പെറ്റിക്കോട്ട്
Story written by Nisha L
കുട്ടിക്കാലത്തെ ഞങ്ങൾ പെൺകുട്ടികളുടെ ദേശീയ വസ്ത്രമായിരുന്നു പെറ്റികോട്ട്. ഒരൊറ്റ പെറ്റിക്കോട്ടുമിട്ട് എവിടെയും പോകാനുള്ള അനുവാദവും സ്വാതന്ത്ര്യവും ആത്മവിശ്വാസവും ഉണ്ടായിരുന്ന ഒരു കുട്ടിക്കാലം. ദൂരയാത്രകളിൽ മാത്രം നിറമുള്ള വസ്ത്രങ്ങൾ ഉപയോഗിച്ചിരുന്ന കാലം.
വവ്വാൽ ചപ്പിയ ബദാംകായ പൊട്ടിച്ച് കഴിച്ചും,, കിളികൾ കൊത്തിയിട്ട മാമ്പഴം പെറുക്കി കടിച്ചു തിന്നും,, തുമ്പികളോടും പൂമ്പാറ്റകളോടും കിന്നാരം പറഞ്ഞും വെള്ള പെറ്റിക്കോട്ടിൽ കറയും പിടിപ്പിച്ചു പറന്നു നടന്ന ഒരു കാലം. ഒന്നിനെയും പേടിയില്ലാതെ,, ഒന്നിനെ കുറിച്ചും ഉൽക്കണ്ഠ ഇല്ലാതെ,, ഈ വിശാലമായ ലോകത്തെ കുറിച്ച് ഒന്നും ചിന്തിക്കാതെ പാറിപ്പറന്നു നടന്ന ഒരു ബാല്യകാലം.
എന്റെ വീടിന്റെ രണ്ടു വീടുകൾക്ക് അപ്പുറമായിരുന്നു അച്ഛന്റെ അമ്മ അതായത് എന്റെ അമ്മുമ്മ ഒറ്റയ്ക്ക് താമസിച്ചിരുന്നത്. എന്നും രാത്രി അമ്മുമ്മയ്ക്ക് കൂട്ടുകിടക്കാൻ പോകുന്നത് ഞാനായിരുന്നു . അമ്മൂമ്മ രാമായണവും മഹാഭാരതവും വായിച്ച് കഥകൾ പറഞ്ഞു തരും. ഞാനത് കേട്ടു കേട്ടുറങ്ങും. കഥകളോടുള്ള ഇഷ്ടം ആ കാലത്തിലെ തുടങ്ങിയതാണ്.
അങ്ങനെ പോകുന്ന സമയത്താണ് എന്റെ കൊച്ചച്ചൻ ഹൈദരാബാദിൽ നിന്ന് കൂട്ടുകാരുമൊത്ത് നാട്ടിലേക്ക് വരുന്ന വിവരം അമ്മുമ്മയെ അറിയിച്ചത്. കൊച്ചച്ചന്റെ വരവിനായി അമ്മൂമ്മയോടൊപ്പം തന്നെ ഞാനും ആകാംക്ഷയോടെ കാത്തിരുന്നു. ദൂരെ നിന്നും വരുന്നതല്ലേ എന്തെങ്കിലും മിട്ടായി മധുരം കിട്ടും എന്നുള്ള പ്രതീക്ഷയിലാണ് എന്റെ കാത്തിരിപ്പ്.
അങ്ങനെ കാത്തു കാത്തിരുന്ന ആ ദിവസം വന്നെത്തി. അമ്മുമ്മയുടെ വീടിനുമുന്നിൽ വണ്ടി വന്നു നിന്നപ്പോൾ തന്നെ ഞാൻ ഇറങ്ങി ഓടാൻ തുടങ്ങി. പക്ഷേ എന്റെ അമ്മ എന്നെ വീട്ടിൽ പിടിച്ചുവെച്ചു കളഞ്ഞു.
“അവർ ഇങ്ങോട്ട് വന്നിറങ്ങിയത് അല്ലേ ഉള്ളൂ.. ഇപ്പോഴേ ഓടി ചെന്നാൽ അത് മോശമാണ്. കുറച്ചു കഴിഞ്ഞു പോയാൽ മതി… “ അമ്മ എന്നെ ശാസിച്ച് വീട്ടിലിരുത്തി.
അങ്ങനെ ഞാൻ ഞെരിപിരി കൊണ്ട് അവിടെ ഇരുന്നു. ഒടുവിൽ അവർ ഊണ് കഴിഞ്ഞു എന്ന് അമ്മയ്ക്ക് ബോധ്യപ്പെട്ടപ്പോൾ എനിക്ക് പോകാനുള്ള അനുവാദം കിട്ടി.
അങ്ങനെ ഞാൻ തുള്ളി കളിച്ചു സന്തോഷത്തോടെ അവിടെ എത്തിയപ്പോഴാണ് നയന മനോഹരമായ ആ കാഴ്ച കാണുന്നത്. അമ്മുമ്മ കശുവണ്ടി ചുട്ടു തല്ലി വൃത്തിയാക്കി എടുക്കുന്നു. ഞാൻ അമ്മുമ്മയുടെ അടുത്തു മാറിയിരുന്ന് ആ കാഴ്ച കണ്ടു.
എനിക്കിപ്പോൾ അതിൽ നിന്ന് അമ്മുമ്മ രണ്ടെണ്ണമെങ്കിലും തരും. അതിനുവേണ്ടി ഞാൻ അവിടെ കാത്തിരുന്നു.. മീനിന് കാവലിരിക്കുന്ന പൂച്ചയെപ്പോലെ.
എനിക്ക് എന്റെ വീട് ഒഴിച്ച് മറ്റെവിടെയും പോയി എടുത്തു കഴിക്കുന്നത് തീരെ ഇഷ്ടമുള്ള കാര്യമല്ല. വീട്ടിലുള്ളവർ എടുത്ത് തന്നാൽ കഴിക്കും അത്രതന്നെ. പണ്ടും ഇപ്പോഴും ആ ശീലം തന്നെയാണ് പിന്തുടരുന്നത്. മറ്റൊരാളുടെ അടുക്കളയിൽ കയറി എടുത്തു കഴിക്കുന്നത് എന്തോ മോശം ഏർപ്പാട് ആയിട്ടാണ് പണ്ട് മുതൽ എനിക്ക് തോന്നിയിട്ടുള്ളത്. അതിലെനിക്കൊരു അഭിമാനകുറവ് തോന്നിയിരുന്നു. സ്വന്തം വീടൊഴിച്ചു ബാക്കി എവിടെയും ഇഷ്ടം പോലെ കയറിയിറങ്ങുന്ന തരത്തിലുള്ള സ്വാതന്ത്ര്യം ഞാൻ ഇഷ്ടപ്പെട്ടിരുന്നില്ല അന്നും ഇന്നും.
അങ്ങനെ ഞാൻ കാത്തു കാത്തിരുന്നു ആ കശുവണ്ടിക്ക് വേണ്ടി. പക്ഷേ ഒരു പ്ലേറ്റിൽ വൃത്തിയാക്കിയ കശുവണ്ടിയുമായി അമ്മൂമ്മ, കൊച്ചച്ചനും കൂട്ടുകാരുടേയും ഇരിക്കുന്നിടത്തേക്ക് പോകുന്നത് കണ്ടപ്പോൾ ഞാൻ ഹൃദയം തകർന്നു നിന്നു പോയി.
എനിക്ക് ഒരെണ്ണം പോലും തരാതെ എടുത്തുകൊണ്ടുപോയിരിക്കുന്നു. ഇനിയിപ്പോൾ ഒരു വഴിയേയുള്ളു. കൊച്ചച്ഛന്റെ അടുത്ത് പോയി നോക്കാം ചിലപ്പോൾ അവിടുന്ന് എനിക്ക് ഒരെണ്ണം കിട്ടിയാലോ എന്ന ചിന്തയിൽ ഞാൻ കൊച്ചച്ചന്റെ അടുത്തുപോയി താളം ചവിട്ടി നിന്നു.
പക്ഷേ കളം വരച്ചു നിന്ന എന്നെ നോക്കി കൊച്ചച്ചൻ പറഞ്ഞത് മറ്റൊന്നായിരുന്നു.
“നിനക്കീ പെറ്റിക്കോട്ട് മാത്രമേ ഉള്ളോ കൊച്ചേ.. നല്ല തുണി ഒന്നുമില്ലെ…എന്റെ കൂട്ടുകാരൊക്കെ വന്നിരിക്കുന്നത് കണ്ടില്ലേ അവരുടെ മുന്നിൽ പെറ്റിക്കോട്ടുമിട്ടു നിൽക്കുന്നു… നാണക്കേട് അയ്യേ.. പോയി നല്ല തുണി എടുത്തിട്ട് വാ…”!!
അതു കേട്ടെന്റെ കണ്ണ് നനഞ്ഞെങ്കിലും നല്ല തുണി എടുത്തിട്ട് വന്നുകഴിഞ്ഞാൽ കശുവണ്ടി കിട്ടുമെന്ന വിചാരത്തിൽ ഞാൻ വീട്ടിലേക്ക് ഓടി. നല്ലൊരു ഫ്രോക്ക് നോക്കി എടുത്തിട്ട് തിരികെ പാഞ്ഞു.
പക്ഷേ തിരികെ വരുമ്പോൾ ഞാൻ കണ്ട കാഴ്ച എന്റെ ഹൃദയം തകർക്കുന്നതായിരുന്നു. കശുവണ്ടി പാത്രത്തിൽ രണ്ടോ മൂന്നോ കശുവണ്ടി തരികൾ മാത്രം. ബാക്കി ഒന്നുമില്ല. എനിക്ക് വല്ലാത്ത സങ്കടവും നിരാശയും ഒക്കെ വന്നു. കിട്ടാതെ പോയ കശുവണ്ടിയെ ഓർത്ത് ഒരു കരച്ചിൽ എന്റെ തൊണ്ടയിൽ ശ്വാസം മുട്ടി പിടഞ്ഞു. എന്റെ സങ്കടം കണ്ടിട്ടാണോ എന്തോ എനിക്കറിയില്ല അമ്മുമ്മ തല്ലി പൊട്ടിച്ചപ്പോൾ പൊടിഞ്ഞു പോയ കശുവണ്ടിയുടെ ചില കഷണങ്ങൾ തൊലിയോട് കൂടി എനിക്ക് തന്നു. ഞാൻ അതുമായി ഒന്നും മിണ്ടാതെ തിരികെ വീട്ടിലേക്ക് പോയി. അതിനുശേഷം ഞാൻ അമ്മുമ്മയ്ക്ക് കൂട്ടു കിടക്കുന്ന പരിപാടിയും നിർത്തി. കാരണം കൊച്ചച്ചൻ പിന്നീട് തിരികെ പോയില്ല. അതുകൊണ്ട് എന്റെ കൂട്ടുകിടക്കൽ മാമാങ്കം അവിടെ കഴിഞ്ഞു.
ഈ സംഭവം ഞാൻ ഓർത്തിരിക്കുന്നത് എനിക്ക് ഒത്തിരി ഓർമശക്തി ഉള്ളതുകൊണ്ടല്ല,, പകരം എന്റെ കുഞ്ഞുമനസ്സിനെ വല്ലാതെ മുറിവേൽപ്പിച്ചതു കൊണ്ടാണ്. ഇങ്ങനെ മനസ്സിനെ മുറിവേൽപ്പിച്ച പല അനുഭവങ്ങൾ ഉള്ളതുകൊണ്ടാവാം വളർന്നപ്പോൾ ഞാനൊരു മൂരാച്ചിയായി മാറി. ആരോടും കൂടുതൽ അടുക്കില്ല.. ആരെയും കൂടുതൽ അടുപ്പിക്കില്ല.. അങ്ങനെ ഒരു സ്വഭാവം.