പെരുമഴക്കാലം
എഴുത്ത്:-രഘു കുന്നുമ്മക്കര പുതുക്കാട്
ആറു മാസങ്ങൾക്കു മുൻപ്,
“നിങ്ങള്, ഉണ്കഴിക്കണുണ്ടോ ഇപ്പോൾ? അച്ഛനുമമ്മയും, പിള്ളേരുമൊക്കെ കഴിച്ചു. അവര് വിശ്രമിക്ക്യാ, പിള്ളേര്, വീണ്ടും കമ്പ്യൂട്ടറിൽ ഗെയിമു കളിക്ക്യാ നിരിക്കണൂ. ഇപ്പോൾ കഴിക്കണുണ്ടെങ്കിൽ, നമുക്ക് ഒരുമിച്ചിരുന്നു കഴിക്ക്യാം ട്ടാ.
നാലുമണീടെ ബസ്സിന്, ഞാൻ വീട്ടിൽ പോവും ട്ടാ, പത്തുദിവസം ഞാനും പിള്ളാരും അവിടെയാകും, ചിലപ്പോൾ, രണ്ടാഴ്ച്ച തികച്ചും നിക്കും”
ഹാളിലെ ടെലിവിഷനിലെ വാർത്തകളിൽ മിഴികളുറപ്പിച്ച്, അവൻ മറുപടി പറഞ്ഞു.
“നിക്കണതൊക്കെ കൊള്ളാം, നീ കിടന്നുറങ്ങി, പിള്ളാർക്ക് ആപത്തൊന്നും വരാൻ പാടില്ല. നല്ല ശ്രദ്ധ വേണം. നിനക്കറിയാലോ മ്മടെ പിള്ളാരേ, രണ്ടും, കുറുമ്പൻമാരാ, എന്നാലിത്തിരി ഫുഡ് കഴിച്ചാലോ?”
അവൾ, അവനരികിലേക്കു ചെന്നു. സോഫായിൽ, അവൻ്റെയടുത്തിരുന്നു. അവൻ്റെ മുഖം, സ്വന്തം മുഖത്തേക്കു കൈ കൊണ്ടു തിരിച്ചു. അവൻ, അവളുടെ മിഴികളിലേക്കു നോക്കി. അവളുടെ മിഴികളിലും ചൊടികളിലും അനുരാഗം ഇതൾ വിടരുന്നുണ്ടായിരുന്നു.
“മോനേ, ഞങ്ങള് രണ്ടാഴ്ച്ച കഴിഞ്ഞേ വരൂട്ടാ, ഭാര്യവീട്ടില് നിൽക്കാൻ നിനക്കു മടിയല്ലേ, നീ വരില്ലല്ലോ, നാലുമണിയാകുമ്പോൾ ഞങ്ങള് പോവും. ഇപ്പോൾ, വെറുതേ മുകളിലേ നിലയിലേക്കൊന്നു പോകണോ? വേണമെങ്കില് നിങ്ങള് ആദ്യം പോയ്ക്കോ, ഞാൻ കുട്ടികളെന്തു ചെയ്യുന്നൂന്ന് നോക്കീട്ട് കയറി വരാം”
ഗോവണിപ്പടികൾ കയറുമ്പോൾ അവൻ പറഞ്ഞു.
“വലിയ വീടായോണ്ട് അടിച്ചുവാരാനും പരിപാലിക്കാനുമുള്ള ബുദ്ധിമുട്ടിനെക്കുറിച്ച്
നീ എപ്പോളും പറയാറില്ലേ? ഇപ്പോൾ, മുകൾനിലയിൽ മുറികളുള്ളോണ്ട് ഉപകാരായില്ലേ?”
“ഓ, വല്ല്യ കാര്യായി, ഒച്ചയിടാണ്ട് കയറിപ്പോകാൻ നോക്ക്. ഞാൻ, റൂമിൽ കുട്ടികളെ നോക്കീട്ടു വരാം”
മുകൾനിലയിലെ,മുറിയിൽ നിന്നും ഇറങ്ങി, ചിതറിയുലഞ്ഞ തലമുടി നേരെയാക്കി ഗോവണിപ്പടികളിറങ്ങുമ്പോൾ അവൾ അവനോടു ചോദിച്ചു.
“എൻ്റെ മുഖത്തേക്കൊന്നു നോക്ക്യേ, എന്തെങ്കിലും കള്ളലക്ഷണം? നിങ്ങൾക്കു പിന്നേ, സ്വതേ കള്ളലക്ഷണമായതുകൊണ്ട് ആരും സംശയിക്കില്ല. അമ്മ, എഴുന്നേറ്റോ ആവോ? വേഗം, ഫ്രഷ് ആയി വരൂ. ഭക്ഷണം കഴിക്കാം, നല്ല ക്ഷീണം കാണും”
നാലുമണിക്ക് അവളും കുട്ടികളും പോയപ്പോൾ, ഒരു ശൂന്യത അയാളെ പൊതിഞ്ഞു. അന്തിയിലൊരു പെരുമഴ പെയ്തു.
**************
ഇന്ന്, വീണ്ടുമൊരു ഞായറാഴ്ച്ച. പ്രഭാതം. മുകൾനിലയിലെ ശയനമുറി പൊടിയും മാറാലയും പിടിച്ചു കിടന്നിരുന്നത്, തൂത്തു വൃത്തിയാക്കി അവൾ ടെറസ്സിലേക്കു വന്നു. കൈവരിയിൽപ്പിടിച്ചു താഴേക്കു നോക്കി. ഉമ്മറത്തിനപ്പുറം, ടാർനിരത്തു നീണ്ടുപോകുന്നു. വീട്ടിലേക്കുതിരിയുന്നിടത്തു, കൊടിയ വളവാണ്. നോക്കി നിൽക്കേ, വളവു തിരിഞ്ഞു വന്നൊരു ബൈക്ക്, നേരെ പാഞ്ഞുവന്ന കാറിലുരുമ്മി തലനാരിഴ വ്യത്യാസത്തിൽ പാഞ്ഞുപോയി.
അന്നു ജോലി കഴിഞ്ഞു വരുമ്പോൾ, അവനങ്ങനേ ബൈക്ക് വെട്ടിക്കാൻ കഴിയാഞ്ഞു പോയി. വെക്കേഷനു വീട്ടിലേക്കു പോയി, ഒരാഴ്ച്ച കഴിഞ്ഞ പ്പോളാണ് ദുരന്തമുണ്ടായത്. ഒരു പക്ഷേ, വീടണയാൻ നേരം, അവൻ്റെ ഓർമ്മകളിൽ, കുട്ടികളും താനുമായിരുന്നിരിക്കാം. അല്ലെങ്കിൽ, ഈ പടിയ്ക്കൽ തന്നേ.. ഉൾത്തടത്തിലൊരു വിതുമ്പലുണർന്നു.
രാവിലെത്തന്നേ മഴയൊരുക്കമുണ്ട്, അച്ഛനുമമ്മയും പൂമുഖത്തിരിപ്പുണ്ട്. കുട്ടികൾ, കമ്പ്യൂട്ടർ ഗെയിമുകളിൽ മുഴുകിയിരിക്കുന്നു. പതിവു ജോലികളുമായ് താനുമിവിടേയുണ്ട്. അവൻ മാത്രമില്ലാതായിരിക്കുന്നു.
നടയകത്തേ, അവൻ്റെ വലിയ ഫോട്ടോയുടെ മുന്നിൽ ഒരു കുഞ്ഞുബൾബ് മിന്നിമിനുങ്ങി നിന്നു.
ആർത്തലച്ചൊരു മഴ വന്നു, അതു, തോരാതെ പെയ്തുകൊണ്ടിരുന്നു.