അവളുടെ അഭിപ്രായം മക്കളും ഏറ്റുപിടിക്കുന്നു. അവർക്ക് അമ്മ പറയുന്നതു ശരിയാണെന്നു തോന്നുന്നു…..

“ഒറ്റപ്പെടൽ”

Story written by Mini George

ശബ്ദം കുറച്ചു ആരോ സംസാരിക്കുന്നതു കേട്ടാണ് ഉണർന്നത്.. ശ്രദ്ധിച്ചപ്പോൾ ഭാര്യയാണ്.

“അച്ഛനല്ലാരുന്നോ ഇയാളെ ക്കൊണ്ട് തന്നെ എന്നെ കെട്ടിക്കാൻ വലിയ തെരക്ക്… സഹിച്ചോ.. എൻ്റെ മാനസിക സമ്മർദ്ദം നിങ്ങളും ഇത്തിരി അനുഭവിക്ക്.”

അവളുടെ അച്ഛനോടാണ് പാവം എനിക്കവളെ കെട്ടിച്ചു തന്നതിൻറെ പഴി ഇപ്പോഴും തീർന്നിട്ടില്ല.

സ്ഥിരം പല്ലവി തന്നെ.. ഇപ്പോളിപ്പോൾ എണീക്കുമ്പോൾ മുതൽ കിടക്കുന്നത് വരെ ആരോടെങ്കിലും ഒക്കെ ഇത് എണ്ണിപെറുക്കലാണ് പണി.

കേട്ടുകേട്ട് മടുത്തു.. ലാഭം ഇല്ലാത്ത ബിസിനെസ്സ് എന്തിന് കൊണ്ട്നടക്കുന്നു.. !! അതങ്ങു വിറ്റൂടെ..? എന്നാണ് അവളുടെ ചോദ്യം.. അവളുടെ മാത്രമല്ല അറിയുന്ന എല്ലാവരുടെയും… ഈ എണ്ണിപ്പെറുക്കൽ അവളിപ്പോൾ പതിവാക്കി എന്ന് മാത്രം…

എന്തു ചെയ്യാനാണ് എല്ലാവർക്കും ചുറ്റിത്തിരിച്ചിൽ ആണ് ആർക്കും ലാഭമില്ലാത്ത കാലം.. അതൊന്നും ആർക്കും മനസ്സിലാവില്ല.

പഴയ ഒരു പാത്രക്കട അതിപ്പോഴും തുറന്നു വച്ചിട്ടു എന്ത് പ്രയോജനം. ആരും പണ്ടത്തെ തരം പാത്രങ്ങൾ ഉപയോഗിക്കില്ല തന്നെയുമല്ല, ഓൺലൈനിൽ ഏത് തരം മോഡേൺ പാത്രങ്ങൾ വേണോ ബുക്ക് ചെയ്താൽ അത് വീട്ടിൽ എത്തും.

അവളുടെ അഭിപ്രായം മക്കളും ഏറ്റുപിടിക്കുന്നു. അവർക്ക് അമ്മ പറയുന്നതു ശരിയാണെന്നു തോന്നുന്നു. അവളുടെ ആങ്ങളമാരാണ് മക്കൾടെ പഠനകാര്യം ഇപ്പോൾ നോക്കുന്നത്. അതിൻ്റെ ഗർവ്വ് ആണവൾക്ക്.. എന്തു ചെയ്യാം.. വിചാരമില്ലാതെ അല്ല പറ്റണ്ടെ.. പരമാവധി ശ്രമിക്കുന്നുണ്ട്.. പക്ഷേ കച്ചവടം ഇല്ലാതെ എന്തു ചെയ്യും..

ഇതല്ലാതെ ഒരു തൊഴിൽ ഈ പ്രായത്തിൽ ആര് തരുന്നു.

അച്ഛൻ തുടങ്ങി വച്ച ബിസിനസ്സ് ഒരുവിധം നല്ലതുപോലെ പോകുകയും ചെയ്തിരുന്നു. അമ്മ മരിക്കുന്നത് വരെ അവൾക്കിത്രയും പക ഇല്ലായിരുന്നു. ഇപ്പൊൾ ഒരു തരം അവഹേളനമാണ്.

ആണായത് കൊണ്ട് ആർക്കും പരാതിയില്ല മറിച്ചായിരുന്നെങ്കിലോ… പീ ഢനം, സമ്മർദ്ദം.. വനിതാകമ്മീഷൻ.. അങ്ങിനെ നീണ്ടു പോകും..

ചോറുണ്ണാൻ പോലും വിളിക്കാതെ ആയി. വേണേൽ കഴിക്ക് എന്ന ഭാവം. ആര് വന്നാലും പറയാൻ ഈ ഒരു വിഷയം മാത്രം. “അതങ്ങ് വിറ്റൂടെ.., ആർക്ക് വേണ്ടി ഇതും കെട്ടിപ്പിടിച്ചിരിക്കുന്നു..

ഒരു മനുഷ്യൻ നിസ്സഹായൻ ആവുന്നത് ഏറ്റവും പരിതാപകരമായ അവസ്ഥയാണ്..
ഇന്ന് വരെ എല്ലാ കാര്യങ്ങളും നടത്തികൊണ്ടിരുന്ന ഒരാൾ പെട്ടെന്നു ഇടിഞ്ഞു വീഴുന്നത് എത്ര കഷ്ടമാണ്…

ആ കടയാണ് ജീവിതത്തെ മുന്നോട്ടു കൊണ്ടു പോയിരുന്നത്. വരുമാനം കുറയുമ്പോഴേക്കും തനിക്കതിനെ തള്ളിക്കളയാൻ പറ്റില്ല. അച്ഛൻ്റെ അധ്വാനം ആണത്.

അഥവാ ഇനി ഇത് കൊടുത്താൽ പിന്നെന്തു ചെയ്യും..? ഇന്ന്തുറക്കും നാളെതുറക്കും എന്ന് ആശ്വസിക്കാൻ അവശൃ സർവ്വീസും അല്ല.

തുടർന്നുള്ള ദിവസങ്ങളിലും ഭാരൃ കുറ്റംപറച്ചിൽ തുടർന്നു., കുട്ടികൾക്കു വേണ്ടി ആങ്ങളമാരുടെ ഔദാര്യം, പണിയില്ലാതെ അവളുടെ വീട്ടുകാരുടെ ചിലവു പറ്റി കൊണ്ടുള്ള ജീവിതം. ഇതൊക്കെ അറിയാത്തവർ ബന്ധുക്കളിൽ ആരും ഇല്ലാതായി.

മിക്കവാറും ഉണ്ണാൻ ചൊറെടുക്കുമ്പോഴാവും ആരെയെങ്കിലും ഫോണിൽ വിളിച്ചു പുച്ഛത്തോടെ തന്നെ കുറിച്ച് പറയുന്നത്.

മുന്നിലൂടെ കടന്നു പോകുമ്പോൾ മക്കൾ മുഖത്തേക്ക് നോക്കുന്നു പോലുമില്ല.

അധിക പറ്റായ ഒരു ജന്മം, ഒരു ഉപകാരവും ഇല്ലാതെ, വെറുതെ തിന്നാൻ മാത്രം.. എല്ലാം കേട്ടും അനുഭവിച്ചും തനിക്കു പോലും തന്നെ പറ്റാതെ വരുന്നുണ്ടോ എന്നു തോന്നി പോയി.

നെഞ്ചിൽ കൊള്ളുന്നു, ഉള്ളിൽ വല്ലാതെ പൊള്ളുന്നു,. പലപ്പോഴും അമ്മയും മക്കളും കൂടി ഉത്തരവാദിത്വമില്ലായ്മയെ ചോദ്യം ചെയ്യുന്നു.. ഉത്തരമില്ലാതെ മൗനത്തിലേക്ക് വഴുതി വീണിരിക്കുന്നു താൻ.

“ഇങ്ങനെ മുനിയെ പോലെ മിണ്ടാതിരുന്നാൽ എല്ലാം ആയോ? ഒന്നുകിൽ വിൽക്കണം, അല്ലെങ്കിൽ പുതിയ മോഡൽ ആക്കണം. കാശു വേണമെങ്കിൽ ലോൺ എടുക്കുകയോ ആങ്ങളമാരോട് ചോദിക്കുകയോ വേണം.”

ഒന്നും വേണ്ട, തനിക്ക് വിലയില്ലതായ വീട്ടിൽ താൻ ചെയ്യുന്ന ഒന്നിനും വില കാണില്ല.. അനുഭവങ്ങൾ പഠിപ്പിക്കുന്ന പാഠങ്ങൾ..

ഒറ്റപ്പെടൽ തനിയെ ഉണ്ടാകുന്നതല്ല. മറ്റുള്ളവർ ഉണ്ടാക്കിത്തരുന്നതാണ്.

അധികം താമസിയാതെ ഒരു പത്ര പരസ്യം കൊടുത്തു.

“കട സ്ഥലത്തോടെ വിൽപനക്ക്…”

ഏറ്റവും നല്ല രീതിയിൽ കച്ചവടം നടക്കുന്ന ദിവസം വരെ എല്ലാം ക്ഷമിച്ചു. ദിവസങ്ങൾ പോകുംതോറും ഹാളിൽ നിന്നും പൂമുഖത്ത് നിന്നും ഒഴിഞ്ഞു മാറാൻ ഉള്ള സിഗ്നലുകൾ കിട്ടി തുടങ്ങിയിരുന്നു… വീടെല്ലാം പെട്ടെന്നു ഐശ്വര്യമുള്ളവർ കയ്യടക്കി.

“ഒന്നും അറിയേണ്ട, ഉരുളി പണയം വെച്ച പോലെ അങ്ങിരുന്നാൽ മതിയല്ലോ” അവരുടെ മുൻപിൽ ഇതൊരു സ്ഥിരം പല്ലവി ആയി.

നിറയുന്ന കണ്ണുകൾ എല്ലാവരുടെ മുന്നിൽ നിന്നു മറയ്ക്കാൻ വല്ലാതെ പാടുപെട്ടു.

നല്ല ഒരു കൂട്ടുകാരില്ല, സമാധാനത്തോടെ ഒന്ന് പറയാൻ. അവഗണന അസഹ്യമാകുമ്പോൾ അച്ഛനെ കാണാൻ തോന്നും. ആ ഫോട്ടോയിൽ നോക്കി എണ്ണിപെറുക്കും..

കുറെ പേർ വിൽപ്പനക്കുള്ള കട തിരഞ്ഞു വന്നു. തരക്കേടില്ലെന്നു തോന്നിയ ഒരു കൂട്ടർക്ക് വാക്കു കൊടുത്തു.

ലോക്ഡൗൺ തുടങ്ങിയ മുതൽ കടയിൽ ഒറ്റക്കാണ്. പാത്രങ്ങൾക്കിടയിലൂടെ നടക്കുമ്പോൾ മിക്കവാറും കള്ളൻ പവിത്രനെ ഓർമ വരും. ഇരുട്ടിൽ പാത്രങ്ങളോടു സല്ലപിക്കുന്നവൻ.

വാങ്ങാൻ വന്നവർ കടയിലെ സാധനങ്ങൾ കൂടി വിലക്കെടുത്തു.. അതും ഒരു ഔദാര്യം..

അതിൽ ഏതോ ഒരു പൊരുളിന് കടുത്ത വില ആണത്രേ. കടയേക്കൾ വില. കൈ നിറയെ കാശുകിട്ടി. ഒരിക്കലും വിചാരിക്കാത്ത അത്ര.

വീട്ടിൽ എത്തിയപ്പോൾ ഭാര്യയും മക്കളും മൊബൈലുമായി ഓരോ മുക്കിലും ഇരിക്കുന്നു.

മുഖം കഴുകി വന്നു. മുറിക്കുള്ളിലേക്ക് കടക്കും മുമ്പ് ശ്വാസം ആഞ്ഞ് വലിച്ചു. ഭാര്യയെ പേരെടുത്തു വിളിച്ചു. ആദ്യം മൈൻഡ് ചെയ്തില്ലെങ്കിലും കയ്യിലെ പൊതി കണ്ടപ്പോൾ വാ തുറന്നു പിടിച്ചു അടുത്തെത്തി,

പൊതി അവളുടെ കയ്യിലേക്കിട്ട് കൊടുത്തു റൂമിൽ കേറി..

“ഇത് നിങ്ങൾ വിചാരിച്ചതിലും വലിയ തുകയുണ്ട്. എന്ത് വേണേൽ ചെയ്യാം” ഭാര്യ നോക്കി നിൽക്കെ വാതിൽ അടച്ചു, തിരിഞ്ഞു നിന്നു, കാർക്കശൃത്തോടെ പറഞ്ഞു.

“ഇനി ആരും ഈ മുറിയിൽ വരരുത്. ഞാൻ ഒരിക്കലും ഇവിടെ നിന്നും ഇറങ്ങുകയും ഇല്ല.”

അന്തം വിട്ടു നിന്ന ഭാര്യയോട്.., നിങ്ങൾ ആരും പേടിക്കേണ്ട, ഞാനിനി ആത്മഹത്യ കൂടി ചെയ്തുകളയുമോ എന്ന്.. ഇല്ല.. പറ്റുമെങ്കിൽ വൃത്തിയുള്ള തുണിയും അല്പം ആഹാരവും എന്നും തന്നേക്കൂ. അതും സൗകരൃപ്പെടുമെങ്കിൽ മാത്രം. ആരെങ്കിലും ചോദിച്ചാൽ ധൈര്യമായി കാരൃം പറഞ്ഞോളൂ, വിഷാദമോ, മറവിരോഗമോ ചിത്തഭ്രമോ എന്തും ആകാം.. ഞാൻ തിരുത്തില്ല… എങ്ങും പോകില്ല.. ഇനി പോയാൽ. നിങ്ങൾക്ക് ചങ്ങല വാങ്ങാം ഈ കട്ടിലിൽ തന്നെ ചുറ്റിയിട്ടോളൂ.”

എന്തോ പറയാൻ വന്ന ഭാരൃയോട് അതു ശ്രദ്ധിക്കാതെ പറഞ്ഞു..

ഞാൻ ഒന്ന് മയങ്ങട്ടെ…

അച്ഛനെ കാണണം.. എന്നിട്ടൊന്നു കരയണം.. പൊട്ടി പൊട്ടി കരയണം.. ഞാനിപ്പോൾ തനിച്ചാണ്.