എഴുത്ത് :-സൽമാൻ സാലി
കടലുണ്ടിപുഴയുടെ ഓളങ്ങളിൽ പ്രകമ്പനംകൊള്ളിച്ചുകൊണ്ട് പാലത്തിലൂടെ പരശുറാം എക്സ്പ്രസ്സ് കടന്നു പോയി .. പതിവിലും വിപരീതമായി അന്തരീക്ഷത്തിലെ മാറ്റം ചെല്ലപ്പനിൽ ആധിയുണർത്തി..
ഇന്ന് മീൻ ഒന്നും കിട്ടിയിട്ടില്ല .. വള്ളത്തിൽ രണ്ട് മൂന്ന് പരൽമീനുകൾ മാത്രം. ഇന്നാണ് അവളോട് ഉത്സവത്തിന് പോകാമെന്ന് പറഞ്ഞത് പ്രതീക്ഷകൾ തകിടം മറിചുകൊണ്ട് ഉണ്ടായ ശക്തമായ വേലിയേറ്റത്തിൽ മീൻ ഒന്നും കിട്ടതെ ചെല്ലപ്പൻ നിരാശയോടെ വള്ളം കരയിലേക്ക് തുഴഞ്ഞു
പുഴയുടെ തീരത്ത് തന്നെയും കാത്തിരിക്കുന്ന ചെല്ലമ്മയെ ചെല്ലപ്പൻ ദൂരെ നിന്നും കാണുന്നുണ്ടായിരുന്നു .. പെട്ടെന്നാണ് എങ്ങുനിന്നോ ഒഴുകിവന്ന മരത്തടിയിൽ തട്ടി വള്ളം മറിയുന്നത് .. ശക്തമായ വേലിയേറ്റവും അടിഴൊയുക്കും കാരണം ചെല്ലപ്പന് നീന്താൻ പോലും കഴിയുന്നുണ്ടായിരുന്നില്ല …
പുഴയുടെ ഒഴുക്കിൽപ്പെട്ട് മുങ്ങിത്താഴ്ന്നുപോകുമ്പോളും ചെല്ലപ്പന്റെ മനസ്സിൽ തന്നെ കാത്തിരിക്കുന്ന ചെല്ലമ്മയുടെ മുഖം മാത്രമായിരുന്നു …
പതിനാറാം വയസിലാണ് ചെല്ലപ്പൻ കടലുണ്ടിയിൽ എത്തുന്നത് . അന്നുമുതല് ശ്രീധരൻ മുതലാളിയുടെ തടിമില്ലിലായിരുന്നു ജോലി . ശ്രീധരൻ മുതലാളിയുടെ പുഴയോരത്തെ പറമ്പിൽ തകരകൊണ്ട് ചെറ്റ കുത്തി അതിൽ താമസിച്ചോളാൻ പറഞ്ഞെങ്കിലും ചെല്ലപ്പൻ കടലുണ്ടിപുഴയുടെ ഓളങ്ങൾ കേട്ട് കാറ്റുകൊണ്ട് ആകാശം നോക്കി റെയിൽ പാളത്തിന്റെ ചോട്ടിലാണ് അന്തിയുറങ്ങാറ് .. ട്രെയിൻ കടന്നുപോകുന്ന ശബ്ദം ഒരിക്കൽപോലും ചെല്ലപ്പന്റെ ഉറക്കം കെടുത്തിയിട്ടില്ല ..
തടിമില്ലിലെ ജോലി കഴിഞ്ഞു നേരെ കുടിലിൽ എത്തി ഭക്ഷണം വെച്ചുണ്ടാക്കി കഴിച്ചു അങ്ങാടിയിലേക്കിറങ്ങിയാൽ പിന്നെ പിറ്റേ ദിവസം ജോലി കഴിഞ്ഞേ കൂരയിൽ എത്താറുള്ളു .. രാത്രി ഷാപ്പിൽ നിന്നും അന്തിക്കള്ളും മോന്തി റയിൽ പാലത്തിനടിയിൽ ആകാശം നോക്കി കിടന്നുറങ്ങാറാണ് പതിവ് …
അന്നൊരു നാൾ അന്തിക്കള്ളും കുടിച്ചു തന്റെ വാസസ്ഥലത്തേക്ക് പോകുമ്പോളാണ് വഴിയരികിൽ ഒരു ഞരക്കം കേട്ടത് .. ഒരു നാടോടി പെണ്ണ് ബോധംകെട്ട് വീണു കിടക്കുന്നു അരികിലായി ഒരു മുഷിഞ്ഞ തുണി സഞ്ചിയും …
തന്റെ നോട്ടം പിൻവലിച്ചു കുറച്ചു മുന്നോട്ട് നടന്നെങ്കിലും ഒരു പിൻവിളിപോലെ തിരിച്ചു വന്നു അവളെയും എടുത്ത് അടുത്തുള്ള സർക്കാരാശുപത്രിയിലേക്ക് നടക്കുമ്പോൾ ചെല്ലപ്പന്റെ ഉള്ളിലെ കള്ളിന്റെ കെട്ടിറങ്ങിയിരുന്നു ..
ആരാണെന്നോ എന്താണെന്നോ അറിയാത്ത അവൾക്ക് രണ്ട് ദിവസം ആശുപത്രിയിൽ കൂട്ടിരുന്നു .. ബോധം വന്നിട്ടും ചെല്ലപ്പന്റെ ചോദ്യങ്ങൾക്ക് അവൾ മറുപടിയൊന്നും നൽകിയിരുന്നില്ല . ..
ആശുപത്രിയിൽ നിന്നിറങ്ങി നടക്കുമ്പോൾ അവളും പിന്നാലെ ഉണ്ടായിരുന്നു .. ഇടക്കിടെ ചെല്ലപ്പൻ തിരിഞ്ഞു നോക്കുമ്പോൾ അവൾ നടത്തം നിർത്തും .. ചെല്ലപ്പൻ നടക്കാൻ തുടങ്ങിയാൽ അവളുമൊപ്പം നടക്കും …
ചെല്ലപ്പന് ദേഷ്യം വന്നു അവളെ വഴക്ക്പറയുന്നതിടെ അവൾ ഊമയാണെന്ന് ആങ്യം കാണിചപ്പൊൾ പിന്നെ ചെല്ലപ്പൻ ഒന്നും പറഞ്ഞില്ല ..
അവളെയും കൂട്ടി നേരെ ചെന്നത് ശ്രീധരൻ മുതലാളിയുടെ വീട്ടിലേക്കാണ് .. മുതലാളിയോട് കാര്യം പറഞ്ഞു അവളേം കൂട്ടി തന്റെ കൂരയിലേക്ക് നടന്നു ..
അന്നുമുതൽ അവൾ കൂരക്കകത്തും അവൾക്ക് കാവലായി ചെല്ലപ്പൻ പുറത്തും അന്തിയുറങ്ങാൻ തുടങ്ങി ..
ജോലി കഴിഞ്ഞു വന്നാൽ ചോറ് ഉണ്ടാക്കി അവൾക്കും കൊടുത്തു അങ്ങാടിയിലേക്കിറങ്ങാറാണ് പതിവ് .. ഒരു ദിവസം ജോലി കഴിഞ്ഞു വന്നപ്പോൾ ചോറ് കഴിക്കാനായി തന്നെ കാത്തിരിക്കുന്ന അവളെയാണ് ചെല്ലപ്പൻ കാണുന്നത് .. അന്ന് ഊണിന് പതിവിലും രുചിയുള്ളതായി തോന്നി ചെല്ലപ്പന് …
നല്ല ഇടിയും മഴയുമുള്ള ഒരു രാത്രി അവൾ പേടിച്ചു ചെല്ലപ്പന്റെ അടുത്ത് വന്നിരുന്നു .. മഴച്ചാറൽ ഏറ്റ് നനഞ്ഞ ചെല്ലപ്പൻ അവൾ നിർബന്ധിച്ചു അകത്തേക്ക് വിളിച്ചു .. അന്നുമുതൽ അവർ ഒരുമിച്ച് അന്തിയുറങ്ങാൻ തുടങ്ങി .. വൈകാതെ അവൾ ചെല്ലപ്പന്റെ ചെല്ലമ്മയായി മാറി ….
മുപ്പത് വർഷമായി കുട്ടികളൊന്നും ഇല്ലാത്ത ചെല്ലപ്പന്റെ ലോകം ചെല്ലമ്മയും ചെല്ലമ്മയുടെ ലോകം ചെല്ലപ്പനുമായിട്ട് .. തടിമില്ലിലെ ജോലി ശരീരം. വഴങ്ങാതായപ്പോളാണ് മീൻ പിടിക്കാനിറങ്ങിയത് .. കാലത്ത് വള്ളവുമായി പുഴയിലേക്കിറങ്ങിയാൽ തിരിച്ചെത്തും വരെ ചെല്ലമ്മ പുഴയിലേക്ക് കണ്ണും നട്ടിരിക്കും …
ആദ്യമായി ചെല്ലമ്മയെ കൊണ്ടുപോയത് അമ്പലത്തിലെ ഉത്സവത്തിനാണ് അന്നുമുതൽ ഓരോ വർഷവും മുടങ്ങാതെ അവർ ഉത്സവത്തിന് പോയിക്കൊണ്ടിരുന്നു .. ഇന്ന് ഉത്സവത്തിന് പോകാമെന്ന് പറഞ്ഞിറങ്ങിയതാണ് ചെല്ലപ്പൻ .. ശക്തമായ അടിയൊഴുക്കിൽപെട്ട് കടലുണ്ടിപുഴയുടെ ആഴങ്ങളിലേക്ക് ചെല്ലപ്പൻ മുങ്ങിത്താഴ്ന്നു …….
രണ്ട് ദിവസം ഇടിയും മഴയും വകവെക്കാതെ ചെല്ലമ്മ പുഴയുടെ തീരത്ത് തന്റെ പ്രാണനായ ചെല്ലപ്പനെ കാത്തിരുന്നു .. അതിന് ശേഷം ആരും ചെല്ലമ്മയെ കണ്ടില്ല ….
തന്റെ പ്രാണനായ ചെല്ലപ്പന്റെ അടുത്തേക്ക് ചെല്ലമ്മയും യാത്രയായിരുന്നു ….
nb ഇത് ഷാഹി പറഞ്ഞു തന്ന കഥ അല്ല എന്ന് പറയാൻ പറഞ്ഞു