പ്രസവം
Story Written by Shabna Shamsu
എൻ്റെ മൂന്നാമത്തെ മോളെ പ്രസവിക്കുന്നതിന് ഡോക്ടർ പറഞ്ഞ ഡേറ്റിന് രണ്ട് ദിവസം മുന്നേ രാവിലെ ഒരു എട്ട് മണി ആയപ്പോ എനിക്ക് വേദന തുടങ്ങി… തലേ ദിവസം വരെ ഞാൻ ഡ്യൂട്ടിക്ക് പോയതാണ്.. ആദ്യം ഞാൻ ജോലി ചെയ്യുന്ന ഹോസ്പിറ്റലിലേക്ക് വിളിച്ച്ഇ ന്ന് തൊട്ട് ഞാൻ ലീവാണ് ട്ടോ ന്ന് വിളിച്ച് പറഞ്ഞു….
സർക്കാർ ഹോസ്പിറ്റലിൽ ആണ് കാണിക്കുന്നത്… വീട്ടീന്ന് ഹോസ്പിറ്റലിലേക്ക് 2Km ദൂരം ഉള്ളൂ…..
തോട്ടത്തിൽ നിറയെ പണിക്കാർ ഉള്ളോണ്ട് ഉമ്മാക്ക് എൻ്റെ കൂടെ വരാൻ പറ്റൂല…
എൻ്റെ ഉമ്മാനെ ഫോൺ ചെയ്ത് ഹോസ്പിറ്റലിലേക്ക് എത്താൻ പറഞ്ഞു…
ഇക്ക രാവിലെ നേരത്തെ ഷോപ്പിൽ പോയതാണ്… കൊല്ലത്തില് രണ്ട് ദിവസം മാത്രേ ഷോപ്പ് അടച്ചിടാറുള്ളൂ… ചെറിയ പെരുന്നാളിനും ബലി പെരുന്നാളിനും…
ബാക്കി 363 ദിവസവും അതിരാവിലെ മൂപ്പര് ഷോപ്പ് തുറക്കും…
പണികളൊക്കെ അത്യാവശ്യം തീർത്ത് ഹോസ്പിറ്റലിൽ കൊണ്ടോവാനുള്ള ബാഗും പുതപ്പും എടുത്ത് വെച്ച് ഞാൻ ഇക്കാനെ വിളിച്ചു….
” അതേയ്… വേദന തൊടങ്ങീക്ക്ണ്… ഹോസ്പിറ്റലിൽ പോണായ്നു… “
“ആ… ഞാനൊരു ഓട്ടോർഷ പറഞ്ഞയക്കാ…”
ഇത്രേം പറഞ്ഞ് ഫോൺ വെച്ചു…
ഇതൊരു മാതിരി ആധാർ കാർഡില് ഫോട്ടോ എടുക്കാൻ പോവാൻ വണ്ടി പറഞ്ഞയക്കോന്ന് ചോയ്ച്ച അതേ ഫീൽ…
എന്തായാലും പത്ത് മിനിറ്റോണ്ട് ഓട്ടോ വന്നു…
ഉമ്മ എനിക്കൊരു ഗ്ലാസ് പാല് കൊണ്ട് തന്നു… കുറേ ചൊല്ലി മന്ത്രിച്ച് തല വഴി ഊതി… ഒന്നും ണ്ടാവൂല… ബേജാറാവാണ്ട് പോയിറ്റ് വാ ട്ടോ ന്ന് പറഞ്ഞ് എന്നെ കൈ പിടിച്ച് ഓട്ടോയിലേക്കാക്കി തന്നു…. ഓട്ടോ സ്റ്റാൻഡിലെ ഏറ്റവും വല്യ ഓട്ടർഷയാണ് മൂപ്പര് പറഞ്ഞയച്ചത്…
കയറി ഇരുന്നതും എനിക്കെൻ്റെ ആദ്യ രാത്രി ഓർമ വന്നു… നിറയെ അലങ്കരിച്ച തോരണങ്ങളും മുല്ലപ്പൂവും നിറഞ്ഞ ഒരു വണ്ടി… കൂടെ ഉച്ചത്തില് പാട്ടും…
മുത്തേ… സത്തേ.. എന്ന് വിളിക്കും കാനോത്ത് രാവ് ഇന്നാണ്…. ഇതാണ് പാട്ട്…. കാനോത്തൊക്കെ കയിഞ്ഞ് മൂന്നാം വട്ടം പെറാൻ പോവാണ് വെനേ… ഇയ്യാ പാട്ടോഫാക്ക്.. എന്ന് പറയാതെ പറഞ്ഞു… പോക്കറ്റ് റോഡാണ്… നിറയെ കുണ്ടും കുഴിയും…
ആ വലിയ വണ്ടീല് തേങ്ങ മടിയില് വെച്ച പോലത്തെ എൻ്റെ പള്ളയും പൊത്തി പിടിച്ച് വേദനേം സഹിച്ച് കുതിര പുറത്ത് കയറിയ പോലെ മുക്കി മൂളി ഞാൻ ഹോസ്പിറ്റലിലെത്തി….
ഉമ്മയും എൻ്റെ താത്തയും അവിടെ എത്തിയിട്ടുണ്ട്…
ഒറ്റക്ക് ഓട്ടോറിക്ഷേല് പ്രസവിക്കാൻ വന്ന മോളെ കണ്ട് എൻ്റെ ഉമ്മ വല്ലാണ്ടങ്ങ് രോമാഞ്ച കഞ്ചിതയായി…
ഹോസ്പിറ്റലിൻ്റെ നേരെ താഴെ ആണ് ഇക്കാൻ്റെ ഷോപ്പ്… കടേല് തിരക്കായിരിക്കും…മൂപ്പര് എത്തീറ്റില്ല…
ഡോക്ടറെ കണ്ടു… പ്രസവത്തിന് സമയം ആയിട്ടുണ്ട്…
കുറച്ച് നേരം ലേബർ റൂമിന് പുറത്തുള്ള വരാന്തയിലൂടെ നടന്നോളാൻ പറഞ്ഞു….
ഒരു സിസ്റ്ററ് വന്ന് പർദ്ദ മാറ്റണം… ലേബർ റൂമില് ലുങ്കിയും ഷർട്ടും ആണ് ഇടാന്ന് പറഞ്ഞു…
അതൊക്കെ ഇനിക്കറിയ ബ്ലേ… ഞാൻ മൂന്നാമത്തെ പ്രാശ്യാ ലുങ്കി ഇട്ണത്….
അങ്ങനെ വാർഡിൻ്റെ ഒരു മൂലക്കല് പോയി വാപ്പാൻ്റെ നീലേം വെള്ളേം കള്ളി കള്ളി ലുങ്കിയും ഇക്കാൻ്റെ പഴേ ഒരു ഷർട്ടും ഇട്ടു…
അയ്ശ്…..
പൂളക്കണ്ടി കാസിംകാൻ്റെ അതേ ചേലും കോലോം…. കുംഭ വരെ കറക്റ്റാണ്… ഒരു തലേക്കെട്ടും കൂടെ ണ്ടേൽ പൊളിച്ചേനെ… ലേ മ്മാ…
ഉമ്മ രൂക്ഷമായി എന്നെ ഒന്ന് നോക്കി….
കേട് പാടില്ലാണ്ട് കയച്ചിലാവാൻ എന്തേലും ദിക്റ് ചൊല്ലാൻ നോക്ക്… ഓളൊരു കാസിംക്ക… മനുഷ്യൻ ഇവടെ തീ തിന്നാ….
ഒന്നും മിണ്ടാണ്ട് ഞാൻ പിന്നേം നടക്കാൻ തുടങ്ങി..
ചോറ് വെയ്ച്ച കയ്യോണ്ട് കോയിനെ ആട്ടിയ മാതിരി വേദന പിന്നേം പിന്നേം വന്നോണ്ടിരുന്നു…
അപ്പളാണ് സുന്ദരനായ ഒരു യുവാവ് അത്യധികം ബേജാറില് പാഞ്ഞ് വരുന്നത്… എൻ്റെ സ്വന്തം കെട്ടിയോൻ…
“എന്തായി”
“ഒന്നും ആയില്ല… ആവാനായി….”
“ഉം…. “
അവിടെയുള്ള മരത്തിൻ്റെ ബെഞ്ചില് മൂപ്പര് അമർന്നിരുന്നു…. കൈ കെട്ടി വെച്ചിട്ടുണ്ട്…ഇടക്കിടെ വാച്ചിൽ സമയം നോക്കുന്നു… ദുഃഖം ഘനീഭവിച്ച് ഇരുണ്ട് മൂടിയ മുഖം… ഒന്നും മിണ്ടാതെ ഒരു കേന്ദ്ര ബിന്ദുവിലേക്ക് നോക്കി നിക്കുന്നു…
“ബേജാറാവണ്ട മോനേ… ഓൾക്ക് കൊയപ്പൊന്നും ണ്ടാവൂല….”
അമ്മായ്മാൻ്റെ ഉപദേശം കേട്ടിട്ടും മൂപ്പർക്കൊരു കുലുക്കോം ഇല്ല…
കേന്ദ്ര ബിന്ദു വാച്ചിലെ സമയം ഘനം പിടിച്ച മുഖം
ഇതൊക്കെ തന്നെ…
ഞാൻ ഉലാത്തല് നിർത്തി മെല്ലെ മൂപ്പരെ അടുത്ത് ചെന്നിരുന്നു..
ആ ചെവിയൊന്ന് ഇങ്ങട്ട് കാണിക്ക്..
“നല്ല വേജാറിലാണല്ലോ… പീടിയൻ്റെ ഷട്ടറ് പകുതി താഴ്ത്തിയിട്ടിട്ടാണോ വന്നത്….”
“ഉം… “
എൻ്റെ ചുണ്ടിലന്നേരം പല്ലി ചിലച്ചത് പോലൊരു സബ്ദം വന്നു… ചുംജും ചും ജും….
“ഇത്പ്പോ കയ്യും… ന്നിട്ട് ങ്ങളെ വിളിക്കാ… ഇപ്പോ പോയി പീടിയ തൊറന്നാളി… “
തെളിഞ്ഞ മുഖത്തോടെ എണീക്കാനോങ്ങിയതും മുമ്പില് 79 കിലോയുള്ള എൻ്റെ ഉമ്മയെന്ന മഹതിയെ കണ്ട് വീണ്ടും കേന്ദ്ര ബിന്ദുവായി കൈ കെട്ടി ഇരുന്നു.
ഞാൻ പിന്നേം വലിയ വയറും താങ്ങി പിടിച്ച് ഉലാത്താൻ തുടങ്ങി..
രണ്ട് ദിവസം മുന്നേ അഡ്മിറ്റായ വേറൊരു പെണ്ണും എൻ്റെ കൂടെ നടക്കുന്നുണ്ട്..
പച്ചയിൽ നിറയെ വെള്ളയും കറുപ്പും വാരിക്കുടഞ്ഞ വരകളുള്ള ഒരു ലുങ്കിയാണ് ഓള് ഇട്ടത്…
അത് കണ്ടപ്പോ എനിക്ക് തേങ്ങയും ചോന്നുള്ളിയും കാന്താരിയും അരച്ച ചീരപ്പേരി ഓർമ വന്നു..
ചൂടുള്ള ചോറിനൊപ്പം ചീരപ്പേരീം പപ്പടോം കൂട്ടി കൊയച്ച് തിന്നാൻ തോന്നി..
മുമ്പിലെ കറുത്ത ചില്ലിൻ്റെ വാതിലിൽ ലേബർ റൂം എന്നെഴുതിയത് കണ്ട് മനസ്സില്ലാ മനസോടെ ഞാൻ സംയമനം പാലിച്ച്… ഇടക്കിടക്ക് ഉമ്മാൻ്റെ തോളില് പിടിച്ച് അമർത്തി കരയുന്ന ആ പെണ്ണിൻ്റെട്ത്ത് പോയി ൻ്റെ മാപ്പളക്ക് പീടിയ തൊറക്കണം… ഞാൻ ആദ്യം പോയി പെറട്ടെന്ന് ചോയ്ച്ചാലോന്ന് വിചാരിച്ച്…
പക്ഷേ വേണ്ടി വന്നില്ല.. ഓളേക്കാളും മുന്നേ ഞാൻ കേറി… 12 മണി ആയപ്പളേക്കും പ്രസവവും ലേബർ റൂമിലെ കലാപരിപാടികളും കയിഞ്ഞ് എന്നെ വാർഡിലേക്ക് മാറ്റി…
അങ്ങനെ ഞാൻ മൂന്ന് പെൺകുട്ടികളുടെ ഉമ്മച്ചിയായി.. മക്കളെ ആരോ സ്ക്കൂളീന്ന് കൂട്ടി വന്നിട്ടുണ്ട്… പെട്ടെന്ന് ഇത്താത്തമാരായ അവർടെ സന്തോഷം കണ്ടപ്പോ എൻ്റെ കണ്ണില് വെള്ളം വന്ന്..
ആരൊക്കെയോ കാണാൻ വന്നിട്ടുണ്ട്… എൻ് ഉമ്മയടക്കം കണ്ടവര് കണ്ടവര് വെളുത്ത് തുടുത്ത മോളെ നോക്കി ഷംസൂനെ മുറിച്ച് വെച്ച്ക്ക്ണ് ലേ ന്ന് അഭിപ്രായങ്ങള് പറയാൻ തുടങ്ങി…
കുട്ടിക്ക് ലേശം വോൾട്ടേജ് കുറവായിരുന്നേൽ കാണായ്നും… എല്ലാം കൂടി പ്ലേറ്റ് തിരിച്ചിട്ട് ഷബ്നാൻ്റെ അതേ നെറോം കോലോംന്ന് പറയും..
കഷ്ടപ്പെട്ട് ഒറ്റക്ക് ഓട്ടോർഷേല് വന്ന് ആരേം ബുദ്ധിമുട്ടാക്കാണ്ട് പ്രസവിച്ച എന്നെ ഒരാളും മൈൻഡാക്കുന്നില്ല…
79 കിലോയുള്ള ആ മഹതിയെ ഞാൻ ആംഗ്യം കാണിച്ച് ഇബടെ വരീന്ന് പറഞ്ഞു…
”പൊന്നാരമ്മാ…. എനിക്ക് പള്ളേൽ പയ്ച്ചിട്ട് നിന്നൂട….ന്തേലും തിന്നാൻ തരി….”
സ്റ്റീലിൻ്റെ തൂക്ക് പാത്രത്തിന്ന് ഹോസ്പിറ്റൽന്ന് കിട്ടിയ ചോറും ചെറുപയറും ഒരു പാത്രത്തിലാക്കി കൈയിൽ തന്ന്…
അപ്പോ എനിക്ക് വീണ്ടും ഓളെ ലുങ്കി ഓർമ വന്ന്…
“ചീരപ്പേരി ല്ലേ മ്മാ.. “
അതൊക്കെ ഇനി പൊരേൽ പോയിറ്റ് തിന്നാ… ഞ്ഞി ഇപ്പോ ഇതും കൂട്ടി തിന്നൂട്….
അങ്ങനെ രണ്ട് ദിവസം കഴിഞ്ഞ് ഹോസ്പിറ്റൽന്ന് ഡിസ്ചാർജായി എൻ്റെ വീട്ടിലെത്തി…
ഇനി മൂന്ന് മാസം എൻ്റെ റൂമില് അട്ടം കണ്ട് തിന്ന് കുടിച്ച് മതി മറന്ന് കിടക്കാ….
ഹോർലിക്സും ,പഴോം കോയിമുട്ടേം പുഴുങ്ങിയതും, തേങ്ങാപ്പാലും നെയ്യും ഒഴിച്ച കഞ്ഞിയും, പോത്തിൻ്റെ ലിവറ് വരട്ടിയതും, ചോറും, ചീരപ്പേരീം , ഉണക്കമീൻ സ്രാവ് പൊരിച്ചതും, ഇടവേള കളിൽ ഈത്തപ്പഴം ഇട്ട് വെരകിയ ഉള്ളി ലേഹ്യം ,ചായേൻ്റെ കൂടെ എള്ളും കടലേം അരിയും വറുത്ത് പൊടിച്ചത്, വീണ്ടും ചോറും ജീരക കോഴീം, ആട്ടിൽ തല സൂപ്പ്.
ഈ കണ്ടതെല്ലാം ഒരു കഷണം പോലും വേസ്റ്റാക്കാതെ തിന്നും കുടിച്ചും 90 ദിവസം പൂർത്തിയാക്കിയിട്ട് നാടൻ കോയിക്ക് തീറ്റ കൊടുത്ത പോലെ ഒരു മാറ്റോം ഇല്ലാത്ത എന്നെ നോക്കി ഉമ്മാൻ്റെ ഒരു ഡയലോഗ്ണ്ട്….
” ആധാരം ഓടക്കുഴലില് ഇട്ട മാതിരിയാ… ഈ കണ്ട സാനം മുയുവനും തിന്നിട്ട് എങ്ങട്ടാ ഇതൊക്കെ പോണേന്ന് ആർക്കറിയാ…”
അങ്ങനെ സുഖവാസൊക്കെ കഴിഞ്ഞ് വീണ്ടും പഴേ അങ്കത്തട്ടിലെത്തി പൂർവാധികം ശക്തിയോടെ അടുക്കളയിലെ രാജാവായി….
കഴിഞ്ഞ ആഴ്ചയാണ് മൂന്നാം കിളിക്ക് നാലാം പിറന്നാൾ ആയത്…..
ഇപ്പളും ഒരേ പോലത്തെ ചെരിപ്പും ഡ്രസും ഹെയർ ബാൻ്റും ഇട്ട് കൊടുത്ത് മൂന്നാളേയും അണിയിച്ചൊരുക്കി വല്ല കല്യാണത്തിനോ പരിപാടിക്കോ പോവുമ്പോ ചിലോര് വന്ന് ദയനീയമായിട്ട് ചോയ്ക്കും….
“അല്ല മോളെ…. അനക്ക് മൂന്നും പെണ്ണാ ലേ….. ആൺ മക്കള് ല്ല ലേ…. വല്ലാത്തൊരു കോള്..”
ഇത് കേൾക്കുമ്പോ ഞാൻ ഇട്ടത് ഒരു വെള്ളയിൽ ഓറഞ്ച് കരയുള്ള കോട്ടൺ സാരിയാണെന്നും, ഞാൻ നിക്കുന്നത് നിയമ സഭയിൽ ആണെന്നും, എൻ്റെ പേര് ടീച്ചറമ്മയാണെന്നും മനസില് സങ്കൽപ്പിക്കും…. എന്നിട്ടവരോട് ചോദിക്കും…..
പെണ്ണിനെന്താ കൊഴപ്പം പെണ്ണായാലെന്താ കൊഴപ്പം…