്വയം പറയും
“കണ്ണുള്ളപ്പോൾ കണ്ണിന്റെ വിലയറിയില്ല”
മനസിൽ തോന്നുന്ന കാര്യങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കാൻ ശ്രമിക്കു മ്പോഴാണ് ബന്ധങ്ങളുടെ അടിത്തറ ഇളകുന്നതെന്ന് ശങ്കരേട്ടൻപണ്ട് പറഞ്ഞതോർമ്മ വന്നതിനാൽ അവർ പറയുന്നതിന് മറുത്തൊന്നും പറയാതെ തോർത്തുമുണ്ട് കൊണ്ട് മുഖം തുടച്ച് തൂമ്പയിലെ
മണ്ണ് ഒരു കോലെടുത്ത് കുത്തി കളഞ്ഞ് കൈതോടിനരികിലെ ശീമകൊന്നയുടെ കൊമ്പുകൾ വെട്ടിയൊതുക്കി
കൂടെ പണിയെടുത്തവരെല്ലാം മഴക്കാറ് മൂടി തുടങ്ങിയപ്പോൾ പണി നിർത്തി സ്ഥലം വിട്ടപ്പോൾ തോടിനരികിൽ വെട്ടിക്കൂട്ടിയിട്ട വിറകെടുത്ത് കെട്ടാക്കി തലയിൽ വെച്ചു…
കോളനി കഴിഞ്ഞ് പാടത്തേക്കിറങ്ങാറായപ്പോഴേക്കും മഴ ചാറി തുടങ്ങി…. ചെരിഞ്ഞു പതിക്കുന്ന മഴതുള്ളികൾ മുഖത്ത് ചിത്രപണി തുടങ്ങി…
വീട്ടുപടിക്കലെത്തി തലയിലെ വിറക് കെട്ട് വീടിന്റെ പിറകിൽ കൊണ്ടുപോയി ഇട്ടപ്പോഴേക്കും മാക്സി നനഞ്ഞുകുതിർന്നിരുന്നു..
ആരെങ്കിലും കാണുന്നുണ്ടോ എന്ന് നാലുപാടും നോക്കി തലവഴി മാക്സി ഊരിയെടുത്ത് അഴയിൽ നിന്നും തോർത്തുമുണ്ടെടുത്ത് തലതുവർത്തി അതുകൊണ്ട് തന്നെ പുതച്ച് കുളിമുറിയിലേക്ക് കയറി..
കുളി കഴിഞ്ഞ് വന്ന് ഡ്രസ് മാറ്റി അടുക്കളയിലേക്ക് കയറി ഒരു കട്ടനിട്ട് തലേന്ന് വാങ്ങിയ മിക്ചർ പൊതിയെടുത്ത് അഴിച്ചൊരു
പാത്രത്തിലേക്കിട്ട് പുക പൊന്തുന്ന കട്ടൻ ചായ ഒരു ഗ്ലാസിലേക്ക് പകർന്ന് അതുമായി ഉമ്മറത്തെ മുറിതിണ്ണയിലിരുന്നപ്പോഴേക്കും പാടം കടന്ന് മഴ ആർത്തു പെയ്ത് തുടങ്ങിയിരുന്നു..
സായന്തനത്തിലെ മഴകൾ മനോഹരമാകുന്നത് ഉരുകിയൊലിച്ച പകൽ ചൂടിൽ നിന്ന് രാത്രിയിലേക്ക് തണുപ്പിന്റെ മൂടുപടമണിയിക്കുന്നത് കാണുമ്പോഴാണ്…
വിവാഹം കഴിഞ്ഞ് പോരുന്നതിനുമുമ്പുള്ള ചില മഴക്കാലസന്ധ്യകൾ മനസിലേക്കോടി വന്നു..
സ്വന്തം വീടിന്റെ മേൽക്കൂരയ്ക്കു കീഴെ രക്തബന്ധങ്ങളുടെ ചിറകുകൾക്കടിയിൽ സംരക്ഷണത്തിന്റെ ഇളം ചൂടേറ്റ് മയങ്ങി കിടന്ന ചില മഴക്കാല സന്ധ്യകൾ….
കൂടപ്പിറപ്പുകളുടെ കൂടെ ഇരുന്ന് അരിമണി വറുത്തതും തേങ്ങാപൂളും കൂട്ടി കട്ടനൂതി കുടിച്ച് ഉമ്മറത്ത്
കത്തിനിന്ന നിറം മങ്ങിയ ബൾബിന്റെ വെട്ടത്തിൽ ഇറവെള്ളം മുറ്റം കടന്ന് തൊടിയിലേക്ക് ഒഴുകുന്നത് കണ്ടിരിക്കാനൊരു രസമാണ്..
കാറ്റിലാടുന്ന ബൾബിനു ചുറ്റും ചെറുപ്രാണികൾ വട്ടമിട്ട് പറക്കുന്നത് കാണാം..
പുരപ്പുറത്തേക്ക് ചാഞ്ഞു നിൽക്കുന്ന മാവിൻ കൊമ്പ് ഓടിലൂടെ ഉരഞ്ഞു നീങ്ങുമ്പോൾ ഒറ്റപാത്തി ഓടിന്റെ വിടവിലൂടെ ഒലിച്ചിറങ്ങുന്ന വെള്ളതുള്ളികൾ
ഒന്നിടവിട്ട് കാവിയിട്ട നിലത്ത് വീണ് പരക്കുമ്പോൾ അടുക്കളയിൽ നിന്നും അമ്മ മൺപാത്രത്തിൽ വെച്ച
മീൻകറിയിൽ ചിരട്ടകയ്യിൽ കൊണ്ട് മീൻകറി ഇളക്കുന്നതിന്റെ ശബ്ദത്തോടൊപ്പം അതിന്റെ മണം ഉമ്മറത്തേക്കെത്തും.
അടുക്കളയിൽ നിന്ന് അമ്മ ചോരുന്നിടത്ത് കൊണ്ടുവന്ന് വെച്ചുപോയ അലുമിനിയ കലത്തിലേക്ക് വെള്ളതുള്ളികൾ ഇടവിട്ട് പതിക്കുന്നതിന്റെ ശബ്ദം കേൾക്കും…
ഇടക്കിടെ കാറ്റിൽ തുറന്നടയുന്ന ജനവാതിലിലൂടെ വെള്ളതുള്ളികൾ വീണുനനഞ്ഞ കട്ടിളപടിയിലൂടെ കുനിയനുറുമ്പുകൾ വരിയായി ചുമരിലൂടെ ഒഴുകി നീങ്ങും..
തൊടിയുടെ അരികിലുള്ള ഇല്ലിക്കാടിൽ കാറ്റുപിടിച്ച് മുളകൾ ഉരഞ്ഞകലുന്ന ശബ്ദത്തോടൊപ്പം മുളയുടെ പഴുത്ത ഇലകൾ മഴവെള്ളത്തോടൊപ്പം
തൊടിയിലൂടെ ഒഴുകിപ്പോയി തൊടികയുടെ അതിരിലൂടൊഴുകുന്ന കൈതോടിലേക്ക് പോയി ചാടുന്നത് കാണാം…
ഓരോ മഴയും നനവുബാക്കിയാക്കി പെയ്തൊഴിയുമെങ്കിലും മനസിലൊരിക്കലും പെയ്തുതീരാത്ത എത്രയോ രാമഴകളാണിപ്പോൾ മനസിൽ പെയ്യാതെ മൂടി കെട്ടി നിൽക്കുന്നത്…
അന്ന് കുളിരായ് തോന്നിയ ആ നല്ല മഴകളൊക്കെ ഇന്നെവിടെയോ പോയ് മറഞ്ഞു…
ആദ്യ വിവാഹബന്ധം ഒഴിഞ്ഞ് കുറച്ച് നാൾ വീട്ടിൽ ചെന്ന് നിന്നപ്പോഴാണ് വീട്ടിലുള്ളവരും കൂടപിറപ്പുകളും ഒരുപാട് മാറിയിരിക്കുന്നു എന്ന തോന്നലുണ്ടായത്…
ആങ്ങളമാരുടെ ഒന്നുരണ്ട് വിവാഹാലോചനകൾ കെട്ടിച്ചു വിട്ട് കാര്യം തീർത്ത പെങ്ങൾ വീട്ടിലുണ്ടായതിനാൽ മുടങ്ങി പോയതോടെ വീട്ടുകാർക്കിടയിൽ ഒരധികപറ്റായതായി തോന്നി…
ബന്ധമൊഴിയും മുമ്പേ ആദ്യഭർത്താവ് അടിവയറ്റിൽ സമ്മാനിച്ച തൊ ഴിയുടെയും ഇടത്തേ ചെവിയുടെ താഴെ നീളത്തിൽ നീല നിറത്തിൽ പതിഞ്ഞു കിടന്ന വിരലുകളുടെയും
മ ദ്യാസക്തിയിൽ രാത്രികളിൽ കാട്ടിക്കൂട്ടിയ വിക്രിയകളുടേതിനേക്കാൾ വേദന തോന്നിയത് സ്വന്തം വീട്ടിൽ അന്യയായപ്പോഴാണ്…
സ്വന്തം കാര്യങ്ങൾക്ക് മറ്റുള്ളവരെ ആശ്രയിക്കാനുള്ള മടികൊണ്ടും വീട്ടിൽ നിന്നുള്ള കുത്തുവാക്കുകൾ കേട്ടുമടുത്തിട്ടുമാവാം തീപെട്ടികമ്പനിയിൽ ജോലിക്ക് പോവാൻ അന്ന് തീരുമാനിച്ചത്
രാവിലെയും വൈകുന്നേരവും തീപെട്ടികമ്പനിയിലേക്ക് പോകുമ്പോഴും വരുമ്പോഴും മൂസഹാജിയുടെ തെങ്ങിലോ പറമ്പിലോ ആയി എന്നും കാണുന്ന ഭാര്യമരിച്ച ശങ്കരേട്ടന്റെ കൂടെ
വീട്ടുകാരുടെ സമ്മതത്തിന് കാത്തു നിൽക്കാതെ ഇറങ്ങി പോരുമ്പോൾ ജീവിതത്തിന്റെ പകൽ വെളിച്ചത്തിൽ പുതിയ വഴികൾ തെളിഞ്ഞതായി തോന്നി…
കെട്ടുകണക്കിന് ബീ ഡി വലിക്കുമെങ്കിലും ക ള്ളുകുടിക്കാത്ത സ്നേഹസമ്പന്നനായ ശങ്കരേട്ടനെ കിട്ടിയപ്പോൾ ജീവിതത്തിലെ കരിനിഴൽ നീങ്ങി തുടങ്ങിയതായി തോന്നി…
ഒരുമിച്ച് ജീവിച്ച് തുടങ്ങി ഒരു വർഷം തികയും മുമ്പേ ആദ്യ ഭർത്താവിന്റെ തൊ ഴിയിൽ കലങ്ങി പോയ ഗ ർ ഭപാത്രം ജനറലാശുപത്രിയിലെ ഇരുമ്പുകട്ടിലിൽ വെച്ച് ഡോക്ടർ മാർ മു റി ച്ചെടുത്തതോടെ
പുതിയ തലമുറക്ക് ജന്മമേകാനാവാതെ അടിവേരുമുറിഞ്ഞ ഉണങ്ങി വരണ്ട അടിവയറുമായി ആശുപത്രിയുടെ പടിയിറങ്ങി…
നഷ്ടപ്പെട്ടത് ഒരു അവയവം മാത്രമല്ല ഒരമ്മയാകാനുള്ള സ്ത്രീത്വം കൂടിയാണെന്ന് തോന്നി…
വേറെയാരും വീട്ടിലില്ലാത്തതിനാൽ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി വീട്ടിലെത്തി മൂന്നാഴ്ച റെസ്റ്റായപ്പോൾ ഭക്ഷണമുണ്ടാക്കലും അലക്കലും കുളിപ്പിക്കലുമെല്ലാം ഒരുമടിയും കൂടാതെ ശങ്കരേട്ടൻ തന്നെയാണ് ചെയ്തത്…
ഒരിക്കൽ ശങ്കരേട്ടനോട് ചോദിച്ചു
“ഇപ്പോൾ എന്നെ കെട്ടണ്ടായിരുന്നു എന്ന് തോന്നുന്നുണ്ടോ…”കുറച്ച് നേരം മുഖത്തേക്ക് തന്നെ നോക്കി നിന്നിട്ട് ശങ്കരേട്ടൻ പറഞ്ഞു
“കാർത്തൂ… ഒരിക്കൽ കൊഴിഞ്ഞുപോകുമെന്നും വാടിപോകുമെന്നറിഞ്ഞിട്ടും വസന്തത്തിൽ ഒരു ചെടിയും പുഷ്പിക്കാതിരുന്നിട്ടില്ല..
അതെന്താണെന്നറിയുമോ ചെടി ഒരിക്കലും ആഗ്രഹിക്കുന്നില്ല പൂക്കളില്ലാത്ത ഒരു കാലത്തെ കുറിച്ച് അതുപോലെ ഞാന്‍ ചെടിയും നീ പൂവുമാണ് നീ എന്റേതായ അന്നുമുതൽ…
നീയും ഞാനും കൂടിയതുകൊണ്ടല്ലേ നമ്മളുണ്ടായത്.. ഇല്ലെങ്കിൽ നമുക്ക് പൂർണ്ണതയുണ്ടോ…”
“എന്നിൽ നിന്ന് ശങ്കരേട്ടനിനി എന്താണ് പ്രതീക്ഷിക്കാനുള്ളത്.. നാളേക്ക് നമ്മുടേതായി ഒരു തലമുറയെ കൂടി നല്കാനെനിക്കാവില്ലല്ലോ ”
“ഞാൻ നിന്നിൽ നിന്നും ഒന്നും പ്രതീക്ഷിച്ചല്ലല്ലോ നിന്നെ കൂടെ കൂട്ടിയത്… ചിലതെല്ലാം വിധിയാണ്..
അത് അനുഭവിച്ച് തീർക്കേണ്ടതാണ് അത് ഞാനായാലും നീയായാലും… ഇനി മുതൽ നമുക്ക് ആ വിധി ഒരുമിച്ചനുഭവിക്കാം.. ”
അന്നുമുതൽ മൂസാക്കാന്റെ പറമ്പിലെ പ്രായമെത്തി വളഞ്ഞുപോയ കഴുങ്ങിന്റെ നടുമുറിഞ്ഞ് കരിങ്കൽ മതിലിൽ തലപിളർന്ന് കിടന്ന ശങ്കരേട്ടന്റെ മൃതശരീരം
പായയിൽ പൊതിഞ്ഞുകെട്ടി മുറ്റത്തിറക്കിയ നശിച്ച പകലിന്റെ നട്ടുച്ച വരെ എന്റെ കണ്ണിൽ നിന്നൊരു തുള്ളി കണ്ണീരിറ്റാൻ ശങ്കരേട്ടനനുവദിച്ചിരുന്നില്ല..
ശങ്കരേട്ടൻ മരിച്ചതോടെ തറവാടിന്റെ അവകാശം പറഞ്ഞ് കുടുംബങ്ങളെത്തിയപ്പോൾ ആ വീട്ടിൽ നിന്നിറങ്ങി
ശങ്കരേട്ടൻ ഇങ്ങനെ ഒരവസ്ഥ മുൻകൂട്ടി കണ്ടിട്ടാവണം മരിക്കുന്നതിന് മുമ്പേ മൂസാക്കാന്റെ പറമ്പിനോട് ചാരി അഞ്ച് സെന്റ് സ്ഥലം മേടിച്ച് അതിൽ നാലുകാലിൽ തകരഷീറ്റ് അടിച്ച് ഒരു ചെറുകൂരയുണ്ടാക്കിയിട്ടത്…
അന്ന്മുതൽ ഇന്നുവരെ എത്ര കാറ്റും മഴയും വേനലും ഈ മേൽക്കൂരയിൽ വന്നു വീണു..
അമാവാസിരാത്രിയിലെ കൂരിരുട്ടും പൗർണ്ണമിയിലെ നിലാവും വൃശ്ചികക്കാറ്റും കണ്ടും അറിഞ്ഞും ഏകാന്തമായ എത്ര രാപകലുകൾ തള്ളി നീക്കി…
ഇന്നലെകളും നാളെകളുമില്ലാത്ത മുലചുരത്താത്ത മാറിടങ്ങളും വിത്തുമുളക്കാത്ത അടിവയറുമായി ശങ്കരേട്ടന്റെ തുളവീണ ഷർട്ടിട്ട് ചായക്ലാസ് ഇറവെള്ളത്തിൽ കഴുകി
മഴയോടൊപ്പം അടിച്ചെത്തുന്ന കാറ്റിൽ തകരവാതിൽ ശബ്ദത്തോടെ അടയുന്നത് കാലുകൊണ്ട് തടഞ്ഞ് അകത്തേക്ക് കയറി വാതിലടച്ച് കുറ്റിയിട്ടു…
തകരഷീറ്റുമേഞ്ഞ മേൽക്കൂരയിൽ ശക്തിയായി മഴതുള്ളികൾ വീഴുന്നതിന്റെ ശബ്ദം മുറിയിലെ നിശബ്ദതക്ക് ഭംഗം വരുത്തി…
കഥപറഞ്ഞെത്തുന്ന കാറ്റിന്റെ കൈകൾ ഇടക്കിടെ തകരഷീറ്റ് പൊക്കി അകത്തേക്ക് ഒളിഞ്ഞു നോക്കി….
കണ്ണെത്താദൂരെയെവിടെയോ ശങ്കരേട്ടൻ കാർത്യായനിയെ കാത്തിരുന്നു… വരും ജന്മത്തിൽ ഒരുമിച്ചൊരുമഴയായി പെയ്തു തീരാനായി…