എഴുത്ത്:- വൈശാഖൻ
കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…
ഡീ ഒരു രണ്ടായിരം രൂപ കാണോ ഒന്ന് മറിക്കാൻ.നാലു ദിവസം കഴിഞ്ഞാൽ എനിക്ക് ഒരു പത്തു രൂപ കിട്ടാൻ ഉള്ളത് കിട്ടും അപ്പൊ തരാം.
അപ്പുറത്തിരുന്നു ആനി കണ്ണുരുട്ടുന്നു .കൊടുക്കരുത് എന്ന് ആംഗ്യം വേറെ .എനിക്ക് അവൻറെ ചോദ്യം കേട്ടപ്പോഴേ എനിക്ക് ചിരി വന്നു .അവളുടെ കണ്ണുരുട്ടൽ കൂടി ആയപ്പോ ചിരി അടക്കാൻ പറ്റിയില്ല .
ചിരി കേട്ടിട്ട് കളിയാക്കുന്നതാണോ എന്ന് അജയ്ക്ക് സംശയം.ഡീ നേരത്തെ പോലെ അല്ല, ശരിക്കും എനിക്ക് പൈസ കിട്ടാൻ ഉണ്ട്. അത് കിട്ടുന്ന ഉടനെ നിനക്ക് ഞാൻ തരും.വേണേൽ കുറച്ചു കൂടുതലും തരാം.നീ കയ്യിൽ വെച്ചോ.എന്റെ അടുത്ത് ഇരുന്നാൽ അത് ചിലവായി പോകും.
ചിരിച്ചത് അതുകൊണ്ടല്ല .ഞാൻ ഇവിടെ വേറെ ഒരു കാര്യം കണ്ടു ചിരിച്ചു പോയതാണ്.പൈസ ഞാൻ ഇട്ടേക്കാം നീ ഫോൺ വെച്ചോ .
എന്റെ നിത്യേ നിനക്ക് ശരിക്കും തലയ്ക്കു വട്ടുണ്ടോ ഇങ്ങനെ ചോദിക്കുമ്പോ ചോദിക്കുമ്പോ കാമുകന് എടുത്തു കൊടുക്കാൻ. ശരിക്കും നീ ഇപ്പൊ എത്ര രൂപ അവനു കൊടുത്തു എന്ന് വല്ല കയ്യും കണക്കും ഉണ്ടോ?
എന്നിട്ടു പിന്നേം പിന്നേം നാണം ഇല്ലാതെ നിന്റെ അടുത്ത് വന്നു ചോദിക്കാനും , അത് കേട്ട് ചോദിക്കുന്ന പൈസ എടുത്തു കൊടുക്കാൻ നീയും.നീ എന്നാ മോളെ ഒന്ന് നന്നാവുന്നെ ?
നിനക്ക് തോന്നുന്നുണ്ടോ ഈ പൈസ നിനക്ക് കിട്ടും എന്ന്.നിന്നെ അവൻ തേക്കും .എനിക്ക് ഉറപ്പാണ്.അപ്പൊ നിനക്ക് മനസ്സിലാവും .നിന്റെ കാശും പോകും , നിന്റെ മനസ്സ് വിഷമിക്കുന്നത് ഞാൻ കാണേണ്ടിയും വരും.നീ പണി എടുക്കുന്ന പൈസ മുഴുവൻ ഇങ്ങനെ ഓരോന്ന് പറഞ്ഞു വന്നു വാങ്ങി കൊണ്ട് പോയി അവൻ സുഖിച്ചു നടക്കും..
ആനിക്ക് വട്ടായോ എന്ന് എനിക്ക് സംശയം ആയി.അറുകല തുള്ളും പോലെ. സ്നേഹം കൊണ്ടാണെന്നു എനിക്ക് നന്നായി അറിയാം.പക്ഷെ അവൻ എന്നെ തേക്കും എന്ന് പറഞ്ഞപ്പോ എന്തോ പോലെ ..അങ്ങനെ ഒരു കാര്യം എന്റെ മനസ്സിന്റെ ഒരു കോണിൽ പോലും വന്നിട്ടില്ല.
എന്റെ മുഖം വാടിയത് അവൾക്കു മനസ്സിലായി.
ഡാ അതല്ല.നമ്മൾ എന്തൊക്കെ കേൾക്കുന്നതാ .അവൻ മോശമാണ് എന്നല്ല.നിങ്ങളുടെ ഇടയിൽ ഞാൻ അഭിപ്രായം പറയുന്നത് ശരിയല്ല എന്നും എനിക്ക് നന്നായി അറിയാം.പക്ഷെ നീ വിഷമിക്കുന്നത് എനിക്ക് കാണാൻ വയ്യ.അതാണ്.
ഹേയ് ..സാരമില്ലെടി ആനി മോളെ ..നിനക്ക് ഒരു കാര്യം അറിയാമോ ..ഈ ആണുങ്ങള് ശരിക്കും അത്രയ്ക്ക് ഗതികെട്ട് ഇരിക്കുന്ന അവസ്ഥയിൽ ആണ് താൻ സ്നേഹിക്കുന്ന പെണ്ണിനോട് പൈസ ചോദിക്കൂ. അവരുടെ അഭിമാനബോധം സത്യത്തിൽ അവരെ അതിൽ നിന്നും പലപ്പോഴും പിന്തിരിപ്പിക്കും .ഒരുമിച്ചു എവിടെ എങ്കിലും പോകുമ്പോൾ ഞാൻ പൈസ കൊടുക്കാം എന്ന് പറഞ്ഞാല് എന്തോ കുറച്ചില് പോലെ ആണ് അവർക്ക് .കാര്യം കയ്യില് കാശ് ഇല്ലെങ്കിലും സ്നേഹത്തിനു ഒരു കുറവും ഉണ്ടാവില്ല ..അല്ലെങ്കിലും കാശിൽ അല്ലല്ലോ കാര്യം ..
നീ വലിയ തത്വം ഒന്നും പറയണ്ട .കാശിന് അത് തന്നെ വേണം .കല്യാണം കഴിഞ്ഞു അവൻ ഇതുപോലെ തന്നെ ആയാല് നീ ഇത് തന്നെ പറയുമോ? നീ ജീവിതകാലം മുഴുവൻ അവനു ചിലവിന് കൊടുക്കേണ്ടി വരും നോക്കിക്കോ ..
ഇടയ്ക്കു അവള് പറയുന്നതിൽ കാര്യം ഉണ്ടെന്നു തോന്നും.തോന്നൽ അല്ല.കാര്യം ഉണ്ട്.അവനും വലിയ തെറ്റില്ലാത്ത ശമ്പളം ഉള്ള ജോലി ഉണ്ട്.പക്ഷെ എല്ലാ വരെയും കണ്ണുമടച്ചു വിശ്വസിക്കുന്ന സ്വഭാവം.എല്ലാ ആളുകളും നല്ലവർ ആണ്. സാഹചര്യം ആണ് അവരെ മോശം ആക്കുന്നത് എന്നൊക്കെ വലിയ ചിന്ത പറയുന്ന ആളാണ് .എന്നിട്ടോ ഓരോരുത്തരു പറയുന്ന കേട്ട് എവിടെയെങ്കിലും കൊണ്ട് പോയി പൈസ ഇടും .ഇപ്പൊ എത്ര രൂപ കടം ഉണ്ടെന്നു അവനു തന്നെ അറിയുമോ എന്ന് സംശയം ആണ്.
ഒരു അബദ്ധം ഏത് പോലീസുകാരനും പറ്റും .പക്ഷെ അബദ്ധങ്ങളുടെ ഘോഷയാത്രയാണ് കക്ഷി .ഇടക്ക് സഹി കെടുന്ന സമയത്തു ഞാനും പറയും കുറേ ചീത്ത.എല്ലാം മിണ്ടാതെ നിന്ന് കേട്ട് അവസാനം ഒരു ചിരി ചിരിക്കും .അത്ര നേരം ഞാൻ ഉണ്ടാക്കി വെച്ച കൃത്രിമ ദേഷ്യം എല്ലാം ആ ഒറ്റ ചിരിയിൽ തീരും. പോകാൻ നേരം അവസാനം ഞാൻ തന്നെ എന്തെങ്കിലും കൊടുത്തു വിടും .
ചിലപ്പോഴൊക്കെ ഞാൻ ഓർത്തിട്ടുണ്ട് ജീവിതം ഇങ്ങനെ പോയാൽ എന്താകും എന്ന് .പിന്നെ നല്ലത് ചെയ്യുന്ന ആളുകൾക്ക് ഒരിക്കലും മോശം ഉണ്ടാവില്ല എന്നുള്ള ഒറ്റ ഒരു വിശ്വാസത്തിന്റെ പുറത്താണ് ഈ യാത്ര .
എന്റെ സ്വാർത്ഥത ആയിരിക്കും .എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ള ഏറ്റവും നല്ല ആള് അവനാണ് .ഒരുപാടു നല്ല ഗുണങ്ങൾ ഉള്ള ,എന്നാല് ആ ഗുണങ്ങൾ കൊണ്ട് തന്നെ ജീവിതത്തില് ബുദ്ധിമുട്ടേണ്ടി വരുന്ന ഒരാള് .
ബുദ്ധിമുട്ടുള്ള കാലത്തു കൂടെ ഇല്ലെങ്കിൽ പിന്നെ എന്ത് സ്നേഹം അല്ലേ …
അച്ഛൻ എന്താ അമ്മേ വരാൻ വൈകുന്നേ ?
മോൾടെ ശബ്ദം എന്നെ പഴയ ഓർമ്മകളിൽ നിന്നും ഉണർത്തി .പത്തു വർഷങ്ങൾ കഴിഞ്ഞു പോയത് എത്ര വേഗമായിരുന്നു ….
അച്ഛൻ വരും മോളെ .അച്ഛന് ഒത്തിരി കാര്യങ്ങൾ നോക്കാൻ ഇല്ലേ ..വാ നമുക്ക് കിടക്കാം ..
അങ്ങനെ വൈകാറില്ല .അഥവാ ഉണ്ടെങ്കിലും വിളിച്ചു പറയും .ഇന്ന് അതും ഉണ്ടായില്ല .
മോൾ ഉറങ്ങിക്കഴിഞ്ഞു അൽപ്പം കഴിഞ്ഞപ്പോഴേക്കും അജയ് എത്തി .
അജയ് നമുക്ക് നാളെ ഒരിടം വരെ ഒന്ന് പോകണം .കാര്യം ഞാൻ അവിടെ എത്തിയിട്ട് പറയാം .എനിക്ക് ആനിയെ ഒന്ന് കാണണം .അവളുടെ വീട്ടിൽ അല്ല വേറെ ഒരിടത്താണ് .
ഒന്ന് ചിരിച്ചതല്ലാതെ പോകാം എന്നോ പോകില്ല എന്നോ പറഞ്ഞില്ല..
രാവിലെ ഏതായാലും ആള് പോകാൻ റെഡി ആയി വന്നു നിൽപ്പുണ്ട് .
നഗരത്തിലെ വലിയ ഹോസ്പിറ്റൽ ലക്ഷ്യമാക്കി വണ്ടി നീങ്ങി .
കുറേ വർഷങ്ങൾ ആയിട്ട് ഒരു വിവരവും ഇല്ലായിരുന്നു .ഭർത്താവ് ഒരു പ്രത്യേക സ്വഭാവക്കാരൻ ആയത് കൊണ്ട് ഒന്ന് കോൺടാക്ട് ചെയ്യാൻ പോലും പറ്റിയിട്ടില്ല . കഴിഞ്ഞ ദിവസം അച്ഛൻ വിളിച്ചപ്പോഴാണ് കഥകൾ അറിഞ്ഞത് .ആനിയുടെ കുട്ടിക്ക് വയ്യ .രോഗം ഭേദ മാക്കാൻ ഉള്ള പൈസക്ക് നെട്ടോട്ടം ഓടിക്കൊണ്ടിരിക്കുകയാണ് .പറ്റുമെങ്കിൽ നീ എന്തെങ്കിലും ഒന്ന് സഹായിക്ക് .നിനക്ക് അജയിയോട് പറയാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ഞാൻ പറയാം ..
ഹേയ് ..അതെന്തിനാ അച്ഛാ .ഞാൻ പറഞ്ഞോളാം ..അവനു അത് മനസ്സിലാവും ..
നീ അകത്തേക്ക് പൊയ്ക്കോ ..വണ്ടി പാർക്ക് ചെയ്തിട്ട് ഞാനും മോളും കൂടെ അങ്ങ് വന്നോളാം.ഒരുപാട് നാള് കഴിഞ്ഞു കാണു കയല്ലേ .അതും കുഞ്ഞിന് ഈ അവസ്ഥയും .നിങ്ങള് ഒറ്റക്ക് കുറച്ചു സംസാരിക്കൂ .ആനിക്കു അതൊരു ആശ്വാസം ആവും .
എന്നെ കണ്ട വഴി അവൾ ഓടി വന്നു കെട്ടിപിടിച്ചു കരച്ചില് .അറിയാതെ ഞാനും ..പിന്നെ സങ്കടങ്ങൾ ഇറക്കലുകൾ..അങ്ങനെ അങ്ങനെ എല്ലാം പറഞ്ഞ് കഴിഞ്ഞപ്പോൾ അവൾക്കൊരു ആശ്വാസം ആയ പോലെ ..
ആനിമോള് പൈസ ഇല്ല എന്നോർത്ത് വിഷമി ക്കണ്ട .ഞാൻ പറഞ്ഞാൽ അവൻ കേൾക്കും ..അല്ല പറയണ്ട അവനു മനസ്സിലാവും .കുഞ്ഞിന് ഒന്നും വരില്ല .ധൈര്യം ആയിരിക്ക് ..
ആനിയുടെ കണ്ണുകളിൽ അമ്പരപ്പ് .ചെറിയ ചിരി..
അപ്പൊ അജയ് നിന്നോട് ഒന്നും പറഞ്ഞില്ലേ ? കഴിഞ്ഞ ദിവസം ഇവിടെ വന്നിരുന്നു .അടക്കാൻ ഉള്ള മുഴുവൻ തുകയും അടച്ചു പിന്നെയും കുറച്ചു അധികം പൈസ കയ്യിൽ തന്നിട്ടാ നിന്റെ ആള് ഇവിടെ നിന്ന് പോയത് ..ഇവിടുത്തെ കാര്യങ്ങൾ ഒക്കെ കഴിഞ്ഞു വൈകി ധൃതി പിടിച്ചാ പോയത് …
ആളുകളെ മനസ്സിലാക്കാൻ ഞാൻ പഠിച്ചില്ല ..പഠിച്ചിരുന്നു എങ്കിൽ എനിക്ക് ഇത്ര സങ്കടപെടേണ്ടി വരില്ലായിരുന്നു..
മനസ്സ് നിറഞ്ഞു തുളുമ്പി നിൽക്കുന്നു ..
റൂമിനു പുറത്തേക്ക് ഇറങ്ങിയപ്പോൾ ആശുപത്രി വരാന്തയിൽ മോൾടെ കൂടെ ഓടി കളിച്ചു അജയ് ..ഒന്നും അറിയാത്ത പോലെ ..
ഓടി ചെന്ന് പരിസരം പോലും നോക്കാതെ കെട്ടിപിടിച്ചു ആ ദേഹത്തേക്ക് ചേരുമ്പോൾ ചെവിയിൽ അവൻ പറയുന്നുണ്ടായിരുന്നു നിന്റെ മനസ്സ് ഞാൻ അല്ലാതെ പിന്നെ ആരാ പെണ്ണേ അറിയുക എന്ന് ……