അവസാനം അച്ഛൻ ഒരു വഴി പറഞ്ഞു. അച്ഛൻ കസേരയിൽ നിന്നും എണീറ്റു തറയിൽ ഇരുന്നു എന്നിട്ട് എന്നോട്…….

എഴുത്ത്:-സൽമാൻ സാലി

ലോക്ഡൌൺ സമയം ആയത്കൊണ്ട് തന്നെ എന്നും വൈകിട്ട് വീട്ടിലുള്ളവരൊക്കെ ഉമ്മറത്തിരുന്നു സംസാരിക്കുന്നത് പതിവാണ്.. വീട്ടിൽ ഉള്ളവർ എന്ന് പറഞ്ഞാൽ അച്ഛനും അമ്മയും ഞാനും പെങ്ങളും പിന്നെ ഒരു കുരുത്തംകെട്ട അനിയനും ..

ഞങ്ങൾ എന്തെങ്കിലും തള്ള് പറയുമ്പോൾ അച്ഛൻ മുടിഞ്ഞ പത്രം വായന ആയിരിക്കും ഇടക്ക് എന്തെങ്കിലും പറഞ്ഞു ഞങ്ങളോടൊപ്പം കൂടുമെങ്കിലും പിന്നേം പത്രത്തിൽ തന്നെ കണ്ണും നട്ടിരിക്കും…

എനിക്കാണെങ്കിൽ ഇരുന്ന് ശീലം പണ്ടേ ഇല്ല ഒന്നുകിൽ കിടക്കണം അല്ലെങ്കിൽ എവിടെ എങ്കിലും ചാരി നിൽക്കണം. ഈയിടെ ആയിട്ട് അമ്മയുടെ മടിയിൽ തലവെച്ചു കിടന്നാണ് ഞങ്ങളുടെ കത്തിയടി.. അമ്മ തലയിൽ വെറുതെ തഴുകികൊണ്ടിരിക്കും.. എനിക്കും അത് നല്ല ഇഷ്ട്ടമാണ്.. അച്ഛൻ ഇടക്കിടക്ക് ഇടം കണ്ണിട്ട് നോക്കുന്നത് ഞാൻ പലപ്പോഴും സ്രശിച്ചിരുന്നു…

കഴിഞ്ഞ ഞായറാഴ്ച ഞങ്ങൾ എല്ലാരും കത്തിയടിച്ചിരിക്കുന്ന നേരം അനിയനും ഞാനും തമ്മിൽ ചെറിയ ഉടക്കായി.. എന്നും ഞാനാണ് അമ്മയുടെ മടിയിൽ കിടക്കുന്നത് അതുകൊണ്ട് ഇന്ന് അവനു കിടക്കണം എന്നും പറഞ്ഞു അവൻ കരച്ചിലായി. ഞാനും വിട്ടുകൊടുത്തില്ല…

അവസാനം അച്ഛൻ ഒരു വഴി പറഞ്ഞു. അച്ഛൻ കസേരയിൽ നിന്നും എണീറ്റു തറയിൽ ഇരുന്നു എന്നിട്ട് എന്നോട് അച്ഛന്റെ മടിയിൽ തലവെച്ചോളാൻ പറഞ്ഞു ..

ആദ്യം ഒന്ന് മടിച്ചെങ്കിലും ഞാൻ അച്ഛന്റെ മടിയിൽ തലവെച്ചു കിടന്നു..

ആദ്യം അച്ഛൻ പേപ്പർ വായനയിൽ ശ്രദ്ധിച്ചെങ്കിലും പതിയെ പേപ്പർ അവിടെ വെച്ചു ഞങ്ങളോടൊപ്പം കൂടി..

പണിയെടുത്തു തഴമ്പിച്ച അച്ഛന്റെ കൈകൾ എന്റെ മുടികൾക്കിടയിലൂടെ തഴുകി പോയപ്പോൾ ഞാൻ ഒന്ന് അച്ഛനെ നോക്കി..

ഒരുപാട് നാളായി അച്ഛൻ അങ്ങിനെ ഒരവസരത്തിന് കാത്ത് നിന്നത്പോലെ തോന്നി എനിക്ക് അച്ഛന്റെ മുഖം കണ്ടപ്പോൾ..

ചിരിച്ചുകൊണ്ട് അച്ഛന്റെ തഴുകലിൽ ലയിച്ചു ഞാനും കിടന്നു… അമ്മയുടെ മൃദുലമായ കൈകൾ പോലെ അല്ലെങ്കിലും അച്ഛന്റെ ആ തഴമ്പിച്ച തഴുകലിൽ ഒരു വല്ലാത്ത ഫീലിംഗ് ആയിരുന്നു..

അന്ന്മുതൽ വൈകുന്നേരം ആവാൻ ഞാൻ കാത്തിരിക്കും അച്ഛന്റെ മടിയിൽ തലവെച്ചു കിടന്നുകൊണ്ട് ആ തഴുകൽ ആസ്വദിക്കാൻ.. അതൊരു താരാട്ട് പോലെ അനുഭവിക്കാൻ..