അവൾ പതിയെ ഓട്ടോയിൽ നിന്നും ഇറങ്ങി കറുത്തുരുണ്ട് തടിച്ച ഒരു മനുഷ്യൻ ആ കാറിൽ ഇരിക്കുന്നുണ്ടായിരുന്നു……

അരുദ്ധതി

Story written by Adarsh Mohanan

പൊട്ടിയ കണ്ണാടിച്ചില്ലിനെ അഭിമുഖീകരിച്ച് അവൾ ഒരുങ്ങുകയാണ് നെറ്റിയിൽ ചാർത്തിയ സിന്ദൂരപ്പൊട്ടിന്റെ ശേഷിച്ചത് നെറുകിൽ ചാർത്തണമോ എന്ന് ഒരാവൃത്തി അവൾ ചിന്തിച്ചു. തേക്കാത്ത കൽഭിത്തിയിൽ വിരൽ ഉരച്ചു കൊണ്ട് പേഴ്സുമായി അവൾ ഇങ്ങാനൊരുങ്ങി

കഴുത്തിന് കീഴെ ചലനശേഷിയില്ലാത്ത തന്റെ ഭർത്താവിനെ പുച്ഛഭാവത്തോടു കൂടി നോക്കി യാത്ര പറഞ്ഞു . ഉമ്മറത്തിണ്ണയിലിരുന്ന് ഈരു പറിക്കുന്ന ഭ്രാന്തിത്തള്ളയോട് അവൾ കൽപ്പിച്ചു

തള്ളേ ഉച്ചക്ക് അങ്ങേർക്ക് എന്തേലും തിന്നാൻ കൊടുത്തോളോ . ഇല്ലെങ്കിൽ വൈകീട്ട് വന്നു കഴിയുമ്പോൾ എന്റെ സ്വഭാവം മാറും. അവരത് കേൾക്കാത്ത ഭാവത്തിൽ മുടി കോന്നിയിരുന്നു

തുടരെ തുടരെ അവൾ സമയം നോക്കുന്നുണ്ടായിരുന്നു. 8.05 ഈ ജോഷി ഇതെവിടെപ്പോയി ? 5 മിനിറ്റിനു ശേഷം ഒരു ഓട്ടോ വന്നു സ്റ്റാന്റിൽ നിറുത്തി അവളതിലേക്ക് കയറി

നിന്നോട് ഞാൻ 8 മണിക്ക് വരാൻ പറഞ്ഞതല്ലേ??????? ഒന്നും പറയണ്ട എന്റെ അരുദ്ധതി , ഒരു ഓട്ടം പോയതാണ് കട്ട പോസ്റ്റ് ആയിപ്പോയി.

ഇന്ന് എവിടേക്കാമോളെ, കണ്ടിട്ട് നല്ല കോള് കിട്ടിയ ലക്ഷണമാണല്ലോ..? കോളാണോ ഔട്ട് ഓഫ് റേഞ്ച് ആണോന്ന് പിന്നെ തീരുമാനിക്കാം നീ വേഗം നെഹ്റു നഗറിലേക്ക് വണ്ടിയെടുക്ക് . ആളെങ്ങാനും പോയാൽ നിനക്കെന്റെ സ്വഭാവം അറിയാലോ??

എനിക്ക് കുഴപ്പമില്ല നീ ആയാലും പൈസ കിട്ടിയാൽ മതി. ഓഹ്, ചൂടാവല്ലെടി ഞാൻ പറഞ്ഞ സമയത്തിനുള്ളിൽ എത്തിക്കാം നീ അല്ലേലും ഹൈറേഞ്ച് അല്ലേ – തമ്പ്രാക്കൻമാരായല്ലേ കണക്ഷൻ, നിന്റെ റെയ്റ്റും നമുക്ക് താങ്ങൂല്ല, നിന്നെ കയ്യിൽ കിട്ടാൻ വല്ല ലോട്ടറിയും അടിക്കണം, തൽക്കാലം നമ്മള് പഴങ്കഞ്ഞി കുടിച്ച് ജീവിച്ച് പോട്ടെ

പടർന്ന് പന്തലിച്ച വാകമരത്തണലിൽ ഒരു ഓഡീ കാർ വന്ന് നിൽക്കുന്നുണ്ടായിരുന്നു. അവൾ പതിയെ ഓട്ടോയിൽ നിന്നും ഇറങ്ങി കറുത്തുരുണ്ട് തടിച്ച ഒരു മനുഷ്യൻ ആ കാറിൽ ഇരിക്കുന്നുണ്ടായിരുന്നു

അവൻ ഡോർ തുറന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചു വരുവാൻ പറഞ്ഞു. അവൾ വണ്ടിയിലേക്ക് കയറുന്നേരം ആ ഓട്ടോക്കാരൻ ആ കറുത്ത മനുഷ്യനെ നോക്കി ഒരു കള്ളച്ചിരി പാസ്സാക്കി

യാത്രക്കിടയിൽ അവൾ എന്തോ പിറുപിറുക്കുന്നുണ്ടായിരുന്നു. അവൾ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു. സർ, നമുക്ക് അശോകയിലേക്ക് പോകണ്ട അവിടെ കഴിഞ്ഞ ആഴ്ച റെയ്ഡ് ഉണ്ടായിരുന്നു, നമുക്ക് പാലസിൽ പോകാം.

അവന്റെ മുഖത്ത് ഭാവവ്യത്യാസം ഒന്നും ഉണ്ടായിരുന്നില്ല. അവൾ പറഞ്ഞു. ഓഹ്, ഗൗരവക്കാരനാണല്ലേ. ഒന്ന് ചിരിക്ക് മാഷേ, നേർത്ത ഒരു പുഞ്ചിരിയോട് കൂടെ അവൻ അവളോട് ചോദിച്ചു.

അരുദ്ധതിയുടെ റേറ്റ് എങ്ങനാ? ചിരിച്ചു കൊണ്ടവൾ മറുപടി പറഞ്ഞു മണിക്കൂറിന് 2000 . അപ്പോൾ ഒരു ദിവസത്തേക്കോ??????? 5000 ആണ് സർ എനിക്ക് 4500 തന്നാൽ മതി

അവൻ മുഖം തിരിക്കാതെ പുഞ്ചിരിയോടെ തന്നെ നേരെ നോക്കി വണ്ടിയോടിച്ചു. അവന്റെ ഭീകരമായ മുഖത്തിലും നിഷ്കളങ്കമായ കണ്ണുകൾ ഉള്ള പോലെ അവൾക്ക് തോന്നി

പാരഡൈസ് എന്ന റെസ്റ്റൊറന്റ് ന് മുൻപിൽ അവൻ വണ്ടി പാർക്ക് ചെയ്തു. വല്ലതും കഴിക്കാം എന്നിട്ടാകാം ബാക്കി, അവൻ പറഞ്ഞു. റെസ്റ്റൊറന്റിൽ കിട്ടാവുന്നതിൽ വെച്ച് ഏറ്റവുo വില കൂടിയ ഡിഷ് തന്നെ അവൻ ഓർഡർ ചെയ്തു.

ഭക്ഷണം കഴിക്കുന്നതിനിടയിൽ അവൻ ചോദിച്ചു . ഭർത്താവിന് ഇപ്പോൾ എങ്ങനെയുണ്ട്? മാറ്റമെന്തെലും ഉണ്ടോ? അവൾ ഒന്ന് ഞെട്ടി, പാതി ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയപ്പോൾ വെള്ളം കുടിച്ചതിന് ശേഷം അവൾ മറുപടി പറഞ്ഞു, കണക്കെന്നെ സാറെ ഒരു മാറ്റവും ഇല്ല

അല്ല സാറിനിത് എങ്ങനെ അറിയാം???? അരുദ്ധതിയെ കുറിച്ച് എനിക്കെല്ലാം അറിയാം, അവൻ കൈ കഴുകാനായ് എണീറ്റു.

വണ്ടിയിൽ കയറിയതിനു ശേഷം അവൾ സംസാരിക്കാൻ തുടങ്ങി, സാറെ സാറിന് എന്നിൽ ഏറ്റവും ഇഷ്ടമായത് എന്താണ് ?? അവൻ നേരെ നോക്കി തന്നെ മറുപടി പറഞ്ഞു. നിന്റെ വിരലുകളിനിടയിലെ ആ കറുത്ത കറയാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്

അവൾ ഒന്നും മിണ്ടിയില്ല. പണ്ട് തന്റെ ലൈഗീകാവയവങ്ങളെ വാനോളം പുകഴ്ത്തിയ പല മാന്യ വ്യക്തികളോടും അവൾക്ക് പുച്ഛം.. തോന്നി. ഫുൾ സ്പീഡിൽ വർക്ക് ചെയ്യുന്ന ഏസിയിൽ അവൾ ഇരുന്നു വിയർക്കുന്നുണ്ടായിരുന്നു. അവൾ തന്റെ വിരലുകളിലേക്ക് നോക്കി. ഓഷധിയിലെ മരുന്നു നിർമ്മാണശാലയിൽ താനൊഴുക്കിയ വിയർപ്പിന്റെ ഗന്ധം അറിയാതെ മനസ്സിലൂടെ കടന്നു പോയി

തന്റെ ദൂതകാലത്തെ ഒന്നടങ്കം പഠിച്ച് തന്നോടൊപ്പം കിടക്ക പങ്കിടാൻ വന്ന ഇയാൾ ആരായിരിക്കും അവൾ അവളോട് തന്നെ ചോദിച്ചു

ഒരു ബാക്കറിക്ക് മുൻപിൽ അവൻ വണ്ടി നിറുത്തി, നിറയേ മിഠായികൾ വാങ്ങിച്ച് വണ്ടിയിൽ കയറി, അവൾ ചോദിച്ചു ഇത് ആർക്കാണ്? മറുപടിയില്ല. അവൻ ഡ്രൈവിംഗിൽ ശ്രദ്ധിച്ചു. വണ്ടി നിറുത്തിയത് ഒരു ക്യാൻസർ സെന്ററിന് മുൻപിൽ ആണ് .

ഡോർ തുറന്ന് ഇറങ്ങിയതുo ഒരു കൊച്ചുബാലൻ അവന്റെ മുൻപിലേക്ക് ഓടി വന്നു. അവൻ ആ ബാലനെ കോരിയെടുത്തു. ആ കൊച്ചുബാലൻ അവന്റെ കറുത്തുരുണ്ട കവിൾത്തടങ്ങളിൽ ഉമ്മ വെച്ചു.

അവളുടെ ഉള്ളിൽ എന്തൊക്കെയോ വിമ്മിഷ്ടം കടന്നു പോകുന്നുണ്ടായിരുന്നു. ഒരു പക്ഷെ അവിടുത്തെ അന്തരീക്ഷത്തിന്റെ പ്രതിഫലനത്താലായിരിക്കണം

മാനേജരച്ഛനെ കണ്ട് അവൻ എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു മാനേജറിന്റെ കയ്യിൽ ഒരു പൊതി കൊടുത്തവൻ കുട്ടികളുടെ അടുത്തെത്തി. കുട്ടികൾക്ക് മധുരവും കളിപ്പാട്ടങ്ങളും സമ്മാനിച്ചപ്പോൾ അവർ അനന്ദത്താൽ ആർമ്മാദിക്കുന്നുണ്ടായിരുന്നു.അവർ അവിടെ നിന്നും മടങ്ങി

മാർഗ്ഗമദ്ധ്യേ അവൾ ഓർമ്മിപ്പിച്ചു സർ, സമയം അതിക്രമിച്ച് കൊണ്ടിരിക്കയാണ്, ഇങ്ങനെ ചിലവഴിക്കുന്ന സമയത്തിന് നോട്ടുകെട്ടുകളേക്കാൾ മൂല്യമുണ്ട് അരുദ്ധതീ….. അവൻ പറഞ്ഞു

ആ ബാലൻ ?? അവൾ ചോദിച്ചു…

ഓഹ്, അവനോ അവനാണ് നീരജ് 4 വയസ്സേ ഉള്ളൂ ,ബ്ലഡ് ക്യാൻസർ ആണ്, അവന്റെ അച്ഛൻ കൂലിപ്പണിക്കു പോകുന്നു, അമ്മയുടെ ഒരു കൈ ആക്സിഡന്റിൽ നഷ്ടപ്പെട്ടതാണ്, എങ്കിലും ഒരു തയ്യൽക്കട നടത്തി ചികിത്സക്കുള്ള പണം സമ്പാദിതിക്കുന്നു.

തന്റെ തൊഴിലിനോട് ജീവിതത്തിലാദ്യമായ് അവൾക്ക് പുച്ഛം തോന്നിയ നിമിഷം, അവളുടെ കണ്ണുനിറഞ്ഞൊഴുകി. കവിൾത്തടങ്ങളെ തഴുകിയ കണ്ണുനീരിനെ തുടച്ച് മാറ്റിയപ്പോൾ മുഖത്തെ ചുവന്ന ചായം ഇളകുന്നുണ്ടായിരുന്നു,

യത്ര തുടർന്നു. സൂര്യൻ ഉച്ചിക്ക് മീതെ നിൽക്കുന്ന സമയം, പാതയോരത്ത് വണ്ടി നിറുത്തിയവൻ ഇറങ്ങി, അവിടെ വൃദ്ധയായ ഒരു സ്ത്രീ കൈതോല കൊണ്ട് മേഞ്ഞ പുൽപ്പായയും, ഓലക്കുടയും പോലുള്ള സാധനങ്ങൾ വിൽക്കുന്നുണ്ടായിരുന്നു, അവൻ ആസ്ത്രീയുടെ കവിളിൽ തലോടി കുശലം ചോദിക്കുന്നുണ്ടായിരുന്നു. പരസ്പരം പരിചിതാക്കളാണെന്ന് അവൾക്ക് തോന്നി.

4 ഓലക്കുടയും വാങ്ങി അവൻ വണ്ടിയിൽ കയറി. അവൾ കൂടുതലായ് ഒന്നും സംസാരിക്കുന്നുണ്ടായിരുന്നില്ല. ഇക്കുറി വാചാലനായത് അവനായിരുന്നു. ആ സ്ത്രീയേ കുറിച്ച് അവൻ വാ തോരാതെ സംസാരിച്ചു തുടങ്ങി.

ആ സ്ത്രീയുടെ പേര് നാണി എന്നാണ്, തന്റെ 92 ആമത്തെ വയസ്സിലും മലമുകളിൽ 4 കിലോമീറ്റർ താണ്ടി ഈറ്റയും, ഓലയും ചുമന്ന് കൊണ്ടുവന്ന് സാധനങ്ങൾ നെയ്തുണ്ടാക്കും. എന്നിട്ടത് പാതയോരത്ത് ഇരുന്നു വിൽപ്പന ചെയ്യും. മക്കൾ ഉപേക്ഷിച്ചിട്ടും സ്വന്തം കാലിൽ ഒരു തൊഴിൽ ചെയ്തു ജീവിക്കുന്ന ഇവരോടാണ് ഇന്നീ ലോകത്ത് എനിക്ക് ഏറ്റവും ബഹുമാനം തോന്നിയിട്ടുള്ളത്

അവളുടെ തൊഴിലിനോട് വേറെ എപ്പോഴും ഉണ്ടാകാത്ത അറപ്പും വെറുപ്പും ആ നിമഷം അവൾക്കുണ്ടായി. യാത്ര മധ്യേ അവൻ ഒരു വയലോരത്ത് വണ്ടി നിറുത്തി അവിടെ 4 വൃദ്ധൻമാർ വയലിൽ പണിയെടുക്കുന്നുണ്ടായിരുന്നു. അവൾ മനസ്സിൽ ചിന്തിച്ചു

ഇതേ വഴിയിലൂടെ കടന്നു പോയപ്പോൾ തന്റെ ദൃഷ്ടിയിൽ പതിയാത്ത ആ 4 വൃദ്ധൻമാരെ അവൻ കണ്ടിട്ടുണ്ടാകണം. ഇളകി മറിഞ്ഞ ചേറിനെ വകവെക്കാതെ അവൻ വയലിലേക്ക് ഇറങ്ങി.ഓലക്കുട അവർക്ക് സമ്മാനിച്ച് അവർക്ക് ആലിംഗനം നൽകി അവൻ തിരിച്ചു

മനസ്സിൽ എന്തെന്നില്ലാത്ത കുറ്റബോധം നിഴലിക്കുന്ന പോലെ അവൾക്ക് തോന്നി, മനസ്സിൽ ആ ബാലനും, അവന്റെ വികലാംഗയായ അമ്മയും, പിന്നെ വഴിയരികിൽ ഇരുന്ന92 വയസ്സുള്ള വൃദ്ധയും ഒരേ സമയം മാറി മാറി വരുന്നുണ്ടായിരുന്നു

അവളുടെ മനസ്സിൽ പശ്ചാത്താപബോധം ഉണരുന്ന പോലെയവൾക്ക് തോന്നി. പെട്ടെന്ന് അവൻ വണ്ടി സൈഡ് ആക്കി, ചുറ്റും നോക്കിയപ്പോൾ അവൾക്ക് മനസ്സിലായി താൻ ഓട്ടോ കയറിയ അതേ സ്ഥലം

ഇറങ്ങിക്കോളൂ, അവൻ പറഞ്ഞു. അവൻ പെഴ്സിൽ നിന്നും 5000 രൂപയെടുത്ത് അവളുടെ കയ്യിൽ പിടിപ്പിച്ചു, വേണ്ട എന്ന് അവൾ പലകുറി പറഞ്ഞിട്ടും അവൻ നിർബദ്ധിച്ച് കൈയ്യിൽ കൊടുത്തു.ഇത് നിന്റെ മാനത്തിന്റെ വിലയല്ല . എന്റെ ഈ ദിവസത്തെ ഇത്രയും മനോഹരമാക്കുവാൻ കൂടെ നിന്ന നിനക്ക് നൽകുന്ന എന്റെയൊരു സമ്മാനമാണിത്

അവൻ വണ്ടിയിൽ കയറി. വണ്ടി സ്റ്റാർട്ട് ചെയ്തതും അവളിൽ നിന്നും ഒരു ചോദ്യമുണർന്നു. സർ, സാറിന്റെ പേര് പറഞ്ഞില്ലല്ലോ??? ഒരു നേർത്ത പുഞ്ചിരി മാത്രം സമ്മാനിച്ച് അവൻ വണ്ടി നേരെയെടുത്തു.

അവന്റെ നിഷ്കളങ്കമായ ആ പുഞ്ചിരിയിൽ നിന്നുണ്ടായ അനുഭൂതി രതിമൂർച്ചയിൽ നിൽക്കുമ്പോൾ പോലും ഉണ്ടായിട്ടില്ല എന്നവൾക്ക് തോന്നി. അവളുടെ ചുണ്ടിൽ നേർത്ത പുഞ്ചിരി ഉണരുന്നുണ്ടായിരുന്നു. വിദൂരത്തേക്ക് മറയുന്ന ആ കാറിന്റെ പിറകിൽ എഴുതിയ അക്ഷരങ്ങൾ അവ്യക്തതയോടെയാണെങ്കിലും വായിച്ചെടുത്തു.

“ദൈവദൂതൻ ” അതെ ദൈവദൂതൻ തന്നെയാണ് അവൾ മനസ്സിൽ പറഞ്ഞു. നേർത്ത നനവുള്ള ആ നോട്ടുകൾ അവളൊന്ന് മണത്ത് നോക്കി. മൺമറഞ്ഞു പോയ തന്റെ സഹോദരന്റെ വിയർപ്പിന്റെ അതേ ഗന്ധം……