അവളുടെ അഭാവം മുരളിക്ക് സുപരിചിതമായിരുന്നെങ്കിൽ എനിക്ക് അവളുടെ അഭാവം കനലിൽ കൂടെ ഉള്ള യാത്ര തന്നെയായിരുന്നു. പിന്നിടെപ്പോഴോ താനും അവളെ മറവിയിലേക്ക് തള്ളി വിട്ടു…….

_upscale

ഗീതിക

രചന: Aadhi Nandan

“താൻ ഏതാ… എന്ത് വേണം ഹൂം…”

ഒരു ചൂരലും പിടിച്ചു ഉണ്ടക്കണ്ണുകൾ വാലിട്ടെഴുതി ചുവന്ന ദാവണി വൃത്തിയായി ചുറ്റിയ പെണ്ണ്. ഇതിനു മുൻപ് ഇവിടെ എങ്ങും കണ്ടിട്ടില്ല .

അവളുടെ നിൽപ്പും ചോദ്യവും കേൾക്കെ ഒരു നിമിഷം ഒന്ന് ശങ്കിച്ച് പോയി. കൂടെ കുറേ കുട്ടി പടകളുമുണ്ട് .

“എടാ വിഷ്ണു നീ എന്താ അവിടെ തന്നെ നിന്ന് കളഞ്ഞേ… അകത്തേക്ക് വാടാ…..”

അപ്പോ തന്നെ അകത്തു നിന്നും മുരളി വന്നു ഇടക്ക് കേറിയിരുന്നു. അകത്തേക്ക് കേറുമ്പോഴും അവളെ കണ്ട അത്ഭുതം മിഴികളിൽ നിന്നും മാറിയിരുന്നില്ല.

“അല്ല മുരളി അത് ആരാ അവിടെ പുറത്ത്. ഇവിടെ ഇതിന് മുൻപ് കണ്ടിട്ടില്ലല്ലോ…”

“എടാ വിഷ്ണു അത് ഗീതീകയാണ്… എൻ്റെ സ്വന്തം പെങ്ങൾ ഗീതു. അവള് അവിടെ നിന്നും ഇങ്ങോട്ട് തിരികെ പോന്നു…

ഇനി ഇവിടെ കാണും. നീ ടൂറൊക്കെയായി രണ്ടാഴ്ച ഇവിടെ ഉണ്ടായിരുന്നില്ലല്ലോ അതാ അറിയാഞ്ഞേ..”

“അല്ല അതിനു ഓൾ എന്തിനാ ചൂരലും പിടിച്ചു ഉമ്മറത്ത് തന്നെ നിൽക്കുന്നത്. വരുന്ന മനുഷ്യന്മാരെ പേടിപ്പിക്കാനോ?”

“അവൾക്ക് ഇവിടെ ഇരുന്നിട്ട് സമയം പോകാത്തത് കൊണ്ട് അയൽ വക്കത്തുള്ള കുട്ടികൾക്ക് ട്യൂഷൻ എടുക്കുന്നതാണ്. നമ്മുക്ക് വേഗം പോകാം. അവളും അവരും കൂടെ ഉള്ള മേളം തുടങ്ങാറായി.”

“ഹാ വാ പോകാം ”മുരളി എൻ്റെ ഉറ്റ സുഹൃത്താണ്… അവരുടെ വീട്ടിൽ വത്സലാമ്മക്കും ഗോപിയച്ചനും രണ്ടു മക്കൾ മുരളിയും ഗീതു എന്ന ഗീതികയും.

വത്സലാമ്മയുടെ അനിയത്തിക്ക് മക്കൾ ഒന്നും ഇല്ലാത്തത് കൊണ്ട് ആദ്യം മുരളിയെ അവിടെയാക്കിയതാണ്.

പക്ഷേ കരഞ്ഞ് ബഹളം വെച്ച് അവൻ തിരികെ പോന്നു. അങ്ങനെ അവന് പകരം ഞങ്ങളുടെ ഒപ്പം കളിച്ചു നടന്ന കുട്ടി പാവാടക്കാരി ഗീതുവിൻ്റെ ജീവിതം ചെറിയമ്മയുടെ വീട്ടിലേക്ക് പറിച്ചു നട്ടു.

പയ്യെ പയ്യെ ആ പാവാടക്കാരി മറവിയിലേക്ക് സ്ഥാനം പിടിച്ചു. മുരളിയുമായി എന്നും കളിച്ചും ചിരിച്ചും ഒപ്പം ഒന്നിച്ചു പഠിച്ചും ഞങ്ങളുടെ ജീവിതം മുൻപോട്ട് പോയി.

അവധി കിട്ടുമ്പോഴൊക്കെയും ഗീതുവിനെ കാണാനായി അവർ ചെറിയമ്മയുടെ വീട്ടിലേക്ക് പോകുമായിരുന്നു. എല്ലായിപ്പോഴും അതാണ് പതിവ്.

ചെറിയമ്മുടെ കാലിന് വൈകല്യം ഉള്ളതിനാൽ തന്നെ ഒത്തിരി യാത്രയൊന്നും പറ്റില്ല. കാലം കടന്നുപോയി ഞങ്ങളും വളർന്നു . പക്ഷേ പിന്നീട് ഒരിക്കൽ പോലും അവളെ കണ്ടില്ല…

നാളുകൾക്ക് ശേഷം ഇന്നാണ് അവളെ കാണുന്നത്. തിരിച്ചറിയാൻ കഴിയാത്ത വിധം വളർന്നിരിക്കുന്നു. അവൾ മാത്രം അല്ല ഞങ്ങളും മുതിർന്നിരിക്കുന്നു.

“അപ്പോൾ എല്ലാം പറഞ്ഞത് പോലെ തീരുമാനങ്ങൾ കൈയ്യടിച്ചു പാസ്സാകാം അല്ലേ .”

ഒരു നേർത്ത ശബ്ദവും കയ്യടിയുടെ മുഴക്കവുമാണ് എന്നെ ചിന്തകളിൽ നിന്നും ഉണർത്തിയത്. ഒപ്പം തന്നെ എന്നെ കുലുക്കി വിളിച്ചു മുരളിയുടെ വക ഒരു ചോദ്യവും.

“എടാ… വിഷ്ണു നീ ഇത് ഏതു ലോകത്താണ്. എടാ നിന്നെ ഉത്സവം നടത്തിപ്പിൻ്റെ ഭാഗമായ യുവജന സംഘം പ്രസിഡൻ്റായി തിരഞ്ഞെടുത്തെന്ന്….”

ഒരു ഉഷാറില്ലാത്ത പുഞ്ചിരി എല്ലാവർക്കും സമ്മാനിച്ചുക്കൊണ്ട് വിഷ്ണു പതിയേ എഴുനേറ്റു… ശേഷം എല്ലാവർക്കും നേരെ തിരിഞ്ഞ് കൈ കൂപ്പി.

പിന്നീട് കാര്യങ്ങൾ എല്ലാം പെട്ടെന്ന് നീങ്ങി. ഒന്നിനും സമയം തികയുന്നില്ല. നിന്ന് തിരിയാൻ പോലും പറ്റാത്ത അവസ്ഥ. അമ്പലത്തിൽ കൊടി കയറി… ഉത്സവത്തിൻ്റെ ആരവങ്ങൾ നാട് ചുറ്റും പ്രകമ്പനം കൊള്ളിച്ചു.

എന്നാലും തൻ്റെ കണ്ണുകൾ പിന്നെയും പിന്നെയും അവളെ തേടി അലഞ്ഞു… ദിവസവും അവളിൽ താൻ ദേവിയെ കണ്ട് തൊഴുതെന്ന് തന്നെ പറയാം.

അവളിലും ഏറെ പ്രിയപ്പെട്ടവളായി മറ്റാരും തൻ്റെ ജീവിതത്തിലില്ല എന്ന് തോന്നിയ നിമിഷങ്ങൾ. മനസ്സിന് കുളിർമയും ഉന്മേഷവും പകരുന്നത് അവളുടെ ചിരികളായി മാറി കഴിഞ്ഞിരുന്നു.

ഒരാഴച്ചക്കിപ്പുറം അമ്പലത്തിലെ ഉത്സവ കണക്കുകളൊക്കെ ശരിയാക്കി മുരളിയെയും വീട്ടിലാക്കി പോകാമെന്ന് കരുതി ചെന്നപ്പോഴാണ് വത്സലാമ്മ നിർബന്ധം പറഞ്ഞു അകത്തേക്ക് കയറ്റിയത്.

അങ്ങനെ കുറച്ച് സമയം കൊച്ചു വർത്താമാനമൊക്കെ പറഞ്ഞു..

അമ്മയുടെ സൂപ്പർ ഇഞ്ചികട്ടനും അകത്താക്കി. ഒന്ന് മൂരി നിവർന്നെഴുന്നേറ്റ് വീട്ടിലേക്ക് പോകാൻ തിരിഞ്ഞു യാത്ര പറയുന്നതിനിടയിലാണ് എന്തിലോ ഇടിച്ചു വീണത്.

തൊട്ടടുത്ത നിമിഷം തന്നെ ഗീതു ചേച്ചി സാറ്റ് എന്ന് ഒരു കാറലും കേട്ടു. എഴുന്നേറ്റു നേരെ നോക്കിയ ഞാൻ കാണുന്നത് അവള് ഇപ്പൊ എന്നെ കൊ ല്ലും എന്ന് പറഞ്ഞു നിൽക്കുന്നതാണ്.

പതിയെ തൊട്ടപ്പുറത്ത് നിൽക്കുന്ന മുരളിയെ ഒന്ന് നോക്കി. അവിടെ നീ തീർന്നടാ തീർന്നു എന്ന ഭാവം.

ഓയ്… ഇവിടെ കമോൺ ഇനി കുറച്ചു നേരം ഞാൻ കഥ പറയാം. ഈ ഞാൻ മറ്റാരും അല്ലാട്ടോ മുരളിയാണ് നേരത്തെ വിഷ്ണു പറഞ്ഞില്ലേ.

ഇവിടെ ഇപ്പോൾ എന്ത് വേണമെങ്കിലും നടക്കും. ഞാൻ ഒരു കൊ ലപാതകത്തിന് ഉത്തരം പറയേണ്ടി വരുമോ ആവോ.

കാര്യം എന്താണെന്നല്ലേ, സാറ്റ് കളി എന്ന് പറഞ്ഞാൽ ഗീതു പിന്നെ അവിടുന്ന് പോരില്ല. ഓൾക്ക് അത്രയ്ക്കും ഇഷ്ടമാണ്.

പക്ഷേ അവള് ക്യാച്ചറാകില്ല. എന്നാൽ ക്യാച്ചറായ ആളെ ഇട്ട് വട്ടം കറക്കുകയും ചെയ്യും. അങ്ങനെ പിടികൊടുക്കാത്ത അവളെയാണ് ഇന്ന് അവൻ അറിയാതെ ഇടിച്ചിട്ടത്തും ഒരു കുരിപ്പ് കൃത്യ സമയത്ത് തന്നെ അവളെ സാറ്റടിച്ചതും.

അങ്ങനെ അവർ തമ്മിൽ പൂര തല്ലായി. അവസാനം വിഷ്ണു ഒരു കളിക്ക് അവൾക്ക് പകരം ക്യാച്ചറായി എല്ലാവരെയും കണ്ട് പിടിക്കണം എന്ന് തീർപ്പാക്കി.

അവൻ അമ്മ വിളിച്ചിട്ട് ഇങ്ങോട്ട് കയറാൻ തോന്നിയ സമയത്തെ പ്രാകികൊണ്ട് നിക്കകള്ളിയില്ലാതെ തല കുലുക്കി കാര്യങ്ങളും കളിയുടെ നിയമാവലിയും സമ്മതിച്ചു.

അങ്ങനെ കളി തുടങ്ങി… എന്ത് തന്നെ വന്നാലും ഒറ്റ ഒരെണ്ണത്തിനെ കൊണ്ടും സാറ്റ് അടിപ്പിക്കില്ല എന്ന് പറഞ്ഞു വിഷ്ണുവും കളിക്കുന്നുണ്ട്.

എല്ലാവരും പുറത്ത് വന്നിട്ടും അവള് മാത്രം ഇപ്പോഴും ഒളിവിലാണ്… അവൻ എത്ര ശ്രമിച്ചിട്ടും കണ്ട് പിടിക്കാൻ സാധിക്കുന്നില്ല. ഞാൻ മനസ്സിൽ ഊറി ചിരിക്കുന്നുണ്ട്.

കാരണം വേറെ ഒന്നും അല്ല എല്ലാത്തിനെയും സാറ്റ് അടിച്ചത് കൊണ്ടും അവൾക്ക് ക്യാച്ചറാകേണ്ടി വരത്തില്ല എന്ന് ഉറപ്പുള്ളത് കൊണ്ടും അവന് മനഃപൂർവം പണി കൊടുക്കുന്നതാണ് അവൾ.

അവനാണെങ്കിൽ എന്ത് വന്നാലും വിട്ട് കൊടുക്കില്ല എന്ന വാശിയിലും.

കുറച്ച് സമയത്തിനിപ്പുറം കുട്ടിപ്പട ബഹളം വെക്കാൻ തുടങ്ങി. വിഷ്ണു ചേട്ടൻ തോറ്റെന്ന് സമ്മതിക്ക് ഇല്ലെങ്കിൽ ചേച്ചി വരില്ലെന്നും പറഞ്ഞ്.

അവസാനം നിവർത്തികേട് കൊണ്ട് അവൻ തോൽവി സമ്മതിച്ചു.“ഗീതു ഞാൻ തോറ്റു… നീ പുറത്ത് വായോ…”

ഗതികെട്ട് അവസാനം വിഷ്ണു വിളിച്ചു പറഞ്ഞു.

കുറച്ച് സമയം കഴിഞ്ഞപ്പോൾ ദാ ഗീതു വൈക്കോൽ കൂനയുടെ ഉള്ളിൽ നിന്നും ലോകം കീഴടക്കിയ പോരാളിയെ പോലെ പുറത്ത് വരുന്നു. എന്നിട്ട് വിഷ്ണുവിനോട് ഒരു ഡയലോഗും.

” ഇനി നടക്കുമ്പോൾ സൂക്ഷിച്ചും കണ്ടും ഒക്കെ നടക്കണം… എല്ലാ ദിവസവും ഇത് പോലെ ഞങ്ങളുടെ കൂടെ കളിക്കാൻ കൂട്ടില്ല… ഹൂം…..”

വിഷ്ണു എന്നെ ദഹിപ്പിക്കുന്ന ഒരു നോട്ടവും നോക്കി ഒറ്റ പോക്കായിരുന്നു..

പിറ്റേന്ന് തൊടിയിലെ ബഹളം കേട്ട് പുറത്തേക്ക് വന്ന വിഷ്ണു കാണുന്നത് മാവിന് ചുറ്റും കൂടി നിന്ന് മാങ്ങ പെറുക്കുന്ന കുട്ടി പട്ടാളത്തെയാണ്.

എല്ലാത്തിനേയും അങ്ങോട്ട് ചെന്ന് ഓടിച്ചു വിട്ട് മാവിൻ്റെ മണ്ടക്ക് നോക്കിയപ്പോൾ കാണുന്നത് അവിടെ ഇരിക്കുന്ന ഗീതുവിനെയാണ്.

ദേഷ്യം കടിച്ചു പിടിച്ചു ഇറങ്ങാൻ പറഞ്ഞുകൊണ്ട് അവൾക്ക് നേരെ കൈ നീട്ടി.

അത് പുച്ഛിച്ചു കൊണ്ട് നിഷ്പ്രയാസം താഴേക്ക് ചാടി നേരെ നിന്ന് മ ടി കു ത്തിൽ കേ റ്റി കു ത്തിയ ദാവണി നേരെയാക്കി മുടും തട്ടി പിന്നെയും ഒരു കൊട്ട പുച്ഛം അവൾ എനിക്ക് നേരെ വിതറി.

പിന്നെ ഞെട്ട് പൊട്ടിച്ച് അവള് താഴേക്കിട്ട മാങ്ങ പെറുക്കി എടുത്തു.

” ഇന്നാ മാങ്ങാ… കൊതിയന് തരാതെ തിന്നിട്ട് ഇനി വയറിന് അസുഖം ഒന്നും വരണ്ട…”

അവളുടെ പറച്ചിലും നിൽപ്പും കണ്ട് എനിക്ക് ചിരി പൊട്ടി. ഞാൻ ചിരിക്കുന്നത് കണ്ട് അവളും കൂടെ ചിരിച്ചു. പിന്നെ ഞാൻ കൈ നീട്ടി മാങ്ങ വാങ്ങി. പതിയെ ഒന്നിച്ചു വരമ്പിൽ കൂടെ നടക്കാൻ തുടങ്ങി.

” അല്ല കുരിപ്പേ… നിനക്ക് പേടിയില്ലെ.. ഇങ്ങനേ മരത്തിൽ നിന്നും ചാടാനും കേറാനും അതും ഈ ദാവണിയും ചുറ്റി”

” കൊക്ക് എത്ര കുളം കണ്ടതാ എന്ന് പറയുമ്പോലെ ഈ ഗീതു എത്ര മരവും മതിലും കണ്ടതാ… വേണ്ടി വന്നാൽ ഓടും പൊളിക്കും…. ഹഹഹ”

“ഓഹോ”

“ആഹാ ”

“എടി കാന്താരി നിന്നെ ഉണ്ടല്ലോ”

“ഓ ഓ …..എങ്കിൽ വിഷ്ണു ഏട്ടാ ഞാൻ പോട്ടെ നല്ല വിശപ്പ്… പിന്നെ കാണാം ”

” വാടി ഇന്ന് ഇവിടെ നിന്നും കഴിക്കാം”

“വേണ്ടാ വേണ്ടാ… ഇന്നെനിക്ക് ചൂട് പൂരിയും കടല കറിയും വേണമെന്ന് പറഞ്ഞ് വാശി പിടിച്ചിട്ട് അമ്മ അത് ഉണ്ടാക്കുന്ന തക്കത്തിലാണ് ഞാൻ മാങ്ങ പറിക്കാൻ പോന്നത്.

ഞാൻ പോണ് പിന്നെ കാണാം… റ്റാറ്റാ വിഷ്ണു ഏട്ടാ…”

അവള് ഓടി പോകുന്നതും നോക്കി ആ വരമ്പിൻ്റെ ഓരം ചേർന്ന് താനും ഇടം പിടിച്ചു.

പയ്യെ ഓർമ്മകൾ പിന്നിലേക്ക് സഞ്ചരിച്ചു.

കൃഷ്ണ മഠത്തിൽ യശോധക്കും രാമകൃഷ്ണനും ഒത്തിരി നാളത്തെ പ്രാർത്ഥനയ്ക്കും വഴിപാടുകൾക്കും ഒടുവിൽ ജനിച്ച സന്താനമാണ് വിഷ്ണു. സന്തോഷവും നന്മയും നിറഞ്ഞു നിന്ന നാളുകൾ.

പക്ഷേ വിഷ്ണുവിൻ്റെ മനസ്സിൽ മാത്രം എപ്പോഴോ മുള പൊട്ടിയ ആഗ്രഹ മായിരുന്നു തനിക്കും ഒരു കുഞ്ഞനുജത്തി വേണമെന്ന്.

പക്ഷേ ഒരിക്കലും നടക്കാത്ത മോഹമായി അത് നിലനിന്നു. അങ്ങനെ ഇരിക്കെയാണ് തൻ്റെ പ്രിയപ്പെട്ട സുഹൃത്തിന് അനുജത്തി ജനിക്കുന്നത്…

തനിക്കും ആഹ്ലാദത്തിൻ്റെ ദിനങ്ങളായിരുന്നു അത്. ഊണിലും ഉറക്കത്തിലും ഒന്നിച്ചായിരുന്ന തൻ്റെ സുഹൃത്തിൻ്റെ കുഞ്ഞനുജത്തി തനിക്കും സഹോദരിക്ക് തുല്യം തന്നെ.

അവളെ കളിപ്പിച്ചും കൂടെ ഇരുന്നു നോക്കിയും താനും മുരളിയും സമയം ചിലവഴിച്ചു. തൻ്റെയും അവൻ്റെയും ലോകം അവളായി മാറിയ ദിനങ്ങൾ.

ആ ഇടക്കാണ് മുരളിയെ കുഞ്ഞമ്മയുടെ അടുത്തേക്ക് വിടുന്നത്. അവൻ്റെ അഭാവം തന്നെ തെല്ലു ബാധിച്ചെങ്കിലും അവളുടെ കളി ചിരികൾ അത് പെട്ടന്ന് തന്നെ മായിച്ചു കളഞ്ഞു.

അവൾക്ക് നാല് വയസ്സായപ്പോൾ മുരളി ഇങ്ങോട്ട് വരികയും അവളെ അങ്ങോട്ട് വിടുകയും ചെയ്തു. അന്ന് ആ ദിവസങ്ങളിൽ താൻ കരഞ്ഞ് തീർത്ത കണ്ണീരിന് കൈയ്യും കണക്കുമില്ല.

അവളുടെ അഭാവം മുരളിക്ക് സുപരിചിതമായിരുന്നെങ്കിൽ എനിക്ക് അവളുടെ അഭാവം കനലിൽ കൂടെ ഉള്ള യാത്ര തന്നെയായിരുന്നു. പിന്നിടെപ്പോഴോ താനും അവളെ മറവിയിലേക്ക് തള്ളി വിട്ടു.

വർഷങ്ങൾക്കിപ്പുറം പിന്നെയും താൻ ആ കൊച്ചു വിഷ്ണുവും അവള് കുറുമ്പും കുസൃതിയും നിറഞ്ഞ കൊച്ചു ഗീതുവുമായി മാറുന്ന പോലെ ഒരു തോന്നൽ. മനസ്സിൽ അനുഭവിക്കുന്ന ആനന്ദത്തിന് അളവില്ല എന്ന് തന്നെ പറയാം .

പയ്യെ.. പയ്യെ… ഗീതുവും വിഷ്ണുവും കുട്ടിപ്പടയും ചേർന്ന് അവരുടെ ഒരു ലോകം തന്നെ പണിതുയർത്തി.

സാറ്റ് കളിയും ഗോലി കളിയും മാവിലും പ്ലാവിലും ചാമ്പയിലും അങ്ങനെ അങ്ങനെ അവർ കൈ വെക്കാത്താതായി ഒന്നും തന്നെ ആ തൊടിയിലും വരമ്പിലും ഇല്ലാ എന്ന് പറയുന്ന അവസ്ഥ.

ജനലിൽ തുരുതുരെ മുട്ടുന്ന ശബ്ദം കേട്ട് ഞാൻ ഉണർന്നു. സമയം നോക്കിയപ്പോൾ പാതിരാത്രി 1: 30… ജനല് തുറന്നപ്പോൾ ദാ നിൽക്കുന്നു നമ്മുടെ സ്വന്തം കാന്താരി ഗീതു .

“അല്ല നീ ഇത് എന്താ ഈ നേരത്ത് ഇവിടെ….” കണ്ണ് തിരുമി അവളെയും നോക്കി അവൻ ചോദിച്ചു…

” നിന്ന് കണ്ണ് തിരുമാണ്ട് പോയി ഡ്രസ്സ് ഇട്ട് ശബ്ദം ഉണ്ടാക്കാതെ പുറത്തേക്ക് വാ…”

” പിന്നെ… ഈ നട്ട പാതിരായ്ക്ക് ഒരുങ്ങി കെട്ടി ആരെ കാണാനാണ്… ”” ഇജ്ജ്‌നെ കെട്ടിക്കാൻ… നിന്ന് കുശലം ചോദിക്കാണ്ട് ഇങ്ങ് വാ വിഷ്ണു ഏട്ടാ…”

കയ്യിൽ കിട്ടിയ ഒരു ഷോർട്ട്സും ബനിയനും ഇട്ട് പുറത്തിറങ്ങി. അവളും ഒരു ട്രാക്ക് സൂട്ടും ടീ ഷർട്ടുമാണ് വേഷം .

” എൻ്റെ പൊന്നു കൊച്ചെ നിനക്ക് ഉറക്കം ഒന്നുമില്ലേ. ഈ രാത്രി ഇങ്ങനെ നടന്നാൽ വല്ല പ്രേതവും പിടിക്കും…”

” ഓ എന്നെക്കാളും വലിയ പ്രേതം ഒന്നും കാണില്ല. വിഷ്ണു ഏട്ടന് പേടി ഉണ്ടെങ്കിൽ അത് പറ…”

” ഒന്ന് പോടി… അല്ലാ എങ്ങോട്ടാണ് ഈ രാത്രിയിൽ… എന്താണ്‌ ഉദ്ദേശം…”

“വിഷ്ണു ഏട്ടനെ ഒന്ന് പീ ഡി പ്പിക്കാന്ന് കരുതി എന്തേ…. മിണ്ടാണ്ട് അങ്ങോട്ട് നടക്ക്….”

പിന്നീട് വിഷ്ണു ഒന്നും മിണ്ടിയില്ല… കാരണം ഇനിയും അവളുടെ വായിൽ നിന്നും ഒന്നും കേൾക്കാനുള്ള കെൽപ്പ് തനിക്ക് ഇല്ലെന്ന് അവന് തന്നെ അറിയാം.

ബെല്ലും ബ്രേക്കും ഒന്നും അവളുടെ നാവിൻ്റെ ഏഴ് അയലത്ത് കൂടെ പോയിട്ടില്ല.

കുറച്ച് ദൂരം നടന്നപ്പോൾ കൂടെ മുരളിയും കൂടി. അവിടെ തന്നെ മുന്ന് ബുള്ളറ്റും ഇരിപ്പുണ്ട്. ഒന്ന് എൻ്റെ പിന്നെ ഗീതുവിൻ്റെയും മുരളിയുടെയും.

” ഓഹോ അപ്പോ റയ്ഡ് പോകാനുള്ള പരിപാടി ഒപ്പിക്കാൻ പോയത് കൊണ്ടാണ് നിന്നെ ഇന്ന് കാണാതിരുന്നത് അല്ലേടാ മുരളി..”

” നിന്നോട് പറഞ്ഞാലും നീ സമ്മതിക്കില്ല എന്ന് അറിയാമായിരുന്നു… അതുകൊണ്ട് ഞാനും ഇവളും കൂടെ എല്ലാം അങ് സെറ്റാക്കി..”

“അല്ല അപ്പോ എൻ്റെ വണ്ടിയുടെ താക്കോൽ എങ്ങനെ..” അതും ചോദിച്ചു വിഷ്ണു രണ്ടു പേരെയും സസൂക്ഷ്മം നോക്കി

” ചോദിച്ച് ബുദ്ധിമുട്ടണ്ട അത് ഞാൻ സന്ധ്യക്ക് വീട്ടിൽ വന്നില്ലേ അപ്പോ പൊക്കി. പിന്നെ അമ്മയോട് ഗേറ്റ് ലോക് ചെയ്യണ്ട എന്നും പറഞ്ഞു. എന്നിട്ട് വിഷ്ണു ഏട്ടൻ കിടക്കാൻ പോയപ്പോൾ പതിയേ വന്നു ബുള്ളറ്റ് തള്ളി കൊണ്ട് പോന്നു…”

” എടി എടി ബുള്ളറ്റ് കള്ളി…”

” എന്തോ….. വാ വന്നു വണ്ടി എടുക്കു… ഇല്ലെങ്കിൽ അടി കൂടി നേരം വെളുപ്പിക്കേണ്ടി വരും… വേഗം പോകാം…”

ഇനിയും അവരുടെ യാത്ര തുടരും… സൗഹൃദത്തിൻ്റെയും സാഹോദര്യത്തിൻ്റെയും ഒരു അനന്തമായ യാത്രാ… ചില ബന്ധങ്ങൾ അങ്ങനെയാണ് രക്ത ബന്ധമല്ലെങ്കിലും ഹൃദയം കൊണ്ട് ഒന്ന് ചേരുന്നവർ.

നമ്മുടെ ജീവിതത്തിലും കാണും ഇതുപോലുള്ള സുഹൃത്ത് ബന്ധങ്ങൾ. നമ്മെ അറിയുന്ന നാം അറിയുന്ന മനോഹരമായ ബന്ധം.

ബന്ധനങ്ങളില്ലാത്ത ബന്ധങ്ങൾ..