എഴുത്ത്: അപ്പു
” മോൾക്ക് ഈ വിവാഹത്തിന് എതിർപ്പു ഒന്നും ഇല്ലല്ലോ..? “
ആ വാക്കുകൾ കേട്ട് അവൾക്ക് സ്വയം പുച്ഛം തോന്നി. എന്ത് മറുപടി കൊടുക്കാനാണ്..? അല്ലെങ്കിൽ തന്നെ അവർ തന്നിൽ നിന്ന് മറുപടി പ്രതീക്ഷിക്കുന്നുണ്ടോ..? താൻ കാരണം അവർക്കുണ്ടായ അപമാനത്തിൽ നിന്ന് രക്ഷപ്പെടാൻ മാത്രമാണ് അവർ ശ്രമിക്കുന്നത്. അതിന്റെ പേരിൽ ഉള്ള പ്രഹസനങ്ങൾ മാത്രമാണ് ഇതൊക്കെ.
ഒന്നും മിണ്ടാതെ തിരിഞ്ഞു നടക്കുമ്പോൾ പുറകിൽ നിന്നും അച്ഛന്റെ ശബ്ദം കേൾക്കാമായിരുന്നു.
” അവൾക്ക് സമ്മത കുറവ് ഒന്നും തന്നെ ഉണ്ടാകില്ല. അല്ലെങ്കിൽ തന്നെ ഇനി സമ്മതം പറയാതെ ഇരുന്നിട്ട് എന്താ കാര്യം..? നാട്ടുകാരുടെ മുന്നിൽ ചീത്തപ്പേര് ആയില്ലേ.. അത് മാറ്റിയെടുക്കാൻ ആണല്ലോ നമ്മൾ ശ്രമിക്കേണ്ടത്.. “
അച്ഛൻ പറഞ്ഞത് കേട്ട് അവൾക്ക് വല്ലാതെ വേദന തോന്നി. ആരെയും തലയുയർത്തി നോക്കുക പോലും ചെയ്യാതെ അവൾ തന്റെ മുറിയിലേക്ക് കടന്നു വാതിൽ വലിച്ചടച്ചു.
തന്റെ ജീവിതം എത്ര പെട്ടെന്നാണ് മാറി മറിഞ്ഞത് എന്നോർത്ത് അവൾക്ക് ആശ്ചര്യം തോന്നി.
എല്ലാവർക്കും പൊന്നോമന ആയിരുന്നു അവൾ. അവളുടെ ആഗ്രഹങ്ങൾക്ക് ഒപ്പം നിൽക്കുന്ന ഒരു കുടുംബം തന്നെയായിരുന്നു അവളുടെ ഏറ്റവും വലിയ ഭാഗ്യം. കോളേജിലെ വിദ്യാഭ്യാസം കഴിഞ്ഞ് അവൾ പ്രൈവറ്റായി ഒരു സ്ഥാപനത്തിൽ ജോലിക്ക് പോയി തുടങ്ങി.
അതോടെയാണ് അവളുടെ ജീവിതം തന്നെ മാറി മറിഞ്ഞത്. ഒരു ദിവസം ജോലി കഴിഞ്ഞു വരുമ്പോൾ പതിവിലും വൈകിയിരുന്നു. ഗ്രാമത്തിലേക്കുള്ള അവസാന ബസിൽ ആണ് അവൾ വന്നത്. അത് ബസ്റ്റോപ്പിൽ എത്തിയപ്പോഴേക്കും സമയം 7 മണിയോട് അടുത്തിരുന്നു. അച്ഛനോട് ബസ്റ്റോപ്പിൽ വന്നു നിൽക്കാൻ അവൾ വിളിച്ചു പറഞ്ഞതും ആണ്.
പക്ഷേ അച്ഛൻ വരുന്ന വഴിക്ക് മഴപെയ്തു അതുകൊണ്ടുതന്നെ ഒരു കടയ്ക്ക് മുന്നിൽ കയറി നിൽക്കുകയാണെന്നും അവളോട് ബസ്റ്റോപ്പിൽ നിൽക്കാനും പറഞ്ഞു ഏൽപ്പിച്ചു. അവൾ അത് അനുസരിക്കുകയും ചെയ്തു.
പക്ഷേ സമയം കടന്നു പോകുമ്പോഴും അവൾക്ക് വല്ലാത്ത പേടി തോന്നി. ചുറ്റും നിൽക്കുന്ന ആരൊക്കെയോ അവളെ തുറിച്ചു നോക്കുന്നതു പോലെ അവൾക്ക് അനുഭവപ്പെട്ടു. ഇരുട്ടിൽ നിന്ന് ആരോ അവളെ കടന്നു പിടിക്കാൻ ശ്രമിക്കുന്നത് പോലെ അവൾക്ക് തോന്നി.
അവൾക്ക് അവിടെ നിന്ന് വല്ലാതെ ശ്വാസം മുട്ടിയപ്പോൾ അവിടെ നിന്നിറങ്ങി വീട്ടിലേക്കുള്ള വഴിയെ നടന്നു. പക്ഷേ അപ്പോഴേക്കും അവളെ പിന്തുടർന്ന് ആരൊക്കെയോ വരുന്നുണ്ട് എന്ന് അവൾക്ക് തോന്നി. അവൾ തിരിഞ്ഞു നോക്കിയപ്പോഴേക്കും അവളുടെ പിന്നാലെ നടന്നു വരുന്ന രണ്ടു മൂന്നു ചെറുപ്പക്കാരെ കണ്ടു. അവളുടെ പെരുമാറ്റത്തിൽ എന്തൊക്കെയോ ദുരൂഹത തോന്നിയത് കൊണ്ട് തന്നെ അവൾ വേഗത്തിൽ മുന്നോട്ടു നടന്നു.
അവളുടെ വേഗത കൂടുന്നതിന് അനുസരിച്ച് അവരും അവരുടെ വേഗത കൂട്ടി. ഭയം ഏറിയ അവൾ അവിടെ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പക്ഷേ അവർ പിന്നാലെ ഓടി അവളെ പിടിച്ചു. അവിടെ നിന്ന് രക്ഷപ്പെടാൻ അവൾ അലറി കരഞ്ഞു.പക്ഷേ ഇടിയും മഴയും ഉള്ള ആ രാത്രിയിൽ അവളുടെ കരച്ചിൽ ആരും കേട്ടില്ല.
അടുത്തുള്ള ഒഴിഞ്ഞ പറമ്പിലേക്ക് അവളെയും വലിച്ചു കൊണ്ട് അവർ പോകുമ്പോൾ ജീവനുവേണ്ടി കേഴുകയായിരുന്നു അവൾ. അവസാന നിമിഷം വരെയും തന്നെ രക്ഷിക്കാൻ ആരെങ്കിലും ഓടിയെത്തും എന്ന് അവൾ പ്രതീക്ഷിച്ചു.
പക്ഷേ അവൾക്ക് ദൈവദൂതനായി ആരും തന്നെ വന്നില്ല. അവർ മൂവരും ചേർന്ന് അവളെ നശിപ്പിച്ചു. അവളെ അവിടെ ഉപേക്ഷിച്ച് അവർ കടന്നു കളയുകയും ചെയ്തു.
മഴ മാറിയപ്പോൾ അവളെ അന്വേഷിച്ച് അവളുടെ അച്ഛൻ ബസ്സ്റ്റോപ്പിലേക്ക് എത്തി. അവിടെ ഒന്നും അവളെ കാണാതെ അയാൾ പരിഭ്രാന്തിയിലായി. അവളെ ഫോൺ ചെയ്തു നോക്കിയപ്പോൾ ബെല്ലടിക്കുന്നു എന്ന് അല്ലാതെ ഫോൺ അറ്റൻഡ് ചെയ്യാൻ ഉണ്ടായിരുന്നില്ല. അയാൾ അവിടെയൊക്കെ പരിഭ്രാന്തിയോടെ അന്വേഷിക്കുന്നത് കണ്ടു നാട്ടുകാർ ആരൊക്കെയോ അയാളുടെ അടുത്തേക്ക് എത്തി.
എല്ലാവരുടെയും തിരക്കുള്ള ഫലമായി ആ ഒഴിഞ്ഞ പറമ്പിൽ നിന്ന് നഗ്നയായ അവളുടെ ശരീരം കിട്ടി. ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോൾ അവളുടെ ജീവനെങ്കിലും ബാക്കി കിട്ടണം എന്നൊരു പ്രാർത്ഥന മാത്രമായിരുന്നു അച്ഛന് ഉണ്ടായിരുന്നത്.
അദ്ദേഹത്തെയും കുടുംബത്തെയും പ്രാർത്ഥനയുടെ ഫലമായി അവൾ ജീവിതത്തിലേക്ക് മടങ്ങി വന്നു. പക്ഷേ അതിനു ശേഷം ആയിരുന്നു അവൾക്ക് ജീവൻ ബാക്കി കിട്ടേണ്ടിയിരുന്നില്ല എന്ന് അവൾക്ക് തോന്നിയത്. കാണുന്നവരൊക്കെയും അവളെ മറ്റൊരു കണ്ണിൽ നോക്കാൻ തുടങ്ങിയത് അവളെ സങ്കടപ്പെടുത്തി.
റേപ്പ് ചെയ്യപ്പെട്ട പെൺകുട്ടി എന്നായി അവളുടെ പേര്. അപമാനം കാരണം വീടിനു പുറത്തേക്ക് പോലും ഇറങ്ങാൻ അവൾക്ക് കഴിഞ്ഞില്ല. ജോലിക്ക് പോകാനോ ആരെയും കാണാനോ അവൾ സമ്മതിച്ചില്ല അവളുടെ മനസ്സ് അത്രത്തോളം മടുത്തു പോയിരുന്നു.
അല്ലെങ്കിൽ നാട്ടുകാരും ബന്ധുക്കളും ചേർന്ന് അവളുടെ മനസ്സിനെ അങ്ങനെ മാറ്റി എടുത്തിരുന്നു.
അവളുടെ വാശി പുറത്താണ് അന്നത്തെ സംഭവത്തിന് കുറിച്ച് അവൾ പരാതിപ്പെട്ടത്.പക്ഷെ അതിന്റെ പേരിലും അവൾക്ക് ഒരുപാട് അപമാനം സഹിക്കേണ്ടി വന്നു.
കോടതി മുറിക്കുള്ളിൽ വക്കീലന്മാർ അവളുടെ സ്വഭാവ ശുദ്ധിയെ ചോദ്യം ചെയ്യുമ്പോൾ, തല കുനിച്ചു നില്ക്കാൻ അല്ലാതെ മറ്റൊന്നും അവൾക്ക് സാധിക്കില്ലായിരുന്നു. അപ്പോഴും ഇരുട്ടിന്റെ മറവിൽ അവളെ ഉപദ്രവിച്ച അവർ പുഞ്ചിരിയോടെ തലയുയർത്തി നിൽക്കുന്നുണ്ടായിരുന്നു.
എന്തൊരു വിരോധാഭാസമാണ് അല്ലേ..?
ദിവസങ്ങൾ കടന്നു പോകവേ മദ്യത്തിന്റെ ലഹരി നിമിത്തം സംഭവിച്ചുപോയ ഒരു അബദ്ധം മാത്രമായി അവർ അതിനെ വിധിയെഴുതി. പക്ഷേ അവരുടെ ആ ലഹരി നിമിത്തം ജീവിതം നഷ്ടപ്പെട്ടുപോയ ആ പെൺകുട്ടിയെ അവർ ആരും ശ്രദ്ധിച്ചില്ല.
കുറച്ചു ദിവസങ്ങൾ കൂടി കടന്നു പോയപ്പോൾ വിവാഹാലോചന എന്നൊരു പ്രഹസനമായി കൂട്ടത്തിൽ ഒരുവൻ വന്നിരുന്നു. അവന് വല്ലാത്ത കുറ്റബോധം തോന്നുന്നുണ്ട് അത്രേ.. അതിനു കുട പിടിക്കാൻ തന്റെ കുടുംബവും..
അവൾ പുച്ഛത്തോടെ ഓർത്തു. നിമിഷങ്ങൾക്ക് അപ്പുറം അവളുടെ വാതിലിൽ മുട്ടു കേട്ടു. അതാരാണെന്ന് അറിയാവുന്നതുകൊണ്ട് തന്നെ ഒരു പുച്ഛത്തോടെയാണ് അവൾ പോയി വാതിൽ തുറന്നത്. അവിടെ ഒരു പുഞ്ചിരിയുമായി അവൻ നിൽപ്പുണ്ടായിരുന്നു.
അവളുടെ ചോദ്യവും മറുപടിയും പ്രതീക്ഷിക്കാതെ അവൻ ആ വാതിൽ കടന്ന് അകത്തെ മുറിയിലേക്ക് കയറി.
” തന്നോട് ആത്മാർത്ഥമായി ഞാൻ മാപ്പ് ചോദിക്കുന്നു. അന്ന് സംഭവിച്ചു പോയതാണ്. ഉള്ളിൽ കിടന്ന മദ്യത്തിന്റെ ലഹരി ഒന്നു കൊണ്ട് മാത്രമാണ് ഞാൻ അങ്ങനെ ഒരു തെറ്റ് ചെയ്തത്. അന്നുമുതൽ ഇന്നുവരെ ഞാൻ ഉറങ്ങിയിട്ടില്ല. കണ്ണടയ്ക്കുമ്പോൾ മുഴുവൻ മാനത്തിനായി കേഴുന്ന തന്റെ മുഖമാണ് എന്റെ മുന്നിൽ. “
അവൾ കുറ്റബോധത്തോടെ പറഞ്ഞത് കേട്ട് അവൾ പുച്ഛത്തോടെ ചിരിച്ചു.
” അന്ന് ഞാൻ കരയുമ്പോഴും എന്റെ മാനത്തിന് ആയി അപേക്ഷിക്കുമ്പോഴും എന്നെ കേൾക്കാൻ നിങ്ങൾ തയ്യാറായിരുന്നെങ്കിൽ, ഇന്ന് ഈ കുറ്റബോധത്തിന്റെ ആവശ്യം ഉണ്ടാകുമായിരുന്നില്ലല്ലോ..”
അവൾ പരിഹാസത്തോടെ ചോദിച്ചത് കേട്ട് അവന്റെ തല കുനിഞ്ഞു.
” തനിക്ക് എന്നെ എത്ര വേണമെങ്കിലും പരിഹസിക്കാം..അത് കേൾക്കാൻ ഞാൻ ബാധ്യസ്ഥനാണ്.”
അവൻ തല കുനിച്ചു കൊണ്ട് പറഞ്ഞു.
“നിങ്ങൾ മൂന്ന് പേരുടെ കൂട്ടത്തിൽ നിങ്ങൾ മാത്രമാണ് വിവാഹം കഴിക്കാത്ത ആള്. അതുകൊണ്ട് ആയിരിക്കുമല്ലേ നിങ്ങൾക്ക് മാത്രം കുറ്റബോധം തോന്നിയത്..? അല്ല, ഇനി കൂട്ടത്തിൽ മറ്റു രണ്ട് പേർക്ക് കൂടി കുറ്റബോധം തോന്നിയാൽ അവരുടെ താലിക്കും ഞാൻ തല കുനിച്ചു കൊടുക്കേണ്ടി വരുമോ..?”
അവളുടെ ചോദ്യം കേട്ട് അവന്റെ തൊലി ഉരിഞ്ഞു പോകുന്നത് പോലെ തോന്നി.
“തനിക്ക് ഒക്കെ ഒരു വിചാരം ഉണ്ട്. എന്ത് തോന്നിവാസവും കാണിച്ചിട്ട് താലി എന്ന പേരുള്ള ഒരു കൊലക്കയറും കൊണ്ട് വന്നാൽ പെൺപിള്ളേർ കൂടെ പോരും എന്ന്..പക്ഷെ ആ കൂട്ടത്തിൽ എന്നെ പെടുത്തണ്ട.. ജീവിതകാലം മുഴുവൻ ഞാൻ കെട്ടാതെ നിന്ന് പോയാലും നിന്നെ പോലെ ഒരുത്തൻ എനിക്ക് വേണ്ട. ഇരുട്ടിന്റെ മറവിൽ മദ്യത്തിന്റെ കൂട്ട് പിടിച്ചു നീ എന്നോട് കാണിച്ചത് നാളെ മറ്റൊരു പെൺകുട്ടിയോട് ആവർത്തിക്കില്ല എന്ന് ആര് കണ്ടു..? അത് ആവർത്തിച്ചാൽ, നാളെ അവളെയും നിങ്ങൾ കെട്ടിക്കൊണ്ട് വരുമോ..? “
അവളുടെ ചോദ്യങ്ങൾക്ക് ഒന്നും ഉത്തരം ഇല്ലാതെ അവൻ തല കുനിച്ചു നിന്നു.
“ഇത്തരം പ്രഹസനങ്ങളുമായി ഇനി മേലിൽ എന്റെ കണ്മുന്നിൽ കാണരുത്.”
അവനു നേരെ കൈ ചൂണ്ടി അത്രയും പറയുമ്പോൾ അവളുടെ കണ്ണിൽ അഗ്നി ജ്വലിക്കുന്നുണ്ടായിരുന്നു. തല കുനിച്ചു അവൻ ആ മുറി വിട്ട് പോകുമ്പോൾ, പെണ്ണിന് മുന്നിൽ ആണിന്റെ തല കുനിപ്പിക്കാനും കഴിയും എന്ന് അവൾ തെളിയിക്കുകയായിരുന്നു. നീതിക്ക് വേണ്ടി ഏത് അറ്റം വരെ പോകാനും അവൾക്ക് കഴിയും..ആൺ തുണ ഇല്ലാതെ ജീവിക്കാനും ഒരു പെണ്ണിന് സാധിക്കും..