കോപ്പർ ടി…
എഴുത്ത്: Saji Thaiparambu
~~~~~~~~~~~
രണ്ടുവർഷത്തിനുശേഷം അയാൾ വിദേശത്തുനിന്ന് വരുന്നെന്ന് അറിഞ്ഞപ്പോഴെ അവൾഓടിപ്പോയി അയൽക്കാരി ജാനുവിനെ കണ്ടു.
“ജാനു ചേച്ചി..എന്റെ കൂടെ ഒന്ന് ആശുപത്രിയിൽ വരുമോ, അദ്ദേഹം അടുത്തയാഴ്ച ഇങ്ങെത്തുമെന്ന്, ഞാനാണേൽ മുൻകരുതൽ ഒന്നും എടുത്തിട്ടുമില്ല”
“അതെന്താ കൊച്ചേ..ഇപ്പോഴാണോ അതിനെ കുറിച്ച് ചിന്തിക്കുന്നത് , രണ്ടാമത്തെ പ്രസവം കഴിഞ്ഞപ്പോൾ നിനക്ക് നിർത്തി കൂടാരുന്നോ?”
“അത് ഞാൻ പറഞ്ഞപ്പോ, അദ്ദേഹമാണ് സമ്മതിക്കാതിരുന്നത്, രണ്ട് ആൺകുട്ടികളല്ലേ നമുക്കൊരു പെൺകുട്ടി കൂടി ആയിട്ട് നിർത്തിയാ മതിയെന്ന്”
“എന്നാൽ പിന്നെ എന്തിനാ മുൻകരുതലൊക്കെ എടുക്കുന്നത്…ഈ വരവിന് നിങ്ങൾക്കൊരു പെൺകുട്ടി ജനിക്കുമോ എന്ന് നോക്കാല്ലോ”
“അയ്യോ..അത് വേണ്ട ജാനു ചേച്ചി, ഇളയവന് രണ്ട് വയസ്സേ ആയിട്ടുള്ളു, ഇനി ഉടനെ ഒരു പ്രസവം എനിക്ക് വയ്യ ജാനു ചേച്ചിയെ…ഇപ്രാവശ്യം അദ്ദേഹം വന്നിട്ട് പോട്ടെ…മൂന്നാമത്തെ കുഞ്ഞിനെ അടുത്ത വരവിന് മതിയെന്നാണ് എന്റെ തീരുമാനം”
“ഉം…നീയാള് കൊള്ളാല്ലോ…അല്ലാ, എന്ത് ചെയ്യാനാ നിന്റെ പ്ളാൻ, ഒന്നെങ്കിൽ കോപ്പർ ടി ഇടണം, ഇല്ലെങ്കിൽ ഗുളിക കഴിക്കണം. കോപർ ടി, ഞാനൊന്ന് പരീക്ഷിച്ച് പരാജയപ്പെട്ടതാ, ഗുളിക കഴിക്കുന്നതായിരിക്കും സേഫ്”
ജാനു അവളെ ഉപദേശിച്ചു.
“ഞാൻ കുറച്ച് മറവിയുള്ള ആളാണെന്ന് ജാനു ചേച്ചിക്ക് അറിയാല്ലോ…അത് കൊണ്ട് ഗുളിക വേണ്ട, കോപ്പർ ടി തന്നെ മതി”
അങ്ങനെ ജാനുവിനെയും കൂട്ടി മൂന്നാമതൊരാൾ അറിയാതെ അവർ ആശുപത്രിയിലെത്തി. പരിശോധനയക്ക് ശേഷം ഡോക്ടർ അവളുടെ ഉള്ളിൽ കോപ്പർ ടി സ്ഥാപിച്ചു.
“ഇതിനെ വിശ്വസിക്കാമല്ലോ അല്ലേ സിസ്റ്റർ? അതവിടെ തന്നെയുണ്ടാവുമല്ലോ?
അ ടിവയറ് തടവികൊണ്ട്, ഒന്ന് കൂടി ഉറപ്പ് വരുത്തുന്നതിനായി അവൾ അടുത്ത് നിന്ന നഴ്സിനോട് ചോദിച്ചു.
“അതിപ്പോൾ, കടൽക്ഷോഭമുണ്ടാകുമ്പോൾ തിരകളെ പ്രതിരോധിക്കാനായിട്ടാണ് സീ വാള് കെട്ടുന്നത്. പക്ഷേ സുനാമി വന്നാൽ പിന്നെ സീ വാളിന്റെ പൊടിപോലുമുണ്ടാവില്ല. അത് കൊണ്ട് കോപ്പർടിയെ പൂർണ്ണമായിട്ടങ്ങ് വിശ്വസിക്കേണ്ട, കുറച്ചൊക്കെ നിങ്ങളും ശ്രദ്ധിക്കുക”
അവരങ്ങനെ പറഞ്ഞെങ്കിലും അവൾക്ക് കോപർ ടി ഇട്ടപ്പോൾ മുതൽ വല്ലാത്തൊരു ആത്മവിശ്വാസമുണ്ടായി.
അന്ന് മുതൽ അവൾ ദിവസവും മൂന്ന് നേരം കലണ്ടറിൽ നോക്കിക്കൊണ്ടിരുന്നു. ഒടുവിൽ കാത്ത് കാത്തിരുന്ന ആ സുദിനമെത്തി.
ആ ദിവസം നെടുമ്പാശ്ശേരിയിൽ വന്നിറങ്ങിയ അയാളെ കൂട്ടി കൊണ്ട് പോകാനായി മക്കളോടൊപ്പം അവൾ ടാക്സി വിളിച്ചാണെത്തിയത്.
ആഗമന വാതിലിൽ കൂടി ആൾക്കൂട്ടത്തിന് നടുവിലൂടെ വിളറിയ മുഖവുമായി അയാൾ നടന്ന് വരുന്നത് കണ്ടപ്പോൾ, അവളുടെ മുഖത്തെ ചിരി മാഞ്ഞു.
“എന്ത് പറ്റി…എന്താ മുഖം വാടിയിരിക്കുന്നത്. ഫ്ളൈറ്റില് തിന്നാൻ ഒന്നും കിട്ടിയില്ലേ?
“എടി പോ ത്തേ..ഒന്ന് പതുക്കെ പറ, ഇത് നമ്മുടെ പുരയല്ല. ഞാനിപ്പോൾ എമർജൻസി ലീവെടുത്താണ് വന്നിരിക്കുന്നത്, എന്തിനാന്നോ? എനിക്ക് വേദന കൊണ്ട് നില്ക്കാൻ വയ്യാഞ്ഞിട്ട്, നീ വന്നേ…നമുക്ക് വേഗം ഇവിടുത്തെ ഏതെങ്കിലും ഹോസ്പിറ്റലിലേക്ക് പോകാം”
“അയ്യോ നിങ്ങൾക്ക് എന്ത് പറ്റി, നെഞ്ച് വേദനയാണോ?”
“എടീ..പി ശാചേ..നെഞ്ച് വേദനയല്ല,എനിക്ക് മൂ ത്രത്തിൽ കല്ലുണ്ട് ,അതിന്റെ വേദനയാ സഹിക്കാൻ വയ്യാത്തത്, അത് കുറച്ച് വലിപ്പമുള്ളതായത് കൊണ്ട് ഓപ്പറേഷൻ ചെയ്ത് കളയണമെന്നാ അവിടുത്തെ ഡോക്ടർമാർ പറഞ്ഞത്, ഇത് നിന്നോട് നേരത്തെ പറഞ്ഞാൽ, നീ കാര്യമറിയാതെ വിഷമിക്കുമെന്ന് കരുതിയാ ഇപ്പോൾ പറഞ്ഞത്”
“ങ്ഹേ..അപ്പോൾ നിങ്ങൾക്ക് എത്ര ദിവസത്തെ ലീവുണ്ട്?
“ഒരാഴ്ചത്തെ ലീവേയുള്ളു…ഓപ്പറേഷൻ കഴിഞ്ഞാൽ ഒരാഴ്ചയ്ക്കുള്ളിൽ ഡിസ്ചാർജ്ജ് വാങ്ങി, തിരിച്ച് ചെല്ലണമെന്നാണ് കമ്പനിയിലെ എംഡി പറഞ്ഞിരിക്കുന്നത്. അത് കൊണ്ട്, വീട്ടിലേക്കിനി അടുത്ത പ്രാവശ്യമേയുള്ളു എന്ന് എല്ലാരോടും നീയൊന്ന് വിളിച്ച് പറഞ്ഞേക്ക്”
വേദന തിങ്ങുന്ന ആ മുഖത്ത് നോക്കി മറുപടി ഒന്നും പറയാൻ അവൾക്ക് മനസ്സ് വന്നില്ല.
അവൾ അറിയാതെ അടിവയറിൽ വീണ്ടും തടവി നോക്കി എന്നിട്ട് മനസ്സിൽ പറഞ്ഞു.
“അല്ലേലും ആലിൻകായ് പഴുക്കുമ്പോൾ, കാക്കയ്ക്ക് വായിൽ പുണ്ണായിരിക്കും”
~സജിമോൻ തൈപറമ്പ്