അവളവനെ ഇരു കൈകളിൽ എടുത്തു ഉയർത്തി ആ മഴത്തുള്ളിയോട് ചേർത്ത് വട്ടം കറങ്ങുമ്പോൾ അവൻെറ കുഞ്ഞു ചിരിക്ക് എന്തൊരു ഭംഗിയിയിരുന്നു……

എഴുത്ത്:- മനു തൃശൂർ

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…

ഒരു മഴക്കാലത്തിൻ്റെ ഓർമ്മയ്ക്കായി..

അപ്പൂ….

മോനെ അപ്പൂ…അമ്മേടെ ചക്കര ഇതുവരെ ഉണർന്നില്ലേ…

ടാ.. അപ്പു …

സ്കൂളിൽ പോകാൻ സമയമായി…ഒന്ന് വേഗം എഴുന്നേറ്റു വന്നെ….

അമ്മ ദോശയും, സാമ്പാറും ഉണ്ടാക്കി വെച്ചിട്ടുണ്ട്… കുളിച്ചു വന്നു കഴിച്ചിട്ടു വേഗം റെഡിയാക്.

അവൾ അവനെ തട്ടിയുണർത്തി കൊണ്ടിരുന്നു..

അമ്മേ ഞാനിന്ന് സ്കൂളിൽ പോണില്ലമ്മേ..നല്ല മഴയല്ലെ.. .

എനിക്ക് തണുത്തിട്ടു വയ്യാ…

ഞാൻ സ്കൂളിൽ പോയ അമ്മ പിന്നെ ഒറ്റയ്ക്ക് അല്ലെ … ഈ മഴയത്തു എൻെറ അമ്മ തനിച്ചിരുന്ന പേടിക്കൂലേ ?

അതുകൊണ്ട് ഞാനിന്ന് പോണില്ല അമ്മയ്ക്കു കൂട്ടിരിക്കാലോ…..

അയ്യോ എൻറെ കൃഷ്ണ….

എനിക്ക് കൂട്ടിരിക്കുന്ന ഒരാൾ…

മടി കളഞ്ഞു വേഗം വേഗം സ്കൂളിൽ പോകാൻ നോക്കെൻെറ അപ്പു

ഞാനിന്ന് സ്ക്കൂൾ പോണില്ല..

അപ്പൂ എനിക്ക് ദേഷ്യം വരുന്നുണ്ട്…

മഴയൊന്നു സരമില്ല എല്ലാവരും പോകുന്നുണ്ടല്ലോ…

നീ അവർക്ക് ഒപ്പം പോയാ മതി. ..

വെറുതെ അവധിയെടുത്തു ഒരു ദിവസം കളയുന്നതെന്തിനാ..

അമ്മ ഒറ്റയ്ക്കല്ലെ അമ്മേ..

അതുപ്പോൾ എന്നും അമ്മ ഒറ്റയ്ക്ക് ആണല്ലോ ..

എനിക്ക് പിന്നെ അടുക്കളയിൽ പിടിപ്പതു ജോലിയുണ്ട്..

നീ ഇവിടെ ഇരുന്നാൽ അമ്മേടെ ജോലി കൂടുകയേയുള്ളൂ…

സ്കൂളിൽ പോകാതെ മഴവെള്ളത്തിൽ കളിക്കാനല്ലേ.. വേഗം റെഡി ആയിക്കോ

ഇല്ലേൽ ഞാനച്ഛനെ ഫോൺ ചെയ്തു പറയും..

ദേഷ്യവും സങ്കടവും കൊണ്ട് മനസ്സില്ല മനോസ്സോടെ ആണ് അവനന്ന് ഇറങ്ങി പോയത്..

അപ്പോഴേക്കും മഴ കുറച്ചു തോർന്നിരുന്നു..

ആ ചാറ്റൽ മഴയിൽ കൈയ്യിലെ കുട നിവർത്താത അവൻ ഇറങ്ങി പോയി..

മോനെ കുട നിവർത്തി പിടിക്കെടാ..

അവൻ അതു കേൾക്കാത്ത പോലെ നടന്നു…

സൂക്ഷിച്ചു പോണേ…

ഇന്നലെ രാത്രിയിൽ നല്ല മഴയാരുന്നു… പുഴ നിറഞ്ഞു കാണും…

പടിപ്പുരഎത്തിയപ്പോൾ അവനൊന്നും തിരിഞ്ഞു നോക്കി..

അപ്പോൾ ആ കുഞ്ഞി കണ്ണിൽ എന്തോ ഒരു പ്രതേക ഭാവം മിന്നി മാഞ്ഞുവോ…

ആ നോട്ടത്തിൽ ഒരു ദയനീയത പോലെ… ഒരു നിമിഷം ഉള്ളിൽ ഒരു പിടച്ചിൽ…

അവന്റെ നിഴൽ കണ്ണിൽ നിന്നും മായും വരെയും അവൾ നോക്കി നിന്നു…

മഴ അപ്പോഴേക്കും ശക്തമായി പെയ്തു തുടങ്ങിയിരുന്നു..

എൻറെ അപ്പു കുട നിവർത്തി കാണുമോ..അവൾക്ക് അതോർത്ത് വല്ലാത്ത സങ്കടം തോന്നി…

അവൻ ഇറങ്ങി പോയപ്പോൾ ആണ് അവിടെ നിറഞ്ഞു നിന്ന ശൂന്യത അവൾ അറിഞ്ഞത്

.ഒരുപാട് ആളുകൾക്കിടയിൽ നിന്നു പെട്ടെന്ന് ഒറ്റയ്കായ പോലെ… .

മനസ്സിൽ ഒരു ഭീതി… ശരീരം തണുത്ത മരവിച്ച പോലെ.. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അവസ്ഥ

ഇന്ന് അവനെ വിടേണ്ടായിരുന്നു… പക്ഷെ വെറുതെ ഇവിടെ ഇരുന്നിട്ടു മഴ വെള്ളത്തിൽ കളിക്കാനാകും .

അവളാ മഴയിലേക്ക് നോക്കി…

അകലെ എവിടേയോ അവൻെറ നിഴൽ മറയാതെ അകലുന്നുണ്ട് എന്നൊരു തോന്നാൽ..

അവന് മഴ ഭയങ്കര ഇഷ്ട്ടമാണ്…

മഴയുള്ള ദിവസം അവളുടെ കണ്ണു വെട്ടിച്ചു എങ്ങനെയും അവൻ മുറ്റത്തിറങ്ങിയിരിക്കും..

അങ്ങനെ രണ്ടു വയസ്സ് ഉള്ളപ്പോൾ ഒരു മഴയുള്ള ദിവസം അവൻ മുറ്റത്ത് ചെളിയിലിരുന്നു കളിക്കുന്നത് കണ്ട് തല്ലാൻ വടിയുമായി ചെന്ന അവളുടെ ദേഹത്ത് വെള്ളം തട്ടി തെറിപ്പിച്ചിട്ടു പൊട്ടി ചിരിക്കുന്ന അവന്റെ മുഖം അവളുടെഓർമയിൽ തെളിഞ്ഞു.. …

മുഖത്തു ആ നനഞ്ഞ കുഞ്ഞി കൈകൾ കൊണ്ട് ആമർത്തിയിട്ട്… അമ്മേ തണുപ്പിച്ചു..എന്ന് പറഞ്ഞു പൊട്ടി ചിരിക്കുവായിരുന്നു അവൻ

അന്ന് അവളും അവനൊപ്പം ആ മഴ ആസ്വദിച്ചു…

അവളവനെ ഇരു കൈകളിൽ എടുത്തു ഉയർത്തി ആ മഴത്തുള്ളിയോട് ചേർത്ത് വട്ടം കറങ്ങുമ്പോൾ അവൻെറ കുഞ്ഞു ചിരിക്ക് എന്തൊരു ഭംഗിയിയിരുന്നു..

എന്തൊരു കിലുക്കമായിരുന്നു..

വാരിയെടുത്തു നെഞ്ചോട് ചേർത്തു അവൾ ഉമ്മകൾ നൽകുമ്പോൾ അവൻ കാലിട്ടടിക്കുവായിരുന്നു. ..

ഓർത്തപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു…

ആർത്തലച്ച് പെയ്യുന്ന ആ മഴയിലേക്ക് നോക്കി അവളവനെ നീട്ടിവിളിച്ചു..

അപ്പൂ…മോനെ അപ്പൂ…

പക്ഷെ അവൻ ഒരുപാട് അകലേക്ക് മറഞ്ഞിരിക്കുന്നു..

പാവം എൻറെ കുട്ടി അവനിഷ്ടമില്ലാരുന്നേ ഇന്ന് വിടേണ്ടിയിരുന്നില്ല…

അവൾ മെല്ലെ അകത്തേക്ക് തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോഴാണ് ചുമരുകളിൽ ചില്ലിട്ടു വെച്ച അവൻറെ കുഞ്ഞു ഫോട്ടോകളിൽ മിഴിയുടക്കിയത്….

കൈയെത്തിച്ചു അതിൽ നിന്നു ഒരു ഫോട്ടോ എടുത്തു സാരിയുടെ തുമ്പ് കൊണ്ട് അതിലെ പൊടികൾ തുടച്ചു ആ മഴയ്ക്കൊപ്പം ഉമ്മറ തിണ്ണയിൽ ഇരുന്നു
അവനെ മഴ കാണിച്ചു കൊടുത്തിരുന്നു….

ആ നിമിഷം അവളുടെ ഉള്ളിലെവിടെയോ ഒരു സങ്കട പെരുമഴ പെയ്തു തുടങ്ങിയിരുന്നു..

അന്നവൾ ആ ഇരിപ്പ് അങ്ങനെ തന്നെയിരുന്നു.

ആ മഴ തോർന്നതെയില്ല ആ കുളിരേറിയേറി വന്നു ….

ഇടയ്ക്കെപ്പോഴോ ഒരു മയക്കത്തിലേയ്കാഴ്ന്നു.. അമ്മേ… അമ്മേ.. എണിയ്ക്കമ്മേ… അപ്പൂസിനു വിശക്കുന്നു… അമ്മേ… കണ്ണ് തുറക്കമ്മേ…

അവൾ ഞെട്ടി കണ്ണ് തുറന്നു…

വൈകുന്നേരം ആയിരിക്കുന്നു… അപ്പൂസ് വരാൻ സമയമായി അവൾ പടിപ്പുരയിലേയ്ക് നോക്കി…

ആദ്യം വന്നത് അടുത്തുള്ള മാധവേട്ടനായിരുന്നു…

ഞാൻ പെട്ടെന്നെഴുനേറ്റു മാധവേട്ടന്റെ പിന്നിലേയ്ക് നോക്കി… വൈകുന്നേരം അപ്പുവിനെ കൊണ്ട് വന്നാക്കുന്നത് അയാളായിരുന്നു..

അപ്പു എവിടെ മാധവേട്ട.. ഞാൻ പിറകിലേക്ക് നോക്കി എൻറെ അപ്പു വരുന്നുണ്ടോ…. ഇനി രാവിലത്തെ പരിഭവം കൊണ്ട് മറഞ്ഞു നില്കുവാണോ…

മോനെ.. അപ്പു വാടാ….അവൾ സങ്കടം കൊണ്ട് പടിപ്പുരയിലേയ്ക് നോക്കി വിളിച്ചു.. പക്ഷെ ഇല്ലാ എന്റെ അപ്പു അവിടെയെങ്ങുമില്ലെന്നറിവ്‌ അവളുടെ കണ്ണിൽ ഇരുട്ട് നിറച്ചു….

മാധവേട്ടൻ ആ മഴയിൽ മുറ്റത്ത് തന്നെ മൗനമായ് നിന്നതെയുള്ളു… വീണ്ടും വീണ്ടും ആളുകൾ മുറ്റത്തേക്ക് വരുന്നത് കണ്ടു എന്തോ പേടി ആയി തുടങ്ങിയിരുന്നു

ആ മഴയിലേക്ക് ഇറങ്ങി അയാളുടെ ഷർട്ടിൽ പിടിച്ച് കുലുക്കി

എൻറെ അപ്പു എവിടെ ചോദിക്കുമ്പോൾ അവളുടെ സ്വരങ്ങൾക്ക് ഇടർച്ച വീണിരുന്നു……..

അയാൾ ഒന്നും പറയാതെ തോളിൽ കിടന്ന തോർത്ത്‌ കൊണ്ട് വാ പൊത്തി കരഞ്ഞു …

അവളാ നിമിഷം വല്ലാത്തൊരു ഭീതി നിറഞ്ഞ മുഖമോടെ പിന്നോട്ട്..നീങ്ങി…

ഇരു കൈകൾ കൊണ്ടും അയാളെ പിടിച്ചുലച്ചു കൊണ്ട് അലമുറയിട്ടു…

പറ മാധവേട്ട എന്റെ അപ്പു എവിടെ…
അപ്പോഴേക്കും കരച്ചിൽ ഒരു നിലവിളിയായി മാറി…

എന്റെ പൊന്നു മോളെ മാധവേട്ടൻ പൊട്ടി കരഞ്ഞു…

ആ മുറ്റത്തേയ്ക്ക് വീണ്ടും വീണ്ടും ആളുകൾ ഒറ്റയ്ക്കും കൂട്ടമായും വന്നു കൊണ്ടേയിരുന്നു….

അവളുടെ ഉള്ളം ഭീതികൊണ്ട് വിറയ്ക്കാൻ തുടങ്ങി….

എന്തോ ആപത്തു സംഭവിച്ചിരിക്കുന്നു…

കേറി വരുന്ന ഓരോ മുഖങ്ങളിലും അവൾ അപ്പൂനെ തിരഞ്ഞു…

എല്ലാവരും എന്താ ഇവിടേയ്ക്കു വരുന്നു… നിങ്ങളാരേലും എന്റെ അപ്പൂനെ കണ്ടോ…

ഒരു ഭ്രാന്തിയെ പോലെ ഓരോരുത്തരുടെയും നേർക്കു നോക്കി ചോദിച്ചു കൊണ്ട് കയറി വരുന്ന ഒരോരുത്തരിലേക്കും അവളോടിയെത്തി….

ആ മഴയിൽ രവി കയറി വരുന്നത് കണ്ടപ്പോൾ അവളാകെ തളർന്നു പോയി…

അയാൾ കയറി വരുമ്പോൾ അവളേക്കാൾ മുന്നെ അയാൾക്ക് അപ്പുവിനെ കാണണമായിരുന്നു…

അവന് കൊടുക്കാൻ എന്തെങ്കിലും പലഹാര പൊതിയും അയാളുടെ കൈയിൽലുണ്ടാകും

അവൾ അയാളെ നോക്കി വിതുമ്പി അപ്പുവന്നില്ലല്ലോ… ഈശ്വര രവിയേട്ടനോട് ഞാനെന്താ പറയും…

എൻറെ അപ്പു എവിടെയടാ മോനെ നീ. അപ്പൂന് എന്ത് പറ്റിയെടാ കണ്ണാ.. .

അമ്മയോട് പിണങ്ങി നില്കാതെ ഒന്നു വാടാ പൊന്നെ…

ഇനി എന്റെ മോനു ഇഷ്ടം ഇല്ലേഅമ്മയിനി സ്കൂളിൽ വിടില്ലെടാ…

എന്റെ കണ്ണനല്ലേ….ഒന്നും വാടാ…. എന്റെ പൊന്നിനെ കാണാഞ്ഞിട് അമ്മയ്ക്കു വയ്യെടാ…

രവിയേട്ട…. നമ്മുടെ മോൻ വന്നില്ല ഏട്ടാ… ഇതുവരെ… ഏട്ടൻ ഒന്നു പോയി നോക്കു നമ്മുടെ ജീവനല്ലെ ഏട്ടാ..

എന്നോട് ഇന്ന് പോണില്ല പറഞ്ഞയ അവൻ… ഞാൻ നിർബന്ധിച്ചു വിട്ടയാ… വേണ്ടായിരുന്നു ഒന്നും വേണ്ടായിരുന്നു..

ഭ്രാന്തിയെ പോലെ പുലമ്പുന്ന അവളെ അയാൾ നെഞ്ചോട് ചേർത്ത് പിടിച്ചു പൊട്ടി കരഞ്ഞു…

നമ്മുടെ മോനിനി വരില്ലെടി… നമ്മളെത്ര കരഞ്ഞു വിളിച്ചാലും വരില്ല…

ഞെട്ടിയകന്നു അവൾ അയാളുടെ മുഖത്തേയ്ക്കു നോക്കി…. എന്താ പറഞ്ഞു… രവിയേട്ടൻ എന്താ ഇപ്പോൾ പറഞ്ഞു…

ആര് പറഞ്ഞു അവൻ വരില്ലെന്ന്…

ഞാൻ വിളിച്ചാൽ അവൻ വരും.. എന്റെ അപ്പൂന് അവന്റെ അമ്മേ കാണാതെയിരിക്കാനാകില്ല…

അതു കേട്ട് അയാൾ അവളെ ഒന്നും കൂടെ മുറുകി പിടിച്ചു…

ആ കാഴ്ച്ച കണ്ടു നിന്നവരുടെയെല്ലാം കണ്ണിൽ ഈറനണിയിച്ചു…

അവളുടെ കണ്ണിൽ ഇരുട്ട് കേറുന്ന പോലെ… ബോധം വേർപെട്ട് അകന്നു തളർന്ന ശരീരം ആരൊക്കെയോ താങ്ങി പിടിച്ചു

അകത്തേയ്ക്കു കൊണ്ട് കിടത്തു….

അയാൾ ആ ഉമ്മറ പടിയിൽ തളർന്നിരുന്നു പൊട്ടി കരഞ്ഞു..

ബോഡി എപ്പോളാ കൊണ്ട് വരിക…

പോസ്റ്റ്മോർട്ടം കഴിഞ്ഞു നാളെ രാവിലെ കിട്ടു..

എങ്ങനെയായിരുന്നു സംഭവം

രാവിലെ കുട്ടികളോടൊത്തു സ്കൂളിൽ പോയതാ…

കാൽ വഴുക്കി പുഴയിൽ വീണു..

ഇന്നലെ മുതൽ തകർത്തു പെയ്യുന്ന മഴയല്ലേ.. നലൊഴുകുണ്ടായിരുന്നു… കൂടെ ഉള്ള കുട്ടികൾ കരഞ്ഞു വിളിച്ചു..

വഴിയിൽ പോയ ആരൊക്കെയോ ചേർന്ന് തിരഞ്ഞു കിട്ടാതെയായപ്പോൾ പോലീസിൽ അറിയിച്ചു… വൈകുന്നേരമായപ്പോൾ കിട്ടി…

ഇങ്ങനെ ഒരു വിധിയാകാം ഈശ്വരൻ വിധിച്ചത്

കൂടി നിന്നവർ പരസ്പരം പറഞ്ഞു
ആശ്വസിക്കുന്നത് കേട്ട്…അയാളുടെ നെഞ്ചു പൊട്ടി..

എന്റെ മോൻ ആ നിമിഷം എന്തോരും പേടിച്ചു കാണും…

ആ നിമിഷം അവൻ അച്ഛനെയും അമ്മയെയും കാണാൻ കൊതിച്ചു കാണില്ലേ.

ഓർത്തപ്പോൾ അയാൾ പൊട്ടിക്കരഞ്ഞു…

എന്താ രവി നീ കൂടി തളർന്നാൽ അവൾക്ക് ആരാണ്…

അയാളുടെ മൂത്ത സഹോദരൻ രവിയെ സ്വന്തം ദ്ദേഹത്തോട് ചേർത്തുപിടിച്ച് ചോദിച്ചു

ഞാൻ ഞാൻ എങ്ങനെ സഹിക്കും ഏട്ടാ…

അകത്തെ മുറിയിൽ തളർന്നു ഉറങ്ങുന്ന അവളുണരുമ്പോൾ ഞാൻ എന്താ പറയുക…

നമ്മുടെ കുഞ്ഞു പോയെന്ന് ഞാനവളോടെങ്ങ്നെ പറയും …. അയാൾ വിതുമ്പി കരഞ്ഞു…


നനഞ്ഞ മണ്ണിനെ ഞെരിച്ചമർത്തി കൊണ്ട് ഒരു ആംബുലൻസ് സാവധാനം പടിപ്പുര കടന്നു വന്നു നിന്നു…

രവിയിൽ ഒരാളളുണ്ടായി… എന്റെ മോൻ.. അച്ഛാ എന്ന് വിളിച്ചു എന്റെ വിരൽ തുമ്പിൽ തൂങ്ങിയ എന്റെ കുഞ്ഞു..

അയാളുടെ കണ്ണിന് മുന്നിലൂടെ അവൻ ജനിച്ചപ്പോൾ മുതലുള്ള ഓരോ സംഭവങ്ങൾ കടന്നു വന്നു…

ആദ്യമായി നഴ്സിൽ നിന്നു ഏറ്റുവാങ്ങിയ എന്റെ കുഞ്ഞു…. അതുവരെയുള്ള ഒരു പുരുഷന്റെ ജീവിതത്തിന്റെ അർത്ഥം പൂർണമായ നിമിഷം..

ലോകത്തിലെ മനോഹരമായ നിമിഷങ്ങളിൽ ഏറ്റവും മനോഹരമയത്.. ഇനിയെത്ര കുഞ്ഞുങ്ങളുണ്ടായാലും ആ ഒരു നിമിഷത്തിന്റെ മധൂര്യം കിട്ടുമോ….

ആ കുഞ്ഞണ് ഇന്നു ജീവൻ നിലച്ചു ആ വാഹനത്തിനുള്ളിൽ…

ആരൊക്കെയോ ചേർന്ന് അപ്പുമോന്റെ ബോഡി അടങ്ങിയ ശവപ്പെട്ടി ഉമ്മറത്തു കൊണ്ട് വെച്ചു….

രവി നെഞ്ചു പൊട്ടി ആ മുഖത്തേയ്ക്കു നോക്കി… എന്റെ പൊന്നു മോനെ… അച്ഛനോടൊന്ന് മിണ്ടെടാ…

അച്ഛാ യെന്ന് ഒന്ന് വിളിക്കെടാ…

അയാൾ കുനിഞ്ഞു അവന്റെ നെറ്റിൽ ചുംബിച്ചു….

ആരൊക്കെയോ ചേർന്ന്… അയാളെ പിടിച്ചു മാറ്റി…

പോസ്റ്റ്മോർട്ടം ചെയ്ത് ബോഡിയ… ആരെയും കൊണ്ട് തൊടികണ്ട… അധികം നേരം വെയ്ക്കാനും പറ്റില്ല…

വേണ്ട പെട്ടവരെല്ലാം വന്നലോ.. ഇനി വേഗം ബാക്കി ചടങ്ങുകൾ നടത്താം..

കുട്ടീടെ അമ്മേ കൊണ്ട് വന്നു കാണിക്കു..

അവളെ ഞാൻ വിളിച്ചു കൊണ്ട് വരാം….

നിങ്ങളാരാ…. ഞാൻ ശ്രീകുട്ടൻ.. അപ്പൂന്റെ മാമനാ… ശ്രീ ലക്ഷ്മിയുടെ ആങ്ങള…

അയാൾ കണ്ണ് തുടച്ചു അകത്തേയ്ക്കു പോയി…

അയാൾ ചെല്ലുമ്പോൾ അകത്തു അമ്മയുടെ മടിയിൽ തളർന്ന് ഉറങ്ങുകയായിരുന്നു അവൾ…

ഇത്രയും നേരം അവളെ കാണാൻ വയ്യാതെ മറഞ്ഞു നിൽകുവാരുന്നു.. സ്വന്തം സഹോദരിയുടെ തകർച്ച കാണാൻ വയ്യാത്ത കൊണ്ട് മാത്രം… തളർന്നു കിടക്കുന്ന അവളെ നോക്കി അവൻ വിതുമ്പി…

അബോധാവസ്ഥയിലും അവളുടെ നാവിൽ നിന്നും അപ്പു… എന്ന നാമം മാത്രം ഉരുവിട്ടു…

അവൻ അവൾക്കരികിലായി ഇരുന്നു .. മോളെ ശ്രീ… അവൻ മെല്ലെ വിളിച്ചു…
ഒന്ന് രണ്ടു തവണ വിളിച്ചു കഴിഞ്ഞപ്പോൾ മെല്ലെ കണ്ണ് തുറന്ന് അവനെ നോക്കി…

അവനെ കണ്ടതും അവൾ വിതുമ്പി കരഞ്ഞു ഏട്ടാ… പോയി… എന്റെ അപ്പു പോയി…. എന്നെ കാണാതെ അവൻ പോയിയേട്ടാ ..

ആര് പറഞ്ഞു… നിന്റെ അപ്പു നിന്നോടു പറയാതെ പോയിയെന്ന്… താ… അവൻ മോളോട് യാത്ര ചോദിക്കാൻ വന്നിട്ടുണ്ട്…

അവൾ പിടഞ്ഞുണർന്നു എഴുന്നേറ്റു…

ഏട്ടൻ എന്താ പറഞ്ഞു… എന്റെ അപ്പു വന്നെന്നോ..

ഉം.. അവൻ സങ്കടം ഒതുക്കി മൂളി…

എന്നിട്ട് എവിടെ…

ഉമ്മറത്തു കിടക്കുവാ…

അതെന്താ ഏട്ടാ എന്റെ മോനെ അവിടെ കിടത്തി.. എന്നോട് പിണങ്ങിട്ടാണോ അവൻ ഇങ്ങോട്ട് വരാത്തത്…

എല്ലാരോടും യാത്ര പറയാൻ വന്നയാ നമ്മുടെ അപ്പു…. എന്റെ മോൾക്ക് കാണണ്ടേ വാ… ഏട്ടൻ കാണിച്ചു തരാം…

അവൻ അവളുടെ കൈയിൽ പിടിച്ചു എഴുന്നേൽപ്പിച്ചു… വീഴാൻ പോയ അവളെ ചേർത്ത് പിടിച്ചു പുറത്തേയ്ക്കു നടന്നു

കണ്ടു നിന്ന എല്ലാവരും വിതുമ്പി കരഞ്ഞു..

അവർ ചെല്ലുന്നത് കണ്ടു എല്ലാരും വഴി മാറി കൊടുത്തു…

ഉമ്മറത്ത് വെള്ളപൊതിഞ്ഞുകിടത്തിയ അപ്പൂനെ കണ്ടു അവൾ അലറി കരഞ്ഞു… ചേർത്ത് പിടിച്ചകൈകൾ തട്ടി എറിഞ്ഞു അവൾ… അവന്റെ അരികിലേക്കു ആർത്തലച്ചു വീണു…

മോനെ അപ്പു… എഴുനെൽക്കടാ… അമ്മയാ വിളിക്കുന്നു… മതിയെടാ പൊന്നെ അമ്മയോട് പിണങ്ങിയത് കണ്ണു തുറക്ക്… അമ്മയെ ഒന്ന് നോക്കെടാ.. അവൾ അവനെ പിടിച്ചുലച്ചു…

അവന്റെ മുഖത്തു അവൾ മാറി മാറി ചുംബിച്ചു…

അമ്മയോട് അവസാന യാത്ര പറയാൻ ആയിരുന്നു മോനെ നീ തിരിഞ്ഞു നോക്കിയത്….

അമ്മയെ വിട്ടുപോകാൻ മടിച്ചിട്ട് ആണോ നീ സ്കൂളിൽ പോകണ്ട എന്ന് പറഞ്ഞത്..

അറിഞ്ഞില്ല എൻെറ പൊന്നെ ഈ അമ്മയ്ക്ക് അറിഞ്ഞിട്ടല്ലെ ..

ഞാനാ ഞാൻ കാരണം എന്റെ മോൻ ഇങ്ങനെ ആയത്

രവി അവളെ പിടിച്ചു മാറ്റ്.. ..ബോഡി അതികം ഉലയ്ക്കരുത്… ആരോ പറഞ്ഞു

അയാൾ അവളെ പിടിച്ചു മാറ്റാൻ ശ്രമിച്ചു

അയ്യോ… രവിയേട്ട നമ്മുടെ മോൻ

ദാ.. തണുത്തു മരവിച്ചിരിക്കുന്നു…

വിളിച്ചിട്ടു കണ്ണു തുറക്കുന്നതും ഇല്ല…

ഞാനായേട്ടാ നമ്മുടെ മോനെ കൊന്നത്…

അവൻ അമ്മയെ ഒറ്റയ്ക്കാക്കി പോകുന്നില്ല എന്ന് പറഞ്ഞിട്ട്….

ഞാൻ നിർബന്ധിച്ചു വിട്ടതാ..

രവി അവളെ ബലമായി പിടിച്ചു അവനോട് ചേർത്ത് പിടിച്ചു…

ആരെങ്കിലും ആ കുട്ടിയെ ഒന്നകത്തേക്കു കൊണ്ട് പോ…. കരണവൻ മാരിലാരോ പറഞ്ഞു..

ഇല്ല… ഞാൻ പോകില്ല… എന്റെ മോനെ വിട്ടു ഞാൻ പോകില്ല.. എനിക്കെന്റെ മോനെ കാണണം അവൾ അലറി വിളിച്ചു..

ലക്ഷ്മിയെ പിടിച്ചു മാറ്റുക എന്നത് വളരെ പ്രയാസ മേറിയതായിരുന്നു….

ഒടുവിൽ ബോധം കെട്ടു വീണ അവളെ ശ്രീക്കുട്ടൻ കോരിയെടുത്തു അകത്തേയ്ക്കു പോയി…

ഇനി ബോഡി എടുക്കാനുള്ള കാര്യം നോക്കുക….. ആരോ വിളിച്ചു പറഞ്ഞു…

പുറത്തു സംസ്കാര ചടങ്ങുകൾ പൂർത്തിയായി……

“” അമ്മേ… അമ്മേ… കണ്ണുതുറക്കമ്മേ.. അമ്മയുടെ അപ്പൂസ് പോവാ…

ഇനിയൊരിക്കലും അമ്മയെക്ക് കാണാൻ പറ്റില്ല അപ്പൂസിനെ… ,,,

ലക്ഷ്മി ചാടിയെണീറ്റു ഉറക്കെ നിലവിളിച്ചു… അപ്പൂസേ…

എന്താ മോളെ….. ലക്ഷ്മിയുടെയമ്മ അവളെ ചേർത്ത് പിടിച്ചു…

അമ്മേ എന്റെ മോൻ

അവനെ ദഹിപ്പിക്കാൻ എടുത്തു.

ആരോ പറഞ്ഞു

അയ്യോ എന്റെ കുഞ്ഞിനു പൊള്ളും… വേണ്ട അവനെ ദഹിപ്പിക്കണ്ട….

അവൾ അലറി വിളിച്ചു ഉറയ്ക്കാത്ത ചുവടുകളോടെ പുറത്തേക്ക് പാഞ്ഞു,…

ഓടി പറയുന്നതിനിടയ്ക്ക്… ഒരു കല്ലിൽ തട്ടി അവൾ തലയടിച്ചു വീണു..

വിടർന്ന എഴുന്നേറ്റ് അവളുടെ മുഖം രക്തവും മണ്ണും കൂടി കലർന്നു ഒഴുകി….

അവിടെ അപ്പോൾ… അപ്പുവിനു വേണ്ടി ഒരുങ്ങിയ കുഴിയിൽ അവൻ അടങ്ങിയ പെട്ടി ഇറക്കി വെച്ചു….

ഇനി വേണ്ടപ്പെട്ടവരെല്ലാം മൂന്നു പിടി മണ്ണു വാരിയിടു…

രവി നിറകണ്ണുകളോടെ മൂന്നു പിടി മണ്ണ് വാരി ആ കുഴിയിലെ കിട്ടും

രവിയേട്ടാ നമ്മുടെ മോൻ

അവനെ കുഴിച്ചിടല്ലേ രവിയേട്ടാ…

അവന് ശ്വാസം മുട്ടും രവിയേട്ടാ

അവിടേക്ക് പാഞ്ഞു വന്ന ലക്ഷ്മി ആ കുഴിക്ക് ചുറ്റും ഒരു ഭ്രാന്തിയെ പോലെ മാന്താൻ തുടങ്ങി….

അവളുടെ ചോര ഒലിക്കുന്ന മുഖം കണ്ടു അവിടെ നിന്നവരെല്ലാം പകച്ചു പോയി…..

രവി അവളെ പിടിച്ചു തന്റെ നെഞ്ചോട് ചേർത്ത് അമർത്തി…

ആരുടേയും ഹൃദയം അലിയിക്കുന്നതായിരുന്നു ആ രംഗം….

അവളുടെ മുഖത്തു നിന്നും രക്തം അയാളുടെ ദേഹത്ത് അലിഞ്ഞു

ബോധം മറയുന്ന നിമിഷവും ലക്ഷ്മി കാണുകയായിരുന്നു തന്റെ മകന്റെ കുഴിമാടത്തിൽ മണ്ണു വീണ് നിറയുന്നത്….✍️

Nb. നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമ്മുക്ക് വെറും കെട്ടുകഥകൾ മാത്രമാണ്