ജ്വാല
Story written by Ammu santhosh
“അമ്മയ്ക്കിപ്പോ എങ്ങനെ ഉണ്ട് ഡോക്ടർ?” അർജുൻ ഡോക്ടറോട് ചോദിച്ചു ഡോക്ടർ പുഞ്ചിരിച്ചു
“She is ok now..ഇടയ്ക്കിടെ ചെക്കപ്പ് മതി.. ഇന്ന് ഡിസ്ചാർജ് ആണ് “
“താങ്ക്യൂ ഡോക്ടർ ” അർജുൻ ആശ്വാസത്തോടെ പറഞ്ഞു
ഡോക്ടർ ജ്വാല തലയൊന്നിളക്കി പിന്നെ സാവധാനം മുറി വിട്ട് പോയി. ഒരു നിമിഷം അവൾ പോയ വഴിയിലേക്ക് നോക്കിനിന്നു പോയി അർജുൻ “നല്ല കുട്ടി അല്ലെ മോനെ?എനിക്ക് ഒത്തിരി ഇഷ്ടായി “
അവൻ വിളർച്ചയോടെ തലയാട്ടി
“നിനക്ക് വേണ്ടി ഒന്നാലോചിച്ചു നോക്കട്ടെ “ജാനകി ചോദിച്ചു
“ആശുപത്രിയിൽ വെച്ച് തന്നെ വേണോ ആലോചന? ഒന്ന് വീട്ടിൽ എത്തി കിട്ടട്ടെ “
അമ്മ ചിരിച്ചു
അവളെ അവനും വല്ലാതെയങ്ങ് ഇഷ്ടപ്പെട്ടിരുന്നു ഒരപൂർവസുന്ദരി തന്നെ
സെറ്റിൽ ആകാൻ സമയം ഒക്കെ ആയി ഡോക്ടർ ജ്വാലയുടെ പേരെന്റ്സ് യുഎസിൽ ആണെന്ന്ആ രോ പറഞ്ഞു കേട്ടിട്ടുണ്ട്. . നല്ല അലയൻസ് ആണ്. അവന് തോന്നി
ജാനകി വീട്ടിൽ വന്നാദ്യം ചെയ്തതും ഈ ആലോചന ബന്ധുക്കളെ അറിയിക്കുക എന്നുള്ളതായിരുന്നു.
“ഇത് കൊള്ളാല്ലോ ചേച്ചി.. എനിക്കിഷ്ടമായി. ഡോക്ടർ അമേരിക്കയിൽ ജീവിച്ചത് കൊണ്ട് പഴയ കാര്യങ്ങൾ ഒന്നും അറിയാനും വഴിയില്ല.”ആങ്ങള നകുലൻ പറഞ്ഞു
അമ്മയുടെ മുഖം ഒന്ന് വിളറി.
“അല്ല ചേച്ചി വിഷമിക്കാൻ പറഞ്ഞതല്ല അതൊക്കെ കഴിഞ്ഞ് വർഷങ്ങൾ ആയില്ലേ? എല്ലാരും മറന്ന് തുടങ്ങി. പക്ഷെ ഒരു കല്യാണ ആലോചന വരുമ്പോൾ ആരെങ്കിലും അത് കുത്തിപ്പൊക്കി കൊണ്ട് വരും. കാശുണ്ട് എന്ന് പറഞ്ഞാലും ഇപ്പോഴത്തെ പേരെന്റ്സ് പയ്യന്റെ സ്വഭാവം കൂടി നോക്കും “
“അതിനിപ്പോ അവൻ ഡീസന്റ് അല്ലെ? ചെറുപ്പത്തിൽ ആ പ്രായത്തിൽ ഒരു ഇടർച്ച ഒക്കെ ആർക്കും പറ്റും. ആരും പുണ്യാളൻമാർ ഒന്നുമല്ലല്ലോ “
നകുലന്റെ അനിയൻ രാജീവ് പെട്ടെന്ന് പറഞ്ഞു
“ഒരിടർച്ച ഒക്കെ പോട്ടെ എന്ന് വെയ്ക്കാൻ പറ്റും. ഇത് അതാണോ? ഞാൻ ഒന്നും പറയുന്നില്ല. ചേച്ചി എന്താ എന്ന് വെച്ചാൽ പറഞ്ഞോ ഞങ്ങൾ എന്തിനും റെഡിയാ “
നകുലൻ ജാനകിയോടായി പറഞ്ഞു
അർജുൻ സ്ത്രീ വിഷയത്തിൽ കുറച്ചു മോശമാണെന്ന് ജാനകി പലയിടങ്ങളിൽ നിന്ന് അറിഞ്ഞിട്ടുണ്ട്
ചില ഇടങ്ങളിൽ പണം കൊണ്ട് ഒതുക്കിയിട്ടുണ്ട്
ഒന്ന് മാത്രം കയ്യിൽ നിന്നില്ല പെൺകുട്ടി മരിച്ചു പോയി
ആത്മഹത്യ ആണെന്നും അല്ല കൊന്നതാണെന്നും അവർ കേട്ടിട്ടുണ്ട്
അർജുനോട് ചോദിച്ചപ്പോൾ അവനൊന്നും അറിയില്ല എന്ന് പറഞ്ഞു. എന്തായാലും കോടതിയിൽ തെളിയിക്കാൻ പറ്റിയില്ല. കേസില് അവൻ ജയിച്ചു
അല്ലെങ്കിലും കോടതിയിൽ തെളിവില്ലാത്ത കേസുകൾ ഇപ്പൊ കൂടി വരികയാണ്
അർജുന്റെ അച്ഛനും ഇങ്ങനെ തന്നെ ആയിരുന്നു
ഒരു പാട് കേസുകൾ ഒതുക്കി തീർത്തത് താൻ അറിഞ്ഞിട്ടുണ്ട്. ഒരു പാട് സ്ത്രീകളുടെ കണ്ണീര് വീണിട്ടുണ്ട്. ശാപവും
അത് കൊണ്ടായിരിക്കും ഏറെ വർഷങ്ങൾ കിടക്കയിൽ കിടന്ന് നരകിച്ചാണ് മരിച്ചത്. വിഷമം ഒന്നും തോന്നിയില്ല. കർമഫലം അനുഭവിക്കാതെ പോവില്ലല്ലോ. അനു ഭവിക്കും. പെണ്ണിന്റെ കണ്ണീർ വീണ ഏത് മനുഷ്യരാണ് ഗുണം പിടിച്ചിട്ടുള്ളത്?
ജ്വാല ഫ്ലാറ്റിൽ ആയിരുന്നു
അവൾ കുളിച്ചു വേഷം മാറി കഴിക്കാനുള്ള ഭക്ഷണം എടുത്തു വെയ്ക്കുമ്പോൾ മൊബൈൽ ശബ്ദിച്ചു
അച്ഛനാണ്
“ഹലോ അച്ഛാ “
“മോൾ എന്റെ നമ്പർ ആർക്കെങ്കിലും കൊടുത്തിരുന്നോ?”
“ഉവ്വ് ഒരു ആന്റിക്ക് അച്ഛനോട് സംസാരിക്കണം എന്ന് പറഞ്ഞു. പ്രൊപോസൽ ആണെന്ന് തോന്നുന്നു “
“തോന്നൽ അല്ല അത് തന്നെ.. ഞാൻ നാട്ടിൽ ഒരാളോട് അന്വേഷിക്കാൻ പറഞ്ഞിട്ടുണ്ട്. നിനക്ക് നാട്ടിൽ സെറ്റിൽ ചെയ്യാനാണ് ഇഷ്ടം എന്നല്ലേ പറഞ്ഞത്? നല്ല പ്രൊപോസൽ ആണെങ്കിൽ നടത്താം “
“അച്ഛന്റെ ഇഷ്ടം. അമ്മയെവിടെ?”
“അമ്മയ്ക്ക് ഇന്ന് നൈറ്റ് അല്ലെ വന്നിട്ട് വിളിക്കാം “
“ഒകെ.. അപ്പൊ ശരി “അവൾ ഫോൺ വെച്ചു പിന്നെ ചപ്പാത്തി മുറിച്ചു കറിയിൽ മുക്കി കഴിക്കാൻ ഒരുങ്ങി
“കല്യാണം കഴിഞ്ഞാൽ നമ്മൾ ഇങ്ങനെ കാണില്ലേ?”
ദിവ്യ വസ്ത്രങ്ങൾ ധരിച്ചു കൊണ്ടിരുന്ന അർജുന്റെ തോളിലേക്ക് തല അണച്ചു വശ്യമായി ചോദിച്ചു
“പിന്നെ കാണാതെ… നമ്മൾ എന്നും ഇങ്ങനെ തന്നെ ആയിരിക്കും.. കല്യാണം കഴിഞ്ഞു എന്ന് കരുതി എനിക്ക് മാറാൻ പറ്റുമോ? ഇതിപ്പോ അമ്മക്ക് വയ്യ. നിർബന്ധം ആയി തുടങ്ങി.പെണ്ണ് ഡോക്ടർ ആണെങ്കിൽ രണ്ട്ണ്ട് കാര്യം.ആ കാശും ലാഭം.. പെണ്ണും ലാഭം “
“അയ്യോ എന്തൊരു ബുദ്ധിമാൻ.. ഇത്രയും ബുദ്ധി രാക്ഷസൻ ആയിട്ടും ആ മേഘയുടെ കാര്യത്തിൽ അബദ്ധം പറ്റി. റേപ്പ് ചെയ്യണ്ട വല്ല ആവശ്യവും ഉണ്ടായിരുന്നോ? പേര് പോയി കിട്ടി ‘
“അത്.. മിസ്റ്റേക്ക് ആയിരുന്നു. “അവൻ ചിരിച്ചു
“അത് ഒരു മോഹം.. പക്ഷെ അവൾ ആത്മഹ ത്യ ചെയ്യുമെന്ന് ആര് അറിഞ്ഞു? സില്ലി ഗേൾ പോയ പേര് തിരിഞ്ഞു പിടിക്കാൻ എന്റെ പണം മാത്രം മതി.. പിന്നെ ഇപ്പൊ നിശ്ചയിച്ച ഈ കല്യാണവും. “
“അമ്പട മിടുക്കാ. ആള് കൊള്ളാം ല്ലോ? അപ്പൊ ഇതും ബിസിനസ് തന്നെ “
“പിന്നെയല്ലാതെ.അർജുനെ നിനക്ക് അറിയില്ല മോളെ..”
അവൻ കുറുക്കന്റെ കൗശലത്തോടെ പറഞ്ഞു
ദിവസവും ഫോൺ വിളികളും ഇടക്കുള്ള കൂടിക്കാഴ്ചകളുമായി ജ്വാലയും അർജുനും തമ്മിൽ അടുത്തു. ജാതകം ചേരും എന്ന് അർജുന്റെ അമ്മ തന്റെ അച്ഛനെ വിളിച്ചു പറഞ്ഞതിൻറെ പിറ്റേന്ന്ജ്വാ ല അർജുന്റെ വീട്ടിൽ ചെല്ലുമ്പോൾ ജാനകി അടുക്കളയിൽ ആയിരുന്നു.
“ആഹാ മോളെന്താ വിളിക്കാതെ വന്നത്?”
“വെറുതെ.. ഇനിയിപ്പോ ഞാൻ താമസിക്കേണ്ട വീട് അല്ലെ ആന്റി ഇത്? ഒന്ന് കാണാല്ലോ പണ്ടൊക്കെ ചെക്കൻ പെണ്ണിന്റെ വീട്ടിൽ ആയിരിക്കും വരിക നമുക്ക് അത് മാറ്റിയെടുക്കാം “
ജാനകി ചിരിച്ചു
“അത് എനിക്ക് ഇഷ്ടായി. എന്റെ മോളെ എനിക്ക് എന്ത് ഇഷ്ടാണെന്നോ. എന്താ കുടിക്കാൻ.. അല്ലെങ്കിൽ വേണ്ട കഴിക്കാൻ എന്താ .”
“ഞാൻ ഊണ് കഴിഞ്ഞു അമ്മേ.. അർജുൻ ഇല്ലേ ഇവിടെ?
“ഉണ്ടല്ലോ മുറിയിൽ ഉണ്ട് ഞാൻ വിളിക്കാം “
“വേണ്ട അമ്മേ ഞാൻ പോയി വിളിക്കാം “
അവൾ. അർജുന്റെ മുറിയുടെ വാതിൽക്കൽ എത്തിയപ്പോൾ അവൻ വാതിൽ തുറന്നു പുറത്ത് വന്നു
“തന്റെ ശബ്ദം ഞാൻ കേട്ടു “
അവൾ മെല്ലെ ഒന്ന് ചിരിച്ചു
“ജാതകം ചേരുമെന്ന് അമ്മ തന്റെ അച്ഛനെ വിളിച്ചു
പറഞ്ഞു “
“അച്ഛൻ പറഞ്ഞു ” അവൾ മറുപടി കൊടുത്തു അവനവളെ ഇമ വെട്ടാതെ നോക്കി നിന്നു വെണ്ണക്കൽ ശില്പം പോൽ ഒരു പെണ്ണ്
“നമുക്ക് ഒന്ന് പുറത്ത് പോയാലോ?”അവൾ വിടർന്ന മിഴികളോടെ അവനെ നോക്കി
“അല്ല എന്റെ തോട്ടമാണ് ആ കാണുന്നത്.. ഒന്ന് ചുറ്റി കണ്ടിട്ട് വരാം “അവൻ പറഞ്ഞു
“അതിനെന്താ?”
കുറച്ചു നേരം കൂടി അവിടെ ചിലവഴിച്ചിട്ട് അവരമ്മയോട് യാത്ര പറഞ്ഞിറങ്ങി തോട്ടത്തിന്റെ ഭംഗി ഒക്കെ കണ്ട് ഒടുവിൽ അവർ ചെറുതെങ്കിലും ഭംഗിയുള്ള ഒരു വീടിന്റെ മുന്നിലെത്തി
“നല്ല ഭംഗിയുണ്ട്.. ഇവിടെ വീടൊക്കെ ഉണ്ടല്ലോ “
“അച്ഛന്റെ പേർസണൽ സ്പേസ് ആയിരുന്നു..”അവൻ അവൾക്കരികിലേക്ക് ചേർന്ന് നിന്ന് തോളിൽ കൈ വെച്ച് ആ മുഖത്തേക്ക് നോക്കി
“എന്നെ ഇഷ്ടായോ?”
“ഒരു പാട് “
അവൾ വശ്യമായി ചിരിച്ചു കൊണ്ട് പറഞ്ഞു അവർ കൈ കോർത്തു പിടിച്ച് വീടിന്റെ മുറികളിലൂടെ നടന്നു
ഷെൽഫിൽ വെച്ചിരുന്ന മദ്യ കുപ്പികളിൽ നോക്കി അവളൊരു കള്ളച്ചിരി ചിരിച്ചു
“കഴിക്കുമോ?” അവൻ ചോദിച്ചു
“അത്യാവശ്യം “അവൾ അതിലൊന്ന് കയ്യിൽ എടുത്തു
അവൻ രണ്ടു ഗ്ലാസിൽ പകർന്നു
ഗ്ലാസ്സുകൾ നിറഞ്ഞൊഴിഞ്ഞു കൊണ്ടേയിരുന്നു
ഉറക്കം ഉണരുമ്പോൾ അവൾ ഇല്ല
തലയ്ക്കു വല്ലാത്ത ഭാരം
അവൻ കുറച്ചു നേരം കൂടി കിടന്നുറങ്ങി
പിറ്റേന്ന് അവളുടെ ഫോൺ കാൾ കാണാഞ്ഞപ്പോ അവനവളുടെ ഫോണിലേക്ക് വിളിച്ചു
“എവിടെ ആണ്?”
‘എയർപോർട്ടിൽ. തിരിച്ചു പോവാ “
“എന്ന് വരും?”
“ഇനി വരില്ല.എന്റെ ഇവിടുത്തെ ജോലി തീർന്നു “
അവന്റെ ഉള്ളിലൂടെ ഒരു തണുപ്പ് ഇഴഞ്ഞു. ഒരു ചതി മണക്കുന്നു
“നീ ആരാ?”അവൻ ദേഷ്യത്തിൽ ചോദിച്ചു
“ഞാനോ? അവൾ ഒന്ന് ചിരിച്ചു പിന്നെ തുടർന്നു
“ഞാൻ മേഘയുടെ മോളുട്ടി.”
അവൻ സ്തംഭിച്ചു പോയി
“നീ.. നിനക്ക് എങ്ങനെ അവളെയറിയാം? നീ അമേരിക്കയിൽ ആയിരുന്നു എന്നല്ലേ പറഞ്ഞത്?”
“എന്റെ സ്കൂൾ കാലം മുഴുവൻ ഇവിടെ ആയിരുന്നു.ഞാനും അവളും ഒരെ ക്ലാസ്സിൽ ഒരെ ബെഞ്ചിൽ ഒന്നാം ക്ലാസ്സ് മുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെ..പിന്നെ ഞാൻ അമേരിക്കയിൽ.അവൾ ഇവിടെ.. ഒരു വർഷത്തിന് ശേഷം വീണ്ടും നാട്ടിൽ പഠിക്കാൻ പ്ലാൻ ചെയ്തിരിക്കുമ്പോഴാണ് അവളെ നീ….”
“ഇത്രയും നാൾ നീ എവിടെ ആയിരുന്നു?ഇപ്പൊ നീ എന്തിനാ വന്നത്?”അവന്റെ ശബ്ദം വിറച്ചു
“ഊഹിച്ചു നോക്കു. ജീവിതത്തിൽ ഏറ്റവും പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെടുത്തുന്ന മനുഷ്യനോട് ഒരാൾ എന്തൊക്കെ ചെയ്യും?. കത്തി കൊണ്ട് ഹൃദയത്തിൽ കുത്തി ഇറക്കി മരിക്കുന്നത് കണ്ടു കൊണ്ട് അങ്ങനെ.. അല്ലെങ്കിൽ വെട്ടി അരിഞ്ഞ്.. മൃഗീയമായിട്ട് ജീവൻ പോകുന്നത് നോക്കി രസിച്ച്…കോടതി നിന്നേ വെറുതെ വിട്ട അന്ന് തീരുമാനിച്ചു ഞാൻ കുറിച്ചതാ നിന്റെ വിധി. മരണം എന്ന് തന്നെ. പക്ഷെ ഞാൻ വെറും കുട്ടിയായിരുന്നു “
“എന്നിട്ട് ഇപ്പൊ നീ എന്താ ചെയ്തേ…? കൊന്നോ എന്നെ ഇല്ലല്ലോ.ഒരു കല്യാണം ആലോചിച്ചു. നടന്നില്ല അത് ഞാൻ അമ്മയോട് ഒരു കള്ളം പറഞ്ഞു അവസാനിപ്പിക്കും “
“നീ എന്ത് മണ്ടനാടാ?. ഒരു ഡോക്ടർ ആയ ഞാൻ അമേരിക്കയിൽ നിന്ന് നാട്ടിൽ വന്ന് ഇത്രയും നാൾ കൃത്യമായി പ്ലാൻ ചെയ്തന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അത് ഇത്രയും നിസാരമായ ഒന്നാവുമോ? അത് നിന്നേ മുച്ചൂടും നശിപ്പിക്കുന്ന ഒന്നാവില്ലേ?കൊല്ലാൻ തന്നെയാ വന്നത്. പക്ഷെ ആ അമ്മയെ ഞാൻ സ്നേഹിച്ചു പോയി. അത് കൊണ്ട് നിനക്കിപ്പോഴും ജീവൻ ഉണ്ട്.പക്ഷെ ജീവിതം ഇല്ല “
അവൻ നിശബ്ദനായി
“എന്റെ ഫ്ലൈറ്റിനു സമയം ആയി. ഞാൻ നിനക്ക് ഒരു ഇൻജെക്ഷൻ തന്നിട്ടുണ്ട് .അതിന്റെ റിസൾട്ട് ഉടനെ അറിയാം .”
അവന്റെ നെഞ്ചിടിച്ചു തുടങ്ങി
“Now you are an impotent man….”അവളുടെ പൊട്ടിച്ചിരിഅവന്റെ കാതിൽ വീണു
ഫോൺ കട്ട് ആയി
സീറ്റിലിരിക്കുമ്പോഴും ക്ഷോഭമടങ്ങുന്നില്ല. അവൾ ദീർഘമായി ശ്വസിച്ചു
പിന്നെ ഫ്ലൈറ്റ് ഉയരാൻ വേണ്ടി കണ്ണടച്ചു
“മോളുട്ടി എടി.. ഒരാൾ എന്നെ ഉപദ്രവിച്ചു ട്ടോ.ഞാൻ ഇനി വേണ്ട ഭൂമിയില്.. എന്റെ അമ്മ, ചേട്ടൻ ഒക്കെ അവരുടെ മുഖത്ത് നോക്കാൻ വയ്യ.നമ്മുടെ ക്ലാസ്സിൽ ഉണ്ടായിരുന്ന അമൂല്യയുടെ പിറന്നാൾ ആയിരുന്നു ഇന്നലെ. ഒരു ഫ്രണ്ട് വിളിച്ചാൽ പിറന്നാൾ ആഘോഷത്തിന് നമ്മൾ പോവുലെ മോളെ..? അവിടെ അവളുടെ ചേട്ടന്റെ ഫ്രണ്ട് ആണത്രേ അർജുൻ എന്ന ഈ മനുഷ്യൻ. അവിടെ വെച്ച് അയാൾ എന്നെ..ഭയങ്കര പാട്ടും ബഹളവും ആയിരുന്നു.ഞാൻ എത്ര കരഞ്ഞിട്ടും എന്റെ ശബ്ദം ആരും കേട്ടില്ല.. ഒടുവിൽ ആരോടെങ്കിലും പറഞ്ഞാൽ കൊ ല്ലുമെന്നും പറഞ്ഞു.പക്ഷെ അയാളെ ഞാൻ വെറുതെ വിടില്ല. ഞാൻ എല്ലാം എഴുതി വെച്ചിട്ടാ ഇവിടെ വിട്ട് പോവുന്നേ .നിന്നോട് യാത്ര പറയുമ്പോൾ മാത്രം ഉള്ള് പിടയ്ക്കുവാ. നിന്നേ മാത്രം മരിക്കും മുന്നേ കാണാൻ പറ്റിയില്ല. ക്ഷമിക്കണേ. നമ്മളൊന്നിച്ച് പഠിക്കാൻ ഉള്ളതായിരുന്നു ഇനിയുള്ള അഞ്ചു വർഷങ്ങൾ. എന്റെ കണ്ണേട്ടനോട് നീ പറയണം ഞാൻ അവനെ മാത്രമേ ഈ ഭൂമിയിൽ സ്നേഹിച്ചിട്ടുള്ളായിരുന്നു വെന്ന്ഞാൻ ഒരു തെറ്റും ചെയ്തില്ലന്ന്…എന്റെ മോളെന്നോട് ക്ഷമിക്ക് “
അവളുടെ മെയിൽ വന്ന് കിടന്നത് കണ്ടപ്പോൾ വൈകി
ഒത്തിരി വൈകി
എല്ലാം കഴിഞ്ഞു പോയി
നെഞ്ച് പൊട്ടി കരഞ്ഞ ദിനരാത്രങ്ങൾ
അവനെ വെറുതെ വിട്ട കോടതി വിധിയറിഞ്ഞു ഭ്രാന്തിയെ പോലെ അലറിക്കരഞ്ഞ ദിവസം.
എന്റെ കൊച്ച് പാവമായിരുന്നല്ലോ ഈശ്വര എന്ന് ഈശ്വരനോട് പോലും കലഹിച്ച സമയങ്ങൾ
പിന്നെ നാട്ടിലേക്ക് വന്നത് അവനെ കൊല്ലാൻ തന്നെ ആയിരുന്നു. പക്ഷെ ഇതാണ് അതിലും നല്ലത്.
അവൻ ജീവിക്കട്ടെ.. ഇങ്ങനെ തന്നെ.. ഇനിയൊരു പെണ്ണിനോപ്പവും കഴിയാൻ പറ്റാതെ.. നരകിച്ച് അവസാനിക്കട്ടെ നശിച്ച ജന്മം
അവൾ വശങ്ങളിലേക്ക് നോക്കി
നഗരം ഒരു പൊട്ടായി കഴിഞ്ഞു
വിട ഇനി വരവില്ല ഒരിക്കലും..