ദിവ്യ ഗർഭം
Story written by Nisha L
ഓണത്തിന് മൂന്നാല് ദിവസം കൊണ്ട് നാലഞ്ചു കുപ്പിയൊക്കെ പൊട്ടിച്ച് കൂട്ടുകാരുമായി ആഘോഷിച്ചതിന്റെ ക്ഷീണമൊക്കെ മാറ്റി പതിയെ പതിവ് ജോലികളിലേക്ക് പോകാനായി രാവിലെ കുളിച്ചൊരുങ്ങി ഇറങ്ങിയപ്പോഴാണ് കെട്ടിയോൾ മുന്നിൽ വന്നു പറയുന്നത് അവൾക്ക് പീ രിയഡ് ആയെന്ന്.
“അതിനെന്താ അത് എല്ലാ മാസവും വരുന്നതല്ലേ…”!! എന്ന് ഞാൻ ചോദിച്ചപ്പോൾ അവളെന്നെ രൂക്ഷമായി നോക്കി.
“ഈ മാസം ഇത് രണ്ടാമത്തെയാ. ഓണത്തിന് മുൻപ് വന്നതല്ലേ. ഇപ്പോൾ അത് കഴിഞ്ഞിട്ട് പതിനെട്ടു ദിവസം ആയതേയുള്ളു ഇന്നിപ്പോൾ വീണ്ടും വന്നു…”!!
അവൾ ചിണുങ്ങി കൊണ്ട് പറഞ്ഞു.
“ശെടാ അതിനിപ്പോ ഞാൻ എന്ത് ചെയ്യാനാ.. ഞാനെന്തെങ്കിലും ചെയ്തിട്ടാണോ ഇപ്പൊ വീണ്ടും വന്നത്… “!!
“അതെ.. നിങ്ങൾ തന്നെയാ.. നിങ്ങൾ കാരണമാ ഇപ്പോൾ വീണ്ടും വന്നത്… “!!
ചാടി തുള്ളി പറഞ്ഞു കൊണ്ട് അവൾ പോകുന്നത് കണ്ടു ഞാൻ അന്തം വിട്ടു നിന്നു.
താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചത് പോലും ഞാൻ കാരണമാ എന്ന് പറയുന്ന അവൾ ഇതും എന്റെ തലയിൽ വച്ചില്ലെങ്കിലേ അത്ഭുതമുള്ളു. ഇത് അവളുടെ സ്ഥിരം സ്വഭാവമായത് കൊണ്ട് ഞാൻ കാര്യമാക്കിയില്ല. അവൾക്ക് രണ്ടു പിരി പോയി കിടക്കുവാണെന്ന് അവളെ പോലെ തന്നെ എനിക്കുമറിയാം. എല്ലാം എന്റെ തലയിൽ കൊണ്ട് വയ്ക്കുമ്പോൾ അവൾക്കൊരു മനസുഖം.. വയ്യാത്ത കൊച്ചല്ലേ… പോട്ടെ….ന്ന് ഞാനും വിചാരിക്കും.
പക്ഷേ പിറ്റേ ദിവസം വൈകുന്നേരം അവൾ കരഞ്ഞു വിളിച്ചു കൊണ്ട് എന്റെ അടുത്തെത്തി.
“എനിക്ക് വയ്യായെ…. ബ്ലഡ് ക്ലോട്ടായി പോകുന്നെ.. എനിക്കെന്തോ മാരകരോഗമാ.. ഞാനിപ്പോ ചാകുമേ.. “!!
അവളുടെ കരച്ചിൽ കണ്ടു പേടിച്ച ഞാൻ പെട്ടെന്ന് തന്നെ അവളെയും വണ്ടിയിൽ എടുത്തിട്ട് നൂറേ നൂറ്റിപ്പത്തിൽ ഹോസ്പിറ്റലിലേക്ക് പാഞ്ഞു.
ബ്ലീഡിങ് എന്ന് പറഞ്ഞപ്പോ സെക്യൂരിറ്റി വീൽ ചെയറുമായി ഓടി വന്നു. അത് കണ്ടപ്പോൾ അവൾക്കാകെയൊരു നാണം.
“ഞാൻ നടന്നോളാം. എനിക്ക് കുഴപ്പമൊന്നുമില്ല….”!! എന്ന് ഭവ്യതയോടെ അവൾ പറഞ്ഞെങ്കിലും അവളെ പൊക്കിയെടുത്തു വീൽ ചെയറിൽ വച്ചു ഞാൻ അത്യാഹിത വിഭാഗത്തിലേക്ക് ചാടി അങ്ങ് കേറി.
ബ്ലീഡിങ് നിൽക്കാൻ ഇൻജെക്ഷൻ എടുത്തു ടാബ്ലറ്റും കൊടുത്തു അവളെ അകത്തു കിടത്തിയ സമയം കൊണ്ട് ഞാൻ പോയി രണ്ടു മൂന്നു ചപ്പാത്തിയും മുട്ട കറിയും കഴിച്ചു. എന്താന്നറിയില്ല എനിക്ക് വിഷമം വന്നാൽ പിന്നെ ഭയങ്കര വിശപ്പാ… അല്ലാതെ അവളോട് സ്നേഹമില്ലാഞ്ഞിട്ടല്ല കേട്ടോ…!!
അങ്ങനെ ഒരു ഏമ്പക്കവും വിട്ട് ഞാനിരുന്നപ്പോഴാണ് സിസ്റ്റർ വന്നു പറഞ്ഞത്..
“വൈഫിനെ ഇപ്പോൾ കൊണ്ടു പൊയ്ക്കോ നാളെ വന്ന് ഒരു സ്കാനിംഗ് ചെയ്യണം എന്നിട്ട് ഡ്യൂട്ടി ഡോക്ടറെ കാണണം.. “!!
“ശരി സിസ്റ്റർ.. “
സിസ്റ്ററിന് ഗുഡ്നൈറ്റും പറഞ്ഞു വീട്ടിലെത്തി ടെൻഷൻ അടിച്ചു കിടന്നുറങ്ങി.
പിറ്റേന്ന് രാവിലെ ഹോസ്പിറ്റലിൽ എത്തി ടോക്കൺ എടുത്തു സ്കാനിംഗും ചെയ്തു ലിഫ്റ്റ് കേറി ഡോക്ടറുടെ അടുത്തെത്തിയപ്പോൾ അവിടെ ഒരു പൂരത്തിനുള്ള തിരക്ക്. ഒഴിഞ്ഞു കിടന്ന രണ്ടു കസേരയിൽ ഞങ്ങൾ ഇരുന്നു. അവളുടെ മുഖം ആകെ മ്ലാനമാണ്.
“നീ വിഷമിക്കണ്ട.. കുഴപ്പമൊന്നും കാണില്ല… “!!
ഞാൻ പറഞ്ഞെങ്കിലും അവളുടെ മുഖം ശോകം തന്നെ…
“സ്കാനിംഗ് റിപ്പോർട്ട് കണ്ടില്ലേ മനുഷ്യ ഫൈബ്രോയ്ഡ് ഉണ്ട്… “!!
എന്ത് തേങ്ങയാണെന്ന് മനസ്സിലായില്ലെങ്കിലും അവളുടെ മുഖഭാവം കണ്ടപ്പോൾ എന്തോ കാര്യമായ കുഴപ്പം ഉണ്ടെന്ന് എനിക്ക് മനസ്സിലായി. അതോടെ എനിക്ക് വയറ്റിൽ വെപ്രാളം തുടങ്ങി.. ഇരിക്കാനും വയ്യ നിൽക്കാനും വയ്യ… വിശപ്പ് വീണ്ടും തല പൊക്കുന്നു.. എന്ത് ചെയ്യണം..?? പോയി രണ്ടു ദോശ തിന്നാലോ എന്ന് ആലോചിച്ചപ്പോഴാണ് സിസ്റ്റർ വന്നു അവളുടെ പേര് വിളിച്ച് അവളെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയത്…
ലേബർ റൂമിനു പുറത്തു കാത്തു നിൽക്കുന്ന പാവം ഭർത്താവിനെപ്പോലെ ഞാനവിടെ ഞെരി പിരി കൊണ്ടിരുന്നു . കുറച്ചു കഴിഞ്ഞപ്പോൾ എന്നെ അകത്തേക്ക് വിളിച്ചു.. അകത്തേക്ക് ചെന്ന എന്നോട് ഡോക്ടർ പറഞ്ഞു.
“സ്കാനിംഗിൽ കുഴപ്പമൊന്നും കാണുന്നില്ല….നിങ്ങൾ ഒരുമിച്ചല്ലേ താമസം.. അതുകൊണ്ട് യൂറിൻ ഒന്ന് ടെസ്റ്റ് ചെയ്യണം… “!!
“ശരി ഡോക്ടർ.. “!!
ആശ്വാസത്തോടെ ഞാൻ അവളെയും കൂട്ടി നേരെ ലാബിലേക്ക് വച്ചുപിടിച്ചു.. ലാബിൽ കെട്ടിയോളുടെ യൂറിനും കൊടുത്ത് ഞങ്ങൾ പുറത്ത് കാത്തിരുന്നു.. അപ്പോഴാണ് എനിക്ക് ഒരു ഐഡിയ തോന്നിയത്..
“ഡോക്ടർ കുഴപ്പമൊന്നുമില്ല എന്ന് പറഞ്ഞ സ്ഥിതിക്ക് നമുക്ക് പോയി രണ്ടു ബിരിയാണി കഴിച്ചാലോ.. “!! കെട്ടിയോളും തലകുലുക്കി. അങ്ങനെ നേരെ ക്യാന്റീനിലേക്ക് വെച്ച് പിടിച്ചു…
അവളുടെ ടെൻഷൻ അങ്ങോട്ട് തീർന്നില്ല എന്ന് തോന്നുന്നു ബിരിയാണി ചിക്കി ചികഞ്ഞു കൊണ്ടിരിക്കുന്നേയുള്ളൂ കഴിക്കുന്നില്ല… അങ്ങനെ എന്റെ ബിരിയാണിയും അവളുടെ ബാക്കിവന്ന ബിരിയാണിയും ഞാൻ അകത്താക്കി. കാശുകൊടുത്ത് വാങ്ങുന്നതല്ലേ കളയാൻ പറ്റില്ലല്ലോ അതുകൊണ്ട് കഴിച്ചതാ ട്ടോ… !!
“ഇനി നമുക്ക് ലാബിനു മുന്നിൽ പോയി കാത്തിരിക്കാം.. “!!
കെട്ടിയോളുടെ നിർദേശം പരിഗണിച്ച് നേരെ ലാബിന് മുന്നിലേക്ക്.. അപ്പോഴാണ് എനിക്ക് ഒരു സംശയം…
“അല്ലെടിയെ എന്തിനാ യൂറിൻ ടെസ്റ്റ് ചെയ്യാൻ പറഞ്ഞത്… “??
“ഗർഭം ഉണ്ടോന്ന് നോക്കാൻ.. “!!
അവളുടെ മറുപടി കേട്ട് ഞാനൊന്നു ഞെട്ടി..
ങേ.. എന്താ ഗർഭമോ … !!
എന്റെ മുഖം ആകെ വിജ്രുംഭവിച്ചു ഇപ്പോൾ പൊട്ടും പോലെ ആയി… അങ്ങനെയൊക്കെ സംഭവിക്കുമോ..?? എന്നൊരു സംശയം മനസ്സിൽ തോന്നിയെങ്കിലും ഒട്ടും സമയം കളയാതെ ഞാൻ അവിടെയിരുന്ന് എനിക്ക് അടുത്ത ഒരു കുഞ്ഞിക്കാൽ ഉണ്ടാകുന്നത് സ്വപ്നം കണ്ടു…
ഇതുവരെ ഒരു കുഞ്ഞിക്കാല് മാത്രേ കാണാൻ പറ്റിയുള്ളൂ.. ആദ്യപ്രസവം കഴിഞ്ഞപ്പോൾ തന്നെ… “എനിക്ക് ഒരു കുഞ്ഞു മതിയെ…എനിക്കിനി പ്രസവിക്കാൻ വയ്യായേ…. ” എന്ന് നിലവിളിക്കുന്ന കെട്ടിയോളുടെ മുഖം ഓർമ്മയിലേക്ക് ഓടിയെത്തി.. ആ കുഞ്ഞിക്കാലിന് ഇപ്പോൾ പതിനാലു വയസ്സായി… വർഷമിത്ര കഴിഞ്ഞത് കൊണ്ടും പ്രായം ഇത്രയൊക്കെ ആയതുകൊണ്ടും “ഇനിയൊരു കുഞ്ഞിക്കാലിന് യോഗമില്ലമ്മിണിയെ… “എന്ന് ചിന്തിച്ചിരുന്ന ഞാൻ പൊട്ടന് ലോട്ടറി അടിച്ച അവസ്ഥയിലായി.
ഇപ്പോൾ റിസൾട്ട് കിട്ടാൻ വേണ്ടി കെട്ടിയോളെക്കാൾ ആകാംക്ഷയോടെ ഞാൻ കാത്തിരുന്നു… അങ്ങനെ അൽപ സമയം കഴിഞ്ഞു റിസൾട്ട് കയ്യിൽ കിട്ടി.. ഞാനത് നിവർത്തി വായിച്ചുനോക്കി..
“വീക്ക് പോസിറ്റീവ്.. “!!
അതെന്തു പോസിറ്റീവ്… ഒന്നുകിൽ പോസിറ്റീവ് അല്ലെങ്കിൽ നെഗറ്റീവ് ഇതേ നമുക്കറിയൂ.. ഇങ്ങനെയുള്ള വീക്ക്,, സ്ട്രോങ്ങ് ഇതൊന്നും നമുക്ക് അറിയില്ല… ഞാനത് ക ഞ്ചാവടിച്ച കോഴിയെ പോലെ ഇരിക്കുന്ന കെട്ടിയോളെ കാണിച്ചു.. അത് കണ്ടപ്പോൾ അവളുടെ മുഖത്ത് ഒരു ആശ്വാസം വന്നത് പോലെ…
“ഹോസ്പിറ്റലുകാർ നെഗറ്റീവിന് പകരം വീക്ക് പോസിറ്റീവ് എന്നായിരിക്കും എഴുതുന്നത്… “!!
നിങ്ങളെ കൊണ്ട് ഇനിയൊരു അങ്കത്തിന് ബാല്യമില്ല മനുഷ്യ എന്ന ഭാവത്തിൽ അവൾ പറഞ്ഞത് കേട്ട് എന്റെ മനസ്സ് നിരാശയിൽ ആണ്ടു… അങ്ങനെ ആകെ ശോകമൂകമായി ഞാനും കെട്ടിയോളും വീണ്ടും ഡോക്ടറുടെ റൂമിലേക്ക്.. !!
റിസൾട്ട് നോക്കിയ ഡോക്ടർ..
“ആ വീക്ക് പോസിറ്റീവാ… അപ്പോൾ പ്രെഗ്നന്റ് ആയിട്ട് അത് അ ബോർഷൻ ആയതായിരിക്കാം…. ഇനി മൂന്നാഴ്ച കഴിഞ്ഞു ഒന്നു കൂടി യൂറിൻ ടെസ്റ്റ് ചെയ്തു നോക്ക്. നെഗറ്റീവ് ആണെങ്കിൽ ഇങ്ങോട്ട് വരികയേ വേണ്ട…”!!
എന്ന് പറഞ്ഞു ഞങ്ങളെ ചവിട്ടി പുറത്താക്കി വേറെ രോഗിയെ വിളിച്ചു കസേരയിലിരുത്തി…
പുറത്തിറങ്ങിയപ്പോഴും ഡോക്ടർ എന്താണ് പറഞ്ഞതെന്ന് എനിക്കൊരു പിടിയും കിട്ടിയില്ല… അ ബോർഷൻ എന്നൊരു വാക്ക് മാത്രം ഉള്ളിൽ കിടന്നു തികട്ടി തികട്ടി വരുന്നു..
ചിന്താമഗ്‌നനായി കെട്ടിയോളുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവളെന്നെ തുറിച്ചു നോക്കി ചോദിക്കുന്നു..
“എന്നാലുമെന്റെ പൊട്ടാ… നീയിതെങ്ങനെ… ഒപ്പിച്ചു… “!!
“ഞാൻ ട്രൈ ചെയ്‌തെടി… ട്രൈ… “!!
നാണം കൊണ്ട് തറയിൽ കളം വരച്ചു ഞാൻ പറഞ്ഞു…
വീട്ടിലെത്തി മൂത്ത കുഞ്ഞി കാലിനോടു വിവരം പറഞ്ഞപ്പോൾ അവനും ഭയങ്കര നാണം.. ഞങ്ങൾ പാരമ്പര്യമായി ഭയങ്കര നാണക്കാരാ കേട്ടോ ..!!
വീട്ടിലെത്തിയപ്പോഴും ഡോക്ടർ പറഞ്ഞത് കൃത്യമായിട്ടങ്ങോട്ട് മനസിലാകാഞ്ഞത് കൊണ്ട് ഞാൻ നേരെ ഡൽഹിയിലേക്ക് ഒരു കാൾ വിളിച്ചു… മറ്റൊന്നുമല്ല അവിടെ എന്റെയൊരു പെങ്ങളുണ്ട്… നേഴ്സ് ആണ്… മിടുക്കി… വെറും മിടുക്കിയല്ല മിടുമിടുക്കി… !!
പനിയും തലവേദനയുമായി ചെന്നാൽ വയറിളക്കത്തിനുള്ള മരുന്ന് കൊടുക്കും…പണ്ടെപ്പോഴോ ആറു മാസത്തെ നഴ്സിംഗ് കോഴ്സും പാസ്സായി പോയതാ.. പിന്നെ നാട്ടിലോട്ട് വന്നിട്ടേയില്ല.. അവിടുന്ന് തന്നെ കല്യാണവും കഴിച്ചു അവിടെ തന്നെ അങ്ങ് കൂടി… പുള്ളിക്കാരിക്ക് കുട്ടികൾ ഉണ്ടാകാതിരുന്നപ്പോൾ സ്വന്തം ഹോസ്പിറ്റലിൽ ചികിൽസിക്കാതെ നാട്ടിൽ വന്ന് ചികിത്സ ചെയ്തു കുഞ്ഞുമായി തിരിച്ചു പോയതാ… എന്നാലും വേണ്ടില്ല… അതൊക്കെ മനപ്പൂർവം മറന്നു കൊണ്ട് ഞാനവളെ വിളിച്ചു വിവരങ്ങൾ പറഞ്ഞു..
ഉടൻ തന്നെ അവൾ പറഞ്ഞു…
“ഡാ… അ ബോർഷൻ ഒന്നും ആയിക്കാണില്ല… കുഞ്ഞവിടെ തന്നെ കാണും.. നീയവൾക്ക് കുറച്ചു ദിവസം റസ്റ്റ് കൊടുക്ക്… എന്നിട്ട് കുഞ്ഞിന് വളരാൻ വേണ്ട സപ്പോർട്ടിങ് മെഡിസിനും വാങ്ങി കൊടുക്ക്…. “!!
സ്പീക്കർ ഫോണിൽ സംസാരിച്ചു കൊണ്ടിരുന്ന ഞാൻ വാതിൽ അടയുന്ന ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ കാണുന്നത് കട്ടിലിൽ കയറി മൂടി പുതച്ചു കിടക്കുന്ന കെട്ടിയോളെയാണ്…
“റസ്റ്റ്” ന്ന് കേട്ട പാതി കേൾക്കാത്ത പാതി അവൾ റസ്റ്റ് എടുക്കൽ തുടങ്ങി കഴിഞ്ഞു.. കിടക്കയിൽ കിടന്ന് അവൾ ബിരിയാണി, കുഴിമന്തി, നട്സ്, ഫ്രൂട്സ്… ഓരോന്നായി ഓർഡർ ഇടാൻ തുടങ്ങി. വർഷങ്ങൾക്ക് ശേഷം ഒന്നുകൂടി അച്ഛൻ ആകാൻ പോവുകയാണല്ലോ എന്ന ചിന്തയിൽ പോക്കറ്റ് കാലിയായാലും വേണ്ടില്ല കെട്ടിയോക്കിഷ്ടപ്പെട്ടതൊക്കെ വാങ്ങി കൊടുത്തു ദൃതംഗപുളകിതനാകാൻ ഞാനും തീരുമാനിച്ചു.
രണ്ടു മൂന്നു ദിവസം ഓടി നടന്ന് വീട്ടിലെ ജോലിയും സ്വന്തം ജോലിയും ചെയ്തപ്പോൾ “ഇതിന്റെയൊക്കെ വല്ല ആവശ്യവുമുണ്ടായിരുന്നോ..” എന്നൊരു ചിന്ത എന്നിലുണ്ടായെങ്കിലും കുഞ്ഞികാലെന്ന സ്വപ്നം എന്നെ വീണ്ടും ഉന്മേഷവാനാക്കി… !!
മൂന്നാല് ദിവസത്തിന് ശേഷം ജോലികളൊക്കെ കഴിഞ്ഞു ക്ഷീണിതനായി ഞാൻ കിടക്കയിലേക്ക് മറിഞ്ഞപ്പോഴാണ് അമിട്ട് പൊട്ടിക്കും പോലെ അവളെന്നോട് ആ ചോദ്യം ചോദിച്ചത്…
“അല്ല മനുഷ്യ… ഈ പീ രിയഡ് നിൽക്കുമ്പോഴല്ലേ പ്രെഗ്നൻസി സംശയിക്കേണ്ടത്… എനിക്ക് എല്ലാ മാസവും പീ രിയഡ് വന്നതും പോരാഞ്ഞിട്ട് ഒരു മാസം രണ്ടു വട്ടം വന്നു. ഇതിനിടയിൽ എവിടെ,, എപ്പോ ഗർഭം…?? ആ ഡോക്ടർ എന്ത് ഉദ്ദേശത്തിലാണ് അ ബോർഷൻ എന്നൊക്കെ പറഞ്ഞത്… “??
അവളുടെ ആ ചോദ്യം കേട്ട് ഞാൻ ഇടി വെട്ടിയവനെ പാമ്പ് കടിച്ച അവസ്ഥയിലായി… പോക്കറ്റ് കാലിയാക്കിയതും പോരാഞ്ഞു ഇരട്ടി ജോലി ചെയ്തു നടുവും ഒടിച്ചു… ഡൽഹിയിലേക്ക് വിളിക്കാൻ തോന്നിയ നിമിഷത്തെ ശപിച്ചു കൊണ്ട് ഞാനവളെ ദയനീയമായി നോക്കി…
അപ്പോൾ അവളൊരു സൊല്യൂഷൻ പറഞ്ഞു.
“നാളെ കൊണ്ട് ഈ കയ്യാല പുറത്തെ തേങ്ങ പോലെയുള്ള ഗർഭത്തിന് ഒരു തീരുമാനം ഉണ്ടാക്കണം… നാളെ നമുക്ക് വേറെ ഏതെങ്കിലും ഒരു ഡോക്ടറെ കാണാം…”!!
അവൾ പറഞ്ഞത് കേട്ട് എനിക്കൊരല്പം ആശ്വാസം തോന്നി… ഒന്നുകിൽ പോസിറ്റീവ് അല്ലെങ്കിൽ നെഗറ്റീവ് അങ്ങനെയൊരു റിസൾട്ട് എത്രയും പെട്ടെന്ന് ഒപ്പിച്ചേ പറ്റു… !!
പിറ്റേന്ന് ഏഴു മണി ആയപ്പോൾ തന്നെ കുളിച്ചൊരുങ്ങി മറ്റൊരു ഡോക്ടറെ കാണാൻ ഞങ്ങൾ പോയി. ഏറെ നേരത്തെ കാത്തിരിപ്പിനൊടുവിൽ ഡോക്ടറുടെ മുന്നിലെത്തി…
കെട്ടിയോൾ വിവരങ്ങൾ ഒക്കെ പറഞ്ഞപ്പോൾ തന്നെ ഡോക്ടർ പറഞ്ഞു..
“എല്ലാ മാസവും കൃത്യമായി പീ രിയഡ് വന്ന സ്ഥിതിക്ക് ഒരു പ്രെഗ്നൻസിയുടെ ചാൻസ് കാണുന്നേയില്ല… ഇനിയിപ്പോൾ നിങ്ങൾക്ക് അങ്ങനെ യൊരു സംശയം ഉണ്ടെങ്കിൽ ഒന്ന് ബ്ലഡ് ടെസ്റ്റ് ചെയ്തു നോക്കാം. അതിൽ ബീറ്റാ hcg ലോ ആണെങ്കിൽ പ്രെഗ്നൻസി ഇല്ല. ഹൈ ആണെങ്കിൽ ഒന്ന് കൂടി സ്കാൻ ചെയ്തു നോക്കാം. അതോടെ പ്രോബ്ലം സോൾവ്ഡ്…”!!
ഡോക്ടർ വളരെ കൂളായി പറഞ്ഞു.
പിന്നെ ലാബ്, ടെസ്റ്റ്, റിസൾട്ട്… ഒക്കെയായി കാത്തിരിപ്പ്… അവസാനം റിസൾട്ട് വന്നു. ഹോർമോൺ ലെവൽ നോർമലിലും താഴെ…
റിസൾട്ട് കണ്ട ഡോക്ടർ പറഞ്ഞു.
“ഒന്നും സംഭവിച്ചിട്ടില്ല.. രണ്ടാമത് വന്നതും ഒരു പീരിയഡ് ആയി കണ്ടാൽ മതി. അല്ലാതെ അതൊരു അ ബോർഷൻ ഒന്നുമായിരുന്നില്ല…. “!!
അതുകേട്ട് ദുർബല ഹൃദയനായ ഞാൻ ആകെ തകർന്നു.
അപ്പോഴാണ് കെട്ടിയോൾ ആ ചോദ്യം ചോദിച്ചത്.
“ഡോക്ടർ… ഇപ്പോൾ ഒരു പോസിറ്റീവ് വന്ന സ്ഥിതിക്ക് ഇനിയുമൊരു പോസിറ്റീവ് ഉണ്ടാകാൻ ചാൻസ് ഉണ്ടോ…”??
“ഇപ്പോൾ ഒരു പോസിറ്റീവും ഉണ്ടായില്ല. അതൊരു ഫാൾസ് പ്രെഗ്നൻസി ആയിരുന്നു… “!!
അതായത് ഇതു വരെ ഉണ്ടാകാത്ത ഒരു കുഞ്ഞിനെ സംരക്ഷിക്കാനാണ് ഞാൻ ഈ പെടാപ്പാടൊക്കെ നടത്തിയതെന്ന് സാരം…
എന്റെ തലച്ചോറിൽ ഒരു കൊള്ളിയാൻ മിന്നിയത് പോലെ തിരിച്ചറിവ് വന്നു.
ഇനിയൊന്നും പ്രതീക്ഷിക്കണ്ട എന്നല്ലേ ആ ഡോക്ടർ പറയാതെ പറഞ്ഞത്.. ഒരു കുഞ്ഞിനെ താലോലിക്കാൻ സ്വപ്നം കണ്ടിരുന്ന ഞാൻ ഡോക്ടറുടെ ആ വാക്കുകൾ കേട്ട് വെള്ളത്തിൽ വീണ കോഴിയെ പോലെ ചടച്ചിരുന്നു.
കെട്ടിയോളുടെ മുഖത്തേക്ക് നോക്കിയ എനിക്ക് അവളുടെ മനസ്സിൽ എന്താണെന്നു ഒരു പിടിയും കിട്ടിയില്ല…
വീട്ടിലെത്തിയ അവൾ തുള്ളി ചാടി ഞാൻ വൃത്തികേടാക്കിയിട്ട അടുക്കളയും പരിസരവും വൃത്തിയാക്കാൻ മുണ്ടും മുറുക്കിയുടുത്തു ഓടുന്നത് കണ്ട്… “ഇതെന്തു ജീവി.. “!! എന്ന മട്ടിൽ ഞാൻ അവളെ നോക്കിയിരുന്നു. റസ്റ്റ് ന്ന് കേട്ടപ്പോൾ തന്നെ ചാടിക്കേറി മൂടി പുതച്ചു കിടന്നത് ഇവള് തന്നെയായിരുന്നോ…
ഈശ്വര… ഇവളുടെ മനസ്സിൽ എന്താന്നൊരു ക്ലൂ എങ്കിലും കിട്ടിയിരുന്നെങ്കിൽ…. !!
ചുമ്മാതല്ല സ്ത്രീകളുടെ മനസ് ഒരിക്കലും മനസിലാക്കാൻ പറ്റില്ല എന്ന് ശശിയണ്ണൻ പറഞ്ഞത്… !!
എന്നാലുമെന്റെ തമ്പുരാനെ ഇതൊരു ഒന്നൊന്നര ദിവ്യഗർഭമായി പോയി…… എന്തായാലും ഇത്രയും ദിവസത്തെ അനിശ്ചിതാവസ്‌ഥയ്ക്കൊരു അന്ത്യമായല്ലോ…. സമാധാനം… !!
മനസ്സിൽ പറഞ്ഞു കൊണ്ട് ഞാൻ കട്ടിലിൽ കയറി നീണ്ടു നിവർന്നു കിടന്നു.ഇനി ഞാനൊന്ന് റസ്റ്റ് എടുക്കട്ടെ… ഹല്ല പിന്നെ.. !!