Story written by Jolly Shaji
കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…
റോഡിലൂടെ നടന്നുപോകുന്ന രാജേന്ദ്രൻ നായര് കുറച്ചു കുട്ടികൾ അവിടെ കൂടി നിൽക്കുന്നത് കണ്ട് അങ്ങോടു ചെന്നു… കോളേജ് കുട്ടികൾ ആണെന്ന് തോന്നുന്നു… അവരിൽ മിക്കവരുടെയും കയ്യിൽ മൊബൈൽ ഉണ്ട്….
അവർ എന്തോ വീഡിയോ ഷൂട്ട് ചെയ്യുകയാണെന്നു മനസ്സിലായ രാജേന്ദ്രൻ നായർ കുട്ടികളെ വകഞ്ഞു മാറ്റി അകത്തേക്ക് നൂഴ്ന്നു കയറി…
അവിടെ കണ്ട കാഴ്ച അദ്ദേഹത്തെ ഞെട്ടിക്കുന്നത് ആയിരുന്നു… ഒരു വശത്തേക്ക് ചരിഞ്ഞു കിടന്നു പിടയുന്ന ഒരു മനുഷ്യൻ….
“ദേ ഡാ വല്യപ്പൻ പത വിട്ടു തുടങ്ങി…”
ഒരു പെൺകുട്ടി ചിരിയോടെ വിളിച്ചു പറഞ്ഞു…
“കാർന്നൊരു കയ്യിലിരുന്ന കാശ് കൊടുത്തു സാധനം കഴിച്ചിട്ട് വാള് വെക്കുന്നതാടി…”
വേറൊരുത്തന്റെ നിഗമനം…
“ഇവിടെ നമ്മളൊക്കെ ഫുള്ളു കേറ്റിയാലും തലയ്ക്കു പിടിക്കില്ല…”
വേറൊരുത്തൻ…
“ഒന്ന് പോയേട എന്നിട്ടാണോ ഇന്നാള് രണ്ടെണ്ണം അടിച്ചിട്ട് നീയെന്നെ ഫോൺ വിളിച്ചു കരഞ്ഞു സെന്റി അടിച്ചത്…”
കൂട്ടത്തിൽ ഒരു സുന്ദരിയുടെ കമന്റ്…
“എടി അത് പിന്നേ… ഒന്ന് പോയെടി നാറ്റിക്കാതെ…”
അവിടെ പൊട്ടിച്ചിരി മുഴങ്ങി…
രാജേന്ദ്രൻ നായർ നിലത്തു കിടക്കുന്ന ആളെ മെല്ലെ ചരിച്ചു..
“അയ്യോ ഇത് നമ്മുടെ ജോസഫ് സാർ അല്ലെ… സാറേ, സാറേ..”
അയാൾ അദ്ദേഹത്തെ കുലുക്കി വിളിച്ചു…
“എടാ മക്കളെ ഇത് ഒരു അധ്യാപകൻ ആണ് ഇദ്ദേഹം മ ദ്യപാനി അല്ല… ഇത് ഫിക്സ് വന്നു വീണതാണെന്നു തോന്നുന്നു…”
രാജേന്ദ്രൻ നായർ ചുറ്റിലും നിന്ന കുട്ടികളോടായി പറഞ്ഞു…. പെട്ടന്ന് അവിടെ കൂടി നിന്ന കുട്ടികൾ സ്കൂട്ട് ആയി..
രാജേന്ദ്രൻ നായർ റോഡിലൂടെ വന്ന കാറിന് നേരെ കൈനീട്ടി….
കാറിന്റെ ഡോർ തുറന്നത് സാക്ഷാൽ മുഹമ്മദ് ഹാജ്യാർ..
“എന്താടോ എന്തുപറ്റി… “
“ഹാജ്യാരെ നമ്മുടെ ജോസഫ് സാർ വീണ് കിടക്കുന്നു… ഫിക്സ് ആണെന്ന് തോന്നുന്നു..”
പെട്ടന്ന് ഹാജ്യാർ വണ്ടിയിൽ നിന്നും താക്കോൽ കൂട്ടമെടുത്തുകൊണ്ട് ഓടി അദ്ദേഹത്തിന്റെ അടുത്ത് ചെന്നു… താക്കോൽ കൂട്ടം അയാളുടെ കൈകൾ ബലമായി തുറന്നു വെച്ചു കൊടുത്തു…
രാജേന്ദ്രൻ നായർ നിലത്തിരുന്നു അദ്ദേഹത്തിന്റെ തല തന്റെ മടിയിലേക്ക് എടുത്തു വെച്ചു….ഹാജ്യാർ തന്റെ കയ്യിലിരുന്ന ഷോൾ കൊണ്ട് അദ്ദേഹത്തിന്റെ മുഖം തുടച്ചു…
ജോസഫ് സാർ മെല്ലെ കണ്ണ് തുറന്നു…
“സാറേ ഒന്നും പേടിക്കേണ്ട… വാ നമുക്ക് ഒന്ന് ഹോസ്പിറ്റലിൽ വരേ പോകാം…”
ഹാജ്യാർ മെല്ലെ സാറിനെ പിടിച്ചെഴുന്നേൽപ്പിച്ചു…
വേണ്ടടോ എനിക്ക് ഒന്നുല്ല എന്നെ എന്റെ വീട്ടിൽ ഒന്ന് ആക്കിയാൽ മതി…
“വീട്ടിൽ ആക്കാം… ആദ്യം നമുക്ക് ഹോസ്പിറ്റലിൽ പോയിട്ട്…”
രാജേന്ദ്രൻ നായരുടെയും ഹാജ്യരുടെയും തോളിൽ തൂങ്ങി ജോസഫ് സാർ കാറിന് സമീപത്തേക്ക് നടന്നു..
അപ്പോളും ദൂരെ മാറി ഫോണിൽ എന്തൊക്കെയോ കണ്ട് രസിക്കുന്നുണ്ടായിരുന്നു ആ പിള്ളേർ കൂട്ടം…..
നടുറോഡിൽ തളർന്നു വീണാൽ രക്ഷിക്കാൻ വരുന്ന മനുഷ്യനാവണം
ദൈവം… അല്ലാതെ ശാസ്ത്രവും മിത്തുക്കളും ആവരുത്….