എഴുത്ത്:- മഹാ ദേവൻ
പെൺകുട്ടി പീ ഡനത്തിനിരയായ കേസിൽ പ്രതി അറസ്റ്റിൽ…
ഈ തലക്കെട്ടോടെ ആയിരുന്നു സോഷ്യൽമീഡിയകൾ ആ വാർത്തയെ ആഘോഷമാക്കിയത്.
” കോളേജ്വിദ്യാർത്ഥിയായ പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീ ഡിനതോനിരയാക്കിയ കേസിൽ സഹപാഠിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു “
യുവാവിന്റെ ഫോട്ടോ ഉൾപ്പടെ വാർത്ത പൊലിപ്പിക്കപ്പെടുമ്പോൾ എല്ലാം നഷ്ടപ്പെട്ടവരെ പോലെ ഒരു കുടുംബം പരിഹാസവും കുറ്റപ്പെടുത്തലുകളും സഹിക്കാൻ കഴിയാതെ ബന്ധുവീടുകളിൽ അഭയം പ്രാപിച്ചിക്കുന്നു. പ്രതിയാക്കപ്പെട്ടവന്റെ കുടുംബം.
” സർ… എനിക്കറിയില്ല.. ഞാൻ ഒന്നും ചെയ്തിട്ടില്ല.. ദയവ് ചെയ്തു എന്നെ പ്രതിയാക്കരുത്. “
വിവേക് CI.യ്ക്ക് മുന്നിൽ തൊഴുകൈയ്യോടെ അപേക്ഷിക്കുമ്പോൾ അയാളുടെ മുഖത്ത് പുച്ഛമായിരുന്നു.
” നിന്നെ പോലെയുള്ള കുറെ എണ്ണമുണ്ടിപ്പോൾ ഇവിടെ. നാടിനും വീടിനും ഗുണമില്ലാത്തവൻമാർ.
ഒരു ഇലയുടെ മറവു കിട്ടിയാൽ അപ്പൊ കേറി……. കെട്ടിക്കൊള്ളാം എന്നൊരു പഞ്ചാരവാക്കും. അല്ലേ, ഏത് കാലത്ത് കെട്ടിക്കോളാ എന്ന് പറഞ്ഞിട്ടാടാ നീ ഈ മുട്ടേന്നു വിരിയാത്ത പ്രായത്തിൽ…? അല്ല, നിന്നെ മാത്രം പറഞ്ഞാൽ പോരാ, നീയൊക്കെ എന്തേലും പഞ്ചാര പറയുമ്പോഴേക്കും ഇതിനൊക്കെ നിന്ന് തരുന്നവൾമാരെ പറയണം, അവസാനം ഇതിന്റെ പിന്നാലെ തൂങ്ങിതിരിയാൻ ഞങ്ങളും. “
CI.യുടെ വാക്കുകളിൽ ദേഷ്യവും നീരസവും ഉണ്ടായിരുന്നു.
അപ്പോഴും വിവേകിന്റെ മുഖത്ത് ഭയമായിരുന്നു. തെറ്റ് ചെയ്തില്ലെന്ന് ആണയിട്ട് പറഞ്ഞിട്ടും ആരും അത് കേൾക്കാൻ കൂട്ടാക്കുന്നില്ലെന്നത് അവനിൽ നിരാശ പടർത്തി.
ആദ്യമൊക്കെ പരുഷമായി പെരുമാറിയ CI. കുറെ കഴിഞ്ഞപ്പോൾ സൗമ്യമായി പറയുന്നുണ്ടായിരുന്നു ” നീ എത്രയൊക്കെ പറഞ്ഞാലും പെണ്ണിന്റെ വാക്കിന് പിറകെ നിയമം പോകൂ.. അങ്ങനെ ഒരു നാട്ടിലാണ് നമ്മൾ ജീവിക്കുന്നത്. അതുകൊണ്ടു സ്വയം സൂക്ഷിക്കുക എന്നതാണ് ചെയ്യാൻ പറ്റുന്ന കാര്യം. അല്ലെങ്കിൽ ഇതുപോലെ നാണംകെട്ടു നിൽക്കേണ്ടി വരും. നീ മാത്രമല്ല, നീ കാരണം നിന്റ വീട്ടുകാർ പോലും. എവിടെ നോക്കിയാലും നിന്റ ഫോട്ടോയും വാർത്തയും ആണ്. പെണ്ണിന്റ പേരോ ഫോട്ടോയോ എവിടെയും കാണില്ല.. എല്ലാത്തിലും പോയി ചാടാൻ എളുപ്പമാണ്, പക്ഷേ അവസാനം ഇതുപോലെ കുടുങ്ങുമ്പോൾ നാണം കെടാൻ നീയും നിന്റ കുടുംബമേ കാണൂ. എത്ര കണ്ടാലും കേട്ടാലും പഠിക്കാത്തവരുടെ നാടാണ് ഇത്. ഇതുപോലെ കൊണ്ടാലേ പഠിക്കൂ. “
തല താഴ്ത്തി നിൽക്കാനേ വിവേകിന് കഴിഞ്ഞുള്ളു.എല്ലാവരിൽ നിന്നും ഒതുങ്ങി നിന്നിരുന്ന തന്നോട് ഇങ്ങോട്ട് വന്നു പറഞ്ഞതായിരുന്നു അവളുടെ ഇഷ്ട്ടം. അന്ന് മുതൽ അവളിൽ നിന്നും ഒഴിഞ്ഞുമാറാൻ ആയിരുന്നു ശ്രമിച്ചത്. പക്ഷേ, പതിയെ പതിയെ അവളെ ഇഷ്ട്ടപെട്ടു തുടങ്ങി. ഒരിക്കൽ അവളുടെ വീട്ടിലേക്ക് ക്ഷണിച്ചപ്പോൾ ആദ്യമൊന്ന് മടിച്ചതാണ്. പക്ഷേ അവളുടെ നിർബന്ധം. അവിടെ എത്തുമ്പോൾ ആണ് വേറെ ആരും ആ വീട്ടിൽ ഇല്ലെന്നത് മനസ്സിലായതും.
അപ്പോഴേ തിരികെ പോരാൻ തുടങ്ങുമ്പോൾ ” വീട്ടുകാർ ഇപ്പോൾ വരും ” എന്ന് പറഞ്ഞു നിർബന്ധിച്ചു നിർത്തിയതും അവളായിരുന്നു. സംസാരങ്ങൾക്കിടയിൽ അവൾ നൽകിയ ചുംബനം….. മനസ്സ് ഒന്ന് പതറിയ നിമിഷം.
അവളിലെ ആഗ്രഹങ്ങൾക്കൊപ്പം ആ നിമിഷങ്ങളെ ആഘോഷമാക്കിയപ്പോൾ അറിഞ്ഞില്ല ഇന്ന് അതൊരു കുരുക്കായി തലയ്ക്ക് മുകളിൽ നിൽക്കുമെന്ന്.
താൻ മാത്രമല്ല, അവൾക്ക് കാമുകന്മാർ പലരുമാണെന്ന് അറിഞ്ഞപ്പോൾ ആണ് വിഷമത്തോടെ പിന്മാറിയത്. അതായിരിക്കാം ഇപ്പോൾ താൻ ചെയ്ത തെറ്റും എന്നോർത്തപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.ഒന്നുമറിയാത്ത അമ്മയും പെങ്ങളുമെല്ലാം താൻ കാരണം നാണംകെട്ട് … ആരുടേയും മുഖത്തു നോക്കാൻ കഴിയാതെ…
അവന്റെ ഉള്ള് പിടയുകയായിരുന്നു.
അവളുടെ ഇഷ്ട്ടങ്ങളായിരുന്നു എല്ലാം… എന്നിട്ടും അവൾ….. വിവാഹവാഗ്ദാനം നൽകി പല ഇടങ്ങളിൽ കൊണ്ടുപോയി പീ ഡിപ്പിച്ചെന്ന്.. ചിന്തിക്കാൻ പോലും കഴിയുന്നില്ലായിരുന്നു വിവേകിന്.
അവൻ തല താഴ്ത്തി നിർവികാരതയോടെ നിന്നു എല്ലാം നഷ്ട്ടപ്പെട്ടവനെ പോലെ.
*******************
ജയിലിൽ നിന്നും ഇറങ്ങിയ ആ ദിവസം ആദ്യം പോയത് വീട്ടിലേക്ക് ആയിരുന്നു. വീട്ടിൽ കേറ്റാൻ മടിച്ച അമ്മയോട് ഒന്നേ ആവശ്യപ്പെട്ടുള്ളൂ. മൊബൈൽ.
അതും വാങ്ങി ആരോടും യാത്ര പറയാതെ അവിടെ നിന്ന് ഇറങ്ങുമ്പോൾ ലക്ഷ്യം ഒന്ന് മാത്രം ആയിരുന്നു.
സ്വന്തം ഫേസ്ബുക്ക് ഐഡി ഓപ്പൺ ചെയ്ത് ലൈവ് ബട്ടൺ അമർത്തുമ്പോൾ മനസ്സിൽ ഉറച്ച ഒരു തീരുമാനം ഉണ്ടായിരുന്നു.
” ഹായ്… ഞാൻ വിവേക്.. എന്നെ അറിയാത്തവർ ആരും തന്നെ ഇപ്പോൾ കേരളത്തിൽ ഉണ്ടാകില്ല. വിവാഹവാഗ്ദാനം നൽകി ഒരു പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയാക്കപ്പെട്ട ഒരാൾ ആണ് ഞാൻ. ഇപ്പോൾ ഞാൻ ഈ ലൈവിൽ വന്നത് എന്റെ നിരപരാധിത്വം തെളിയിക്കാനോ എല്ലാവരുടെയും മുന്നിൽ മാപ്പ് പറയാനോ അല്ല. പല സ്ഥലങ്ങളിൽ ഞാൻ കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പറഞ്ഞ ഒരാൾ ഉണ്ട്. പീ ഡനം എന്നത് കൊണ്ട് എന്താണ് അർത്ഥമാക്കുന്നത് എന്ന് എനിക്ക് മനസ്സിലായില്ല. ഒരു പെണ്ണ് അവളുടെ ഇഷ്ട്ടത്തോടെ കൂടെ കിടക്കാൻ വിളിച്ചിട്ട് അവസാനം അവൾക്ക് മടുക്കുമ്പോൾ, അല്ലെങ്കിൽ ആ ബന്ധത്തിൽ ഒരു പൊരുത്തക്കേട് സംഭവിക്കുമ്പോൾ സ്ത്രീകൾക്ക് അനുകൂലമായ നിയമത്തെ മുൻനിരത്തി പീഡനമെന്ന വാക്കിനെ പീഡിപ്പിക്കുകയാണ്. ഇതെന്റെ അനുഭവം. എല്ലാവരും അങ്ങനെ ആണെന്ന് അല്ല. അങ്ങനെ ഒരു പെണ്ണിന്റ വാക്കിന്റെ തുമ്പിൽ എനിക്ക് നഷ്ടമായത് എന്റെ ജീവിതവും എന്റെ കുടുംബവും ആണ്. കുറച്ചു ദിവസം എന്റെ ഫോട്ടോ മാത്രം ആയിരുന്നു സോഷ്യൽമീഡിയ നിറയെ. എന്റെ കുടുംബത്തെ വരെ ആരും വെറുതെ വിട്ടില്ല. ഇതെല്ലാം കണ്ട് സന്തോഷിച്ച ഒരാൾ ഉണ്ട്. എന്നെ കുടുക്കി പെണ്ണിന്റ ഫോട്ടോ ആരും പ്രദര്ശിപ്പിക്കാത്തതുകൊണ്ട് ഇപ്പോഴും ഒളിഞ്ഞിരുന്നു ചിരിക്കുന്ന ബുദ്ധിമതിയായ പെണ്ണ്.
അപ്പൊ ഞാൻ ഈ ലൈവിൽ വന്നത് എന്നെ വെളിപ്പിച്ചു കാണിക്കാൻ അല്ല. ഞാൻ ഒരു തെറ്റ് ചെയ്തെങ്കിൽ അതെ തെറ്റിനൊരു കൂട്ടുപ്രതി ഉണ്ട്. നിയമം പെണ്ണിന് അനുകൂലമാകുന്ന ഈ നാട്ടിൽ എന്റെ മനസാക്ഷിക്ക് തോന്നുന്നത് ഞാൻ ചെയ്യുന്നു. എന്റെ ഫോട്ടോ മാത്രം നിങ്ങൾ കണ്ടാൽ പോരല്ലോ. അവളേം കേരളം കാണട്ടെ. ഈ ചർച്ചയിൽ നാളെ അവളുടെ മുഖവും വേണം. ഈ ലൈവിന് താഴെ വിശദമായ കുറിപ്പോടെ അവളുടെ ഫോട്ടോ ഉണ്ടാകും. ഞാൻ ചെയ്ത തെറ്റിലേ കൂട്ടുപ്രതി.
ഇനി ഇതെനെന്ത് ശിക്ഷ കിട്ടിയാലും എനിക്ക് മൈ….. ആണ്. കാരണം. ഒരു പെണ്ണിനെ സ്നേഹിച്ചു എന്ന ഒറ്റ കാരണത്തിൽ ജയിൽജീവിതം കഴിഞ്ഞുവന്നവൻ ആണ് ഞാൻ.
എന്റെ എല്ലാം നഷ്ടപ്പെടുത്തിയവൾ ഒന്നുമറിയാത്ത പോലെ ജീവിക്കുന്നു.
ഒരു കാര്യം മനസ്സിലാക്കുക. എല്ലാ പീ ഡനങ്ങളും ഉത്തരവാദികൾ ആണുങ്ങൾ മാത്രമല്ല. പെണ്ണുങ്ങൾ കൂടി ആണ്.
പെണ്ണുങ്ങളുടെ വാക്കിനെ മാത്രം മുഖവിലയ്‌ക്കെടുക്കുന്ന ഈ നിയമം കൂടിയാണ്. “
ലൈവ് അവസാനിപ്പിക്കുമ്പോൾ അവളുടെ മുഖം സോഷ്യൽമീഡിയയിൽ വാർത്തയായി തുടങ്ങിയിരുന്നു.
ചിലപ്പോൾ പലർക്കുമിത് തെറ്റ് ആയിരിക്കാം. ഒരു പെണ്ണിന്റ ജീവിതം ആണ് നശിപ്പിച്ചതെന്ന് വിലപിക്കാം. പക്ഷേ, ഇതെന്റെ ശരിയാണ്. ഒരു പെണ്ണ് കാരണം ജീവിതം നശിച്ച എന്റെ ശരി.
വിവേക് എങ്ങോട്ടോ നടന്നു. എല്ലാം നഷ്ട്ടപ്പെട്ടനും ഏതെങ്കിലും ഒരു ലോകം കാത്തിരിപ്പുണ്ടാകും എന്ന ചിന്തയിൽ.